yt cover 32

നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു വിട്ടു. ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതിനെതിരായ കേസ് സുപ്രീം കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചത്. ലോകയുക്ത ബില്‍, സര്‍വ്വകലാശാല നിയമ ഭേദഗതി സംബന്ധിച്ച രണ്ടു ബില്‍, ചാന്‍സലര്‍ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, സേര്‍ച് കമ്മിറ്റി എക്സ്പാന്‍ഷന്‍ ബില്‍, മില്‍മ സഹകരണ ബില്‍ എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്കു വിടുന്നത്. അതേസമയം പൊതു ജനാരോഗ്യ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു.

ഉത്തരാഖണ്ഡിലെ സില്‍ക്യാര ദൗത്യം വിജയം. തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പതിനേഴു ദിവസത്തിനു ശേഷം രക്ഷപ്പെടുത്തിയതിന്റെ ആശ്വാസത്തില്‍ രാജ്യം. പുറത്തെത്തിച്ച തൊഴിലാളികള്‍ക്ക് വൈദ്യ പരിശോധനയും ചികില്‍സയും നല്‍കി. എട്ട് സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് പതിനേഴ് ദിവസം എട്ടര മീറ്റര്‍ ഉയരമുള്ള തുരങ്കത്തില്‍ ജീവനുമായി മല്ലടിച്ചു പിടിച്ചു നിന്നത്. തൊഴിലാളികളെ കേന്ദ്രമന്ത്രി വി.കെ. സിംഗ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

ആറു വയസുകാരി അബിഗേല്‍ സാറാ അമ്മത്തണലില്‍. തട്ടിക്കൊണ്ടുപോയി 20 മണിക്കൂറിനുശേഷം അബിഗേലിനെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് കേരളം. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. പൊലീസും ജനങ്ങളും സംസ്ഥാനത്തുടനീളം അരിച്ചുപെറുക്കാന്‍ തുടങ്ങിയതോടെ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് കുറ്റവാളികള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീയെന്നു സംശയിക്കുന്നയാളുടെ കല്ലമ്പലം ഞെക്കാട്ടെ വാടകവീട്ടില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും തട്ടിക്കൊണ്ടുപോകലുമായി ഇവര്‍ക്കു ബന്ധമില്ലെന്നു പോലീസ്. പ്രതികളെ വൈകാതെ പിടികൂടുമെന്ന് പോലീസ്.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

അബിഗേല്‍ കുടുംബസമേതം ഇന്നു വീട്ടിലെത്തും. എ.ആര്‍ ക്യാമ്പില്‍ എത്തിച്ച അബിഗേല്‍ വൈദ്യ പരിശോധനയ്ക്കും നിരീക്ഷണത്തിനുമായി ആശുപത്രിയിലാണ്. എ.ആര്‍ ക്യാമ്പില്‍ എത്തിയ പിതാവ് റെജിയും പിറകേ എത്തിയ അമ്മ സിജിയും അബിഗേലിനെ വാരിപുണര്‍ന്നത് അവിടെ ഉണ്ടായിരുന്നവരുടെ കണ്ണുനനയിച്ചു. നേരത്തെ എആര്‍ ക്യാമ്പിലായിരുന്ന അബിഗേലിനോട് വീഡിയോ കോളില്‍ എത്തിയ അമ്മ സന്തോഷകണ്ണീരില്‍ ഒന്നും സംസാരിക്കാനാകാതെ മകള്‍ക്ക് ഉമ്മ നല്‍കിയ രംഗവും വൈകാരിക നിമിഷങ്ങളായിരുന്നു. അമ്മ കൊണ്ടുവന്ന പിങ്ക് നിറത്തിലുള്ള ഉടുപ്പു ധരിച്ച് കുടുംബത്തോടൊപ്പം ആശുപത്രി മുറിയിലിരിക്കുന്ന അബിഗേലിന്റെ ഫോട്ടോയും രാത്രിയോടെ പുറത്തുവന്നു.

നീല കാറിലാണു തിരിച്ചെത്തിച്ചതെന്നു കള്ളമൊഴി നല്‍കാന്‍ ഒരു സ്ത്രീ നിര്‍ബന്ധിച്ചെന്ന് അബിഗേല്‍ സാറ പൊലീസിനോടു പറഞ്ഞു. രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ് സംഘത്തിലുണ്ടായിരുന്നതെന്നു പറയാനും ഉപദേശിച്ചു. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. വലിയ വീട്ടിലേക്കു കൊണ്ടുപോയ അവര്‍ ഭക്ഷണം തന്നിരുന്നു. കാര്‍ട്ടൂണ്‍ കാണിച്ചെന്നും അബിഗേല്‍ പറഞ്ഞു.

തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറയെ കൊല്ലം ആശ്രാമം മൈതാനത്ത് ആദ്യം തിരിച്ചറിഞ്ഞത് കൊല്ലം എസ്എന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍. അബിഗേല്‍ സാറയെ നാട്ടുകാര്‍ തിരിച്ചറിയാതിരിക്കാന്‍ മാസ്‌ക് ധരിപ്പിച്ചായിരുന്നു മൈതാനത്ത് ഇരുത്തി സ്ത്രീ കടന്നുകളഞ്ഞത്. കുട്ടിയെ 35 വയസുള്ള സ്ത്രീയാണ് അവിടെ എത്തിച്ചത്. മാസ്‌ക് ധരിച്ച, മഞ്ഞ ടോപ്പും വെള്ള പാന്‍ും വെള്ള ഷാളും ധരിച്ച സ്ത്രീ ഓട്ടോറിക്ഷയിലാണ് എത്തിയത്.

മകളെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദിയുമായി വിതുമ്പിക്കരഞ്ഞ് അബിഗേലിന്റെ അമ്മ സിജി. ‘എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ’ എന്നും അവര്‍ പറഞ്ഞു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കുസാറ്റ് ദുരന്തത്തില്‍ പരിക്കേറ്റ് ആസ്റ്റര്‍ മെഡ് സിറ്റിയില്‍ ചികിത്സയിലായിരുന്ന ഗീതാഞ്ജലി, ഷാബ എന്നീ വിദ്യാര്‍ത്ഥികള്‍ അപകടനില തരണം ചെയ്തു. കുട്ടികളെ ഐ സി യു വില്‍ നിന്ന് റൂമിലേക്ക് മാറ്റി.

പോലീസിന്റെ കണ്ണുവെട്ടിച്ച് എങ്ങനെയാണ് കുറ്റവാളി സംഘത്തിന് സഞ്ചരിക്കാനായതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം.പി. കേരള സമൂഹത്തിന്റെ ഇടപെടലും പിന്തുണയും കുട്ടിയെ കണ്ടെത്തുന്നതിന് സഹായകരമായി. കേരളത്തിന്റെ മുക്കിലും മൂലയിലും എഐ ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും വലിയ പോലീസ് സന്നാഹവും ഉള്ളപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. അദ്ദേഹം കുറ്റപ്പെടുത്തി.

ആറു വയസുകാരിയെ കണ്ടെത്താന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്. കുട്ടിയെ കാണാതായ വിവരം അറിഞ്ഞതു മുതല്‍ ഇടപെട്ട ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കും അഹോരാത്രം വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച കേരളാ പൊലീസിനും കരുതലോടെ കാത്തിരുന്ന ജനങ്ങള്‍ക്കും സല്യൂട്ട് എന്നാണ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്.

നവകേരള സദസിനായി വിദ്യാര്‍ത്ഥികളെ എത്തിച്ചതിനെതിരേ ഹൈക്കോടതി. വിദ്യാര്‍ത്ഥികളെ കാഴ്ച വസ്തുക്കളാക്കരുതെന്ന് സിംഗിള്‍ ബഞ്ച് വിമര്‍ശിച്ചു. നവകേരള സദസില്‍ കുട്ടികളെ പങ്കെടുപ്പിക്കില്ല എന്ന സര്‍ക്കാരിന്റെ ഉറപ്പ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി എംഎസ്.എഫ് നല്‍കിയ ഉപഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.

മലപ്പുറം എടപ്പാളില്‍ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാന്‍ കൊച്ചുകുട്ടികളെ ഒരു മണിക്കൂറോളം റോഡിരികില്‍ നിര്‍ത്തിയ സംഭവത്തില്‍ പ്രധാന അധ്യാപകന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നോട്ടീസ്. മലപ്പുറം എടപ്പാള്‍ തുയ്യം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ പ്രധാന അധ്യാപകനായ സേതുമാധവന്‍ കാടാട്ടിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

പി.വി അന്‍വര്‍ എംഎല്‍എ കൈവശം വച്ച അനധികൃത ഭൂമി തിരിച്ചുപിടിക്കണമെന്ന് നവകേരള സദസില്‍ പരാതി. പൊതുപ്രവര്‍ത്തകനായ കെ വി ഷാജിയാണ് വള്ളിക്കുന്നു മണ്ഡലം നവകേരള സദസ്സില്‍ പരാതി നല്‍കിയത്.

കെഎസ് യു പ്രവര്‍ത്തകന്റെ കഴുത്തു ഞെരിച്ച സംഭവത്തില്‍ കോഴിക്കോട് ഡിസിപി കെ ഇ ബൈജുവിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അടുത്ത സിറ്റിംഗില്‍ നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡിസിപിക്കു സമന്‍സ് അയച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ സംഭവം അന്വേഷിച്ച് 14 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവിട്ടു.

രണ്ടു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നു. തിരക്കു കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി.

പെരിയാറില്‍ കേരളം പണിത മെഗാ പാര്‍ക്കിംഗ് സംവിധാനം തമിഴ്നാടിന്റെ പാട്ടഭൂമിയിലാണോയെന്നു പരിശോധിക്കാന്‍ സര്‍വേ നടത്തുന്നു. സുപ്രീം കോടതി ഉത്തരവനുസരിച്ചാണു സര്‍വേ. മൂന്നു മാസത്തിനകം സര്‍വേ നടത്തണമെന്നാണ് കോടതി ഉത്തരവ്.

ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ ഏറ്റവും പ്രായമുള്ള ആന ചരിഞ്ഞു. 97 വയസുള്ള പിടിയാന ‘താര’യാണ് ചരിഞ്ഞത്. സര്‍ക്കസ് കലാകാരിയായിരുന്ന താരയെ ഉടമ കെ ദാമോദരന്‍ 1957 ല്‍ ആണ് ഗുരുവായൂരില്‍ നടയ്ക്കിരുത്തിയത്.

പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിന് ജീവന്‍ പ്രമാണ്‍ പത്രം സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 30.

സ്റ്റേജ് കാര്യേജ് ആയി സര്‍വീസ് നടത്തിയ കോണ്‍ട്രാക്ട് കാര്യേജ് ബസ് തിരുവനന്തപുരത്ത് പിടികൂടി. ബെഗളൂരുവിലേക്കു സര്‍വീസ് നടത്തിയിരുന്ന പുഞ്ചിരി ബസാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്.

കോയമ്പത്തൂരിലെ ജോസ് ആലുക്കാസ് ജ്വല്ലറിയില്‍ 200 പവന്‍ സ്വര്‍ണം മോഷണം പോയി. അന്വേഷണത്തിനായി അഞ്ചംഗ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു.

കാസര്‍കോട് പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഇഫ്തികാര്‍ അഹമ്മദിനെ സസ്പെന്‍ഡു ചെയ്തു. പരീക്ഷയ്ക്കിടെ തല കറങ്ങി വീണ വിദ്യാര്‍ഥിനിയോട് ഉള്‍പ്പെടെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍.

സ്വര്‍ണാഭരണം വാങ്ങാനെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചുള്ള പരാതിയില്‍ ജ്വല്ലറി ഉടമ പിടിയില്‍. എറണാകുളം നെല്ലിക്കുഴി ജെംസ് ജ്വല്ലറി ഉടമ മുളവൂര്‍ തായിക്കാട്ട് വീട്ടില്‍ ബക്കര്‍ (51) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം വലിയ വേളിയില്‍ കുടുംബരോഗ്യ കേന്ദ്രം നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി രാജ്കുമാര്‍ (34) ആണ് മരിച്ചത്.

മലയാളിയായ വനിതാ അഗ്നിവീര്‍ മുംബൈയില്‍ ആത്മഹത്യ ചെയ്തു. പത്തനംതിട്ട അടൂര്‍ സ്വദേശി അപര്‍ണ വി നായരാണ് ജീവനൊടുക്കിയത്. നാവികകേന്ദ്രമായ ഐ എന്‍ എസ് ഹംലയിലെ ഹോസ്റ്റല്‍ മുറിയിലാണ് അപര്‍ണ നായര്‍ മരിച്ചത്.

അതിരപ്പിള്ളി മലക്കപ്പാറയില്‍ പുഴുവരിച്ച നിലയില്‍ കണ്ട ആദിവാസി വയോധിക മരിച്ചു. വീരാന്‍കുടി ഊരിലെ കമലമ്മ പാട്ടി (98) ആണ് മരിച്ചത്. ജില്ലാ കളക്ടര്‍ ഇടപെട്ട് ചികില്‍സ ലഭ്യമാക്കിയെങ്കിലും മരിക്കുകയായിരുന്നു.

48 പന്തില്‍ 104 റണ്‍സ് അടിച്ചെടുത്ത ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ടില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 യില്‍ ഇന്ത്യക്ക 5 വിക്കറ്റിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ 2 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 57 പന്തില്‍ 123 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്കവാദിന്റെ മികവില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്ത്. കൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. ആറാം വിക്കറ്റില്‍ ഒന്നിച്ച ഗ്ലെന്‍ മാക്‌സ്വെല്‍ – ക്യാപ്റ്റന്‍ മാത്യു വെയ്ഡ് സഖ്യമാണ് ടീമിന് ആവേശ ജയം സമ്മാനിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-1 എന്ന നിലയിലായി.

സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യാനൊരുങ്ങി ഇന്ത്യയിലെ ഇന്‍ഷുറന്‍സ് ഭീമനായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികളുടെ ഭാഗമായി പുതിയ ഫിന്‍ടെക് കമ്പനി തുടങ്ങാനാണ് എല്‍ഐസിയുടെ തീരുമാനം. ഡിജിറ്റല്‍ നവീകരണവും, മൂല്യ വര്‍ദ്ധനവും ഉറപ്പുവരുത്തുന്ന ഡൈവ് എന്ന പുതിയ പദ്ധതിയിലൂടെ സേവനങ്ങള്‍ സമ്പൂര്‍ണ്ണമായും ഇലക്ട്രോണിക് രൂപത്തിലാക്കുക എന്നതാണ് എല്‍ഐസി ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം, ആഗോള നിലവാരത്തിലുള്ള എല്ലാ സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നതാണ്. സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി പ്രത്യേക കണ്‍സള്‍ട്ടന്റിനെ എല്‍ഐസി നിയമിച്ചിട്ടുണ്ട്. ഏജന്റുകള്‍ വഴി നേടുന്ന ബിസിനസ് ഡിജിറ്റലാക്കുന്ന പദ്ധതിക്കാണ് ആദ്യം കൂടുതല്‍ മുന്‍തൂക്കം നല്‍കുക. അടുത്ത ഘട്ടത്തില്‍ ക്ലെയിം സെറ്റില്‍മെന്റ്, വായ്പകള്‍ തുടങ്ങിയ സേവനങ്ങളും പദ്ധതിയുടെ ഭാഗമാകും. എല്‍ഐസിയുടെ ഓഫീസുകളില്‍ എത്താതെ തന്നെ ഉപഭോക്താക്കള്‍ക്ക് എല്ലാ സേവനങ്ങളും വീട്ടിലിരുന്ന് ഉപയോഗിക്കാനുളള അവസരമാണ് ഇതിലൂടെ ലഭിക്കുക. ഡിജിറ്റലൈസ് ചെയ്യുന്ന സംവിധാനം പ്രാബല്യത്തിലാകുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ നേടിയെടുക്കാന്‍ എല്‍ഐസിക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

നടി അനുപമ പരമേശ്വരന്‍ തെലുങ്ക് സിനിമകളിലാണ് സജീവം. അനുപമ പരമേശ്വരന്റെ പുതിയ തെലുങ്ക് ചിത്രം ടില്ലു സ്‌ക്വയറാണ്. സിദ്ദുവാണ് നായകനായി എത്തുന്നത്. ടില്ലു സ്‌ക്വയറിലെ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. രാധിക എന്ന ഒരു ഗാനം ചിത്രത്തിലേതായി പുറത്തുവിട്ടത് ഹിറ്റായിരിക്കുകയാണ്. സിദ്ദുവിന്റെ ഡിജെ ടില്ലുവിന്റെ രണ്ടാം ഭാഗമായി എത്തുന്ന ടില്ലു സ്‌ക്വയര്‍ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് റാമാണ്. ഗാനത്തിന്റെ ആലാപനവും റാമാണ്. വരികള്‍ എഴുതിയിരിക്കുന്നത് കസര്‍ള ശ്യാമാണ്. അനുപമ പരമേശ്വരന്റേതായി സൈറണ്‍ എന്ന സിനിമയാണ് തമിഴകത്ത് ഇനി റിലീസിന് ഒരുങ്ങുന്നത്. ജയം രവി നായകനായി എത്തുന്ന സിനിമയാണ് സൈറണ്‍. കീര്‍ത്തി സുരേഷ് പൊലീസ് ഓഫീസറായി ചിത്രത്തില്‍ വേഷമിടുന്നു എന്ന ഒരു പ്രത്യേകതയും സൈറണിനുണ്ട്. സംവിധാനം ആന്റണി ഭാഗ്യരാജ് നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന് ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുകയും സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം നിര്‍വഹിക്കുകയും ചെയ്യുന്നു.

പുതിയ പ്രൊഡക്ഷന്‍ ഹൗസ് പ്രഖ്യാപിച്ച് സംവിധായകന്‍ ലോകേഷ് കനകരാജ്. ‘ജി സ്‌ക്വാഡ്’ എന്നാണ് നിര്‍മാണ കമ്പനിക്ക് പേര് നല്‍കിയിരിക്കുന്നത്. കഥ പറച്ചിലിന്റെയും വിനോദത്തിന്റെയും ഒരു ലാന്റ്സ്‌കേപ്പ് പുനര്‍നിര്‍വചിക്കുന്നതിനായാണ് ജി-സ്‌ക്വാഡ് രൂപീകരിച്ചതെന്നും സംരംഭം പ്രഖ്യാപിക്കുന്നതില്‍ താന്‍ സന്തുഷ്ടനാണെന്ന് ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെ ലോകേഷ് കനകരാജ് അറിയിച്ചു. സംവിധാനം ചെയ്ത അഞ്ച് ചിത്രങ്ങളും സൂപ്പര്‍ഡ്യൂപ്പര്‍ ആക്കിയ സംവിധായകനാണ് ലോകേഷ്. ‘മാനഗരം’, ‘കൈതി’, ‘മാസ്റ്റര്‍’, ‘വിക്രം’, ‘ലിയോ’ എന്നീ ചിത്രങ്ങളാണ് ലോകേഷിന്റെ ലിസ്റ്റിലുള്ളത്. ഇതിന് പിന്നാലെയാണ് നിര്‍മാതാവ് എന്ന നിലയിലേക്കുള്ള ലോകേഷിന്റെ പുതിയ ചുവടുവെപ്പ്. ആദ്യ ചിത്രങ്ങള്‍ തന്റെ സുഹൃത്തുക്കളുടെയും സഹായികളുടെയും ആയിരിക്കും. ഒരു നിര്‍മ്മാതാവ് എന്ന നിലയിലുള്ള ഈ പുതിയ ശ്രമത്തിനും ഈ പ്രൊഡക്ഷന്‍ ഹൗസിലൂടെ സൃഷ്ടിക്കപ്പെട്ടുന്ന സിനിമകള്‍ക്കും ഞാന്‍ അതേ പിന്തുണ പ്രതീക്ഷിക്കുന്നു- എന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ രജനികാന്ത് നായകനാവുന്ന ‘തലൈവര്‍ 171’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് അദ്ദേഹം.

ആഡംബര വാഹനങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ മനസ്സിലേക്ക് ആദ്യം എത്തുന്ന ബ്രാന്‍ഡുകളില്‍ ഒന്നാണ് ഓഡി. ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി നിരവധി മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ വിപണിയിലെ കാറുകളുടെ വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഓഡി. കാറുകള്‍ക്ക് 2 ശതമാനം വില വര്‍ദ്ധനവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, ഓഡി കാറുകള്‍ വാങ്ങാന്‍ ഇനി ചെലവേറും. 2024 ജനുവരി 1 മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തിലാകുകയെന്ന് ഓഡി വ്യക്തമാക്കി. അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ വര്‍ദ്ധനവും, ഉയര്‍ന്ന പ്രവര്‍ത്തന ചെലവുമാണ് കാറുകളുടെ വില കൂട്ടുന്നതിലേക്ക് കമ്പനിയെ നയിച്ച പ്രധാന ഘടകങ്ങള്‍. ഓഡി പുറത്തിറക്കിയ മുഴുവന്‍ കാറുകള്‍ക്കും വില വര്‍ദ്ധനവ് ബാധകമാണ്. അതേസമയം, കമ്പനിയുടെ സുസ്ഥിര വളര്‍ച്ച ഉറപ്പുവരുത്താനാണ് കാറുകളുടെ വില കൂട്ടിയത്. ഇന്ത്യയില്‍ 42.77 ലക്ഷം രൂപ മുതല്‍ 2.22 കോടി രൂപ വരെ വില വരുന്ന കാറുകളാണ് ഓഡി വില്‍ക്കുന്നത്. ഉപഭോക്താക്കളെ കാര്യമായ രീതിയില്‍ ബാധിക്കാത്ത തരത്തിലാണ് വില വര്‍ദ്ധനവ് വരുത്തിയിട്ടുള്ളതെന്ന് ഓഡി വ്യക്തമാക്കി.

കാട്ടുചോലകള്‍ക്കും കറുത്ത കാടിനും വയലേലകള്‍ക്കും കിളിയമ്മകള്‍ക്കും അവിടത്തെ വിശുദ്ധി നിറഞ്ഞ മനുഷ്യര്‍ക്കും അടിമപ്പെട്ട ഒരു എഴുത്തുകാരിയുടെ മനസ്സ് അനേകം പൊന്‍ചെമ്പകങ്ങളായി ഈ കഥകളില്‍ വിരിഞ്ഞു നില്‍ക്കുന്നു. അവിടെ കാട്ടുപന്നികളെ ഉറക്കമിളച്ചിരുന്ന് പ്രതിരോധിക്കുന്ന ഗൃഹനാഥനുണ്ട്. വീട്ടമ്മയാകട്ടെ അടുക്കളയിലെ തീവെളിച്ചത്തില്‍ വിരിഞ്ഞുയര്‍ന്ന ഒരു മെലിഞ്ഞ പിച്ചക പൂപോലെ. ഈ കഥകളിലെ വാങ്മയചിത്രങ്ങള്‍ ഭാഷാസാഹിത്യത്തിലെ തിളക്കങ്ങളാണ്. എന്നാല്‍ കാടിന്റെ പ്രശാന്തത തല്ലിയുടയ്ക്കപ്പെടുകയാണ്. താഴ്വരകളും കുന്നുകളുമെല്ലാം മാറുകയാണ്. ചതഞ്ഞരഞ്ഞ ലോറിചക്രങ്ങളുടെ ശബ്ദം. കരിമ്പണവുമായി അവരെത്തുന്നു. താഴ്വരകളില്‍ റിസോര്‍ട്ടുകള്‍ നിറയുന്നു. കാട്ടുചോലകളില്‍ നിന്ന് വെള്ളം ഊറ്റുന്നു. മൊട്ടകളായി മാറുന്ന കുന്നുകള്‍. ഒപ്പം സ്ത്രീജീവിതത്തിന്റെ വല്ലായ്മകളും ഒറ്റപ്പെടലും കുറിച്ചിടാന്‍ അവര്‍ മറക്കുന്നില്ല. ‘കൊല്ലി’. പി വത്സല. ഗ്രീന്‍ ബുക്സ്. വില 135 രൂപ.

ചുമ, കഫക്കെട്ട്, തുമ്മല്‍, ശ്വാസതടസ്സം എന്നിവയെല്ലാം പൊടി അലര്‍ജിയുടെ ലക്ഷണങ്ങളാണ്. ഇതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ പൊടിപടലങ്ങളാണ്. പൊടിയെ നിയന്ത്രിക്കുന്നത് അത്ര എളുപ്പമല്ല. പൊടി അലര്‍ജിയില്‍ നിന്ന് ആശ്വാസം നേടാന്‍ ചില പരിഹാര മാര്‍ഗങ്ങള്‍ അറിയാം. പൊടി അലര്‍ജിയുടെ മറ്റൊരു ചികിത്സയാണ് ആവി പിടിക്കുന്നത്. ദിവസവും 10 മിനിറ്റെങ്കിലും ആവി പിടിക്കുന്നത് വളരെ നല്ലതാണ്. ആവി പിടിക്കുന്നത് അലര്‍ജിയില്‍ നിന്ന് ആശ്വാസം നേടാനും ശരീരത്തിനും നല്ലതാണ്. വിറ്റാമിന്‍ സി പൊടി അലര്‍ജിയില്‍ നിന്നും എളുപ്പത്തില്‍ ആശ്വാസം ലഭിക്കാന്‍ നല്ലതാണ്. മധുര നാരങ്ങ, ഓറഞ്ച്, എന്നിവ വിറ്റാമിന്‍ സിയുടെ ഉറവിടമാണ്. ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തില്‍ വിറ്റാമിന്‍ സിയുടെ അളവ് കൂടും. അതിലൂടെ തുമ്മല്‍, ശ്വാസതടസ്സം എന്നിവയില്‍ നിന്ന് ആശ്വാസം ലഭിക്കുന്നു. അലര്‍ജിയുടെ പ്രധാന കാരണം ശരീരത്തില്‍ രോഗ പ്രതിരോധശേഷി കുറയുന്നതാണ്. ശരീരത്തില്‍ ആവശ്യമില്ലാത്ത ബാക്ടീരിയയെ നശിപ്പിക്കാന്‍ അവശ്യമുള്ള ബാക്ടീരിയ ശരീരത്തില്‍ ആവശ്യമാണ്. തൈര്, യോഗര്‍ട്ട് എന്നിവയുടെ ഉപയോഗം ശരീരത്തിലെ ആവശ്യമില്ലാത്ത ബാക്ടീരിയയെ നശിപ്പിക്കാന്‍ സഹായിക്കും.

*ശുഭദിനം*

*കവിത കണ്ണന്‍*

തന്റെ പ്രജകളുടെ എല്ലാ ആഗ്രഹങ്ങളും നടത്തിക്കൊടുക്കുക, അതായിരുന്നു രാജാവിന്റെ ആഗ്രഹം. അതിനായി അദ്ദേഹം തന്നാലാവുന്നത് എല്ലാം ചെയ്തു. സൗജന്യ താമസം, ഭക്ഷണം, ചികിത്സ. പക്ഷേ, എന്നിട്ടും പ്രജകള്‍ പൂര്‍ണ്ണതൃപ്തരായില്ല. അവരുടെ പരാതികള്‍ കൂടി വന്നതേയുളളൂ. വൈകാതെ രാജാവ് രോഗാതുരനായി. ആളുകളുടെ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കാനാകാത്തതാണ് രാജാവിന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് മനസ്സിലാക്കിയ രാജഗുരു അദ്ദേഹത്തെ ഇങ്ങനെ ഉപദേശിച്ചു: എല്ലാവരുടേയും എല്ലാ ആഗ്രഹങ്ങളും സാധിക്കാന്‍ ശ്രമിക്കുന്നതാണ് അങ്ങയുടെ തെറ്റ്. അങ്ങ് എത്രതന്നെ കൊടുത്താലും ആളുകള്‍ പിന്നെയും പിന്നെയും ചോദിച്ചുകൊണ്ടേയിരിക്കും. രാജഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം രാജാവ് തന്റെ പ്രവര്‍ത്തനപദ്ധതികളില്‍ മാറ്റം വരുത്തി. ആളുകളുടെ ആവശ്യങ്ങളില്‍ നിയന്ത്രണം വരികയും രാജാവിന്റെ ആരോഗ്യം ഭേദപ്പെടുകയും ചെയ്തു. ആര്‍ക്കും ആരെയും തൃപ്തിപ്പെടുത്താനാകില്ല. ഇതും കൂടി മതി എന്നുപറഞ്ഞാകും ഓരോ ആഗ്രഹവും ഉണര്‍ത്തിക്കുന്നത്. ചോദിക്കുന്നവന് നല്‍കുന്നവന്റെ അവസ്ഥയെക്കുറിച്ചോ ബാധ്യതയെക്കുറിച്ചോ അറിയേണ്ടതില്ല. നല്‍കുന്നവന്‍ ആകെയുളളതില്‍നിന്നാണ് എല്ലാവര്‍ക്കും നല്‍കുന്നത്. ആഗ്രഹപൂര്‍ത്തീകരണമാണ് ആനന്ദം എന്ന ചിന്തയാണ് പലരേയും മാനസികമായും ശാരീരികമായും തളര്‍ത്തുന്നത്. ചില സന്തോഷങ്ങള്‍ നീട്ടിവെക്കുകയോ, വേണ്ടെന്ന് വെക്കുകയോ ചെയ്യണം. എല്ലാ ഉദ്ദേശങ്ങളും നിര്‍ദ്ദിഷ്ടസമയത്ത് തന്നെ ചെയ്യണമെന്ന പിടിവാശി മാനസിക സമ്മര്‍ദ്ദത്തിന് മാത്രമേ വഴിതെളിക്കൂ. സ്വന്തമാക്കണമെന്ന ആഗ്രമില്ലാതെ എല്ലാത്തിനേയും സമീപിച്ചാല്‍ നഷ്ടബോധങ്ങളെ ഇല്ലാതാക്കാം. ലഭിക്കുന്ന ഓരോ നിമിഷങ്ങളേയും അതിന്റെ പരിമിതികളോടെ ആസ്വദിക്കാനായാല്‍ അസംതൃപ്തിയെ നമുക്ക് ജീവിതത്തില്‍ നിന്നുതന്നെ മാറ്റാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *