പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. 1499 രൂപയുടെ പ്ലാനില്‍ പ്രമുഖ ഒടിടിയായ നെറ്റ്ഫ്ളിക്സിന്റെ സബ്സ്‌ക്രിപ്ഷനും ലഭിക്കും എന്നതാണ് പ്രത്യേകത. 84 ദിവസം കാലാവധിയുള്ള പ്ലാനില്‍ പരിധിയില്ലാത്ത ഫൈവ് ജി ഡേറ്റ ഓഫറുമുണ്ട്. ആദ്യമായാണ് ഒരു എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാന്‍ നെറ്റ്ഫ്ളിക്സ് സബ്സ്‌ക്രിപ്ഷന്‍ നല്‍കുന്നത്. ഒടിടിയുമായി ബന്ധപ്പെട്ട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍, എയര്‍ടെല്‍ എക്സ്ട്രീം ഓഫറുകള്‍ മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്. പ്രതിദിനം മൂന്ന് ജിബി വരെ ഫോര്‍ജി ഡേറ്റയാണ് 1499 പ്ലാനിന്റെ മറ്റൊരു പ്രത്യേകത. പരിധിയില്ലാത്ത വോയ്സ് കോള്‍, സൗജന്യ ഹലോ ട്യൂണ്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. പ്രീപെയ്ഡ് പ്ലാനിന്റെ കാലാവധി തീരുന്ന മുറയ്ക്ക് നെറ്റ്ഫ്ളിക്സ് സബ്സ്‌ക്രിപ്ഷനും അവസാനിക്കും.