mid day hd 4

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയെന്നും പാലക്കാട്ടെ ഒരു എംഎൽഎയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

കെ സുരേന്ദ്രന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സീറോ ക്രെഡിബിലിറ്റിാണ് സുരേന്ദ്രനുള്ളതെന്ന് പറഞ്ഞ ഷാഫി പറമ്പിൽ സുരേന്ദ്രനിൽ നിന്നോ ബിജെപിയിൽ നിന്നോ രാജ്യസ്നേഹം പഠിക്കേണ്ട ആവശ്യം തനിക്കില്ലെന്നും വ്യക്തമാക്കി. സുതാര്യമായിട്ടാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടന്നതെന്നും ആവശ്യമെങ്കിൽ കെ. സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേര്‍ത്തു.

തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകൻ കെജി പ്രസാദിന്റെ വീട് സന്ദർശിച്ച് കൃഷി മന്ത്രി പി പ്രസാദ്. ഭവന വായ്പ അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വേണ്ടത് ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. അതോടൊപ്പം പ്രസാദിന്റെ കുടുംബത്തിന് സഹായം നൽകുന്ന കാര്യം പരിഗണനയിലെന്ന് ആലപ്പുഴ ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജില്ലാ കളക്ടർ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ബാങ്കുകള്‍ കര്‍ഷക വിരുദ്ധ സമീപനം സ്വീകരിക്കാന്‍ പാടില്ലെന്ന് കൃഷിമന്ത്രി പി.പ്രസാദ്. ചില ബാങ്കുകള്‍ മോശമായ സമീപനം സ്വീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരത്തില്‍ കര്‍ഷകരില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പാർട്ടിയെയും പാർട്ടി അണികളെയും വഞ്ചിച്ച യൂദാസ് എന്ന് ആക്ഷേപിച്ച് പി അബ്ദുൽ ഹമീദ് എംഎൽഎ ക്കെതിരെ മലപ്പുറത്ത് പോസ്റ്റർ. എംഎൽഎ പാർട്ടിയെ വഞ്ചിച്ചു. പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും പോസ്റ്ററിൽ പറയുന്നു. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലടക്കമാണ് പേര് വയ്ക്കാത്ത പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.

പി അബ്ദുല്‍ ഹമീദ് എംഎല്‍എ കേരള ബാങ്ക് ഭരണസമിതി അംഗമായത് മുസ്ലിം ലീഗിന്റെ തീരുമാനമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കോണ്‍ഗ്രസിന് അതില്‍ പരാതിയില്ലെന്നും ലീഗിന്‍റെ ആഭ്യന്തര തീരുമാനമാണതെന്നും അദ്ദേഹം പറഞ്ഞു.

കേരള ബാങ്ക് ഡയറക്ടർ ബോർഡിൽ ലീഗ് എംഎൽഎ അംഗം ആയതിൽ ആശയ കുഴപ്പമില്ലെന്ന് കോൺഗ്രസ് നേതാവ് എംഎം ഹസ്സൻ. ലീഗ് നേതൃത്വവുമായും ഹമീദ് എംഎൽഎയുമായും സംസാരിച്ചു. മലപ്പുറത്തെ പോസ്റ്റർ വിവാദത്തിൽ പ്രതികരിക്കാനില്ലെന്നും എംഎം ഹസ്സൻ വ്യക്തമാക്കി.

സഹകരണം സഹകരണ മേഖലയിൽ മാത്രമെന്ന് പികെ ബഷീർ എംഎൽഎ. വരുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ലീഗ് യുഡിഎഫിൻ്റെ ഭാഗമായുണ്ടാകും. ലീഗ് യുഡിഎഫ് വിടുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. മുന്നണി വിടുമെന്ന പ്രചാരണമുണ്ടാക്കുന്നത് മാധ്യമങ്ങളെന്നും എം എൽ എ പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലൂടെ നടത്തുന്ന നവകേരള സദസ്സിന് നാളെ തുടക്കമാകും. ഇനി ഒരുമാസം സംസ്ഥാനത്തുടനീളം പര്യടനം നടത്തി പരാതികൾ കേൾക്കുകയാണ് സർക്കാർ. ധൂർത്ത് ആരോപിച്ച് പ്രതിപക്ഷം ബഹിഷ്കരിക്കും. സര്‍ക്കാർ ചെലവിൽ പാര്‍ട്ടി പ്രചാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

സംസ്ഥാന സർക്കാരിന്റെ പോസിറ്റീവായ പ്രവർത്തനങ്ങളെ പിന്തുണക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. ക്രിയാത്മകമായ വിമർശനങ്ങൾ ഉന്നയിക്കുകയും, പലകാര്യങ്ങളും സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുക എന്നതാണ് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം. മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎമാരുടെ പരാതികൾ പോലും പരിഹരിക്കാൻ സാധിക്കാത്ത സർക്കാരാണ് നവകേരള സദസ്സ് നടത്തുന്നതെന്ന് മഞ്ചേശ്വരം എംഎൽഎ . എന്നാൽ നവ കേരള സദസ്സിൽ പൊതുജനങ്ങളുടെ സൗകര്യം മാനിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് പരാതി സ്വീകരിക്കാത്തതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. എല്ലാ നവകേരള സദസിലും കൗണ്ടറുകൾ വഴി പരാതി സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പരാതികൾ ഒരു മാസത്തിനകം പരിഹരിക്കാനുള്ള സംവിധാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശാഭിമാനിക്കെതിരെ മാനനഷ്ടത്തിന് അടിമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയെ സമീപിക്കാൻ മറിയക്കുട്ടിയുടെ തീരുമാനം. ഇതു കൂടാതെ പെൻഷൻ എല്ലാവർക്കും നൽകാൻ കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും മറിയക്കുട്ടി പറഞ്ഞു. അതോടൊപ്പം മറിയക്കുട്ടി യുടെ വീട്ടിലെത്തി ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപി. ബിജെപി നേതാക്കൾക്കൊപ്പമാണ് മറിയക്കുട്ടിയുടെ വീട്ടിലെത്തിയത്. സുരേഷ് ഗോപിയോട് മറിയക്കുട്ടി നന്ദി അറിയിച്ചു.

മറിയക്കുട്ടിക്കെതിരെയുള്ള ദേശാഭിമാനി വാർത്ത പാർട്ടിക്ക് കളങ്കമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തിരുത്തിയതോടെ പ്രശ്നം തീർന്നു. മാനുഷികമായ തെറ്റാണ് പറ്റിയതെന്ന് ഇപി ജയരാജൻ പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ പ്രായമായ സ്ത്രീയെ കോടതിയിൽ പോകാനൊക്കെ പ്രേരിപ്പിക്കുന്നത് വലിയ കഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് മുനീർ ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയെടുത്തിരുന്നു. ഈവാർത്ത പുറത്ത് വന്നതോടെ തട്ടിയെടുത്ത പണം മുനീർ തിരിച്ചു നൽകിയെങ്കിലും, ഐപിസി 406, ഐപിസി 420 വിശ്വാസ ലംഘനം, വഞ്ചന വകുപ്പുകൾ പ്രകാരം പോലീസ് കേസ് എടുത്തു. കുട്ടിയുടെ അച്ഛൻ പരാതി ഇല്ലെന്ന് പറഞ്ഞെങ്കിലും പൊലീസ് ഇന്നലെ തന്നെ വീട്ടിലെത്തി മൊഴി എടുത്തിരുന്നു.

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീര്‍ത്ഥാടകരുടെ യാത്രാ സൗകര്യത്തിനായി പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചതായി കെഎസ്ആര്‍ടിസി. തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ കുമളിയില്‍ 12 കെഎസ്ആര്‍ടിസി ബസുകളാണ് ഒരുക്കിയിരിക്കുന്നത്. 232 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിന് ഉത്തരവിറങ്ങി. ഇന്ന് തന്നെ വിതരണം തുടങ്ങണമെന്നും നവംബർ 26 നകം പൂർത്തിയാക്കണമെന്നുമാണ് നിർദ്ദേശം. ഒരുമാസത്തെ ക്ഷേമ പെൻഷൻ ഉടൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും പണം അനുവദിച്ചുള്ള ഉത്തരവ് പുറത്ത് വന്നിരുന്നില്ല.

ബംഗ്ലാദേശിലെ ചിറ്റാഗോംഗ്‌ തുറമുഖത്ത്‌ നിന്നും ഷാർജ്ജയിലേക്ക്‌ പോകുന്ന വഴി എൻജിൻ തകരാറിനെ തുടർന്ന് വിഴിഞ്ഞം തുറമുഖത്തുനിന്ന് ആറ്‌ നോട്ടിക്കൽ മൈൽ അകലെ വിദേശകപ്പൽ നങ്കൂരമിട്ടിരുന്നു. ഇമിഗ്രേഷൻ ക്ലിയറൻസ്‌ ലഭിച്ചതിനെ തുടർന്ന് കപ്പലിനെ കേരളാ മാരിടൈം ബോർഡിന്റെ കീഴിലുള്ള വിഴിഞ്ഞം തുറമുഖത്ത് അറ്റകുറ്റപ്പണിക്കായി കയറ്റി. മുംബയിൽ നിന്നുള്ള രണ്ട്‌ ടെക്നീഷ്യൻമാർ പരിശോധനക്കായി കപ്പലിൽ എത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

കണ്ണൂർ അയ്യൻകുന്നിൽ വന്യമൃഗ ശല്യത്തെ തുടർന്ന് കൃഷി ഉപേക്ഷിക്കേണ്ടി വന്ന മുടിക്കയം സുബ്രഹ്മണ്യൻ ജീവനൊടുക്കി. ക്യാൻസർ ബാധിതൻ ആയിരുന്നു. വന്യമൃഗ ശല്യത്തെ തുടർന്ന് രണ്ടേക്കർ ഭൂമി സുബ്രഹ്മണ്യന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. സ്ഥലം ഉള്ളതിനാൽ ലൈഫ് പദ്ധതിയിൽ അർഹതയും ഉണ്ടായിരുന്നില്ല. രണ്ടര വർഷമായി വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ മിദ്‌ഹിലി ചുഴലിക്കാറ്റ് രൂപപ്പെട്ടു. ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ കേരളത്തിൽ അടുത്ത 3 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ, ഇടത്തരം മഴക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ ഏറ്റവും വലിയ വനിതാ ജയിലായ അട്ടക്കുളങ്ങര വനിത ജയിൽ പൂജപ്പുര ജയില്‍ വളപ്പിലേക്ക് മാറ്റാൻ തീരുമാനം. തടവുകാരുടെ എണ്ണം കൂടുതലുള്ള പൂജപ്പുരയിൽ നിന്നടക്കം പുരുഷ തടവുകാരെ അട്ടക്കുളങ്ങരയിലേക്ക് കൊണ്ടുവരും. പൂജപ്പുരയിൽ വനിതാ തടവുകാർക്ക് പ്രത്യേക ബ്ലോക്ക് ഉണ്ടാക്കാനാണ് തീരുമാനം.

സൈനബ കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. താനൂരിലെ ഒരു വർക്ക് ഷോപ്പിലാണ് വണ്ടി സൂക്ഷിച്ചിരുന്നത്. കസ്റ്റഡിയിലുള്ള മുഖ്യപ്രതി സമദിനെ ഇന്ന് നാടുകാണി ചുരത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്സാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ അ‍ഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

അമേരിക്കയിലെ ഷിക്കാഗോയിൽ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഗർഭിണിയായ മലയാളി യുവതി മീര മൂന്ന് ശസ്ത്രക്രിയകൾ നടത്തി വെൻറിലേറ്ററിൽ തുടരുകയാണ്. 9 എംഎം കൈത്തോക്കുകൊണ്ടാണ് പ്രതി അമൽ റെജി ഭാര്യ മീരയെ വെടിവെച്ചതെന്ന് ദേസ് പ്ലെയിന്‍സ് പൊലീസ് പുറത്തുവിട്ട ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി.

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഇന്ന് പോളിംഗ്. മധ്യപ്രദേശിലെ 230 സീറ്റുകളിലും ഛത്തീസ്ഗഡിലെ 70 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മധ്യപ്രദേശിൽ ഇതുവരെ മികച്ച പോളിങ്ങും, ഛത്തീസ്ഗഡിൽ ഭേദപ്പെട്ട പോളിങ്ങുമാണ് രേഖപ്പെടുത്തുന്നത്. മധ്യപ്രദേശിലെ വിവിധ പോളിംഗ് ബൂത്തുകളിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് അൽപനേരം വോട്ടെടുപ്പ് തടസപ്പെട്ടു. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയിലാണ് ഛത്തീസ്ഗഡിൽ പോളിംഗ് നടക്കുന്നത്.

തെലങ്കാനയിൽ 38 ഇന വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഗാന്ധി ഭവനിൽ വച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രകടനപത്രിക പുറത്തിറക്കുന്നത്. വിവാഹം കഴിക്കാൻ പോകുന്ന വധുക്കൾക്ക് ഒരു ലക്ഷം രൂപയും പത്ത് ഗ്രാം സ്വർണവും നൽകുന്ന ഇന്ദിരമ്മ ഗിഫ്റ്റ് സ്കീം, എല്ലാ വിദ്യാർഥികൾക്കും സൗജന്യ ഇന്‍റർനെറ്റ് തുടങ്ങിയ പദ്ധതികൾ പത്രികയിലുണ്ട്.

സൗദി തലസ്ഥാന നഗരമായ റിയാദിൽ ഇന്നലെ ശക്തമായ മഴ പെയ്തു. നഗരത്തിന്‍റെ വടക്കുഭാഗത്ത് റോഡുകളിൽ വെള്ളക്കെട്ടുകളുണ്ടായി. കാറുകൾ പോലുള്ള ചെറിയ വാഹനങ്ങളുടെ ടയറുകൾ മുങ്ങിപ്പോകും വിധം പലയിടങ്ങളിലും റോഡുകളിൽ വെള്ളം നിറഞ്ഞു. ഗതാഗതത്തിന് നേരിയ തടസ്സം അനുഭവപ്പെട്ടു. ഉത്തരകാശിയിലെ തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം വീണ്ടും തടസപ്പെട്ടു. തുരങ്കത്തിലെ ലോഹഭാഗത്തില്‍ ഡ്രില്ലിങ് മെഷീന്‍ ഇടിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം താല്‍കാലികമായി നിർത്തി വച്ചത്. ഡ്രില്ല് ചെയ്യുന്നതോടെ രൂപപ്പെടുന്ന ദ്വാരത്തിലൂടെ 90 സെന്‍റീമീറ്റര്‍ വ്യാസമുള്ള സ്റ്റീല്‍ പൈപ്പ് കയറ്റി തൊഴിലാളികളെ പുറത്തെത്തിക്കാനാണ് നീക്കം.

ഇസ്രയേല്‍ഹമാസ് യുദ്ധത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെ അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘര്‍ഷം അവസാനിപ്പിക്കണമെന്നും പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. അതേസമയം, ഗാസ ഉടന്‍ പട്ടിണിയിലേക്ക് നീങ്ങുമെന്ന് ഐക്യരാഷ്ട്ര സംഘടന. ഇസ്രയേലിന്‍റെ ആക്രമണം രൂക്ഷമായതോടെ സാധാരണക്കാര്‍ ഭക്ഷണവും വെള്ളവുമില്ലാതെ പട്ടിണിയിലാകുമെന്നും, യുദ്ധനിയമങ്ങളുടെ ലംഘനത്തിന് രാജ്യന്തര തലത്തില്‍ അന്വേഷണം വേണമെന്നും യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.

ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്‍റീനക്കും മുന്‍ ചാമ്പ്യന്‍മാരായ ബ്രസീലിനും തോല്‍വി. ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ യുറുഗ്വേയാണ് ലോക ചാമ്പ്യന്‍മാരായ അര്‍ജന്‍റീനയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയത്.

ഏകദിന ലോകകപ്പിൽ ഇന്നും നാളെയും മൽസരങ്ങളില്ല. ഫൈനൽ മൽസരം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *