night news hd 3
സിപിഎം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ ലീഗ് പങ്കെടുക്കില്ലെന്ന ഔദ്യോഗിക അറിയിപ്പിന് പിന്നാലെ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി. പലസ്തീന്‍ വിഷയത്തില്‍ ലീഗിന് കൃത്യമായ നിലപാടുണ്ടെന്നും യുഡിഎഫിന്റെ ഒരു കക്ഷി എന്ന നിലയില്‍ സാങ്കേതികമായി റാലിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിപിഎം ക്ഷണിച്ചതിന് നന്ദിയുണ്ടെന്നും പലസ്തീന്‍ വിഷയത്തില്‍ കേരളത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പലസ്തീന്‍ വിഷയത്തെ തരികിട രാഷ്ട്രീയത്തിനായി സിപിഎം ഉപയോഗിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎം ലീഗിന്റെ പുറകെ നടക്കുകയാണെന്നും പക്ഷേ മുന്നണിക്ക് ഹാനികരമായ ഒന്നും ലീഗ് ചെയ്യില്ലെന്നും കോണ്‍ഗ്രസും ലീഗും ജേഷ്ഠാനുജന്‍മാര്‍ തമ്മിലുള്ള ബന്ധമാണെന്നും സതീശന്‍ പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍ കേരളീയം പരിപാടിയില്‍ പങ്കെടുത്തത് പാര്‍ട്ടിയെ ധിക്കരിച്ചാണെന്നും എഐസിസിയെ പരാതി അറിയിച്ചുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കേണ്ടന്നാണ് തീരുമാനമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്ത്.
ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ സി കെ. ജാനുവിന് പണം നല്‍കിയെന്ന തെരഞ്ഞെടുപ്പ് കോഴ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. ഈ മാസം 14ന് കല്‍പ്പറ്റയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി.
പച്ചത്തേങ്ങ സംഭരിച്ച വകയില്‍ 18 കോടിയോളം രൂപ കേരാ ഫെഡ് കര്‍ഷകര്‍ക്ക് നല്‍കാനുണ്ടെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരില്‍ നിന്ന് പണം കിട്ടാത്തതാണ് കേരാ ഫെഡിനെ പ്രതിസന്ധിയിലാക്കുന്നത്.
ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഹാമാരികളെ കേരളം നേരിട്ട വിധം’ എന്ന വിഷയത്തില്‍ കേരളീയം സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (ബി). നവകേരള സദസിന് മുന്‍പ് പുനഃസംഘടന വേണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് മുന്നണി നേതൃത്വത്തിന് കത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
കെപിസിസി വിലക്ക് ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി നടത്തിയ ആര്യാടന്‍ ഷൗക്കത്തിന്റേത് അച്ചടക്ക ലംഘനം തന്നെയാണെന്ന് കെപിസിസി  ആര്യാടന്‍ ഷൗക്കത്ത് നടത്തിയത് പരസ്യ വെല്ലുവിളിയാണെന്നും വിശദീകരണം തൃപ്തികരമല്ലെന്നും കെപിസിസി നേതൃത്വം. അതേസമയം ആര്യാടന്‍ ഷൗക്കത്തിനെതിരായ നടപടിയില്‍ തീരുമാനം കെപിസിസി അച്ചടക്ക സമിതിക്ക് വിട്ടു. വിഷയത്തില്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കും. ഒരാഴ്ച പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനു ഷൗക്കത്തിനു പാര്‍ട്ടി വിലക്കേര്‍പ്പെടുത്തി. പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്നാണ് ഷൗക്കത്തിന്റെ നിലപാട്.
മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവനെതിരായ വിവാദ പരാമര്‍ശമുള്ള ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥിന്റെ പുസ്തകം പ്രസിദ്ധീകരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ‘നിലാവ് കുടിച്ച സിംഹങ്ങള്‍’ എന്ന ആത്മകഥ തല്‍ക്കാലം പിന്‍വലിക്കുന്നുവെന്നും എസ്.സോമനാഥ് പറഞ്ഞു. കോപ്പി പിന്‍വലിക്കണമെന്ന് എസ് സോമനാഥ് പ്രസാധകരോട് നിര്‍ദ്ദേശിച്ചു.
അതിരപ്പിള്ളി – മലക്കപ്പാറ റോഡില്‍ ഗതാഗത നിയന്ത്രണം. അമ്പലപ്പാറ റോഡിന്റെ സൈഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് നവംബര്‍ ആറാം തീയതി മുതല്‍ 15 ദിവസത്തേക്കാണ് ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ അറിയിച്ചു.

പാളം പരിശോധിക്കുന്നതിനിടെ കാസര്‍കോട് കുമ്പള ഷിറിയയില്‍ ട്രാക്ക് മാന്‍ ട്രെയിന്‍ തട്ടി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി പഗോട്ടി നവീന്‍ (25) ആണ് മരിച്ചത്.

കൊച്ചിയിലെ നാവിക ആസ്ഥാനമായ ഐഎന്‍എസ് ഗരുഡയിലുണ്ടായ പരിശീലന പറക്കലിനിടെ നാവികസേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട്  ഹെലികോപ്ടറിലുണ്ടായിരുന്ന രണ്ട് പേരില്‍ ഒരാള്‍ മരിച്ചു. യോഗീന്ദര്‍ എന്ന നാവികനാണ് മരിച്ചത്.
ഛത്തീസ്ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് സിംഗ് ബാഗേല്‍ ഇഡിയെ ഭയന്ന് തുടങ്ങിയെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് ഇഡി ഉന്നയിച്ച ആരോപണം ഏറ്റെടുത്ത പ്രധാനമന്ത്രി ബാഗേലിന്റെ ദുബായ് ബന്ധം വെളിവാക്കണമെന്നും ആവശ്യപ്പെട്ടു.
ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ, നാരായണ്‍പൂരില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രത്തന്‍ ദുബെയെ കൊല്ലപ്പെടുത്തി. മവോയിസ്റ്റുകളാണ് കൊലപ്പെടുത്തിയതെന്നാണ് സംശയം.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. പാര്‍ട്ടി തീരുമാനിച്ച ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച 39 നേതാക്കളെയാണ് കമല്‍നാഥ് പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്. മുന്‍ എംപി പ്രേംചന്ദ് ഗുഡ്ഡു, മുന്‍ എംഎല്‍എമാരായ അന്തര്‍ സിങ് ദര്‍ബാര്‍, യാദവേന്ദ്ര സിങ്, പാര്‍ട്ടി സംസ്ഥാന വക്താവ് അജയ് സിങ് യാദവ് തുടങ്ങിയവര്‍ പുറത്താക്കിയവരുടെ ലിസ്റ്റിലുണ്ട്.
ഗാസയിലെ സാഹചര്യം ഭയപ്പെടുത്തുന്നുവെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഗാസയില്‍ സുരക്ഷിതമായ ഒരു ഇടം പോലുമില്ലെന്നും ഗാസയിലെ ആംബുലന്‍സ് വ്യൂഹത്തിന് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍  ഞെട്ടലുണ്ടാക്കുന്നുവെന്നും ഗുട്ടെറസ് വ്യക്തമാക്കി. ആംബുലന്‍സ് വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. രോഗികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആംബുലന്‍സുകള്‍ എന്നിവ എല്ലായ്പ്പോഴും സംരക്ഷിക്കപ്പെടണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസും വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *