ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിന്റെ പ്രതികാരം അതിരുകടന്നെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍. കോഴിക്കോട് ബീച്ചില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസയില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. കഴിഞ്ഞ 15 വര്‍ഷത്തില്‍ ഉണ്ടായതിലധികം മരണമാണ് 19 ദിവസം പിന്നിട്ട യുദ്ധത്തിലുണ്ടായത്.
തട്ടിപ്പു നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരിച്ചുകിട്ടാത്തതില്‍ പ്രതിഷേധിച്ച് നിക്ഷേപകനായ മാപ്രാണം സ്വദേശി ജോഷി പ്രതിഷേധം നടത്തസമരം നടത്തും. നവംബര്‍ ഒന്നിന് രാവിലെ ഏഴിന് കരുവന്നൂരില്‍ നിന്നാരംഭിക്കുന്ന ഒറ്റയാള്‍ പ്രതിഷേധനടത്തം കളക്ടേറ്റില്‍ അവസാനിക്കും. ജോഷിക്കും കുടുംബത്തിനുമായി കരുവന്നൂര്‍ ബാങ്കില്‍ 90 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ട്യൂമര്‍ ബാധിതനായ ജോഷിക്ക് 21 തവണ ശസ്ത്രക്രിയ നടത്തി. നിക്ഷേപത്തുക ചികില്‍സയ്ക്കു പിന്‍വലിക്കാനായില്ലെന്നും ജോഷി പറഞ്ഞു.
കെഎസ്ആര്‍ടിസിക്കു ടൂര്‍ പാക്കേജ് സര്‍വീസുകള്‍ നടത്താമെന്ന് ഹൈക്കോടതി. ടൂര്‍ പാക്കേജ് സര്‍വീസുകള്‍ നടത്തുന്നത് ചോദ്യംചെയ്ത് സ്വകാര്യ കോണ്ട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റര്‍മാര്‍ നല്കിയ ഹര്‍ജി തള്ളികൊണ്ടാണ് ഉത്തരവ്.
പാഠപുസ്തകങ്ങളില്‍ ഇന്ത്യ മാറ്റി ഭാരത് ആക്കാനുള്ള നീക്കത്തെ കേരളം അംഗീകരിക്കില്ലെന്ന് തൊഴിലും വിദ്യാഭ്യാസവും വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ആള്‍മാറാട്ടത്തിലൂടെ രജിസ്റ്റര്‍ ചെയ്ത വസ്തു പോക്കുവരവ് ചെയ്യുന്നതിന് ഒത്താശ ചെയ്ത കേസില്‍ മുന്‍ വില്ലേജ് ഓഫീസര്‍ക്ക് ശിക്ഷ. പത്തനംതിട്ട വില്ലേജ് ഓഫീസറായിരുന്ന സോമന് കുറുപ്പിനെയാണ് മൂന്നു വര്‍ഷം കഠിന തടവിനു ശിക്ഷിച്ചത്. 25,000 രൂപ പിഴയും അടയ്ക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു.
വാളയാര്‍ കേസിലെ പ്രതി മധു ആത്മഹത്യചെയ്തതിനു കരാര്‍ കമ്പനി സൂപ്പര്‍വൈസര്‍ പെരുമ്പാവൂര്‍ സ്വദേശി സി.പി നിയാസിനെ അറസ്റ്റുചെയ്തു. നിയാസിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണു ചുമത്തിത്. ചെമ്പുതകിട് മോഷണം പോയ സംഭവത്തല്‍ മധുവിനെ സൂപ്പര്‍വൈസര്‍ തടഞ്ഞുവച്ചിരുന്നു.
വയനാട്ടില്‍ കാട്ടുപോത്ത് സ്കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന് യുവാവിന് പരിക്കേറ്റു. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി റസല്‍കുന്നിലാണ് സംഭവം. പനവല്ലി റസല്‍കുന്ന് സെറ്റില്‍മെന്റ് കോളനിയിലെ നരേഷിനാണ് പരിക്കേറ്റത്.
ഖത്തറില്‍ തടവിലായ എട്ടു മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ. ഖത്തറിലെ ശിക്ഷാവിധി ഞെട്ടിപ്പിക്കുന്നതാണെന്ന് ഇന്ത്യ. ഖത്തറുമായി വിഷയം ചര്‍ച്ച ചെയ്യും. ഓഗസ്റ്റിലാണ് ഖത്തര്‍ നാവികസേനയ്ക്കു പരിശീലനം നല്കുന്ന കമ്പനിയിലുള്ള ഇന്ത്യന്‍ നാവികരെ അറസ്റ്റു ചെയ്തത്.
ജമ്മു കാഷ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. കുപ്വാരയിലെ മച്ചില്‍ സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്. നിയന്ത്രണ രേഖയിലൂടെ ഇന്ത്യന്‍ ഭാഗത്തേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം തകര്‍ത്തത്.
തമിഴ്നാട്ടില്‍ രാജ്ഭവനുനേരെയുണ്ടായ ബോംബേറില്‍ തമിഴ്നാട് പൊലീസ് ഉചിതമായ നടപടികളെടുത്തില്ലെന്ന് രാജ്ഭവന് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.
പാഠപുസ്തകങ്ങളില്‍ ‘ഇന്ത്യ’ മാറ്റി ‘ഭാരത്’ ആക്കാനുള്ള എന്‍സിഇആര്‍ടി നീക്കത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എന്തുകൊണ്ടാണ് ഭരണാധികാരികള്‍ക്ക് ഇന്ത്യയെ പേടിയെന്നു മമത ചോദിച്ചു.
പാഠപുസ്തകങ്ങളില്‍ ഇന്ത്യക്കു പകരം ഭാരത് എന്നാക്കാനുള്ള എന്‍സിഇആര്‍ടി ശുപാര്‍ശക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനയിലുള്ളതാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് യെച്ചൂരി പറഞ്ഞു.
ഹെലികോപ്റ്ററില്‍നിന്ന് താഴേക്ക് എട്ടു കോടി രൂപ വിതറി ഒരു ഇന്‍ഫ്ളുവന്‍സര്‍. ചെക്ക് റിപ്പബ്ലിക്കുകാരനായ ഇന്‍ഫ്ളുവന്‍സറും ടിവി ഹോസ്റ്റുമായ കമില്‍ ബര്‍ട്ടോഷെക്കാണ് ലൈസ നാദ് ലാബെം പട്ടണത്തിനു സമീപമുള്ള ഒഴിഞ്ഞ പ്രദേശത്ത് പണം വിതറിയത്.
ഇസ്രയേല്‍ ജനം യുദ്ധമുഖത്തായിരിക്കുമ്പോള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന് യായിര്‍ അമേരിക്കയിലെ മയാമി ബീച്ചില്‍ ആഘോഷിക്കുകയാണെന്ന് വിമര്‍ശനം. നാലു ലക്ഷം യുവാക്കള്‍ യുദ്ധമുഖത്തുണ്ട്.