ബീഫ്, മട്ടന്‍, പോര്‍ക്ക് പോലുള്ള റെഡ് മീറ്റ് ഏറെ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്നതായി ഹാര്‍വഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ആഴ്ചയില്‍ രണ്ടു തവണയിലേറെ റെഡ് മീറ്റ് കഴിക്കുന്നത് രോഗ സാധ്യത കൂട്ടിയേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഹാര്‍വഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ 2,16,695 പേരുടെ ആരോഗ്യ വിവരങ്ങള്‍ വിലയിരുത്തി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ചോദ്യോത്തരങ്ങളിലൂടെ ഇവരുടെ ഭക്ഷണക്രമവും പല തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിന്റെ ആവൃത്തിയും രണ്ടു മുതല്‍ നാലു വരെ വര്‍ഷം കൂടുമ്പോള്‍ ഗവേഷകര്‍ വിലയിരുത്തി. 36 വര്‍ഷം നീണ്ട പഠനകാലയളവില്‍ 22,000 പേര്‍ ടൈപ്പ് 2 പ്രമേഹ ബാധിതരായി. സംസ്‌കരിച്ചതും അല്ലാത്തതുമായ റെഡ് മീറ്റിന്റെ ഉപയോഗം ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഇതില്‍നിന്ന് കണ്ടെത്തുകയായിരുന്നു. കൂടുതല്‍ റെഡ് മീറ്റ് കഴിക്കുന്നവര്‍ക്ക് തീരെ കഴിക്കാത്തവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹ സാധ്യത 62 ശതമാനം അധികമാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ഓരോ തവണയും സംസ്‌കരിച്ച റെഡ് മീറ്റ് കഴിക്കുമ്പോഴും പ്രമേഹ സാധ്യത 46 ശതമാനം കൂടുന്നതായും ഇവര്‍ കണ്ടെത്തി. സംസ്‌കരിക്കാത്ത റെഡ് മീറ്റ് ഓരോ തവണ അധികം കഴിക്കുന്നത് പ്രമേഹ സാധ്യത 24 ശതമാനവും വര്‍ദ്ധിപ്പിക്കുന്നു. റെഡ് മീറ്റിന് പകരം നട്സ്, പയര്‍വര്‍ഗ്ഗങ്ങള്‍ പോലുള്ള സസ്യാധിഷ്ഠിത പ്രോട്ടീന്‍ സ്രോതസ്സുകള്‍ ഉപയോഗിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത 30 ശതമാനം കുറയ്ക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. റെഡ്മീറ്റിന് പകരം പാലുത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് പ്രമേഹ സാധ്യത 22 ശതമാനം കുറയ്ക്കുന്നു. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.