സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് രാജ്യത്തെ മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണം സെപ്തംബറില്‍ നാല് കോടി കവിഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപ രംഗത്ത് ഒരു കോടിയിലധികം പേരാണ് അക്കൗണ്ടുകള്‍ തുറന്നത്. രാജ്യത്ത് വരുമാന നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നവരില്‍ 57 ശതമാനം പേരും മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം നടത്തിയിട്ടുണ്ട്. പ്രതിമാസം ചെറിയ തുക ഓഹരി വിപണിയിലെ നിക്ഷേപത്തിനായി മാറ്റിവെക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകളിലൂടെ കഴിഞ്ഞ മാസം മാത്രം 16,000 കോടി രൂപയാണ് വിപണിയിലെത്തിയത്. ചരിത്രത്തിലേക്കും ഏറ്റവും ഉയര്‍ന്ന തുകയാണിത്. പ്രതിവര്‍ഷം ഒന്നര ലക്ഷം കോടി രൂപയിലധികമാണ് എസ്.ഐ.പി കളിലൂടെ ഇന്ത്യന്‍ ഓഹരി വിപണിയിലെത്തുന്നത്. രണ്ടു വര്‍ഷത്തിനിടെ രാജ്യത്തെ പ്രമുഖ മ്യൂച്ചല്‍ ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് ഇരുപത് ശതമാനം മുതല്‍ നാല്‍പ്പത് ശതമാനം വരെ വരുമാന വര്‍ദ്ധന നല്‍കിയെന്ന് സെബി കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ കാഷ് റിച്ച് മേഖലകളില്‍ നിന്നും വന്‍തോതില്‍ വിദേശ നിക്ഷേപം ഒഴുകിയെത്തിയതാണ് ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് മികച്ച കരുത്ത് നല്‍കിയത്. അതോടെ ഈ കാലയളവില്‍ മ്യൂച്ച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചവര്‍ക്കും വന്‍ നേട്ടമാണ് ലഭിച്ചത്. രാജ്യത്തെ മുന്‍ നിര ഫണ്ടുകളുടെ 50 ശതമാനത്തിലധികം മ്യൂച്ച്വല്‍ ഫണ്ട് ഉത്പന്നങ്ങളും നിക്ഷേപകര്‍ക്ക് മൂന്ന് വര്‍ഷക്കാലയളവില്‍ 20 ശതമാനത്തിലധികം വരുമാനം ലഭ്യമാക്കി. ബാങ്ക് ഓഫ് ഇന്ത്യയുടെ സ്മാള്‍ ക്യാപ്പ് ഫണ്ട് നിക്ഷേപകര്‍ക്ക് 38 ശതമാനം വരുമാനം നല്‍കി മികച്ച പ്രകടനം കാഴ്ചവെച്ചു. കാനറ റോബേക്കോ സ്മാള്‍ ക്യാപ്പ് ഫണ്ട് 37 ശതമാനവും ക്വാന്റ് സ്മാള്‍ ക്യാപ്പ് ഫണ്ട് 36 ശതമാനവും വരുമാനം നിക്ഷേപകര്‍ക്ക് നല്‍കി. യൂണിയന്‍ മിഡ് ക്യാപ് ഫണ്ട് നിക്ഷേപകര്‍ക്ക് മൂന്ന് വര്‍ഷത്തിനിടെ നിക്ഷേപ മൂല്യത്തില്‍ 34 ശതമാനവും ഈഡില്‍വീസ് സ്മാള്‍ ക്യാപ്പ് ഫണ്ട് 33.5 ശതമാനവും വരുമാനം നിക്ഷേപകര്‍ക്ക് ലഭ്യമാക്കി.