സ്വവര്‍ഗ വിവാഹം അംഗീകരിക്കില്ലെന്നു സുപ്രീം കോടതി. നിയമസാധുത തേടിയുള്ള ഹര്‍ജികള്‍ ഭരണഘടനാ ബഞ്ച് തള്ളി. അഞ്ചംഗ ബഞ്ചില്‍ മൂന്നു പേര്‍ ഹര്‍ജി തള്ളാന്‍ അനുകൂലിച്ചപ്പോള്‍ രണ്ടു പേര്‍ ഹര്‍ജി അനുവദിക്കണമെന്ന നിലപാടെടുത്തിരുന്നു. സ്വവര്‍ഗ വിവാഹം നഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. നാല് ഭിന്നവിധികളാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ സെക്ഷന്‍ 4 ഭരണഘടനാ വിരുദ്ധമാണ്. അത് തുല്യതക്കെതിരാണ്. എന്നാലത് റദ്ദാക്കുന്നില്ല. സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ മാറ്റം വേണോയെന്ന് പാര്‍ലമെന്റ് തീരുമാനിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇസ്രയേല്‍ ഹമാസ് യുദ്ധത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നാളെ ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ജോ ബൈഡന്‍ കൂടിക്കാഴ്ച നടത്തും. ഇതിനിടെ ഇസ്രയേലിലെ ജറുസലേമിലും ടെല്‍ അവീവിലും റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹമാസ് അവകാശപ്പെട്ടു. ലെബനോനിലെ ഹിസ്ബുല്ല താവളം വീണ്ടും ആക്രമിച്ചുവെന്ന് ഇസ്രയേലും അവകാശപ്പെട്ടു. 199 പേരെ ഹമാസ് ബന്ദികളാക്കിയെന്നും ഇസ്രയേല്‍ പറഞ്ഞു.
ടൈപ് വണ്‍ പ്രമേഹം ബാധിച്ച വിദ്യാര്‍ത്ഥികള്‍ക്കു സ്‌കൂളുകളില്‍ നഴ്‌സുമാരുടെ സേവനം വേണമെന്നും തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കണമെന്നും ആരോഗ്യവകുപ്പിനു കത്ത് നല്‍കിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍. മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചതാണിക്കാര്യം. 1012 കൗണ്‍സിലര്‍മാരുണ്ടെങ്കിലു കൂടുതല്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കണമെന്നു വനിതാ ശിശു വികസന വകുപ്പിനും കത്ത് നല്‍കിയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
തൃശൂര്‍ കൈനൂര്‍ ചിറയില്‍ മുങ്ങി മരിച്ച നാലു വിദ്യാര്‍ത്ഥികള്‍ക്ക് അന്ത്യാഞ്ജലികളുമായി സഹപാഠികളും നാട്ടുകാരും. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നുച്ചയോടെയാണ് വീട്ടുകാര്‍ക്കു വിട്ടുകൊടുത്തത്. ഡിഗ്രി വിദ്യാര്‍ഥികളായ നിവേദ് കൃഷ്ണ, സയിദ് ഹുസൈന്‍, കെ. അര്‍ജുന്‍, അബി ജോണ്‍ എന്നിവരാണു മരിച്ചത്. അബി ജോണ്‍ സെന്റ് എല്‍ത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെയും മറ്റുള്ളവര്‍ തൃശൂര്‍ സെന്റ് തോമസ് കോളേജിലെയും ബിരുദ വിദ്യാര്‍ത്ഥികളാണ്.
കൊടുവള്ളിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു പരിക്കേറ്റു ചികില്‍സയിലായിരുന്ന രണ്ടു സ്ത്രീകള്‍ മരിച്ചു. വാവാട് കണ്ണിപ്പുറായില്‍ സുഹറ (50), പുല്‍ക്കുഴിയില്‍ ആമിന (70) എന്നിവരാണു മരിച്ചത്.
ശബരിമല ശരംകുത്തിയില്‍ 40 മീറ്റര്‍ ഉയരമുള്ള ബിഎസ്എന്‍എല്‍ ടവറിലേക്കുള്ള കേബിള്‍ മുറിച്ചു കടത്തുകയും ഉപകരണങ്ങള്‍ കേടാക്കുകയും ചെയ്ത സംഭവത്തില്‍ ഏഴു പേരെ അറസ്റ്റു ചെയ്തു.
നാലു മാസം പ്രായമുള്ളപ്പോള്‍ മുതല്‍ ആലപ്പുഴയിലെ ഹോപ് വില്ലേജ് എന്ന അനാഥാലയത്തില്‍ വളര്‍ന്ന ദയ എന്ന പെണ്‍കുട്ടി ഇനി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി. മോണിക്ക എന്ന മിടുക്കിയായ വിദ്യാര്‍ത്ഥിനി സ്‌പോണ്‍സറുടെ സഹായത്തോടെ ജോര്‍ജിയയിലെ സര്‍വകലാശാലയിലാണ് എംബിബിഎസിന് ചേര്‍ന്നത്.
മദ്യപാനത്തിനിടെ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി ആശുപത്രിയിലാക്കിയ സുഹൃത്തുക്കള്‍ പിടിയില്‍. ചെങ്ങന്നൂര്‍ ഇലഞ്ഞിമേല്‍ കോലത്ത് വീട്ടില്‍ സതീശന്റെ മകന്‍ സജീവ് എന്ന മുപ്പത്തിരണ്ടുകാരനായ ഉണ്ണിയാണു കൊല്ലപ്പെട്ടത്. നങ്ങ്യാര്‍കുളങ്ങര തുണ്ടില്‍ വീട്ടില്‍ പ്രവീണ്‍ (27), അരുണ്‍ ഭവനത്തില്‍ അരുണ്‍ (33) ചെങ്ങന്നൂര്‍ ഇലഞ്ഞിമേല്‍ മനോജ് ഭവനത്തില്‍ മനോജ് (33) എന്നിവരെയാണു കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തില്‍ പരിക്കേറ്റെന്ന നിലയിലാണ് സജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയംതോന്നിയ ആശുപത്രി അധികൃതര്‍ അവരെ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.
കോഴിക്കോട് ദമ്പതിമാരുടെ മരണത്തിനിടയാക്കിയ ബസപകടത്തില്‍ ബസുടമയും ഡ്രൈവറും അറസ്റ്റിലായി. ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാറിനെയും ബസുടമ അരുണിനെയും ചേവായൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. കക്കോടി സ്വദേശികളായ എന്‍. ഷൈജു (43), ഭാര്യ ജീമ (38) എന്നിവരാണ് ഇന്നലെ വാഹനാപകടത്തില്‍ മരിച്ചത്.
കൊല്ലം കരുനാഗപ്പള്ളിയില്‍ യുഡിഎഫ് പദയാത്രക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളി. അടിപൊട്ടിയതോടെ പദയാത്ര അവസാനിപ്പിക്കേണ്ടി വന്നു. മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരുടെ പുനഃസംഘടന അടക്കമുള്ള വിഷയങ്ങളാണ് തര്‍ക്കത്തിന് ഇടയാക്കിയത്.
പാലാ നഗരസഭ അധ്യക്ഷയും കൗണ്‍സിലര്‍മാരും ഹൗസ് ബോട്ട് യാത്രക്കിടെ പണംവച്ചു പകിട കളിച്ചെന്ന് ആരോപണം. ദൃശ്യങ്ങള്‍ സഹിതമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോയും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുകാരനായ മുന്‍ അധ്യക്ഷന്‍ ആന്റോ പടിഞ്ഞാറേക്കരയും പ്രതിപക്ഷ നിരയിലെ രണ്ടു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും പകിട കളിച്ചെന്നാണ് ആരോപണം.
ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ തൈപ്പറമ്പില്‍ വീട്ടില്‍ സനില്‍ കുമാര്‍ (37) ആണ് മരിച്ചത്. ആലപ്പുഴയില്‍നിന്ന് എറണാകുളത്തേക്കു പോകവേ ബൈക്ക് റോഡരികിലെ കുഴിയില്‍ വീണു. കണ്ടെയ്‌നര്‍ ട്രെയിലര്‍ ഇടിച്ചാണ് അപകടമുണ്ടായത്.
എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 104 വര്‍ഷം കഠിന തടവും നാലു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. പത്തനാപുരം പുന്നല സ്വദേശി വിനോദിനെയാണ് (32) പത്തനംതിട്ട അടൂര്‍ ഫസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. കോടതി ശിക്ഷിച്ചത്. എട്ടു വയസുകാരിയുടെ സഹോദരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം ഇയാള്‍ക്ക് 100 വര്‍ഷം കഠിന തടവിന് ഇതേ കോടതി ശിക്ഷിച്ചിരുന്നു.
മുത്തങ്ങയില്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ 93 ഗ്രാം എംഡിഎംഎയുമായി മുക്കം സ്വദേശി കെ കെ. ഷര്‍ഹാന്‍ എന്നയാളെ പിടികൂടി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് ബെംഗളൂരുവില്‍നിന്ന് മുക്കത്തേക്കു കെഎസ്ആര്‍ടിസി ബസില്‍ ലഹരി കടത്തുകയായിരുന്നു.
ഹമാസ് സംഘം തോക്കിന്‍ മുനയിലാക്കിയ ഇസ്രയേലിലെ മലയാളി യുവതികള്‍ രക്ഷപ്പെട്ടു നാട്ടിലെത്തി. കണ്ണൂര്‍ സ്വദേശിനി സബിതയും കോട്ടയം സ്വദേശിനി മീരയുമാണ് ഹമാസ് സംഘത്തില്‍നിന്നു രക്ഷപ്പെട്ടത്. ഇസ്രേലി സൈനികര്‍ എത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് 200 പേരാണ് കൊല്ലപ്പെട്ടത്. വെടി വെച്ചും ഇടിച്ചും വാതില്‍ തകര്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം സൈനികര്‍ എത്തി ഇവരെ രക്ഷിക്കുകയായിരുന്നു.
ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ ഒരു തെളിവുമില്ലാതെ അനന്തമായി ജയിലിലടയ്ക്കാനാവില്ലെന്നു സുപ്രീം കോടതി. വിചാരണ കോടതിയില്‍ എന്നു വാദം തുടങ്ങുമെന്ന് അറിയിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റിനോടും സിബിഐയോടും കോടതി ചോദിച്ചു.
ഗുസ്തി താരങ്ങളെ ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിച്ചില്ലെന്നും നാഡീമിടിപ്പു പരിശോധിക്കുക മാത്രമാണു ചെയ്തതെന്നും ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണിന്റെ അഭിഭാഷകന്‍ കോടതിയില്‍. കുറ്റകൃത്യം ചെയ്തിട്ടില്ലെന്നും വാദിച്ചു.
തെക്കന്‍ ഇസ്രയേലില്‍ മിന്നലാക്രമണം നടത്തി ബന്ദിയാക്കിയ യുവതിയുടെ വീഡിയോ ഹാമാസ് പുറത്തുവിട്ടു. 21 കാരിയായ മിയ സ്‌കീം എന്ന യുവതിയുടെ വീഡിയോയാണു പുറത്തുവിട്ടത്. സംഗീതോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയവരില്‍ ഇരുന്നൂറോളം പേരെയാണ് ഹമാസ് ബന്ദിയാക്കിയത്.
ഇലക്ട്രിക്ക് വീല്‍ച്ചെയറിന്റെ കുഷ്യന്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 11 കിലോ കൊക്കെയ്ന്‍ ഹോങ്കോംഗ് അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ പിടികൂടി. പന്ത്രണ്ടര കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി 51 കാരനാണു പിടിയിലായത്.