night news hd 3

 

വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ സബ്‌സിഡി നൂറു രൂപകൂടി വര്‍ധിപ്പിച്ചു. കോവിഡ് കാലത്തു നിര്‍ത്തലാക്കിയ സബ്‌സിഡി കഴിഞ്ഞ മാസം 200 രൂപ നിരക്കില്‍ പുനസ്ഥാപിച്ചിരുന്നു. ഇതോടെ പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം പാചക വാതക സബ്സിഡി 300 രൂപയായി. ഇതോടെ സിലിണ്ടറിന്റെ വില 600 രൂപയാകും.

സിക്കിമില്‍ മിന്നല്‍ പ്രളയത്തില്‍ പത്ത് പേര്‍ മരിച്ചു. സൈനികര്‍ ഉള്‍പ്പടെ 43 പേരെ കാണാതായി. നാലായിരത്തോളം പേരെ ഒഴിപ്പിച്ചു. ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. മലയാളികള്‍ അടക്കം രണ്ടായിരം പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ അറസ്റ്റിലായ പ്രതികളെ രണ്ടു ജയിലുകളിലാക്കണമെന്ന് പ്രത്യേക കോടതി. പ്രതികളെ ഒറ്റ ജയിലിലാക്കിയത് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതി സതീഷ്‌കുമാറും കിരണും കാക്കനാട്ടെ ജില്ലാ ജയിലില്‍ തുടരും. സിപിഎം നേതാവ് പി.ആര്‍. അരവിന്ദാക്ഷനിനേയും ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ജില്‍സിനേയും ഇവിടെനിന്ന് എറണാകുളം സബ് ജയിലിലേക്കു മാറ്റും.

കരുവന്നൂര്‍ കള്ളപ്പണയിടപാടു കേസില്‍ വടക്കാഞ്ചേരി നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ മധു അമ്പലപുരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ചോദ്യം ചെയ്തു. എന്നാല്‍ യെസ്ഡി ജ്വല്ലറി ഉടമ സുനില്‍കുമാര്‍ ഹാജരായില്ല. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്നാണു റിപ്പോര്‍ട്ട്.

കരുവന്നൂര്‍ ബാങ്ക് നീതി കാട്ടിയില്ലെന്ന് പണം കിട്ടാത്തതിനാല്‍ ചികിത്സ വൈകി മരിച്ച ശശിയുടെ സഹോദരി മിനി. വിദഗ്ധ ചികിത്സയക്ക് പണം ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചിരുന്നു. അമ്മയുടെ ചികില്‍സയ്ക്കു പണം വിട്ടുതരണമെന്നും മിനി ആവശ്യപ്പെട്ടു.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക കിട്ടാതെ മരിച്ച ശശിയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനും ബാങ്ക് ഭരിക്കുന്ന സിപിഎമ്മിനും ഒഴിഞ്ഞുമാറാനാവില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കരുവന്നൂരിലെ നിക്ഷേപകരില്‍ രണ്ടാമത്തെ രക്തസാക്ഷിയാണിത്. സുരേന്ദ്രന്‍ പറഞ്ഞു.

ചികിത്സക്കു പണം കിട്ടാതെ മരിച്ച കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകനായ ശശിയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി. കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ശശി സിപിഎം തട്ടിപ്പിന്റെ ഇരയാണെന്ന് ശശിയുടെ വീട് സന്ദര്‍ശിച്ച കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂര്‍ പ്രതികരിച്ചു.

സമ്മര്‍ദവും പീഡനവും സഹിക്കാനാകാതെ കളമശേരി എ ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ ജീവനൊടുക്കി. മുവാറ്റുപുഴ റാക്കാട് ശക്തിപുരം സ്വദേശി ജോബി ദാസാണ് മരിച്ചത്. അഷറഫ്, ഗോപി എന്നീ രണ്ട് പൊലീസുകാര്‍ തന്റെ 16 ഇന്‍ക്രിമെന്റ് തടഞ്ഞെന്ന് ആത്മഹത്യാ കുറിപ്പില്‍ ആരോപിച്ചിട്ടുണ്ട്.

കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി മരട് സ്വദേശി സഫര്‍ ഷാക്ക് ഇരട്ട ജീവപര്യന്തം തടവു ശിക്ഷ. രണ്ടര ലക്ഷം രൂപ പിഴയടയ്ക്കണമെന്നും എറണാകുളം പോക്‌സോ കോടതി ശിക്ഷിച്ചു.

തിരുവനന്തപുരം വെള്ളറട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡില്‍ കണക്കില്‍പ്പെടാത്ത പതിനായിരം രൂപയോളം കണ്ടെത്തി. പഴയ റെക്കോര്‍ഡ് ബുക്കുകളില്‍ 500 രൂപാ നോട്ടുകള്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

ട്രെയിനില്‍ കളിത്തോക്കുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാലു മലയാളി യുവാക്കള്‍ അറസ്റ്റില്‍. പാലക്കാട്- തിരുച്ചെണ്ടൂര്‍ പാസഞ്ചറിലാണ് സംഭവം. മലപ്പുറം സ്വദേശി അമീന്‍ ഷെരീഫ് (19), കണ്ണൂര്‍ സ്വദേശി അബ്ദുള്‍ റസീക് (24), പാലക്കാട് സ്വദേശി ജബല്‍ഷാ (18), കാസര്‍കോട് സ്വദേശി മുഹമ്മദ് (20) എന്നിവരാണു പിടിയിലായത്.

മൂവാറ്റുപുഴയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചു. കുഴുമ്പിത്താഴം സ്വദേശി ആന്‍സണ്‍ റോയ് (23) യെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. ജൂലായ് 26 ന് വൈകിട്ട് നാലരയോടെയാണ് മൂവാറ്റുപുഴ നിര്‍മ്മല കോളജിലെ അവസാന വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനി വാളകം കുന്നക്കല്‍ വടക്കേ പുഷ്പകം വീട്ടില്‍ നമിത ബൈക്കിടിച്ചു മരിച്ചത്.

മൂന്നാര്‍ ചെണ്ടുവാരെ എസ്റ്റേറ്റില്‍ വീണ്ടും പടയപ്പയെന്ന കാട്ടാനയുടെ വിളയാട്ടം. ഇന്നലെ രാത്രി എസ്റ്റേറ്റിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്തു. വ്യാപകമായി കൃഷിയും നശിപ്പിച്ചു.

പതിനൊന്നുകാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പലതവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 60 കാരന് 21 വര്‍ഷം കഠിന തടവും 2.60 ലക്ഷം രൂപ പിഴയും ശിക്ഷ. വേങ്ങര ഇരിങ്ങല്ലൂര്‍ കാവുങ്ങല്‍ മോഹന്‍ദാസിനെയാണ് മഞ്ചേരി അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.

തിരുവനന്തപുരം കുമാരപുരത്ത് റിട്ടയേര്‍ഡ് കെഎസ്ഇബി ജീവനക്കാരിയായ വിജയമ്മയെ സഹോദരന്‍ കുത്തിക്കൊന്നു. മാനസിക വെല്ലുവിളികളുള്ള സഹോദരന്‍ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചൈനീസ് അജണ്ട നടപ്പാക്കുകയോ ചൈനയ്ക്ക് അനുകൂലമായി വാര്‍ത്ത നല്‍കുകയോ ചെയ്തിട്ടില്ലെന്ന് ന്യൂസ് ക്ലിക്ക്. മാന്യമായും നിയമവിധേയമായുമാണു പ്രവര്‍ത്തിച്ചത്. തങ്ങള്‍ മാധ്യമ പ്രവര്‍ത്തനത്തിനത്തിന്റെ എല്ലാ മാന്യതയും പാലിച്ചിട്ടുണ്ട്. പണം ബാങ്കിലുടെ മാത്രമാണ് വാങ്ങിയത്. ഇതിന് അനുമതികളുണ്ട്, റിപ്പോര്‍ട്ടുകള്‍ അധികാരികള്‍ക്കു നല്‍കിയിട്ടുമുണ്ട്. നിയമത്തിലും കോടതിയിലും പൂര്‍ണവിശ്വാസമുണ്ടെന്നും മാധ്യമസ്വാതന്ത്ര്യത്തിനും തങ്ങളുടെ ജീവിതത്തിനും വേണ്ടി ഇന്ത്യന്‍ ഭരണഘടനയിലൂന്നി പോരാടുമെന്നും ന്യൂസ് ക്ലിക്ക് വ്യക്തമാക്കി.

ഡല്‍ഹി മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് എംപിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തു. അദ്ദേഹത്തിന്റെ വസതിയില്‍ പത്തു മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് രാജ്യസഭാംഗമായ ഇദ്ദേഹംത്തെ അറസ്റ്റു ചെയ്തത്. അദ്ദേഹത്തിന്റെ വസതിക്കുമുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തമ്പടിച്ചിരുന്നു.

തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയെ ചുമയും ശ്വാസംമുട്ടലുംമൂലം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച തുടങ്ങാനിരുന്ന അണ്ണാമലൈയുടെ പദയാത്രയും മാറ്റിവച്ചു. ഒക്ടോബര്‍ 16ന് മൂന്നാം ഘട്ട പദയാത്ര തുടങ്ങാനാണ് തീരുമാനം.

രണ്ടു ദിവസത്തിനകം 31 രോഗികള്‍ മരിച്ച മഹാരാഷ്ട്രയിലെ നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ശുചിമുറി ആശുപത്രി ഡീനിനെക്കൊണ്ട് വൃത്തിയാക്കിപ്പിച്ച ശിവസേന ഷിന്‍ഡേ വിഭാഗം എംപി ഹേമന്ത് പാട്ടീലിനെതിരെ കേസ്. ഡീന്‍ ഡോ ശ്യാമറാവു വകോടയെ ഭീഷണിപ്പെടുത്തിയാണ് ശുചിമുറി വൃത്തിയാക്കിച്ചത്.

മൂന്നു വര്‍ഷങ്ങളിലായി എല്‍ഐസി ആദായ നികുതി കണക്കാക്കിയതിലെ പിഴവിന് 84 കോടി രൂപ പിഴ ചുമതത്തി. 2012-13, 2018-19, 2019-20 അസസ്മന്റ് വര്‍ഷങ്ങളിലെ നികുതി ശരിയായി അടച്ചില്ലെന്ന് ആരോപിച്ചാണ് പിഴ ചുമത്തിയത്. . ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് എല്‍ഐസി അറിയിച്ചു.

ചൈനയുടെ 55 സൈനികര്‍ കൊല്ലപ്പെട്ട ആണവ അന്തര്‍വാഹിനി പൊട്ടിത്തെറിച്ചത് ചൈനതന്നെ കടലില്‍ നിക്ഷേപിച്ച ബോംബിലിടിച്ചാണെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടാണ് വിദേശ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

റഷ്യക്കു ‘സ്റ്റോം സെഡ്’ എന്ന പേരില്‍ മൂന്നാമതൊരു സൈനിക വിഭാഗംകൂടിയുണ്ടെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ സൈന്യത്തിനു കീഴില്‍ കൂലിപ്പട്ടാളം എന്നറിയപ്പെടുന്ന വാര്‍ണ്ണര്‍ ഗ്രൂപ്പിനു പുറമേയാണ് ഈ വിഭാഗം. സ്റ്റോം സെഡ് വിഭാഗം ചാവേര്‍പ്പടയാണ്. ഏറ്റവും അപകടകരമായ പോരാട്ടത്തിനു മുന്‍നിരയില്‍ നിര്‍ത്തുന്നത് ഇവരെയാണെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളില്‍ കിഴക്കന്‍ യുക്രൈന്‍ നഗരത്തില്‍ സെഡ് വിഭാഗം സൈനികനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയാകാന്‍ നൂറ അല്‍ മത്റൂഷി എന്ന യുവതി. അടുത്ത വര്‍ഷം നൂറ ബഹിരാകാശത്തേക്കു യാത്രയാകും. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്‍ജിനിയറായ നൂറയ്ക്കൊപ്പം ദുബൈ പൊലീസിലെ മുന്‍ ഹെലികോപ്റ്റര്‍ പൈലറ്റായ മുഹമ്മദ് അല്‍ മുല്ലയും അടുത്ത വര്‍ഷം ബഹിരാകാശത്തെത്തും.

വിരുന്നില്‍ വാതുവച്ച് പത്തു മിനിറ്റുകൊണ്ട് ഒരു ലിറ്റര്‍ മദ്യം കുടിച്ച ചൈനീസ് യുവാവ് കുഴഞ്ഞുവീണു മരിച്ചു. 2.31 ലക്ഷം രൂപയ്ക്കു വാതുവച്ചാണ് ഷാങ്ങ് എന്ന യുവാവ് മദ്യം കഴിച്ച് മരിച്ചത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *