night news hd

കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ലെന്ന് കേരള ബാങ്ക് പ്രസിഡന്റും സിപിഎം നേതാവുമായ ഗോപി കോട്ടിമറിക്കല്‍. കരുവന്നൂര്‍ ബാങ്കിനെ സഹായിക്കരുതെന്ന് റിസര്‍വ് ബാങ്കോ നബാര്‍ഡോ ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പ്രാഥമിക സഹകരണ ബാങ്കുകളുടെ പണം ഉപയോഗിച്ചു പ്രത്യേക പാക്കേജുണ്ടാക്കാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിക്ഷേപകര്‍ക്കു പണം നല്‍കുമെങ്കില്‍ യുഡിഎഫ് സ്വാഗതം ചെയ്യും. എന്നാല്‍ ബാങ്ക് കൊള്ള നടത്തിയ ഉന്നത സിപിഎം നേതാക്കളെ രക്ഷപ്പെടുത്താനാണു സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നത്. സഹകരണ മേഖലയെ റിസര്‍വ് ബാങ്കിന്റേയും എന്‍ഫോഴ്‌സമെന്റിന്റേയും കക്ഷത്തില്‍ തിരുകുകയാണ് സിപിഎം നേതാക്കള്‍ ചെയ്തത്. സതീശന്‍ കുറ്റപ്പെടുത്തി.

എന്‍ഡിഎയില്‍ ചേര്‍ന്നതില്‍ ജനതാദള്‍ എസ് കേരള ഘടകം പാര്‍ട്ടി അധ്യക്ഷന്‍ ദേവഗൗഡയോട് അതൃപ്തി അറിയിച്ചു. ബിജെപിയുമായി സഹകരിച്ചു മുന്നോട്ടു പോകാന്‍ കേരള ഘടകം തയാറല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് പറഞ്ഞു.

ആര്‍ജെഡിയില്‍ ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ള എല്‍ജെഡി ലയിക്കുന്നതിനു വിരോധമില്ലെന്നും എന്നാല്‍ യുഡിഎഫ് ബന്ധം ഉപേക്ഷിക്കില്ലെന്നും ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് ജോണ്‍ ജോണ്‍. ശ്രേയംസ് കുമാര്‍ ഗതിയില്ലാതെയാണു പാര്‍ട്ടിയില്‍ ലയിക്കാന്‍ ശ്രമിക്കുന്നത്. അനുകൂല തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് ദേശീയ നേതാവ് ലാലു പ്രസാദ് യദാവ് തന്നോടു പറഞ്ഞെന്നും ജോണ്‍ ജോണ്‍.

തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിനെതിരേ പരാതി നല്‍കിയ ബാലകൃഷ്ണനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമമെന്നു പരാതി. ബാങ്കിന്റെ മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗനും മകനും തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബാലകൃഷ്ണന്‍ മാറനല്ലൂര്‍ പോലീസില്‍ പരാതി നല്‍കി.

കേരളത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് മടിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒരു നിലപാടും അതിര്‍ത്തി കടന്നാല്‍ വേറെ നിലപാടുമാണ് കോണ്‍ഗ്രസിനും ബിജെപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷത്തിനിടെ പലപ്പോഴായി കോടിയേരിയെ ഓര്‍ത്തുപോയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ ചരമവാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തുടനീളം സിപിഎം അനുസ്മരണ പരിപാടികള്‍ നടത്തി.

കണ്ണൂര്‍ ആറളം ഫാമിന് 53 കോടി ചെലവിട്ട് 10 കിലോമീറ്റര്‍ മതില്‍ നിര്‍മിക്കുന്നു. കാട്ടാന ശല്യത്തിനു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ആറളം സ്വദേശികള്‍.

കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ മണ്ണിടിച്ചില്‍. വേട്ടേക്കോട് – ഒടുവങ്ങാട് റോഡിലാണു മണ്ണിടിച്ചില്‍ ഉണ്ടായത്. പ്രദേശത്തെ എട്ടു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

ഹരിപ്പാട്ട് വീട്ടില്‍ വന്‍തോതില്‍ വ്യാജ മദ്യം നിര്‍മ്മിച്ച് വില്‍ന നടത്തിയയാളെ എക്‌സൈസ് പിടികൂടി. അര ലിറ്ററിന്റെ ആയിരത്തിലേറെ കുപ്പി വ്യാജ മദ്യവുമായി എരിക്കാവ് സ്വദേശി സുധീന്ദ്രലാലിനെ അറസ്റ്റു ചെയ്തു. ബോട്ട്‌ലിംഗ് യൂണിറ്റും വ്യാജ ലേബലുകളും സ്റ്റിക്കറുകളും എക്‌സൈസ് കമീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്രയും പിടിച്ചെടുത്തു.

തൃപ്പുണിത്തുറയില്‍ എംഡിഎംഎയുമായി കൊല്ലം സ്വദേശി ബിലാല്‍ മുഹമ്മദ്, കണ്ണൂര്‍ ചെസിയോട് സ്വദേശിനി ആരതി ഗിരീഷ് എന്നിവര്‍ പിടിയിലായി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയില്‍നിന്നും ഇന്ത്യാ സഖ്യത്തില്‍നിന്നും അകലം പാലിക്കുമെന്ന് ബിഎസ്പി നേതാവും ഉത്തര്‍പ്രദേശിലെ മുന്‍ മുഖ്യമന്ത്രിയുമായ മായാവതി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷമാണ് നിലപാടു വ്യക്തമാക്കിയത്.

തമിഴ്‌നാട്ടില്‍ ഇന്ത്യ’ മുന്നണി സ്ഥാനാര്‍ത്ഥികള്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഡിഎംകെയുടെ ജില്ലാ സെക്രട്ടറിമാരെ പുറത്താക്കുമെന്നു മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കേണ്ട ചുമതല അതാത് മണ്ഡലങ്ങളിലെ ജില്ലാ സെക്രട്ടറിമാര്‍ക്കാണെന്ന് സ്റ്റാലിന്‍ അറിയിച്ചു.

ഭാരത് ജോഡോ യാത്രക്കിടെ സവര്‍ക്കെതിരേ പ്രസംഗിച്ചതിനു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ലക്‌നോ കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

കന്നട നടന്‍ നാഗഭൂഷണ ഓടിച്ച കാറിടിച്ച് 48 കാരി മരിച്ചു. ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ബംഗളൂരു വസന്തപുരയില്‍ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികളെ കാറിടിക്കുകയായിരുന്നു. നാഗഭൂഷണയെ പോലീസ് അറസ്റ്റു ചെയ്തു.

ലഷ്‌കര്‍ തയിബ ഭീകരന്‍ മുഫ്തി ഖൈസര്‍ ഫാറൂഖ് കറാച്ചിയില്‍ വെടിയേറ്റു മരിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫ്‌സി സയിദിന്റെ അടുത്ത അനുയായിയാണ് കൊല്ലപ്പെട്ട ഖൈസര്‍ ഫാറൂഖ്. ആരാണു വെടിവച്ചു കൊലപ്പെടുത്തിയതെന്ന് വ്യക്തമല്ല.

ബംഗ്ലാദേശില്‍ സിനിമാ താരങ്ങള്‍ പങ്കെടുത്ത സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കൂട്ടത്തല്ല്. ബംഗ്ലാദേശിലെ താരങ്ങളും സിനിമാ സംവിധായകരുമാണ് മല്‍സരിച്ച് തമ്മിലടിച്ചത്. സംവിധായകരായ മുസ്തഫ കമാല്‍ രാജിന്റെയും ദീപാങ്കര്‍ ദിപോണിന്റെയും ടീമുകള്‍ തമ്മിലാണ് ധാക്കയില്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരം നടത്തിയത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *