night news hd 28

 

കരുവന്നൂര്‍ സഹകരണ ബാങ്കിലെ പ്രതിസന്ധി തീര്‍ക്കാന്‍ 30 കോടി രൂപ കൈമാറിയെന്നും 40 കോടി രൂപകൂടി ലഭിച്ചാല്‍ പ്രതിസന്ധി പരിഹരിക്കാനാകുമെന്നും കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണന്‍. നാളെ കേരളാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ചേരുമെന്ന് സിപിഎം നേതാവുകൂടിയായ കണ്ണന്‍ പറഞ്ഞു. ഇഡിയും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണ്. നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ല. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നുംകണ്ണന്‍ പ്രതികരിച്ചു.

വനിത സംവരണ ബില്ലില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവച്ചു. വിജ്ഞാപനം പിന്നീട് പുറത്തിറങ്ങും. ബില്ലില്‍ നേരത്തെ ഉപരാഷ്ട്രപതി ഒപ്പിവച്ചിരുന്നു ലോക്‌സഭയും, രാജ്യസഭയും ബില്‍ പാസാക്കിയാണ് ബില്‍ രാഷ്ട്രപതിക്കു മുന്നില്‍ എത്തിയത്.

വൈദ്യുതി നിരക്ക് ഉടന്‍ കൂട്ടില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍. നിലവിലെ നിരക്ക് അടുത്ത മാസം 31 വരെ തുടരും.

കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ എം.കെ കണ്ണെനെ ചോദ്യം ചെയ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉച്ചയോടെ നിര്‍ത്തിവച്ചു. ചോദ്യം ചെയ്യലുമായി കണ്ണന്‍ സഹകരിക്കുന്നില്ലെന്ന് ഇഡി പറയുന്നു. ശരീരം വിറയ്ക്കുന്നുണ്ടെന്നു കണ്ണന്‍ പറഞ്ഞെന്നും കണ്ണനില്‍നിന്ന് ഒരു മറുപടിയും ലഭിച്ചില്ലെന്നുമാണ് ഇഡി പറയുന്നത്. മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു. രാവിലെ തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് കണ്ണന്‍ കൊച്ചിയില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ഓഫീസിലെത്തിയത്.

നിപ വൈറസിനെ നേരിടാന്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദഗ്ദ്ധര്‍ക്കും മന്ത്രിതലസംഘത്തിനും മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനങ്ങള്‍. മഹാമാരിയെ പ്രതിരോധിക്കാന്‍ കേരളം ഒന്നിച്ചു നിന്നുവെന്നത് അഭിമാനകരമായ കാര്യമാണ്. മുഖ്യമന്ത്രി പറഞ്ഞു.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം എം മണി. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ രാഷ്ട്രീയം എടുത്താല്‍ തങ്ങളും രാഷ്ട്രീയമെടുക്കും. പിന്നെ നീയൊന്നും ഇവിടെ ജീവിക്കില്ല. അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് സര്‍ക്കാരിനു കാശുണ്ടാക്കിക്കൊടുക്കാന്‍ ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും മണി പറഞ്ഞു. നെടുങ്കണ്ടത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പ്രതിഷേധിച്ച് ഉടുമ്പഞ്ചോല ജോയിന്റ് ആര്‍ ടി ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രസംഗിക്കുകയായിരുന്നു എം എം മണി.

കേരളബാങ്കിലെ പണമെടുത്ത് കരുവന്നൂരിലെ കൊള്ളയുടെ കടം വീട്ടുന്നുതു ശരിയല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരള ബാങ്കു കൂടി തകകരാനേ ഇതുപകരിക്കൂ. തട്ടിപ്പിന്റെ നഷ്ടം ഉത്തരവാദികളായ സിപിഎം നേതാക്കളില്‍നിന്നു പിരിച്ചെടുക്കാതെ ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കരുതെന്നും സുരേന്ദ്രന്‍.

കാട്ടാക്കടയിലെ വീട്ടില്‍ കത്തെഴുതിവച്ചു സ്ഥലംവിട്ട 13 കാരനെ പോലീസ് പിടികൂടി. തന്റെ ഇഷ്ട സ്ഥലമായ ഫ്ളോറിഡയിലേക്ക് പോകാനാണ് മുന്നൂറു രൂപയുമായി വീട് വിട്ടിറങ്ങിയതെന്ന് കുട്ടി പോലീസിനോടു പറഞ്ഞു.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്തില്‍ സ്വര്‍ണം കടത്തിയ യുവതിയേയും അതു കവര്‍ന്നെടുക്കാന്‍ എത്തിയ മൂന്ന് യുവാക്കളുള്‍പ്പെടെ അഞ്ചു പേരെ പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശിനി റജീനയില്‍നിന്ന് പൊലീസ് ഒരു കിലോ സ്വര്‍ണമാണു പിടികൂടിയത്. സ്വര്‍ണം കൈപ്പറ്റാനെത്തിയ കോഴിക്കോട് സ്വദേശി സലീം, റെജീനയെ തട്ടിക്കൊണ്ടു പോയി സ്വര്‍ണം കൊള്ളയടിക്കാന്‍ എത്തിയ പാലക്കാട് സ്വദേശി ഫഹദ്, തൃശൂര്‍ സ്വദേശികളായ മുഹമ്മദ് ഷാഹിന്‍, ഫസീര്‍ ബാബു, നിഖില്‍ എന്നിവരുമാണ് പിടിയിലായത്.

പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിയായ യുവതിക്കു രക്തം മാറി നല്‍കി. ഒ നെഗറ്റീവ് രക്തത്തിനു പകരം ബി പോസിറ്റീവ് രക്തമാണ് നല്‍കിയത്. ഗര്‍ഭിണിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ചന്ദന മോഷണ സംഘത്തിലെ രണ്ടു പേര്‍ കണ്ണൂരിലെ ചക്കരക്കല്ലില്‍ അറസ്റ്റിലായി. ഇരുവേലിയില്‍നിന്ന് ചന്ദനം മോഷ്ടിച്ച
ശിവപുരം സ്വദേശികളായ ലിജിലും ശ്രുതിനുമാണു പിടിയിലായത്.

തിരുവനന്തപുരത്ത് കത്തി കാണിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ പ്രതി പിടിയില്‍. ചെങ്കല്‍ സ്വദേശി മാജി എന്ന രാഹുല്‍ (33) ആണ് പിടിയിലായത്. അമരവിളയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 43 കാരിയെയാണ് രാഹുല്‍ കത്തി കാണിച്ച് ഭീഷണിപെടുത്തി വാനില്‍ കയറ്റിക്കൊണ്ടു പോയത്.

പാര്‍ലമെന്റില്‍ തനിക്കെതിരായി ബിജെപിയുടെ രമേശ് ബിധുരി നടത്തിയ വിദ്വേഷ പ്രസംഗത്തെ അപലപിക്കണമെന്ന് ആവശ്യപ്പെട്ട് ഡാനിഷ് അലി എംപി പ്രധാനമന്ത്രിക്കു കത്തയച്ചു. തന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്നും രമേഷ് ബിധുരിക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ഡാനിഷ് അലി ആവശ്യപ്പെട്ടു.

സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് ആറര ലക്ഷം രൂപ കൈക്കൂലി നല്‍കേണ്ടി വന്നെന്ന നടന്‍ വിശാലിന്റെ ആരോപണത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. പുതിയ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കൈക്കൂലി നല്‍കേണ്ടിവന്നെന്നാണ് വിശാലിന്റെ ആരോപണം.

കോണ്‍ഗ്രസ് എംഎല്‍എയെ പഞ്ചാബില്‍ അറസ്റ്റു ചെയ്തതിന്റെ പേരില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് പിണങ്ങിയിട്ടുണ്ടെങ്കിലും ആം ആദ്മി പാര്‍ട്ടി ഇന്ത്യ സഖ്യത്തില്‍നിന്നു പിന്മാറില്ലെന്ന് പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍. ലഹരിക്കെതിരേയും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ചാവറേക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറേ ആളുകള്‍ക്ക് പരിക്കേറ്റു. മാസ്തങ് ജില്ലയിലാണ് ചാവേര്‍ സ്‌ഫോടനമുണ്ടായത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. നാല്‍പതിലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

നബിദിനം പ്രമാണിച്ച് ഒമാനില്‍ 162 തടവുകാര്‍ക്ക് പൊതുമാപ്പ്. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ആണു പൊതുമാപ്പ് നല്‍കിയത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *