yt cover 27

*1985ലെ ഏറ്റവും മികച്ച ജനപ്രിയ സഹനടി ? ഓപ്ഷന്‍സ് കാണാന്‍ : https://youtu.be/MY_Q2PZKMdM | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/*

തമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു. ബിജെപി ബന്ധം ഉപേക്ഷിക്കാന്‍ ചെന്നൈയില്‍ ചേര്‍ന്ന എഐഎഡിഎംകെ നേതൃയോഗം തീരുമാനിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാനാണ് തീരുമാനം. അണ്ണാദുരൈയേയും ജയലളിതയേയുംവരെ അധിക്ഷേപിച്ച ബിജെപി നേതാക്കളുമായി സഖ്യം വേണ്ടെന്നാണ് പ്രവര്‍ത്തകരുടെ വികാരമെന്ന് എഐഎഡിഎംകെ അറിയിച്ചു.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം. വനിതാ ക്രിക്കറ്റിലും പുരുഷന്മാരുടെ ഷൂട്ടിംഗിലുമാണ് സ്വര്‍ണം നേടിയത്. ക്രിക്കറ്റില്‍ ശ്രീലങ്കയെ 19 റണ്‍സിനു തോല്‍പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം സ്വന്തമാക്കിയത്. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മൂന്നംഗ ടീമാണു സ്വര്‍ണം വെടിവച്ചെടുത്തത്.

നിയമസഭ കയ്യാങ്കളിക്കേസില്‍ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്താതെ ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മന്ത്രി വി. ശിവന്‍കുട്ടിയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും അടക്കം ആറ് എല്‍ഡിഎഫ് നേതാക്കളാണ് പ്രതികള്‍. തുടരന്വേഷണത്തിന്റെ ഭാഗമായി വനിതാ എംഎല്‍എമാരെ ആക്രമിച്ചതിന് വെറെ കേസെടുക്കുമെന്നും 11 പേരുടെ മൊഴിയെടുത്തെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

കാസര്‍കോഡ് ബദിയടുക്ക പള്ളത്തുക്കയില്‍ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ അബ്ദുള്‍ റൗഫ്, യാത്രക്കാരായ ബീഫാത്തിമ, നബീസ, ഉമ്മു ഹലിമ, ബീഫാത്തിമ മൊഗര്‍ എന്നിവരാണു മരിച്ചത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന ഏഴു പദ്ധതികള്‍ ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കാര്‍ഗോയും യാത്രക്കാരുടെ എണ്ണവും വര്‍ധിച്ചിരിക്കേയാണു സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത്. പുതിയ കാര്‍ഗോ ടെര്‍മിനല്‍, ഡിജിയാത്ര, എയര്‍പോര്‍ട്ട് എമര്‍ജന്‍സി സര്‍വീസ് ആധുനികവത്ക്കരണം എന്നിവ ഉദ്ഘാടനം ചെയ്യും. രാജ്യാന്തര ടെര്‍മിനല്‍ വികസനത്തിന്റെ ഒന്നാം ഘട്ട വികസനം, എയ്‌റോ ലോഞ്ച്, ഗോള്‍ഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയ്ക്കു തറക്കല്ലിടുകയും ചെയ്യും.

നിപ വ്യാപനം തടയാന്‍ കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ ഒന്നു വരെ നീട്ടി. അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവയ്ക്കണം. സാമൂഹിക അകലം, മാസ്‌ക് എന്നിവ നിര്‍ബന്ധമാണ്. ബീച്ചിലും പാര്‍ക്കിലും പ്രവേശനം അനുവദിക്കില്ല.

പാറശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. സമൂഹത്തിന്റെ വികാരം എതിരായതുകൊണ്ട് നീതി നിഷേധിക്കാനാവില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. ഗ്രീഷ്മ 10 മാസം ജയിലിലായിരുന്നു. കേസിലെ കൂട്ടുപ്രതിയായ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കീഴ്ക്കോടതികളുടെ ഭാഷ മലയാളമാക്കണമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. ഉപഭോക്തൃ കോടതികളിലെ ഭാഷയും മലയാളമാക്കണമെന്ന് ഭക്ഷ്യ – സിവില്‍ സപ്ലെസ് വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാര്‍ ജസ്റ്റിസ് വില്‍സണ്‍ കത്തയച്ചു.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം കെ കണ്ണനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. ഇഡി ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചെന്ന് ചോദ്യം ചെയ്യലിനുശേഷം എം കെ കണ്ണന്‍ പറഞ്ഞു. വെള്ളിയാഴ്ച വീണ്ടും ഹാജരാകണമെന്നു കണ്ണനു നോട്ടീസ് നല്‍കിയിട്ടുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കും കോടതിയുടെ സമന്‍സ്. ജനുവരി നാലിന് ഹാജരാകാനാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സമന്‍സ് അയച്ചത്.

സംസ്ഥാന വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ മുഖ്യമന്ത്രിക്കു മടിയാണെന്നു സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ വിമര്‍ശനം. സിപിഐയുടെ നിയന്ത്രണത്തിലുള്ള ഭക്ഷ്യ, കൃഷി വകുപ്പുകള്‍ക്കു പണം നല്‍കാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുന്നുവെന്നും കുറ്റപ്പെടുത്തി.

ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ ബന്ധുവായ യുവതിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ അനുജത്തി ലിവിയയാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.

സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമമാണ് എന്‍ഫോഴ്സ്മെന്റ് നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇഡി രാഷ്ട്രീയമായി സിപിഎമ്മിനെ കടന്നാക്രമിക്കുകയാണ്. സഹകരണ മേഖലയെ സംരക്ഷിക്കും. സിപിഎം നേതാക്കളെ കള്ള കേസില്‍ കുടുക്കുകയാണ്. എംവി ഗോവിന്ദന്‍ പറഞ്ഞു.

സഹകരണ മേഖലയില്‍ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അഴിമതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കരുവന്നൂര്‍ തട്ടിപ്പിലെ കൊള്ളക്കാരെ സംരക്ഷിക്കുകയും രാജ്യം വിടാന്‍ അനുവദിക്കുകയും ചെയ്തത് ക്രൈംബ്രാഞ്ചും പൊലീസുമാണ്. അഴിമതിക്കാരെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പയ്യന്നൂരിലെ സിപിഎം പാര്‍ട്ടി ഫണ്ട് തിരിമറി വിവാദത്തിനു പിറകേ തരംതാഴ്ത്തിയ ടി ഐ മധുസൂദനന്‍ എംഎല്‍എയെ ജില്ലാ സെക്രട്ടറിയേറ്റില്‍ തിരിച്ചെടുത്തു. ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

മലപ്പുറം താനൂര്‍ ലഹരിമരുന്നു കേസില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിക്കൊപ്പം അറസ്റ്റിലായ നാലു പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. മന്‍സൂര്‍, ജബീര്‍, ആബിദ്, മുഹമ്മദ് എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. ഇവരില്‍നിന്ന് എംഡിഎംഎ പിടികൂടിയെന്നാണു പോലീസ് ആരോപിച്ചിരുന്നത്. എന്നാല്‍ അതു വീര്യം കുറഞ്ഞ മെത്താഫെറ്റാമിനാണെന്നാണ് ലാബ് റിപ്പോര്‍ട്ട്.

തിരുവനന്തപുരത്ത് രാജാരവിവര്‍മ്മ ആര്‍ട്ട് ഗ്യാലറി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു സ്ഥലംവിട്ടതിനു പിറകേ വേദിയിലേക്ക് ഓടിക്കയറിയ ആള്‍ പിടിയില്‍. പാപ്പനംകോട് സ്വദേശിയായ അയൂബ് ഖാനാണ് പിടിയിലായത്. വേദിയിലേക്ക് ഓടിക്കയറിയ ഇയാള്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ കെട്ടിപിടിച്ചു. വി കെ പ്രശാന്ത് എംഎല്‍എ യ്ക്കു കൈ കൊടുത്ത് വേദിയില്‍നിന്ന് ഇറങ്ങിപ്പോയതിനു പിറകേയാണ് പിടികൂടിയത്.

കെട്ടിട നിര്‍മാണ അനുമതിക്ക് പ്രവാസിയില്‍നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയ ഓവര്‍സിയര്‍ പിടിയില്‍. പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ഫസറ്റ് ഗ്രേഡ് ഓവര്‍സിയര്‍ ബിജുവാണ് അറസ്റ്റിലായത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അച്ചു ഉമ്മനു സ്ഥാനാര്‍ഥിത്വം വേണമെന്നു മാധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഇതുസംബന്ധിച്ചു യുഡിഎഫ് കണ്‍വീനര്‍ നേരത്തേ പ്രതികരണം നല്‍കിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

സിപിഎം നേതാക്കളുടെ ഭാര്യമാരെ നവമാധ്യമങ്ങള്‍ വഴി അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എബിന്‍ വീണ്ടും അറസ്റ്റില്‍. ആദ്യത്തെ കേസില്‍ ജാമ്യമെടുക്കുന്നതിനിടെയാണ് പാലക്കാട് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റെന്ന് ശ്രീകൃഷ്ണപുരം പൊലിസ് പറഞ്ഞു.

കൊല്ലം പെട്ടമംഗലത്ത് വാടക വിട്ടില്‍നിന്ന് 40 ചാക്കില്‍ 880 കിലോ തൂക്കമുള്ള പത്ത് ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കിളികൊല്ലൂര്‍ മുറിയില്‍ 42-കാരനായ ഷാജഹാന്‍ വാടകയ്ക്ക് താമസിച്ച വീട്ടിലായിരുന്നു ഇവ കണ്ടെത്തിയത്.

കോഴിക്കോട് പേരാമ്പ്രയില്‍ യുവാവിനെ മര്‍ദിച്ച് അവശനാക്കി വഴിയില്‍ തള്ളിയ കേസില്‍ രണ്ടു പ്രതികളെ പൊലീസ് പിടികൂടി. പേരാമ്പ്ര സ്വദേശി ജിനീഷിനെ മര്‍ദിച്ച ശാസ്താംകോട്ട സ്വദേശികളായ സയ്യിദ് മുഹമ്മദ്, നിയാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

ഏഴര കിലോ കഞ്ചാവുമായി പത്തനംതിട്ട പാലയ്ക്കല്‍ വീട്ടില്‍ അനില്‍കുമാര്‍ എന്ന വിഷ്ണു പിടിയിലായി. തെങ്കാശി- കൊട്ടാരക്കര തമിഴ്‌നാട് ട്രാന്‍സ്പോര്‍ട്ട് ബസില്‍നിന്നാണ് ഇയാളെ പിടികൂടിയത്.

പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസില്‍ പ്രതിക്ക് 60 വര്‍ഷം കഠിന തടവും 3,60,000 രൂപ പിഴയും ശിക്ഷിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി. പന്നിവിഴ വലിയ കുളത്തിനു സമീപം ശിവശൈലം വീട്ടില്‍ പ്രകാശ് കുമാറി(43)നെയാണ് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

മണിപ്പൂരില്‍ ആധാര്‍ നഷ്ടമായവര്‍ക്ക് അതു നല്‍കണമെന്ന് സുപ്രീംകോടതി. മണിപ്പൂരിലെ കോടതികളില്‍ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഉറപ്പാക്കണം. ഒരു വിഭാഗത്തിലുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഹാജരാകാന്‍ കഴിയുന്നില്ലെന്ന പരാതി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. അവരെ തടയരുതെന്ന് ഹൈക്കോടതി ബാര്‍ അസോസിയേഷനു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അദാനി – മോദി ബന്ധം ചോദ്യം ചെയ്തതിനാണ് തന്റെ ലോക്സഭാംഗത്വം റദ്ദാക്കിയതെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തും. ജാതി സെന്‍സസിനെകുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ മോദിസര്‍ക്കാര്‍ അനുവദിച്ചില്ലെന്നും ഭാരതത്തിന്റെ എക്സ് റേയാണ് ജാതി സെന്‍സസെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ മുസാഫാര്‍നഗറില്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ സഹപാഠിയെക്കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് സുപ്രീം കോടതി. സംഭവം മനഃസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ്-പിജി കട്ട് ഓഫ് പെര്‍സന്റൈല്‍ പൂജ്യമാക്കിയത് തുടരാന്‍ സുപ്രീം കോടതി അനുമതി. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുമെന്ന് ആരോപിച്ച് ഒരു അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

നിരോധിച്ച രണ്ടായിരം രൂപാ നോട്ടുകള്‍ ബാങ്കില്‍ നല്‍കി മാറ്റിയെടുക്കാനുള്ള സമയം ഈയാഴ്ചയോടെ അവസാനിക്കും. മെയ് 19 നാണ് 2,000 രൂപ നോട്ടുകള്‍ നിരോധിച്ചത്.

ഛത്തീസ്ഗഡില്‍ ട്രെയിന്‍യാത്രയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ബിലാസ്പൂരില്‍നിന്ന് തലസ്ഥാനമായ റായ്പൂരിലേക്കാണു യാത്ര ചെയ്തത്. ട്രെയിനില്‍ യാത്രക്കാരുമായി സംസാരിച്ചതിന്റെ ദൃശ്യങ്ങള്‍ വൈറലായി.

കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂലികള്‍ ന്യൂനപക്ഷമായ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ക്ഷേത്രങ്ങള്‍ക്കുനേരേയും ഭീഷണിയുണ്ട്. ഭീഷണി മുഴക്കുന്ന സിക്കുകാര്‍ക്കെതിരേ കാനഡ നടപടിയെടുക്കുന്നില്ലെന്നും പരാതി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ നഗ്നചിത്രങ്ങള്‍ നിര്‍മിച്ചു പ്രചരിപ്പിച്ചതിനെതിരേ സ്പെയിനില്‍ ജനങ്ങള്‍ തെരുവിലിറങ്ങി സമരം നടത്തി. തെക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയായ ബഡാജോസിലെ അല്‍മെന്ദ്രാലെക്സോവിലാണ് കുട്ടികളുടെ മാതാപിതാക്കള്‍ അടക്കമുള്ളവര്‍ കുറ്റക്കാര്‍ക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് റാലി നടത്തിയത്.

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നേടിയ 6 മെഡലുകളോടെ ഇന്ത്യ 11 മെഡല്‍ നേടി ആറാം സ്ഥാനത്തെത്തി. 39 സ്വര്‍ണത്തോടെ 69 മെഡലുകള്‍ നേടിയ ചൈനയാണ് ഒന്നാം സ്ഥാനത്ത്. 10 സ്വര്‍ണത്തോടെ 33 മെഡലുകള്‍ നേടിയ കൊറിയ രണ്ടാം സ്ഥാനത്തും 5 സ്വര്‍ണത്തോടെ 31 മെഡലുകള്‍ കരസ്ഥമാക്കിയ ജപ്പാന്‍ മൂന്നാം സ്ഥാനത്തുമെത്തി.

ഇന്ത്യന്‍ എണ്ണവിതരണ കമ്പനികള്‍ക്കുള്ള ക്രൂഡ് ഓയില്‍ വിലിയില്‍ ഡിസ്‌കൗണ്ട് വീണ്ടും കൂട്ടി റഷ്യ. സെപ്റ്റംബറിലെ ക്രൂഡ് ഓയില്‍ വില്‍പ്പനയിലെ കിഴിവ് റഷ്യ 25-50% ആണ് വര്‍ധിപ്പിച്ചത്. ഈ മാസം ബാരലിന് 5-6 ഡോളര്‍ കിഴിവാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് നിരക്ക് അടുത്തിടെ റഷ്യ ബാരലിന് 3-4 ഡോളറായി വെട്ടിക്കുറച്ചിരുന്നു. സെപ്തംബര്‍ അവസാനത്തേക്കും ഒക്ടോബറിലേക്കുമുള്ള എണ്ണ ഇറക്കുമതിക്കായി നടന്ന ചര്‍ച്ചകളില്‍ കിഴിവ് വെട്ടിക്കുറയ്ക്കാനുള്ള റഷ്യയുടെ ശ്രമങ്ങളെ ഇന്ത്യന്‍ കമ്പനികള്‍ എതിര്‍ത്തിരുന്നു. ഇതും വ്യാപാരികളെ കിഴിവ് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കി. ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരായ റോസ്നെഫ്റ്റ് ഈ വര്‍ഷം റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിതരണത്തിന്റെ 42 ശതമാനവും സംഭാവന ചെയ്തു. അടുത്തിടെ സൗദി അറേബ്യയും ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ ഈടാക്കിയിരുന്ന പ്രീമിയം വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം ബാരലിന് 10 ഡോളറായിരുന്ന പ്രീമിയം തുക സൗദി 3.5 ഡോളറായാണ് കുറച്ചത്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ കൂടുതലായി വാങ്ങാന്‍ തുടങ്ങിയതോടെയാണ് സൗദി ഇത് വെട്ടികുറച്ചത്. അതേസമയം ബ്രെന്റ് ക്രൂഡ് വില ബാരലിന് നിലവിലെ 93 ഡോളറില്‍ നിന്ന് 2026 ഓടെ ബാരലിന് 150 ഡോളറായി ഉയരുമെന്ന് ജെ.പി മോര്‍ഗന്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ റഷ്യന്‍ എണ്ണ ഡിസ്‌കൗണ്ടോടെ ലഭിക്കുന്നത് ഈ തിരിച്ചടിയില്‍ കരകയറാന്‍ ഇന്ത്യക്ക് ഗുണകരമാകും.

ബോക്‌സ് ഓഫീസിലും കിംഗ് ആണെന്ന് തെളിയിച്ച് ഷാരൂഖ് ഖാന്‍. ‘പഠാന്‍’ എന്ന സൂപ്പര്‍ ഹിറ്റിന് പിന്നാലെ ‘ജവാന്‍’ സിനിമയും 1000 കോടി ക്ലബ്ബില്‍ കയറി. 1004.92 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍. നിര്‍മാതാക്കളായ റെഡ് ചില്ലീസ് തന്നെയാണ് ഔദ്യോഗിക കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതോടെ ആയിരം കോടി ക്ലബ്ലില്‍ ഇടം നേടിയ സിനിമയുള്ള ഏക തമിഴ് സംവിധായകനായി അറ്റ്ലിയും മാറി. ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം നേടിയത് 500 കോടിയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 1050.30 കോടിയാണ് പഠാന്‍ ആഗോളതലത്തില്‍ നേടിയത്. 27 ദിവസം കൊണ്ടായിരുന്നു പഠാന്‍ ആയിരം കോടിയിലേക്ക് എത്തിയത്. എന്നാല്‍ വെറും 18 ദിവസം കൊണ്ടാണ് ജവാന്‍ ആയിരം കോടി ക്ലബ്ബില്‍ കയറിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആറാമത്തെ ചിത്രമാണ് ജവാന്‍. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആമിര്‍ ഖാന്‍ നായകനായ ബയോഗ്രഫിക്കല്‍ സ്പോര്‍ട്സ് ഡ്രാമ ചിത്രം ദംഗല്‍ തുടങ്ങിവച്ച ക്ലബ്ബ് ആണിത്. തൊട്ടടുത്ത വര്‍ഷം രാജമൌലിയുടെ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ബാഹുബലി 2 ഉും 1000 കോടി ക്ലബ്ബില്‍ എത്തി. 2022 ല്‍ രണ്ട് തെന്നിന്ത്യന്‍ ചിത്രങ്ങള്‍. രാജമൌലിയുടെ തന്നെ ആര്‍ആര്‍ആറും പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യഷ് നായകനായ കെജിഎഫ് 2 ഉും. പിന്നീട് ഈ വര്‍ഷം രണ്ട് ഷാരൂഖ് ഖാന്‍ ചിത്രങ്ങളും. ജനുവരിയിലെത്തിയ പഠാനും ഈ മാസം എത്തിയ ജവാനും. ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും മൂന്ന് ചിത്രങ്ങള്‍ വീതമാണ് നിലവില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നത്.

ഒ.ടി.ടിയില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങി മമ്മൂട്ടി, ദുല്‍ഖര്‍ ചിത്രങ്ങള്‍. മമ്മൂട്ടിയുടെ ‘ഏജന്റും’ ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’യുമാണ് ഒ.ടി.ടിയില്‍ ഒരേ ദിവസം റിലീസിന് ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 29ന് ആണ് ചിത്രം ഒ.ടി.ടി വിവിധ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസിനെത്തുന്നത്. ഏപ്രില്‍ 27ന് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ഏജന്റ് തെലുങ്ക് സിനിമാ ചരിത്രത്തിലെ ബിഗ്ഗെസ്റ്റ് ഫ്‌ളോപ്പുകളില്‍ ഒന്നാണ്. 65 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന് 10 കോടിക്ക് അടുത്ത് മാത്രമാണ് നേടാനായത്. ചിത്രം പ്രേക്ഷകര്‍ക്ക് നിരാശ സമ്മാനിച്ചതില്‍ മാപ്പ് പറഞ്ഞ് നായകന്‍ അഖില്‍ അക്കിനേനി രംഗത്തെത്തിയിരുന്നു. സെപ്റ്റംബര്‍ 29ന് സോണി ലിവിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. അതേസമയം, കിംഗ് ഓഫ് കൊത്ത സെപ്റ്റംബര്‍ 29ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 24ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് പ്രേക്ഷകരെ സ്വാധീനിക്കാന്‍ സാധിച്ചിരുന്നില്ല. 50 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 38 കോടി വരെയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. മികച്ച പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളായിരുന്നു ഏജന്റും കൊത്തയും.

ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ ചില മോഡലുകളുടെ വില ഉടന്‍ തന്നെ വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 2023 ഒക്ടോബര്‍ മുതല്‍ സെല്‍റ്റോസ്, കാരന്‍സ് എന്നിവയുടെ വില കമ്പനി വര്‍ധിപ്പിക്കും. വില വര്‍ദ്ധനയ്ക്ക് ശേഷം, ഉപയോക്താക്കള്‍ക്ക് ഈ കാര്‍ മോഡലുകളുടെ വിലയില്‍ രണ്ട് ശതമാനം വ്യത്യാസം ലഭിക്കും. ഈ സാമ്പത്തിക വര്‍ഷത്തില്‍ കിയ മോഡലുകള്‍ക്ക് ലഭിക്കുന്ന രണ്ടാമത്തെ വര്‍ധനയായിരിക്കും ഈ വിലവര്‍ധന. കാരെന്‍സ്, സെല്‍റ്റോസ് എന്നിവയുടെ വില വര്‍ദ്ധന സമാനമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്യുവിയുടെ താഴ്ന്ന വേരിയന്റുകളുടെ വില കുറഞ്ഞത് 20,000 രൂപയും ഉയര്‍ന്ന പതിപ്പുകള്‍ക്ക് 40,000 രൂപയും വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കിയ സെല്‍റ്റോസിന്റെ നിലവിലെ എക്‌സ് ഷോറൂം വില 10.89 ലക്ഷം രൂപയില്‍ തുടങ്ങി 19.99 ലക്ഷം രൂപ വരെയാണ്. അടുത്തിടെ എസ്യുവിയുടെ രണ്ട് മോഡലുകള്‍ കമ്പനി അവതരിപ്പിച്ചു. കിയ കാരന്‍സ് 10.45 ലക്ഷം രൂപയില്‍ തുടങ്ങി 19.90 ലക്ഷം രൂപ വരെ ഉയരുന്നു. ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചതെന്ന് കിയ ഇന്ത്യ അറിയിച്ചു.

മിത്തുകള്‍ നന്മതിന്മകളുടെ തിരിച്ചറിവിലേക്കുള്ള വാതിലുകളാണ്. പ്രത്യേകിച്ചും വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക്. അതിനനുസരിച്ചുള്ള കഥകള്‍ ഒരുക്കിയിരിക്കുകയാണ് മിത്തുകളിലെ മുത്തുകള്‍. മിത്തുകള്‍ മാത്രമല്ല, അവയിലൊളിഞ്ഞിരിക്കുന്ന അറിവിന്റെ മുത്തുകളത്രയും പെറുക്കിയെടുത്ത് വരുംതലമുറയ്ക്ക് ഉപയോഗപ്രദമാക്കുകയാണ് ഗ്രന്ഥകാരന്‍. ഗില്‍ഗാമെഷിന്റെ, ഈഡിപ്പസിന്റെ, മിറായുടെ, പ്രിമത്തിയൂസിന്റെ, സൃഷ്ടിയുടെ, ആരിയണിന്റെ, ഒര്‍ഫ്യൂസിന്റെ കഥകളിലൂടെ അവയിലെ നന്മതിന്മകളെ അനാവരണം ചെയ്യുന്ന കൃതി. ‘മിത്തുകളിലെ മുത്തുകള്‍’. പ്രൊഫ. ചാക്കോ കാക്കശ്ശേരി. ഗ്രീന്‍ ബുക്സ്. വില 162 രൂപ.

ധാരാളം പോഷകങ്ങളും വൈറ്റമിനുകളും അടങ്ങിയ ഒന്നാണ് ജാതിപത്രി. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം ഇത് വയറിന്റെ ആരോഗ്യത്തിന് ഗുണകരമാണെന്നതു തന്നെയാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഇത് ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി. അസിഡിറ്റി, ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. മലബന്ധത്തിനുള്ള നല്ലൊരു പരിഹാരവും കൂടിയാണിത്. വയറിളക്കം, ഛര്‍ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു നല്ലൊരു മരുന്നുമാണ്. കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീനുകള്‍, നിയാസിന്‍, ഡയെറ്ററി ഫൈബര്‍, ഫോളേറ്റ്, വൈറ്റമിന്‍ സി, പൊട്ടാസ്യം, കാല്‍സ്യം, കോപ്പര്‍, അയേണ്‍, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്. സിങ്ക് തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഇതിലുണ്ട്. ബ്ലഡ് സര്‍കുലേഷന്‍ വര്‍ദ്ധിപ്പിയ്ക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണിത്. ഇതിലെ മാംഗനീസാണ് ഈ ഗുണം നല്‍കുന്നത്. ഇതിലെ അയേണും രക്തോല്‍പാദനത്തിനും രക്തപ്രവാഹം ശക്തിപ്പെടുത്തുന്നതിനും ഏറെ ഉത്തമമാണ്. കിഡ്‌നി ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ജാതിപത്രി. ഇത് കിഡ്‌നി സ്റ്റോണുകള്‍ വരുന്നത് തടയുന്നു. കിഡ്‌നി സ്റ്റോണ്‍ അലിയിച്ചു കളയാനും ഇതിനു കഴിവുണ്ട്. മാംഗനീസ്, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയവയ്‌ക്കെല്ലാം ഈ കഴിവുണ്ട്. ഇത് കിഡ്‌നിയെ എല്ലാ ഇന്‍ഫെക്ഷനുകളില്‍ നിന്നും സംരക്ഷിയ്ക്കുന്നു. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഇത് ഫ്രീ റാഡിക്കലുകളെ നശിപ്പിയ്ക്കുവാന്‍ ഏറെ നല്ലതാണ് ഇതു കൊണ്ടു തന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയാന്‍ ഏറെ ഗുണകരമാണ് ഇത്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ സെല്ലുലാര്‍ മ്യൂട്ടേഷന്‍ സാധ്യത കുറച്ചാണ് ക്യാന്‍സര്‍ തടയുന്നത്. സ്‌ട്രെസ് കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. വൈറ്റമിന്‍ ബി കോംപ്ലക്‌സ് ധാരാളം അടങ്ങിയിട്ടുള്ള ഇത് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

അവന് എപ്പോഴും വലിയ സങ്കടമായിരുന്നു. തനിക്ക് കഴിവുകള്‍ ഇല്ല, താന്‍ മറ്റുളളവരുടെ മുമ്പില്‍ ചെറുതായിപോകുന്നു. എന്നിങ്ങനെ നിരവധിചിന്തകള്‍ അവനെ തളര്‍ത്തിക്കൊണ്ടേയിരുന്നു. തന്റെ സങ്കടങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ അവന്‍ ആ നാട്ടിലെ ഗുരുവിനെ ചെന്ന് കണ്ടു. തന്നെ കാണാന്‍ വന്ന നിരവധിപേരെ കണ്ടുകഴിഞ്ഞതിന് ശേഷം ശിഷ്യന് അരികില്‍ വരാമെന്ന് ഗുരു വാക്കുകൊടുത്തു. തന്റെ ഊഴവും കാത്ത് അവന്‍ ആശ്രമത്തില്‍ ഇരുന്നു. നേരം രാത്രിയായി. ഗുരു തിരികെയെത്തി. അദ്ദേഹം ചന്ദ്രനെ ചൂണ്ടി പറഞ്ഞു: ഈ ചന്ദ്രനെ കാണാന്‍ എന്ത് ഭംഗിയാണ്.. ആകാശം മുഴുവനും ഇതിന്റെ പ്രകാശമെത്തുന്നു. പക്ഷേ, നാളെ രാവിലെ സൂര്യനുദിക്കുമ്പോള്‍ ചന്ദ്രന്‍ മാഞ്ഞുപോകുന്നു. ചന്ദ്രനെ പിന്നെ നമുക്ക് പലപ്പോഴും കാണാന്‍ സാധിക്കാതെ വരുന്നു. സൂര്യന് ചന്ദ്രനേക്കാള്‍ പ്രകാശമുണ്ട്. സൂര്യപ്രകാശമുണ്ടെങ്കിലേ നമുക്ക് ചുറ്റുമുള്ളതെല്ലാം നന്നായി കാണുവാന്‍ സാധിക്കൂ. ഇവരെ രണ്ടുപേരേയും കുറിച്ച് ഓര്‍ത്തുനോക്കൂ.. തനിക്കെന്താണ് സൂര്യന്റെ അത്രയും പ്രകാശിക്കാനാകാത്തത് എന്ന് ചന്ദ്രന്‍ ചിന്തിക്കുമോ? ഇത് കേട്ടവഴി അവന്‍ പറഞ്ഞു. ഏയ് ഒരിക്കലും അങ്ങനെ ഉണ്ടാകില്ല. സൂര്യനും ചന്ദ്രനും ഭൂമിയെ സംബന്ധിച്ച് രണ്ട് വ്യത്യസ്ത സ്വഭാവമുളള രണ്ട് ഗ്രഹങ്ങളാണ്. രണ്ടുപേര്‍ക്കും അവരവരുടേതായ സ്വഭാവഗുണങ്ങളുണ്ട്. അതില്‍ നല്ലതും ചീത്തയും ഉണ്ടാകും. നമുക്കൊരിക്കലും സൂര്യനേയും ചന്ദ്രനേയും താരതമ്യം ചെയ്യുവാന്‍ സാധിക്കുകയില്ല. അപ്പോള്‍ ഗുരു പറഞ്ഞു: നീ നിന്റെ ചോദ്യത്തിനുളള ഉത്തരം കണ്ടെത്തിയിരിക്കുന്നു. നമ്മളെല്ലാവരും വ്യത്യസ്തരാണ്. വ്യത്യസ്ത രൂപം, ഭാവം, കഴിവുകള്‍, ലക്ഷ്യങ്ങള്‍, ജീവിത സാഹചര്യങ്ങള്‍…അതുകൊണ്ട്തന്നെ നമ്മിലെ ഈ വ്യത്യസ്തകളെ കണ്ടെത്തി പരിപോഷിപ്പിക്കുകയും പരിശ്രമിക്കുകയും ചെയ്യുക. നമുക്ക് താരതമ്യപഠനങ്ങളെ മാറ്റി നിര്‍ത്താം. നമ്മിലെ വ്യത്യസ്തതകളെ പരിപോഷിപ്പിക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *