ഡീസല്‍ കാറുകളുടേയും ഡീസല്‍ എസ്യുവികളുടേയും നിര്‍മാണം 2024 ആകുമ്പോഴേക്കും പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് വോള്‍വോ. 2030 ആകുമ്പോഴേക്കും പൂര്‍ണമായും വൈദ്യുത കാറുകളിലേക്കു മാറുന്നതിന്റെ മുന്നോടിയായാണ് ഈ തീരുമാനം. 2040ല്‍ ക്ലൈമറ്റ് ന്യൂട്രാലിറ്റി കൈവരിക്കാനും വോള്‍വോക്ക് പദ്ധതിയുണ്ട്. ന്യൂയോര്‍ക്കില്‍ വെച്ചു നടക്കുന്ന ക്ലൈമറ്റ് വീക്കിനോട് അനുബന്ധിച്ചാണ് സ്വീഡനില്‍ നിന്നുള്ള കാര്‍ നിര്‍മാണ കമ്പനിയായ വോള്‍വോ അധികൃതര്‍ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പുതിയ കംപസ്റ്റണ്‍ എന്‍ജിനുകള്‍ വികസിപ്പിക്കേണ്ടതില്ലെന്ന് കഴിഞ്ഞ വര്‍ഷം തന്നെ വോള്‍വോ തീരുമാനമെടുത്തിരുന്നു. അവസാനത്തെ ഡീസല്‍ വോള്‍വൊ കാര്‍ ഏതാനും മാസങ്ങള്‍ക്കകം പുറത്തിറങ്ങുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനത്തോടെ വ്യക്തമാവുന്നത്. ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വോള്‍വോയുടെ ആകെ കാര്‍ വില്‍പനയില്‍ 33 ശതമാനവും വൈദ്യുത, ഹൈബ്രിഡ് മോഡലുകളാണെന്നു കാണാം. ഉപഭോക്താക്കളുടെ തീരുമാനങ്ങളും വോള്‍വോയുടെ പുതിയ തീരുമാനത്തെ സ്വാധീനിച്ചുവെന്ന് ഈ കണക്കുകള്‍ കാണിക്കുന്നു.