പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ മറ്റന്നാള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും. നാളെ ഉച്ചമുതല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലായിരിക്കും പാര്‍ലമെന്റ് സമ്മേളനം. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വോട്ടിംഗിനുള്ള സൗകര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. രാജ്യസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പാനലില്‍ ഇനി മുതല്‍ 50 ശതമാനം പ്രാതിനിധ്യം വനിത എം പിമാര്‍ക്ക് നല്‍കിയെന്ന് ഉപരാഷ്ട്രപതി അറിയിച്ചു. എട്ടംഗ പാനലില്‍ നാലു പേര്‍ വനിതകളാണ്.
മലപ്പുറം താനൂരിലെ താമീര്‍ ജാഫ്രിയുടെ കസ്റ്റഡി മരണം അന്വേഷിക്കണമെന്ന് ഹൈക്കോടതി. കസ്റ്റഡിയിലിരിക്കെ മരിച്ച താമീര്‍ ജാഫ്രിക്കൊപ്പം പൊലീസ് പിടികൂടിയ നാലുപേരെയും മര്‍ദിച്ചെന്നാണു കേസ്. മലപ്പുറം എസ്പിക്കു കീഴിലുള്ള സ്‌പെഷല്‍ ടീമിലെ പൊലീസുകാരാണു പ്രതികള്‍. താനൂര്‍ സ്റ്റേഷനിലെ സിപിഒ ജിനേഷ്, പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവരാണു പ്രതികള്‍. സിബിഐ അന്വേഷണം ആകാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തെങ്കിലും ഇതുസംബന്ധിച്ച് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
സംസ്ഥാനത്ത് അഞ്ചു ദിവസം മഴയ്ക്കു സാധ്യത. രണ്ട് ചക്രവാതച്ചുഴി ഒന്നിച്ച് നിലനില്‍ക്കുന്നതും ന്യൂനമര്‍ദ്ദ സാധ്യതയുമാണ് മഴ തുടരാന്‍ കാരണം. തെക്ക് കിഴക്കന്‍ രാജസ്ഥാന് മുകളില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദം കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതച്ചുഴിയായി മാറിയിട്ടുണ്ട്. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ുഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയുണ്ട്.
സിപിഎമ്മിനെ കണ്ടല്ല ഇന്ത്യ സഖ്യം രൂപീകരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎം ഇല്ലാത്തതുകൊണ്ട് സഖ്യം പൊളിയുമെന്ന് കരുതുന്നത് വിഡ്ഢികളുടെ സ്വര്‍ഗ്ഗരാജ്യ സങ്കല്പം പോലെയാണ്. സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
ഇന്ത്യാ സഖ്യത്തിലെ കരുത്തുറ്റ പ്രസ്ഥാനമായി സിപിഎം ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കമ്മിറ്റികളില്‍ ചേരാത്തതിനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ടെന്നും ഗോവിന്ദന്‍.
സോളാര്‍ കേസിലെ ഗുഢാലോചനയെക്കുറിച്ച് അന്വേഷിക്കുന്നതു സംബന്ധിച്ചു തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രാധാന്യമില്ലെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭ അടിച്ചു തകര്‍ത്ത മന്ത്രി ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാനും കേസ് നീട്ടിക്കൊണ്ടുപോകാനുമാണ് സര്‍ക്കാര്‍ യുഡിഎഫ് എംഎല്‍മാരായിരുന്ന കെ ശിവദാസന്‍ നായര്‍ക്കും എം.എ വാഹിദിനും എതിരെ കേസെടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമസഭയിലെ അക്രമം ലോകം മുഴുവന്‍ ലൈവായി കണ്ടതാണ്. എന്നിട്ടും കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സതീശന്‍ പറഞ്ഞു.
നിയമസഭ കയ്യാങ്കളി കേസ് നീട്ടിക്കൊണ്ടുപോകാനാണ് മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ പ്രതികളാക്കി പുതിയ കേസെടുക്കുന്നതെന്ന് കോണ്‍ഗ്രസ് മുന്‍ എംഎല്‍എ എംഎ വാഹിദ്. ഇദ്ദേഹത്തെയടക്കം പ്രതിയാക്കി പുതിയ കേസെടുക്കാനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയ നിര്‍ദ്ദേശം.
കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളജിന് അനുവദിച്ച പുതിയ എംബിബിഎസ് സീറ്റുകളുടെ അംഗീകാരം സംബന്ധിച്ച് ഉടനടി തീരുമാനമെടുക്കണമെന്നു സുപ്രീം കോടതി. ദേശീയ മെഡിക്കല്‍ കമ്മീഷനും കേരള ആരോഗ്യ സര്‍വകലാശാലയ്ക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്. 100 എം ബി ബി എസ് സീറ്റുകള്‍ കൂടി തുടങ്ങാനുള്ള അനുമതിയാണു ദേശീയ മെഡിക്കല്‍ കമ്മീഷന്‍ മെഡിക്കല്‍ കോളേജിന് നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരായ മാസപ്പടി വിവാദത്തില്‍ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ചത്തേക്കു മാറ്റിവച്ചു. ഹര്‍ജിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബു ഇന്നലെ മരിച്ചതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി.
വയോധികയായ അമ്മയുടെ സംരക്ഷണം ഉറപ്പാക്കാന്‍ വിദേശത്തു ജോലി ചെയ്യുന്ന മകനെയും മറ്റു രണ്ടു പെണ്‍മക്കളെയും വിളിച്ചു വരുത്തുമെന്ന് വനിത കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ എന്നിവര്‍ പറഞ്ഞു. മലപ്പുറത്തെ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അംഗങ്ങള്‍. സ്വത്ത് കൈക്കലാക്കിയ ശേഷം മകന്‍ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ചാണ് വൃദ്ധയായ മാതാവ് വനിതാ കമ്മീഷന് മുന്‍പാകെ പരാതി നല്‍കിയത്.
എന്‍ഡിഎയിലെ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെ ബിജെപി ബന്ധം അവസാനിപ്പിക്കുന്നു. പാര്‍ട്ടി വക്താവ് ഡി ജയകുമാര്‍ അറിയിച്ചതാണ് ഇക്കാര്യം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ നടത്തിയ അപഹാസ്യ പ്രസ്താവനകളെ ചൊല്ലിയാണ് തീരുമാനം. അണ്ണാ ഡിഎംകെ ഇല്ലെങ്കില്‍ ബിജെപിക്ക് തമിഴ്‌നാട്ടില്‍ നോട്ടയ്ക്കുള്ള വോട്ടു പോലും കിട്ടില്ലെന്നും ജയകുമാര്‍ പരിഹസിച്ചു.
അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ അന്വേഷണത്തിന് പുതിയ സമിതി വേണമെന്ന് ഹര്‍ജി. ആറംഗ പാനലില്‍ മൂന്ന് പേരുടെ താല്‍പര്യ വൈരുദ്ധ്യം ആരോപിച്ചാണ് കേസിലെ ഹരജിക്കാരില്‍ ഒരാള്‍ പുതിയ സമിതി ആവശ്യപ്പെട്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഒ പി ഭട്ട്, മുതിര്‍ന്ന അഭിഭാഷകന്‍ സോമശേഖര്‍ സുന്ദരേശന്‍ എന്നിവരെ വിദഗ്ധ സമിതിയില്‍നിന്നു നീക്കണമെന്ന് ഹര്‍ജിക്കാരില്‍ ഒരാളായ അനാമിക ജയ്സ്വാള്‍ പറഞ്ഞു. അദാനി ഗ്രൂപ്പുമായി പങ്കാളിത്തമുള്ള പുനരുപയോഗ ഊര്‍ജ കമ്പനിയായ ഗ്രീന്‍കോയുടെ ചെയര്‍മാനായാണ് ഒ.പി ഭട്ട്.
സ്ത്രീകളെ ശല്യം ചെയ്യുന്നവരെ ‘യമരാജ്’ (കാലന്‍) കാത്തിരിക്കുന്നുണ്ടെന്നു താക്കീതുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിലെ അംബേദ്കര്‍ നഗറില്‍ ബൈക്കിലെത്തിയ അക്രമികള്‍ ഷാല്‍ വലിച്ചതിനെതുടര്‍ന്ന് സൈക്കിളില്‍നിന്ന് വീണ 11ാം ക്ലാസ് വിദ്യാര്‍ഥിനി ബൈക്കിടിച്ച് മരിച്ചതിനു പിറകേയാണ് യോഗി ആദിത്യനാഥിന്റെ താക്കീത്.