P1 yt cover

*1985ലെ മികച്ച ജനപ്രിയ ഗാനം?* : https://youtu.be/C9z09QDHHjU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

സംസ്ഥാനത്ത് പുതിയ നിപ്പ കേസുകളില്ല. നിപ പരിശോധനക്ക് അയച്ച 11 സാംപിളുകള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ഹൈ റിസ്‌കില്‍ പെട്ടവരുടെ ഫലമാണ് പുറത്തുവന്നത്. ചികിത്സയിലുള്ള 9 വയസ്സുകാരന്റെ നില മെച്ചപ്പെട്ടതായും മന്ത്രി അറിയിച്ചു. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആദ്യം മരിച്ച വ്യക്തി പോയ സ്ഥലങ്ങള്‍ കണ്ടെത്താന്‍ പോലീസ് സഹായത്തോടെ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്ന സാഹചര്യത്തില്‍ കെബി ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനം ലഭിച്ചേക്കും. എന്നാല്‍ മന്ത്രിസ്ഥാനം വേണമെന്ന എല്‍ജെഡിയുടെയും എന്‍സിപി അംഗം തോമസ് കെ തോമസിന്റെയും ആവശ്യം തള്ളിക്കളയും. മന്ത്രിമാരുടെ എണ്ണം കൂട്ടാനാകില്ലെന്ന നിലപാടിലാണ് എല്‍ഡിഎഫ്. ഇക്കാര്യം മുന്നണി യോഗത്തില്‍ വിശദീകരിക്കും.

കൃഷ്ണന്‍കുട്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനുള്ള ജെഡിഎസിലെ നീക്കവും ഫലം കാണില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മാറ്റം വേണ്ടെന്ന നിലപാടിനാണ് ജെഡിഎസില്‍ മുന്‍തൂക്കം. മന്ത്രിയാകണമെന്ന തോമസ് കെ തോമസിന്റെ ആഗ്രഹത്തിന് എന്‍സിപി സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയില്ല. എ.കെ ശശീന്ദ്രന്‍ തുടരട്ടെയെന്നാണ് എന്‍സിപിയുടെ നിലപാട്.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

സില്‍വര്‍ ലൈനിന് പ്രസക്തി കൂടിയെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. വന്ദേഭാരത് എക്‌സ്പ്രസ് വന്നതോടുകൂടി ആളുകള്‍ സെമി ഹൈസ്പീഡ് റെയില്‍ വേണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയെന്നും അന്ന് കുറ്റിയും പറിച്ച് നടന്നവര്‍തന്നെ ഇന്ന് വന്ദേഭാരതില്‍ കയറുന്നുവെന്നും ജയരാജന്‍.

കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ടിന് ലൈസന്‍സ് പുതുക്കി നല്‍കി. നേരത്തെയുണ്ടായിരുന്ന ഹോം സ്റ്റേ ലൈസന്‍സാണ് പുതുക്കിയത്. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് ലൈസന്‍സ് പുതുക്കി നല്‍കിയത്.

സോളാര്‍ ലൈംഗിക ആരോപണത്തിലെ കത്തിന് പിന്നില്‍ നടന്ന ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്നും ഇക്കാര്യത്തില്‍ യുഡിഎഫിലോ കോണ്‍ഗ്രസിലോ ആശയക്കുഴപ്പമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാന പൊലീസിന്റെ അന്വേഷണം വേണ്ടെന്നാണ് എം.എം ഹസന്‍ പറഞ്ഞത്. പിണറായിക്ക് എതിരെ ആരോപണമുള്ളതിനാല്‍ സിബിഐ അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ഇടുക്കിയിലെ അണക്കെട്ടുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി ഇന്ന് വൈകിട്ട് നാല് മണിക്ക് കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും. യോഗത്തില്‍ ജില്ല പോലീസ് മേധാവി, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നേരത്തെ ഇടുക്കി അണക്കെട്ടില്‍ സുരക്ഷ വീഴ്ച ഉണ്ടായതിനെ തുടര്‍ന്നാണ് യോഗം ചേരുന്നത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ തെറ്റ് ഏറ്റുപറഞ്ഞ് ഇഡി അന്വേഷണവുമായി സിപിഎം സഹകരിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ചോദ്യം ചെയ്യാന്‍ എസി മൊയ്തീനെ വിളിച്ചപ്പോള്‍ സിപിഎം പറഞ്ഞത് കേന്ദ്രം വേട്ടയാടുന്നു എന്നാണ്. തട്ടിപ്പില്‍ സിപിഎം നേതൃത്വത്തിന്റെ പങ്കാളിത്തം വ്യക്തമാണ്. കേന്ദ്രം വേട്ടയാടുന്നു എന്ന പതിവ് ക്യാപ്സ്യൂളുമായി എം.വി ഗോവിന്ദന്‍ വരരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍. ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുള്ള നിരന്തര അവഗണന കാരണമാണെന്നും പ്രവര്‍ത്തകസമിതയില്‍ ക്ഷണിതാവാകാന്‍ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചാലും താന്‍ മന്ത്രിയാകില്ല. രമേശ് ചെന്നിത്തല പറഞ്ഞത് പോലെ സമുദായം ചൂണ്ടിക്കാട്ടി തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് വെട്ടിമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കേസിന് പിന്നില്‍ കോണ്‍ഗ്രസിലെ തര്‍ക്കമാണെന്ന് ഇപി ജയരാജന്‍. ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നത് കോണ്‍ഗ്രസാണെന്നും, പുതുപ്പള്ളിയിലേത് സഹതാപ തരംഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാറിനെ പിന്തുണക്കുന്നതിനോടൊപ്പം, സ്വത്ത് തര്‍ക്കം കുടുംബ പ്രശ്നം മാത്രമാണെന്നും അതില്‍ രാഷ്ട്രീയ പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.

സൗദി യുവതിയുടെ പീഡന പരാതിയില്‍ പ്രതികരണവുമായി പ്രമുഖ വ്‌ളോഗര്‍ ഷക്കീര്‍ സുബാന്‍. യുവതിയുടേത് വ്യാജ പരാതിയാണെന്നും മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടുമെന്നും ഷക്കീര്‍ സുബാന്‍ പറഞ്ഞു. പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സൗദി പൗരയായ യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഷക്കീറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

കോഴിക്കോട് ജില്ലയില്‍ നിപ ഭീഷണി നിലനില്‍ക്കുന്നതിനിടെ നിയന്ത്രണങ്ങള്‍ ലംഘിച്ച് സെലക്ഷന്‍ ട്രയല്‍. ബാലുശ്ശേരി കിനാലൂര്‍ ഉഷ സ്‌ക്കൂളില്‍ ജില്ലാ അത്‌ലറ്റിക് അസോസിയേഷനാണ് സെലക്ഷന്‍ ട്രയല്‍ നടത്തുന്നത്. കലക്ടറുടെ ഉത്തരവ് നിലനില്‍ക്കെ കുട്ടികളും രക്ഷിതാക്കളും അടക്കം മൂന്നൂറോളം പേര്‍ സ്ഥലത്തുണ്ട്. ബാലുശേരി പോലീസും സ്ഥലത്ത് എത്തി ട്രയല്‍ നിര്‍ത്തിവെപ്പിച്ചു.

നിപ്പ സാഹചര്യത്തില്‍ ബേപ്പൂര്‍ ഹാര്‍ബര്‍ അടച്ചുപൂട്ടാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബേപ്പൂര്‍ ഹാര്‍ബറിലോ, ഫിഷ് ലാന്‍ഡിംഗ് സെന്ററുകളിലോ ബോട്ടുകള്‍ അടുപ്പിക്കാനോ മത്സ്യം ഇറക്കാനോ പാടില്ലെന്നും മത്സ്യബന്ധനത്തിന് പോയിരിക്കുന്ന ബോട്ടുകളും വള്ളങ്ങളും വെള്ളയില്‍ ഫിഷ് ലാന്‍ഡിംഗ് സെന്ററിലോ പുതിയാപ്പ ഫിഷ് ലാന്‍ഡിംഗ് സെന്ററിലോ അടുപ്പിക്കേണ്ടതാണെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

വയനാട്ടിലും ലോണ്‍ ആപ്പ് ആത്മഹത്യ. അരിമുള സ്വദേശി അജയ് രാജിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ലോണ്‍ ആപ്പില്‍ നിന്നു കടം എടുത്തിരുന്നുവെന്നും പണം തിരിച്ചു അടയ്ക്കാന്‍ വ്യാജചിത്രം ഉയോഗിച്ച് ഭീഷണിപ്പെടുത്തി എന്നും സുഹൃത്തുക്കള്‍ വെളിപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ജനങ്ങള്‍ക്ക് സൗജന്യ ചികിത്സയുമായി ‘ആയുഷ്മാന്‍ ഭവ’ ക്യാമ്പയിന്‍. സെപ്റ്റംബര്‍ 17-നാണ് നരേന്ദ്ര മോദിയുടെ പിറന്നാള്‍. രാജ്യവ്യാപകമായ സമഗ്രമായ ആരോഗ്യ സംരക്ഷണ സംരംഭമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ കന്നി ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിന്റെ ആദ്യ പരീക്ഷണ പേടകം ഒക്ടോബറില്‍ വിക്ഷേപിക്കുമെന്ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ മേധാവി എ.രാജരാജന്‍ .ഗഗന്‍യാന്‍ പദ്ധതിയുടെ നാല് അബോര്‍ട്ട് ദൗത്യങ്ങളില്‍ ആദ്യത്തേതായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു.

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പുതിയ ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്. കോയമ്പത്തൂരില്‍ ഡിഎംകെ വനിത കൗണ്‍സിലറുടെ വീടുള്‍പ്പെടെ 23 ഇടങ്ങളിലും ചെന്നൈയില്‍ മൂന്നിടത്തുമാണ് റെയ്ഡ് നടക്കുന്നത്. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ പദ്ധതിയിട്ടിരുന്നതായും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

കാവേരി നദീജലം പങ്കിടുന്നതില്‍ കര്‍ണാടകയിലെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് കാവേരി രക്ഷണ യാത്രയുമായി ബിജെപി. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഭാഗമായ ഡിഎംകെ അധികാരത്തിലുള്ളതിനാല്‍ തമിഴ്നാടിന് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാവേരി നദീ ജലം വിട്ടുകൊടുക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പ ആരോപിച്ചു.

മുംബൈയിലെ കുര്‍ല മേഖലയില്‍ അപാര്‍ട്ട്മെന്റ് കോംപ്ലക്സില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍തീപിടിത്തത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്. ബഹുനിലകെട്ടിടത്തിന്റെ വിവിധ നിലകളിലായി ഫയര്‍ഫോഴ്സ് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ 60ഓളം പേരെ രക്ഷപ്പെടുത്തി. ഇതില്‍ 39 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

ജമ്മു കശ്മീരിലെ അനന്തനാഗില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു. സൈന്യവും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് അനന്തനാഗിലെ കൊക്കേര്‍നാഗ് വനമേഖലയില്‍ തെരച്ചില്‍ നടത്തുന്നത്. മേഖലയില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരു കേണല്‍ അടക്കം നാലു സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു.

കനേഡിയന്‍ വ്യാപാര വകുപ്പ് മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു. സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നിര്‍ത്തിയതിന് പിന്നാലെയാണ് നടപടി. വ്യാപാര ചര്‍ച്ചകള്‍ക്കായി ഒക്ടോബറിലാണ് കനേഡിയന്‍ വ്യാപാര മന്ത്രി മേരി ഇങ് ഇന്ത്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇരു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം മോശമായതോടെ യാത്ര മാറ്റിവെക്കുന്നതായി മന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു.

ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍ (ടിഎസ്എ) ഏജന്റുമാര്‍ യാത്രക്കാരുടെ ബാഗുകളില്‍ നിന്ന് പണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. മിയാമി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ സുരക്ഷാ ടെര്‍മിനലില്‍ നിന്നുള്ള വീഡിയോ പുറത്ത് വിട്ടത് ഫ്ലോറിഡ സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസാണ്. സ്‌കാനറിലൂടെ ലഗേജ് കടത്തിവിടുന്നതിന് മുമ്പ് ഒന്നിലധികം ബാഗുകള്‍ തുറക്കാനും കൈയില്‍ തടയുന്ന സാധനങ്ങള്‍ പോക്കറ്റിലേക്ക് മാറ്റാനും ഇവര്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാവുന്നതാണ്.

ഏഷ്യാ കപ്പ് ഫൈനലില്‍ നാളെ ശ്രീലങ്കയെ നേരിടാനിറങ്ങുന്നതിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടിയായി ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേലിന്റെ പരിക്ക്. ബംഗ്ലാദേശിനെതിരായ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബാറ്റിംഗിനിടെ പരിക്കേറ്റ അക്സര്‍ പട്ടേല്‍ നാളെ ശ്രീലങ്കക്കെതിരായ ഫൈനലില്‍ കളിക്കില്ല. അക്സറിന് പകരം ഓള്‍ റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറെ ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിനുള്ള ടീമിലുള്‍പ്പെടുത്തി. അതേസമയം നാളത്തെ മത്സരത്തിനും മഴഭീഷണിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലേക്കും ചൈനയിലേക്കുമുള്ള റഷ്യയുടെ ക്രൂഡോയില്‍ കയറ്റുമതി ഓഗസ്റ്റില്‍ പ്രതിദിനം 39 ലക്ഷം ബാരലായി ഇടിഞ്ഞു. ഏപ്രില്‍-മേയില്‍ പ്രതിദിനം 47 ലക്ഷം ബാരല്‍ കയറ്റുമതി ചെയ്ത സ്ഥാനത്താണിത്. കഴിഞ്ഞ മേയ്-ജൂലൈയില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡോയിലില്‍ 80 ശതമാനവും വാങ്ങിയത് ഇന്ത്യയും ചൈനയുമായിരുന്നു. റഷ്യ ഉത്പാദനം കുറച്ചതോടെ ഇത് ഓഗസ്റ്റില്‍ 30 ശതമാനത്തിലേക്ക് താഴ്ന്നുവെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി വ്യക്തമാക്കി. പ്രതിമാസ അടിസ്ഥാനത്തില്‍ റഷ്യയുടെ ഉല്‍പ്പാദനം ഓഗസ്റ്റില്‍ പ്രതിദിനം 95 ലക്ഷം ബാരല്‍ എന്ന നിരക്കില്‍ സ്ഥിരതയോടെ നിലനിന്നെങ്കിലും കയറ്റുമതി പ്രതിദിനം 1.5 ലക്ഷം ബാരല്‍ വീതം കുറഞ്ഞു. ക്രൂഡ് വില ഉയര്‍ന്നതും ഡിസ്‌കൗണ്ട് കുറഞ്ഞതും മൂലം റഷ്യയുടെ കയറ്റുമതി വരുമാനം 2023 ഓഗസ്റ്റില്‍ 180 കോടി ഡോളര്‍ വര്‍ധിച്ച് 1,710 കോടി ഡോളറിലെത്തി. ഇന്ത്യക്ക് നല്‍കിയിരുന്ന റഷ്യന്‍ ക്രൂഡിന്റെ കിഴിവ് 2023 മെയ്-ജൂലൈ മാസങ്ങളില്‍ ബാരലിന് 4-5 ഡോളറായി കുറഞ്ഞിരുന്നു. അതിനുമുമ്പ് ഡിസ്‌കൗണ്ട് 6-10 ഡോളറായിരുന്നു. റഷ്യന്‍ ക്രൂഡിന് 60 ഡോളര്‍ എന്ന പരമാവധി വില പരിധി യൂറോപ്യന്‍ യൂണിയനും മറ്റും നിശ്ചയിച്ചിരുന്നു. റഷ്യയുടെ വരുമാന വര്‍ധനക്ക് തടയിടാനായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ ബാരലിന് 69 ഡോളറില്‍ വ്യാപാരം ചെയ്തുകൊണ്ട് റഷ്യ ഈ പരിധി ലംഘിച്ചിരുന്നു. വില വര്‍ധനയെത്തുടര്‍ന്ന് ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയില്‍ വാങ്ങലില്‍ റഷ്യന്‍ ക്രൂഡിന്റെ വിഹിതം ഏകദേശം 40 ശതമാനത്തില്‍ നിന്ന് 2023 ഓഗസ്റ്റില്‍ 34 ശതമാനമായി കുറഞ്ഞതായി ഐ.ഇ.എ വ്യക്തമാക്കി.

‘ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച 2023 ലെ 100 മികച്ച കമ്പനികളുടെ പട്ടികയില്‍ എത്തിയ ഒരേ ഒരു ഇന്ത്യന്‍ കമ്പനിയായി ഇന്‍ഫോസിസ്. ടൈംസ് എല്ലാവര്‍ഷവും പുറത്തിറക്കുന്ന മികച്ച കമ്പനികളുടെ പട്ടികയില്‍ ഇത്തവണ ആദ്യ നാലു സ്ഥാനങ്ങളിലെത്തിയത് മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ്, മെറ്റ എന്നിവരാണ്. ഈ കമ്പനികളുടെ പട്ടികയില്‍ 64-ാമത് ഇന്‍ഫോസിസ് എത്തിയത്. 750 മികച്ച കമ്പനികളുടെ പട്ടികയില്‍ ആഗോള പ്രൊഫഷണല്‍ സേവനദാതാക്കളില്‍ മൂന്നാമത് തങ്ങളെന്ന് ഇന്‍ഫോസിസ് ട്വീറ്റില്‍ പങ്കുവച്ചു. ആഗോള തലത്തില്‍ മികച്ച 750 കമ്പനികളുടെ ലിസ്റ്റാണ് ടൈംസ് പുറത്തു വിട്ടിട്ടുള്ളത്. ഇതില്‍ 174-ാം സ്ഥാനത്ത് വിപ്രോ ഉണ്ട്. മഹീന്ദ്ര ഗ്രൂപ്പ് 210-ാം സ്ഥാനത്തും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 248-ാം സ്ഥാനത്തുമാണുള്ളത്. എച്ച്.സി.എല്‍ 262-ാം സ്ഥാനത്തും എച്ച്.ഡി.എഫ്.സി ബാങ്ക് 418-ാം സ്ഥാനത്തുമുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്കാണ് ഈ പട്ടികയിലെത്തിയ ഇന്ത്യയില്‍ നിന്നുള്ള ഏക ബാങ്ക്.

തിരകഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന പുതിയ ചിത്രമാണ് ‘റാണി’. ഭാവന, ഹണി റോസ്, ഇന്ദ്രന്‍സ്, ഉര്‍വശി, ഗുരു സോമസുന്ദരം, അനുമോള്‍, നിയതി,അശ്വിന്‍ ഗോപിനാഥ് എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. വളരെ കാലികമായ വിഷയം അവതരിപ്പിക്കുന്ന ത്രില്ലറാണ് റാണി. ചിത്രം ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ ഉദ്ദേഗജനകമായ കഥ പറയുന്നു. സൂപ്പര്‍താരം മോഹന്‍ലാല്‍ തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് റാണിയുടെ ട്രെയിലര്‍ ലോഞ്ച് ചെയ്തു . ഈ മാസം 21 ന് ‘ റാണി ‘ തീയേറ്ററുകളില്‍ എത്തും. മണിയന്‍ പിള്ള രാജു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അബി സാബു, ആമി പ്രഭാകരന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. മാജിക്ക് ടൈല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന്‍, വിനോദ് മേനോന്‍, ജിമ്മി ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘തിറയാട്ടം’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്നു. ‘മണ്ണിന്റെ മണമുള്ള’ എന്നു തുടങ്ങുന്ന ഗാനം മധു ബാലകൃഷ്ണന്‍ ആണ് ആലപിച്ചത്. സജീവ് കിളികുലം വരികള്‍ കുറിച്ച് സംഗീതം പകര്‍ന്നു. മനോരമ മ്യൂസിക് ആണ് തിറയാട്ടത്തിലെ പാട്ട് പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ചത്. ‘മണ്ണിന്റെ മണമുള്ള മനസ്സുമായി.. മഴ നനയും നിലാവിന്റെ നാലുകെട്ടില്‍.. വെറുതെയിരുന്നു കിനാവുകാണും ദ്രാവിഡരാജകുമാരന്‍….’. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ ഈ ഗാനത്തിനു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. സജീവ് കിളികുലം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘തിറയാട്ടം’. രാഖി എ.ആര്‍. ചിത്രം നിര്‍മിക്കുന്നു. പ്രശാന്ത് മാധവ് ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്.

ചെറു എസ്യുവി, സി 3 എയര്‍ക്രോസ് വിപണിയിലെത്തിച്ച് സിട്രോണ്‍. 9.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. യു, പ്ലസ്, മാക്സ് വകഭേദങ്ങളില്‍ അഞ്ച്, ഏഴു സീറ്റ് വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 9.99 ലക്ഷം രൂപ മുതല്‍ 12.10 ലക്ഷം രൂപ വരെയാണ്. 9.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ‘യു’ വിന് അഞ്ച് സീറ്റ് വകഭേദം മാത്രമേയുള്ളൂ. പ്ലസിന്റെ അഞ്ച് സീറ്റിന് 11.30 ലക്ഷം രൂപയും ഏഴു സീറ്റിന് 11.45 ലക്ഷം രൂപയുമാണ് വില. ഉയര്‍ന്ന വകഭേദം മാക്സിന്റെ അഞ്ചു സീറ്റിന് 11.95 ലക്ഷം രൂപയും ഏഴു സീറ്റിന് 12.10 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. വില പ്രഖ്യാപിക്കുന്നതിനൊപ്പം വാഹനത്തിന്റെ ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്. 25000 രൂപ നല്‍കിയാല്‍ സിട്രോള്‍ സി 3 എയര്‍ക്രോസ് ബുക്ക് ചെയ്യാം. സിട്രോണിന്റെ ഇന്ത്യയിലെ നാലാമത്തെ മോഡലാണ് സി 3 എയര്‍ക്രോസ്. 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനോടെ മാത്രമാണ് പുതിയ എസ്യുവി എത്തുക. 110 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് എയര്‍ക്രോസില്‍. തുടക്കത്തില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മോഡലായണ് എത്തുക. ഓട്ടമാറ്റിക്ക് മോഡല്‍ പിന്നീട് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മനുഷ്യബന്ധങ്ങളെക്കുറിച്ചും പ്രണയത്തെക്കുറിച്ചും കൃത്യമായ നിലപാടുകള്‍സൂക്ഷിക്കുന്ന മാലു എന്ന കഥാപാത്രത്തിന്റെ ജീവിതവഴികളാണ് ഈ രചന. വ്യക്തമായ വീക്ഷണവും ബന്ധങ്ങളുടെ ആഴവും അവതരിപ്പിക്കുന്ന എഴുത്ത്. കുടുംബത്തിന്റെയും വ്യക്തിജീവിതത്തിന്റെയും കെട്ടുറപ്പുകളെ ഊട്ടിയുറപ്പിക്കുന്ന ശക്തമായ സ്ത്രീയുടെ ജീവിതം അവതരിപ്പിക്കുന്ന ഈ നോവല്‍ സമകാലത്തിലേക്കുള്ള ചുവടുവയ്പാണ്. ‘കനല്‍ തൊടുന്ന ഹൃദയങ്ങള്‍’. മേരി ജേക്കബ്ബ്. ഗ്രീന്‍ ബുക്സ്. വില 152 രൂപ.

ജീവിതശൈലയില്‍ ചില നല്ല ശീലങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ജനിതകപരമായി വിഷാദരോഗ സാധ്യതയുള്ളവരില്‍ പോലും ഇത്തരം ശീലങ്ങള്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ഇംഗ്ലണ്ടിലെ കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. നേച്ചര്‍ മെന്റല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് അനുസരിച്ച് ഇനി പറയുന്ന ശീലങ്ങള്‍ പിന്തുടരുന്നത് വിഷാദരോഗ സാധ്യത ഗണ്യമായി കുറയ്ക്കും. ആരോഗ്യകരമായ ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം, പുകവലിശീലം ഒഴിവാക്കല്‍, മദ്യപാനം ഒഴിവാക്കുകയോ പരിമിതമായ തോതില്‍ മാത്രം ആക്കുകയോ ചെയ്യുക, സാമൂഹികമായ ബന്ധങ്ങള്‍ ഉണ്ടാക്കുകയും നിലനിര്‍ത്തുകയും ചെയ്യുക, നല്ല ഉറക്കം, അലസമായ ജീവിതശൈലി ഒഴിവാക്കി സജീവമായി ഇരിക്കുക. യുകെ ബയോബാങ്കിലെ 2,90,000 പേരുടെ വിവരങ്ങള്‍ ഒന്‍പത് വര്‍ഷക്കാലം പരിശോധിച്ചാണ് ഈ നിഗമനങ്ങളിലേക്ക് ഗവേഷകര്‍ എത്തിച്ചേര്‍ന്നത്. ഇവരില്‍ 13,000 പേര്‍ക്ക് വിഷാദരോഗം അനുഭവപ്പെട്ടു. ഈ ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഉറക്കമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. രാത്രിയില്‍ ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ തുടര്‍ച്ചയായി ഉറങ്ങാന്‍ സാധിച്ചവരിലെ വിഷാദരോഗ സാധ്യത 22 ശതമാനം കുറഞ്ഞതായി ഇവര്‍ നിരീക്ഷിച്ചു. ഒരിക്കലും പുകവലിക്കാത്തവര്‍ക്ക് വിഷാദരോഗ സാധ്യത 20 ശതമാനം കുറഞ്ഞിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. നല്ല സാമൂഹിക ബന്ധങ്ങളുള്ളവര്‍ക്ക് വിഷാദരോഗ സാധ്യത 18 ശതമാനം കുറഞ്ഞിരിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. ആരോഗ്യകരമായ ഭക്ഷണക്രമം ആറ് ശതമാനവും പരിമിതമായ മദ്യപാനം 11 ശതമാനവും നിത്യവുമുള്ള വ്യായാമം 14 ശതമാനവും സജീവമായ ജീവിതശൈലി 13 ശതമാനവും വിഷാദരോഗ സാധ്യത കുറയ്ക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.09, പൗണ്ട് – 102.92, യൂറോ – 88.46, സ്വിസ് ഫ്രാങ്ക് – 92.59, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.55, ബഹറിന്‍ ദിനാര്‍ – 220.95, കുവൈത്ത് ദിനാര്‍ -269.62, ഒമാനി റിയാല്‍ – 216.40, സൗദി റിയാല്‍ – 22.19, യു.എ.ഇ ദിര്‍ഹം – 22.62, ഖത്തര്‍ റിയാല്‍ – 22.82, കനേഡിയന്‍ ഡോളര്‍ – 61.38.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *