mid day hd 13

 

രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന നവംബറോടെ മന്ത്രിസഭാ പുന:സംഘടയ്ക്കു സാധ്യത. സ്പീക്കര്‍ ഷംസീറിനെ മന്ത്രിയാക്കി ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ സ്പീക്കറാക്കിയേക്കും. ഘടകക്ഷികളുടെ മന്ത്രി സ്ഥാനം വച്ചുമാറണമെന്ന മുന്‍ധാരണയനുസരിച്ച് ഗതാഗാത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറിയേക്കും. പകരം കടന്നപ്പള്ളി രാമചന്ദ്രനേയും കെ.ബി. ഗണേഷ്‌കുമാറിനേയും മന്ത്രസഭയില്‍ എടുത്തേക്കും. ഗതാഗതവകുപ്പ് വേണ്ടെന്ന് ഗണേഷ്‌കുമാര്‍ നേരത്തേ അറിയിച്ചിട്ടുണ്ട്.

മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് അറിയില്ലെന്നും ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഗണേഷ് കുമാറിനെ മാറ്റിനിര്‍ത്തേണ്ട സാഹചര്യമില്ല. ഇടതു മുന്നണി യോഗം ഈ മാസം 20 നു ചേരും. ജയരാജന്‍ പറഞ്ഞു.

മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് അറിയില്ലെന്നും മന്ത്രി സ്ഥാനം ഒഴിയാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും ആന്റണി രാജു. ഒരു നിയോജക മണ്ഡലം നോക്കുന്നതാണ് സംസ്ഥാനം നോക്കുന്നതിനേക്കാള്‍ നല്ലത്. ആന്റണി രാജു പറഞ്ഞു.

ഇന്ന് നിപ പോസിറ്റീവായ 39 കാരന്‍ കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയുടെ ആരോഗ്യ നിലയില്‍ ആശങ്കയില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. ഇതോടെ ജില്ലയില്‍ ആക്ടീവ് കേസുകള്‍ നാലായി. ഒമ്പതു വയസുകാരന്‍ വെന്റിലേറ്ററില്‍ ആണെങ്കിലും മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മാവോയിസ്റ്റ് വേട്ടയ്‌ക്കെന്ന പേരില്‍ 300 കോടി രൂപ തട്ടിയ പിണറായി സര്‍ക്കാരിനെ തുറന്നു കാട്ടുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് കോടതി വെറുതെവിട്ട ഗ്രോ വാസു. തനിക്കു ലഭിച്ച ജനപിന്തുണ അമ്പരപ്പിച്ചു. സിപിഎമ്മിന്റെ സര്‍ക്കാറിനെ ഫാഷിസ്റ്റ് റിവിഷനിസ്റ്റ് സര്‍ക്കാരെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ ആത്മകഥ പുറത്തിറക്കുന്നു. ‘പ്രതി നായിക ‘ എന്ന പേരിലുള്ള ആത്മകഥയുടെ കവര്‍ ഫേസ്ബുക്ക് പേജിലൂടെ സരിത പങ്കുവച്ചു. ‘ഞാന്‍ പറഞ്ഞതെന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടു പോയവയും’ പുസ്തകത്തിലുണ്ടെന്നാണു സരിതയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. കൊല്ലത്തെ റെസ്‌പോണ്‍സ് ബുക്കാണ് പ്രസാധകര്‍.

വിരമിച്ച അധ്യാപകരരെയും ഗസ്റ്റ് അധ്യാപകരായി നിയമിക്കാമെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. 70 വയസ്സ് വരെയുള്ള വിരമിച്ച അധ്യാപകരെയും അതിഥി അധ്യാപകരായി നിയമിക്കാമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഡിവൈഎഫ്‌ഐ ഉള്‍പ്പടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ നിയമനം ശരിവച്ച ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

നടന്‍ അലന്‍സിയറിന്റെ പെണ്‍പ്രതിമ പരാമര്‍ശം നിര്‍ഭാഗ്യകരമെന്ന് മന്ത്രി ആര്‍ ബിന്ദു. അലന്‍സിയറിന്റെ പ്രതികരണം പുരുഷാധിപത്യ ബോധത്തിന്റെ ബഹിര്‍സ്പുരണമാണ്. ഒരിക്കലും അത്തരമൊരു വേദിയില്‍ അങ്ങനെ സംസാരിക്കാന്‍ പാടില്ലായിരുന്നു. ഡോ. ബിന്ദു പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്കെതിരേ സോളാര്‍ തട്ടിപ്പുകാരിയുടെ ലൈംഗിക പീഡന കേസ് സംബന്ധിച്ച ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം വേണമെന്ന യുഡിഎഫിന്റെ ആവശ്യം മലര്‍ന്നു കിടന്നു തുപ്പലാണെന്ന് എ കെ ബാലന്‍. ഗൂഢാലോചനക്ക് പിന്നില്‍ ആരാണെന്ന് ജനങ്ങള്‍ക്കറിയാം. അന്വേഷണത്തിന് ഉമ്മന്‍ചാണ്ടിയുടെ കുടുംബം തയ്യാറാകുമെന്ന് കരുതുന്നില്ലെന്നും എകെ ബാലന്‍ പറഞ്ഞു.

മറയൂര്‍ ചന്ദന ലേലത്തില്‍ ചന്ദനം വിറ്റുപോയത് 37 കോടി 22 ലക്ഷം രൂപയ്ക്ക്. ഒന്‍പത് സംസ്ഥാനങ്ങളിലെ വിവിധ സ്ഥാപനങ്ങള്‍ ലേലത്തില്‍ പങ്കെടുത്തു. കര്‍ണാടക സോപ്സാണ് ഏറ്റവും അധികം ചന്ദനം വാങ്ങിയത്. 25.99 ടണ്‍ ചന്ദനമാണ് കര്‍ണാടക സോപ്സ് വാങ്ങിയത്.

തൃശൂര്‍ സിറ്റി ക്രൈംബ്രാഞ്ച് എസ്‌ഐ ടി.ആര്‍ ആമോദിനെതിരെ നെടുപുഴ സിഐ കള്ളക്കേസെടുത്തതാണെന്ന് തൃശൂര്‍ എസിപി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. രക്ത പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെയാണ് എസ്‌ഐയ്‌ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. ആമോദിന്റെ സസ്പന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല.

ചന്ദ്രബോസ് വധക്കേസില്‍ മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം നല്‍കിയ അപ്പീല്‍ ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ സുപ്രീംകോടതി മാറ്റി. നിഷാമിനെതിരേ സംസ്ഥാനം സമര്‍പ്പിച്ച അധികരേഖയില്‍ മറുപടി നല്‍കാന്‍ എതിര്‍ഭാഗം സമയം ചോദിച്ചതിനാലാണ് കേസ് മാറ്റിയത്. നിഷാം സ്ഥിരം കുറ്റവാളിയാണെന്നും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നുമാണു സര്‍ക്കാരിന്റെ വാദം.

പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറു വയസുകാരിക്കു പരിക്കേറ്റു. പാലക്കാട് കല്ലടിക്കോട് സ്വദേശി ഫിന്‍സ ഐറിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.

ആന്‍ഡമാന്‍ ദ്വീപില്‍ 100 കോടി രൂപയുടെ മയക്കുമരുന്നു കണ്ടെത്തി നശിപ്പിച്ചത്. മഞ്ചേരിയില്‍ 500 ഗ്രാം മെത്താംഫെറ്റമിനുമായി എക്‌സൈസിന്റെ പിടിയിലായ മൂന്നു പേരെ ചോദ്യം ചെയ്തപ്പോഴാണ് ആന്‍ഡമാനിലെ ബലാക്ക് ദ്വീപില്‍ പണ്ട് ജപ്പാന്‍ സേന ഉപയോഗിച്ച് ഉപേക്ഷിച്ച ബങ്കറില്‍ സൂക്ഷിച്ച 50 കിലോ മെത്താഫെറ്റമിന്‍ പിടികൂടി നശിപ്പിച്ചത്. നാലു വര്‍ഷം മുന്‍പ് ലഹരി മാഫിയ സംഘം കടലില്‍ മുക്കിയ കപ്പലിലെ മയക്കുമരുന്നാണ് തീരത്ത് എത്തിയത്.

കേസ് മാറ്റിവയ്ക്കണമെന്ന് അപേക്ഷിക്കാന്‍ ജൂനിയര്‍ അഭിഭാഷാകനെ കോടതിയിലേക്കയച്ച സീനിയര്‍ അഭിഭാഷകന് 2000 രൂപ പിഴ ചുമത്തി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അഭിഭാഷകനെതിരെ നടപടിയെടുത്തത്.

ലാന്‍ഡു ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വേയിലേക്ക് ഇടിച്ചിറങ്ങി. മുംബൈ വിമാനത്താവളത്തില്‍ കനത്ത മഴയുന്നതിനിടെയാണ് സ്വകാര്യ ചാര്‍ട്ടര്‍ വിമാനം അപകടത്തില്‍ പെട്ടത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും മൂന്ന് ജീവനക്കാരും ഉള്‍പ്പെടെ എട്ട് പേര്‍ക്കു പരിക്കേറ്റു.

മൂന്നു സ്ത്രീകള്‍ക്കു ക്ഷേത്ര പൂജാരിമാരാകാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പരിശീലനം നല്‍കി. എസ് രമ്യ, എസ് കൃഷ്ണവേണി, എന്‍ രഞ്ജിത എന്നിവര്‍ തിരുച്ചിറപ്പള്ളിക്കടുത്തുള്ള ശ്രീരംഗത്തിലെ ശ്രീ രംഗനാഥ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അര്‍ച്ചകര്‍ പയിര്‍ച്ചിയിലാണ് പരിശീലനം നേടിയത്. ഒരു വര്‍ഷം കൂടി പ്രമുഖ ക്ഷേത്രങ്ങളില്‍ പരിശീലനം നേടിയശേഷം അവരെ പൂജാരിമാരായി നിയമിക്കും. ഇത് ഉള്‍ക്കൊള്ളലിന്റെയും സമത്വത്തിന്റെയും പുതിയ യുഗമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രതികരിച്ചു.

ഇന്ത്യയുടെ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ വണ്‍ ഉപഗ്രഹത്തിന്റെ നാലാമത് ഭമണപഥം ഉയര്‍ത്തല്‍ ഇന്നു പുലര്‍ച്ചെ പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു.

ഭൂട്ടാനിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യാം. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ റെയില്‍വേ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന 12,000 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് ഭൂട്ടാനിലേക്കും റെയില്‍വേ ലൈനുകള്‍ നീട്ടുന്നത്. ഭൂട്ടാനിലേക്കുള്ള പാതയ്ക്കായി ആയിരം കോടി രൂപയാണ് മുടക്കുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *