ഇടുക്കിയിലെ മലയോര മേഖലയില്‍ കെട്ടിട നിര്‍മാണ വിലക്കു മറികടക്കാനുള്ള ഭൂ പതിവ് ഭേദഗതി ബില്ല് നിയമസഭയില്‍. വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരു മുന്നണികളും ഇടുക്കി ജില്ലയില്‍ പലതവണ ഹര്‍ത്താല്‍ നടത്തിയിരുന്നു.
ഉമ്മന്‍ ചാണ്ടിക്കെതിരേ ലൈംഗികാരോപണ കേസെടുക്കാന്‍ ഗൂഢാലോചന നടത്തിയതില്‍ സിബിഐ അന്വേഷണം വേണമെന്ന് യുഡിഎഫ്. അന്വേഷണം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി. സിബിഐ അന്വേഷിച്ചില്ലെങ്കില്‍ നിയമ വഴി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടിവന്നാലും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതില്‍ സര്‍ക്കാരിന്റെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്നും നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 4.29 രൂപക്കു വാങ്ങിയിരുന്ന വൈദ്യുതി 5.12 മുതല്‍ 6.34 രൂപ വരെ ഉയര്‍ന്ന നിരക്കില്‍ വാങ്ങിയതിലൂടെ ഏഴു കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നു. ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാവ് ഉള്‍പ്പെടുന്ന റെഗുലേറ്ററി കമ്മീഷനാണെന്നും പ്രതിപക്ഷം ആരോപിച്ചു. കരാര്‍ റദ്ദാക്കിയതില്‍ സര്‍ക്കാരിന് പങ്കില്ലെന്നും, സര്‍ക്കാര്‍ താത്പര്യങ്ങള്‍ക്കു വിരുദ്ധമായാണ് കമ്മീഷന്‍ നടപടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക തുകയുടെ 50 ശതമാനം നല്‍കാന്‍ ഉത്തരവിറക്കിയെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 81 കോടി 73 ലക്ഷം രൂപ അനുവദിച്ചെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. കുടിശ്ശിക മുഴുവനും വേണമെന്ന് അധ്യാപക സംഘടന കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ തുകയും നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി ഹൈക്കോടതി ഈ മാസം 30 ന് പരിഗണിക്കും.
അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ കെ സുധാകരന്റെ മൊഴി കോഴിക്കോട് വിജിലന്‍സ് രേഖപ്പെടുത്തി. വിജിലന്‍സ് പ്രത്യേക സെല്‍ എസ്.പി അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു 2021 ല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. കെ. കരുണാകരന്‍ ട്രസ്റ്റ് രൂപീകരിച്ച് ചിറക്കല്‍ രാജാസ് സ്‌കൂള്‍ ഏറ്റെടുക്കാന്‍ വിദേശത്തുനിന്ന് ഉള്‍പ്പടെ പണം പിരിച്ചെന്നാണ് പരാതി.
ശബരിമലയില്‍ അന്നദാനം നടത്താന്‍ അഖില ഭാരത അയ്യപ്പ സേവാ സംഘത്തിനു നല്‍കിയ അനുമതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ അപ്പീല്‍. കഴിഞ്ഞ ഏപ്രിലിലാണ് ഹൈക്കോടതി അന്നദാനത്തിനുള്ള അനുമതി റദ്ദാക്കിയത്.
സോളാര്‍ തട്ടിപ്പുകാരിയുടെ ലൈംഗിക പീഡന പരാതികള്‍ ആളിക്കത്തിച്ച് ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കണമെന്ന് താന്‍ ആവശ്യപ്പെട്ടെന്ന അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. ഫെനി ബാലകൃഷ്ണനുമായി തനിക്ക് ഒരു പരിചയവുമില്ല. അയാള്‍ക്കു പിന്നില്‍ മറ്റാരോ ആണ്. കൊല്ലം ഗസ്റ്റ് ഹൗസില്‍ താമസിച്ചിട്ടേയിലെന്ന് പറഞ്ഞ ജയരാജന്‍ പിന്നീട് രണ്ട് തവണ താമസിച്ചിട്ടുണ്ടെന്നു തിരുത്തി. മാധ്യമങ്ങള്‍ നേതാക്കന്മാരുടെ നിലവാരം കുറയ്ക്കരുതെന്നും ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.
സോളാര്‍ കേസില്‍ അന്വേഷണം വേണ്ടെന്ന യുഡിഎഫ് സമീപനം അവസരവാദപരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്വേഷണം വന്നാല്‍ യുഡിഎഫിലെ വൈരുദ്ധ്യങ്ങള്‍ പുറത്തുവരും. കോണ്‍ഗ്രസില്‍ ആഭ്യന്തര കലാപമുണ്ടാകുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
സോളാര്‍ തട്ടിപ്പുകാരിയുടെ കത്തില്‍ കുറേ പേരുകള്‍ ചേര്‍ക്കാന്‍ താന്‍ ആവശ്യപ്പെട്ടെന്ന് ആരോപിച്ച ഫെനി ബാലകൃഷ്ണന്‍ ഭൂലോക തട്ടിപ്പുകാരനാണെന്ന് വെള്ളാപ്പള്ളി നടേശന്‍. ഫെനി ബാലകൃഷ്ണന്റെ ആരോപണം പച്ചക്കളളമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സോളാര്‍ കേസ് അടഞ്ഞ അധ്യായമാണ്. ഗണേഷ് കുമാറിന് സ്വഭാവ ശുദ്ധിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ 2008 മുതലുള്ള ആദായ നികുതി അടക്കണമെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. 2006 ലെ ഫിനാന്‍സ് ആക്ട് പ്രകാരം സഹകരണ ബാങ്കുകള്‍ നികുതിയിളവിന് അര്‍ഹതയുണ്ടായിരുന്നില്ല. ഗ്രാമീണ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഉത്തരവ്. കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമീണ വികസന ബാങ്കാണ് സുപ്രീം കോടതിയെ സമീപിച്ചത്.
മലപ്പുറത്തെ പരിയാപുരത്ത് ടാങ്കര്‍ ലോറി മറിഞ്ഞ് ഡീസല്‍ ഒഴുകി ആറു കിണറുകളില്‍ കലര്‍ന്ന ഡീസല്‍ അഗ്‌നിശമന സേന കത്തിച്ചു കളഞ്ഞു. കിണറ്റില്‍ തീയിട്ടതോടെ തീ ആളിക്കത്തി സമീപത്തുണ്ടായിരുന്ന തെങ്ങും കത്തി നശിച്ചു. കോണ്‍വെന്റിലെ കിണറിലും തീയിട്ടു.
കോഴിക്കോട് ജില്ലയിലെ നിപ നിയന്ത്രണങ്ങളുടെ തുടര്‍ച്ചയായി വയനാട്ടിലും നിയന്ത്രണങ്ങള്‍. മാനന്തവാടി പഴശി പാര്‍ക്കിലേക്കുള്ള പ്രവേശനം നിരോധിച്ചു. കണ്ടെയിന്‍മെന്റ് സോണുകളില്‍നിന്ന് വയനാട്ടിലേക്കു വരരുതെന്ന് നിര്‍ദേശം.
കുണ്ടറയില്‍ വിദ്യാര്‍ഥിനി കഴുത്തറുത്തു മരിച്ച നിലയില്‍. ഇളമ്പള്ളൂര്‍ വേലുത്തമ്പി നഗറില്‍ എന്‍. ജയകൃഷ്ണ പിള്ളയുടെയും രമാദേവിയുടെയും മകള്‍ 22 കാരി സൂര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടെ വീടിന്റെ ടെറസിലാണ് സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ക്ഷേത്ര ദര്‍ശനത്തിന് എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പൂജാരിക്ക് അഞ്ചു വര്‍ഷം കഠിനതടവും 18,000 രൂപ പിഴയും ശിക്ഷ. പത്തനംതിട്ട തോട്ടാപ്പുഴശേരി ആറന്മുള ചെട്ടിമുക്ക് അമ്പലപ്പടി ഭാഗത്ത് താമസിക്കുന്ന കന്യാകുമാരി കിള്ളിയൂര്‍ പൈന്‍കുളം അഴംകുളം കുളത്തുവിള വീട്ടില്‍ വിപിനെയാണ് (34) കട്ടപ്പന പോക്‌സോ കോടതി ശിക്ഷിച്ചത്.
കൊച്ചി സിറ്റിയിലെ ആയുര്‍വേദ സ്പാകളിലും മസാജ് പാര്‍ലറുകളിലും റെയ്ഡ്. 83 ആയുര്‍വേദ സ്പാകളിലും മസ്സാജ് പാര്‍ലറുകളിലുമാണ് പരിശോധന നടത്തിയത്.
തൃശൂര്‍ ചിറക്കേക്കോട് അച്ഛന്‍ പെട്രോളൊഴിച്ച് കത്തിച്ച് മകനും ചെറുമകനും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജു (40), മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവരാണ് മരിച്ചത്. ജോജുവിന്റെ ഭാര്യ ലിജി (34) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പിന്നീട് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച അച്ഛന്‍ ജോണ്‍സനും (58 ) ചികിത്സയിലാണ്.
കരുവാരക്കുണ്ടില്‍ പതിനൊന്നുകാരിയായ മകളെ അഞ്ചാം വയസുമുതല്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പിതാവിന് 97 വര്‍ഷം കഠിനതടവും 1,10,000 രൂപ പിഴയും. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
കര്‍ണാടകത്തില്‍ ബിജെപി നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് അഞ്ചു കോടി രൂപ തട്ടിയെടുത്ത ഹിന്ദുത്വ ആക്ടിവിസ്റ്റ് ചൈത്ര കുന്ദാപുരയെ പൊലീസ് പിടികൂടി. ചൈത്രയും അഞ്ചു പേരെയും ബെംഗളുരുവില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പൊലീസാണ് അറസ്റ്റു ചെയ്തത്. ബിസിനസുകാരനായ ഗോവിന്ദ ബാബു പൂജാരിയില്‍ നിന്ന് ബൈന്ദൂര്‍ നിയമ സഭാ സീറ്റ് വാഗ്ദാനം ചെയ്താണു പണം തട്ടിയെടുത്തത്.
തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിക്കു നാളെ തുടക്കം. 1.06 കോടി പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. മുഖ്യമന്ത്രി സ്റ്റാലിന്‍ കാഞ്ചീപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും.
അംബേദ്കറിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ആര്‍ എസ് എസ് ചിന്തകന്‍ ആര്‍.ബി.വി.എസ് മണിയനെ ചെന്നൈ പൊലീസ് അറസ്റ്റു ചെയ്തു. അംബേദ്കര്‍ ഒരു പട്ടികജാതിക്കാരനായ ടൈപിസ്റ്റു മാത്രമാണെന്നും ഭരണഘടന ശില്പിയെന്ന് അംബേദ്കറെ വിളിക്കുന്നവര്‍ക്ക് വട്ടാണെന്നുമായിരുന്നു മണിയന്റെ പരാമര്‍ശം.
ആട് മേയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം മൂത്ത് കൂട്ടത്തല്ലിനിടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം.
ഫാക്ടറികള്‍ സന്ദര്‍ശിച്ചു പരിശോധന നടത്താനുള്ള ഡോക്ടറില്‍ നിന്ന് പരിശോധിക്കുന്ന ഓരോ രോഗിക്കും അമ്പതു രൂപ നിരക്കില്‍ കൈക്കൂലി ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തു. മഹാരാഷ്ട്ര സര്‍ക്കാറിലെ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെയാണ് പിടികൂടിയത്.
അമേരിക്കയിലെ സിയാറ്റിലില്‍ പൊലീസ് പട്രോള്‍ വാഹനം ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ടുല കൊല്ലപ്പെട്ടപ്പോള്‍ പൊലീസ് ഓഫീസര്‍ പൊട്ടിച്ചിരിച്ച ദൃശ്യം പുറത്തുവന്നതിനു പിറകേ നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഈ ദൃശ്യത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു.