ജൂലൈയില്‍ 15-മാസത്തെ ഉയരമായ 7.44 ശതമാനത്തിലെത്തിയ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം ഓഗസ്റ്റില്‍ 6.83 ശതമാനമായി കുറഞ്ഞു. നിരീക്ഷകര്‍ പ്രവചിച്ചിരുന്നത് 7 ശതമാനത്തിന് മുകളില്‍ തുടരുമെന്നായിരുന്നു. അതേസമയം, റിസര്‍വ് ബാങ്കിന്റെയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെയും സഹനപരിധിയായ 6 ശതമാനത്തിന് മുകളില്‍ പണപ്പെരുപ്പം തുടരുന്നുവെന്ന ആശങ്ക നിലനില്‍ക്കുന്നു. നിലവില്‍, തുടര്‍ച്ചയായ 47-ാം മാസമാണ് പണപ്പെരുപ്പം ഈ ലക്ഷ്മണരേഖയ്ക്ക് മുകളില്‍ തുടരുന്നത്. ഭക്ഷ്യവിലപ്പെരുപ്പം ജൂലൈയിലെ 11.51 ശതമാനത്തില്‍ നിന്ന് കഴിഞ്ഞമാസം 9.94 ശതമാനമായി താഴ്ന്നത് നേരിയ ആശ്വാസം നല്‍കുന്നു. പച്ചക്കറികളുടെ വിലയില്‍ ജൂലൈയെ അപേക്ഷിച്ച് 5.9 ശതമാനത്തിന്റെ കുറവുണ്ടായി. കേരളത്തിലും റീട്ടെയില്‍ പണപ്പെരുപ്പം കഴിഞ്ഞമാസം താഴ്ന്നു. ജൂലൈയിലെ 6.43 ശതമാനത്തില്‍ നിന്ന് 6.26 ശതമാനമായാണ് കുറഞ്ഞത്. ഗ്രാമങ്ങളിലെ പണപ്പെരുപ്പം ജൂലൈയിലെ 6.51 ശതമാനത്തില്‍ നിന്ന് 6.40 ശതമാനത്തിലേക്കും നഗരങ്ങളിലേത് 6.37ല്‍ നിന്ന് 6.08 ശതമാനത്തിലേക്കും താഴ്ന്നു. പണപ്പെരുപ്പം 6 ശതമാനത്തിനുമേല്‍ തുടരുകയാണെങ്കിലും രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഡല്‍ഹി (3.09%), അസാം (4.01%), ബംഗാള്‍ (4.49%), ജമ്മു കശ്മീര്‍ (5.45%), ഛത്തീസ്ഗഢ് (5.52%), മദ്ധ്യപ്രദേശ് (6.07%), മഹാരാഷ്ട്ര (6.12 ശതമാനം) എന്നിവ മാത്രമാണ് കേരളത്തേക്കാള്‍ പണപ്പെരുപ്പം കുറഞ്ഞവ. 8.60 ശതമാനവുമായി രാജസ്ഥാനാണ് വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനം. ഹരിയാന (8.27%), തെലങ്കാന (8.27%), ഒഡീഷ (8.23%) എന്നിവിടങ്ങളിലും പണപ്പെരുപ്പം 8 ശതമാനത്തിന് മുകളിലാണുള്ളത്.