സോളാര്‍ തട്ടിപ്പുകാരിയുടെ കത്തു വേണമെന്ന് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ആവശ്യപ്പെട്ടതനുസരിച്ചാണ് ശരണ്യ മനോജിനെ സമീപിച്ചു കത്തു തരപ്പെടുത്തിയതെന്ന് കത്തു പുറത്തുവിട്ട ദല്ലാള്‍ ടി ജി നന്ദകുമാര്‍. കത്തുമായി സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെ കണ്ടത് എകെജി സെന്ററിനരികിലെ ഫ്ളാറ്റിലാണ്. കത്ത് വി എസ് അച്യുതാനന്ദനെയും കാണിച്ചു. യുഡിഎഫിലെ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അവരുടെ ആളുകള്‍ തന്നെ സമീപിച്ച് കത്ത് വിഎസിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പുകാരിക്ക് ഒന്നേകാല്‍ ലക്ഷം രൂപയാണു താന്‍ നല്‍കിയത്. കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുണ്ടായിരുന്നു. രണ്ടു കത്തുകളുണ്ട്. തന്നെ കാണാന്‍ വന്ന നന്ദകുമാറിനെ ഇറക്കിവിട്ടെന്നാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. ഗണേഷ്കുമാറുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.
യുഡിഎഫിലെ മുന്‍ ആഭ്യന്തര മന്ത്രിമാര്‍ ഉമ്മന്‍ ചാണ്ടിയെ പുറത്താക്കാന്‍ ആഗ്രഹിച്ചെന്ന നന്ദകുമാറിന്റെ ആരോപണത്തിനു പ്രതികരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയും ധൂര്‍ത്തും ചര്‍ച്ചയാക്കി നിയമസഭ. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് സര്‍ക്കാര്‍ അനുമതി നല്കി. അങ്കമാലി എംഎല്‍എ റോജി എം ജോണാണ് പ്രമേയത്തിന് അവതരണാനുമതി തേടിയത്.
കോഴിക്കോട് ജില്ലയില്‍ നിപ ജാഗ്രത. മാസ്ക് നിര്‍ബന്ധമാക്കി. ഏഴു പഞ്ചായത്തുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു യാത്രാവിലക്ക് ഏര്‍പ്പെടുത്തി. നിപ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്ന മൂന്നു പേരുടെ ഫലം നെഗറ്റീവാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിആര്‍ ഡിഎല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്.
മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന് അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു അന്ത്യം. കരളില്‍ അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പന്തളത്ത് എംസി റോഡില്‍ കെ എസ് ആര് ടി സി ബസും ഡെലിവറി വാനും കൂട്ടിയിടിച്ച് വാനിലുണ്ടായിരുന്ന രണ്ടു പേര് മരിച്ചു. കിഴക്കമ്പലം സ്വദേശി ജോണ്സണ് മാത്യു (48) ആലുവ എടത്തല സ്വദേശി ശ്യാം വി എസ് (30) എന്നിവരാണ് മരിച്ചത്.
കേരളത്തില്‍ നിപ പരിശോധനക്കായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സജ്ജമായിട്ടും എന്തുകൊണ്ട് അങ്ങോട്ട് അയക്കാതെ പൂനയിലേക്ക് അയച്ചെന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ഐസിഎംആര്‍ മാനദണ്ഡപ്രകാരം പൂനെയിലെ ഫലപ്രഖ്യാപനത്തിനാണ് അംഗീകാരമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞതിനു പിറകേയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
നിപ വ്യാപനം തടയാന്‍ യാത്രാവിലക്കുള്ള പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസിനു നിര്‍ദേശം നല്കി. സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെട്ടവരുടെ പരീക്ഷകള്‍ പിന്നീട് നടത്തുന്നതാണ്.
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനക്ക് നീതി ലഭിക്കുമോയെന്നു നിയമസഭയില്‍ കെകെ രമ. സര്‍ക്കാര്‍ ഹര്ഷിനക്കൊപ്പമാണെന്നു മന്ത്രി വീണ ജോര്‍ജ്ജിന്റെ മറുപടി. പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ നിയമ നടപടികളിലൂടെ നീതി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചി കാന്‍സര്‍ സെന്ററിലേക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ 204 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി പി രാജീവ്. കെട്ടിടനിര്‍മാണത്തിന് 2016 ല്‍ 230 കോടി അനുവദിച്ചതടക്കം 434 കോടി രൂപയുടെ കിഫ്ബി സഹായമാണ് കാന്‍സര്‍ സെന്ററിനു ലഭിക്കുക. മൂന്നു ഘട്ടങ്ങളിലായി 78.5 കോടി, 66.4 കോടി, 59.1 കോടി എന്നിങ്ങനെയാകും തുക അനുവദിക്കുകയെന്ന് മന്ത്രി അറിയിച്ചു.
ഇടുക്കി ചെറുതോണി ഡാമിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് മിലിറ്ററി ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. ഡാമില്‍ ഇന്ത്യന്‍ നേവിയുടെ സാന്നിധ്യം ഉള്ളതിനാലാണ് അന്വേഷിക്കുന്നത്. പോലീസിന്റെ അന്വേഷണപരിധിയില്‍ തീവ്രവാദ സാധ്യതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തൃശൂര്‍ ചൊവ്വൂരില്‍ പൊലീസുകാരനെ വെട്ടിയ മൂന്നു ഗുണ്ടകള്‍ പിടിയില്‍. ചൊവ്വൂര്‍ സ്വദേശികളായ ജിനു, മെജോ, അനീഷ് എന്നിവരാണ് പിടിയിലായത്. കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ നന്തിക്കര ദേശീയപാതയിലാണ് ഇവരെ പിടികൂടിയത്. ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സി.പി.ഒ സുനിലിനാണ് വെട്ടേറ്റത്.
റോഡിനു കുറുകെ വലിച്ചുകെട്ടിയ കേബിള്‍ കഴുത്തില്‍ കുടുങ്ങി അപകടം. കൊച്ചിയില്‍ എറണാകുളം – കോമ്പാറ മാര്‍ക്കറ്റ് റോഡിലാണ് അപകടം ഉണ്ടായത്. സ്കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് ഇരുപതുകാരനായ കലൂര്‍ കറുകപ്പിള്ളി സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെ ഇടുപ്പെല്ലിനു പരിക്കേറ്റു.
കണ്ണൂര്‍ പയ്യാവൂരില്‍ വില്ലേജ് ഓഫീസ് ജീവനക്കാരന് വില്ലേജ് ഒഫീസിനു മുന്നില്‍ തൂങ്ങി മരിച്ചു. കുന്നത്തൂര്‍ സ്വദേശി രാജേന്ദ്രന് (55) ആണ് മരിച്ചത്. ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരനായ ഇയാള്‍ ടെണ്ടര്‍ ജോലികള്‍ക്കും മറ്റുമായി പയ്യാവൂരിലെ ഓഫീസില്‍ വരാറുണ്ട്.
എംഡിഎംഎ കൈവശംവച്ചയാളേയും യുവതിയെയും പൊലീസ് പിടികൂടി. വൈപ്പിന്‍ എളംങ്കുന്നപ്പുഴ വളപ്പ് പുളിക്കല്‍ വീട്ടില്‍ പി സി. ഷാജി (51) തിരുവനന്തപുരം വെങ്ങാനൂര്‍ നക്കുളത്ത് വീട്ടില്‍ രേഷ്മ കെ (31) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
മയക്കുമരുന്നുമായി രണ്ടു നിയമ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് പിടികൂടി. എംഡിഎംഎയുമായി കഠിനംകുളം എ.കെ ഹൗസില്‍ അന്‍സീര്‍ (25), അണ്ടൂര്‍ക്കോണം എസ്.ആര് നിവാസില്‍ അജ്മല്‍ (28), കഠിനംകുളം ഷിയാസ് മന്‍സിലില്‍ മുഹമ്മദ് നിഷാന്‍ (27) എന്നിവരെയാണ് പൂവാര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
അഞ്ച് നഗരങ്ങളില്‍ റാലി നടത്താനുള്ള നീക്കവുമായി ഇന്ത്യ സഖ്യം. സഖ്യത്തിന്റെ കോര്‍ഡിനേഷന്‍ കമ്മിറ്റി ഇന്നു മുംബൈയില്‍ ശരത് പവാറിന്റെ വസതിയില്‍ ചേരും. ചെന്നൈ, ഗോഹട്ടി, ഡല്‍ഹി, പാറ്റ്ന, നാഗ്പൂര്‍ എന്നിവിടങ്ങളിലാണു കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ റാലി സംഘടിപ്പിക്കുക. ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പ്രസ്താവന അനവസരത്തിലായെന്നാണ് മുന്നണിയിലെ പൊതു വിലയിരുത്തല്‍.
ജി20 ഉച്ചകോടിക്ക് എത്തിയ ചൈനീസ് സംഘത്തിലെ ഒരാളുടെ അസാധാരണ വലുപ്പമുള്ള ബാഗ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു തലവേദനയായി. ഡിപ്ലോമാറ്റിക് പരിരക്ഷയുള്ളതിനാല്‍ വിമാനത്താവളത്തിലും പഞ്ചനക്ഷത്ര ഹോട്ടലായ താജ് പാലസിലും പരിശോധിച്ചില്ലെങ്കിലും അസാധാരണമായ ഉപകരണങ്ങള്‍ ബാഗിലുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചു. ബാഗ് സ്കാന്‍ ചെയ്യണമെന്ന ആവശ്യം ചൈനീസ് സംഘാംഗം നിരസിച്ചു. സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ബാഗിലെ ഉപകരണങ്ങള്‍ ചൈനീസ് എംബസിയിലേക്കു മാറ്റാന്‍ സമ്മതിച്ചതോടെയാണ് പ്രശ്നം പരിഹരിച്ചത്.
ബീഹാറില്‍ അന്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍
ഭക്ഷണത്തില്‍ ഓന്തിനെ കണ്ടെന്ന് ആരോപിച്ചു. വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജസ്ഥാന് ഭാരത്പൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര് മരിച്ചു.
ഹോങ്കോങില്‍ സൗത്ത് കൊറിയന്‍ സ്വദേശിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഇന്ത്യക്കാരനായ ഹോട്ടല്‍ ജീവനക്കാരന് അറസ്റ്റില്‍. ഹിമാചല്‍ പ്രദേശ് സ്വദേശിയായ അമിത്(46) എന്നയാളെയാണ് ഹോങ്കോങ് പൊലീസ് പിടികൂടിയത്.
കമ്പനികള്‍ വിറ്റ് 9800 കോടി രൂപയുടെ കടബാധ്യത തീര്‍ക്കാനുള്ള നീക്കവുമായി ബൈജൂസ്. രണ്ട് പ്രധാന ആസ്തികളായ എപിക്, ഗ്രേറ്റ് ലേണിംഗ് എന്നീ കമ്പനികളെ വിറ്റഴിക്കാനാണ് നീക്കം.