തിരുവോണം ആഘോഷമാക്കി ലോകമെങ്ങുമുള്ള മലയാളികള്‍. പൂക്കളമൊരുക്കിയും പുത്തനുടുപ്പണിഞ്ഞും സദ്യവട്ടങ്ങള്‍ ആസ്വദിച്ചുമാണ് ഓണാഘോഷം. ഓണാഘോഷത്തിന്റെ ഭാഗമായി നാടും നഗരവുംതോറും കലാവിരുന്നുകളുണ്ട്. തിരുവാതിരക്കളിയും വടംവലിയും കുമ്മാട്ടിക്കളിയും അടക്കമുള്ള പരമ്പരാഗത ഓണക്കളികള്‍. സാമൂഹ്യ മാധ്യമങ്ങളില്‍ ഓണാശംസകളുടെ പൊടിപൂരമാണ്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 44 കോടിയുടെ കൊക്കെയ്ന്‍, ഹെറോയിന്‍ മയക്കുമരുന്നുകള്‍ പിടികൂടി. നെയ്റോബിയില്‍ നിന്നെത്തിയ ഉത്തര്‍പ്രദേശ് സ്വദേശി പിടിയിലായി. മൂന്നര കിലോ കൊക്കെയ്ന്‍, ഒന്നേകാല്‍ കിലേ ഹെറോയിന്‍ എന്നിവയാണ് പിടിച്ചത്.
ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച മുന്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് ക്ഷമാപണം നടത്തി. മുന്‍ അഡീഷണല്‍ സെക്രട്ടറിയും ഇടതു സംഘടനാ നേതാവുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിയാണ് ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തിയത്. അധിക്ഷേപ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. അച്ചു ഉമ്മന്‍ പൊലീസില്‍ പരാതി നല്‍കിയതിനു പിറകേയാണ് ക്ഷമാപണം.
ബിഎസ്എന്‍എല്‍ എന്‍ജിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പു കേസിലെ ഏഴു പ്രതികളുടെ 314 സ്വത്തുക്കള്‍ ബഡ്സ് നിയമപ്രകാരം കണ്ടുകെട്ടാന്‍ ക്രൈം ബ്രാഞ്ച് ശുപാര്‍ശ ചെയ്തു. 210 കോടിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്. ബഡ്സ് നിയമം ചുമത്തുന്ന രാജ്യത്തെ ആദ്യ കേസാണിതെന്ന് ക്രൈം ബ്രാഞ്ച് വെളിപെടുത്തി.
വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ ടെക്നിക്കല്‍ – ബി തസ്തികയിലേക്കു നടന്ന പരീക്ഷയില്‍ ആള്‍മാറാട്ട തട്ടിപ്പു നടത്തിയ മൂന്നു പ്രതികള്‍ വേറേയും മൂന്നു തൊഴില്‍ ടെസ്റ്റുകളില്‍ തട്ടിപ്പു നടത്തി. ഈ പരീക്ഷകള്‍ റദ്ദാക്കണമെന്ന് റിപ്പോര്‍ട്ടു നല്‍കുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണ്. തട്ടിപ്പു സംഘത്തെ ഹരിയാനയില്‍ നിന്ന് കേരളത്തില്‍ എത്തിച്ചു. തട്ടിപ്പിന്റെ സൂത്രധാരനും ഹരിയാനയിലെ ഗ്രാമത്തലവന്റെ സഹോദരനുമായ ദീപക് ഷിയോകന്ദ, ഉദ്യോഗാര്‍ത്ഥി ഋഷിപാല്‍, ഇയാള്‍ക്കു വേണ്ടി തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ അമിത്ത്, ദീപകിന്റെ സഹായി ലഖ്വിന്ദര് എന്നിവരെയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ആറു ലക്ഷം രൂപയാണു പരീക്ഷാതട്ടിപ്പിനു ദീപക് വാങ്ങിയിരുന്നതെന്നു പോലീസ് പറയുന്നു.
പാസ്പോര്‍ട്ട് വെരിഫിക്കേഷന് ആയിരം രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെ വിജിലന്‍സ് പിടികൂടി. ചക്കരക്കല്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഉമര്‍ ഫറൂഖിനെയാണ് വിജിലന്‍സ് പിടികൂടിയത്.
സഹപ്രവര്‍ത്തകന്റെ സര്‍വ്വീസ് ബുക്ക് 23 വര്‍ഷം ഒളിപ്പിച്ച കേസില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഇടുക്കി ഡിഎം ഓഫീസിലെ വിരമിച്ച സൂപ്രണ്ടുമാരായ എം.എം ശിവരാമന്, എസ്.പ്രസാദ്, സൂപ്രണ്ട് എസ്.ജെ കവിത, ക്ലാര്‍ക്കുമാരായ കെ.ബി ഗീതുമോള്‍, ജെ.രേവതി എന്നിവര്‍ക്കെതിരെയാണ് വിവരാവകാശ കമ്മീഷന്റെ നടപടി. സര്‍വ്വീസ് ബുക്ക് ഓഫീസില്‍ ഉണ്ടായിരുന്നിട്ടും കാണാനില്ലെന്ന് മറുപടി നല്‍കിയതിന് അഞ്ച് ഉദ്യോഗസ്ഥരും 25,000 രൂപ പിഴയൊടുക്കണം.
പോലീസിനെ വെട്ടിച്ചു പോകവേ, കാര്‍ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കാസര്‍കോട് പേരാല്‍ കണ്ണൂര്‍ സ്വദേശി പരേതനായ അബ്ദുള്ളയുടെ മകന് ഫര്‍ഹാസ് (17) ആണ് മരിച്ചത്.
ഉത്രാട ദിനത്തില്‍ ബെവ്കോ വഴി വിറ്റത് 116 കോടി രൂപയുടെ മദ്യം. കൂടുതല്‍ വില്പന 1.06 കോടി രൂപയുടെ മദ്യം വിറ്റ ഇരിങ്ങാലക്കുടയിലാണ്. കൊല്ലം ആശ്രാമത്തെ മദ്യശാലവഴി വിറ്റത് 1.01 കോടി രൂപയുടെ മദ്യമാണ്.
മലയാളികള്‍ക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നല്ല ആരോഗ്യവും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെയെന്നു പ്രധാനമന്ത്രി ആശംസിച്ചു. കേന്ദ്ര മന്ത്രി അമിത് ഷായും കോണ്‍ഗ്രസ് പ്രസിഡന്റ് മലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഓണാശംസകള്‍ നേര്‍ന്നു.
അങ്കമാലിയില്‍ 27 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കൊല്ലം തൃക്കടവൂര്‍ സ്വദേശി ഹരികൃഷ്ണനാണ് എക്സൈസിന്റെ പിടിയിലായത്.
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സപ്റ്റംബര്‍ എട്ടിന് ഡല്‍ഹിയില്‍ എത്തും. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും എത്തുമെന്ന് അറിയിച്ചു. ഉച്ചകോടിക്ക് എത്തില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന് അറിയിച്ചു.
പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ചുമതല വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഗീതിക ശ്രീവാസ്തവയ്ക്ക്. 2005 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ്.