മലബന്ധം പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ലക്ഷണമാണെന്ന് പുതിയ പഠനം. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ വികാസത്തിന് മുമ്പ് വിവിധ കുടല് പ്രശ്നങ്ങള്‍ അലട്ടാമെന്നും പഠനത്തില്‍ പറയുന്നു. മലബന്ധം, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഐബിഎസ് പോലുള്ള ചില കുടല് പ്രശ്നങ്ങള്‍, ന്യൂറോളജിക്കല്‍ അവസ്ഥ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ലക്ഷണമാകാമെന്ന് ഗവേഷകര്‍ പറയുന്നു. ഗട്ട് ജേണലില്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. പലരേയും അലട്ടുന്ന പ്രശ്നമാണ് മലബന്ധം എന്നത്. ഇത് കുഞ്ഞുങ്ങള്‍ക്ക് മുതല്‍ വാര്‍ദ്ധക്യമായവര്‍ക്കു വരെ ഉണ്ടാകാം. ചിലര്‍ക്കിത് വലിയ പ്രശ്നം തന്നെയാകും. വയറിന് അസ്വസ്ഥതയും വയര്‍ ചാടുന്നതും ദഹനം ശരിയാകാത്തതു മൂലമുള്ള അസ്വസ്ഥകളുമെല്ലാം തന്നെ ഇതു കൊണ്ട് ഉണ്ടാകാം. ഇതിന് കാരണങ്ങള്‍ പലതാണ്. വെള്ളത്തിന്റെയും നാരുകളുള്ള ഭക്ഷണത്തിന്റെയും കുറവ്, ചില രോഗങ്ങള്‍, ദഹന പ്രശ്നം, ചില മരുന്നുകള്‍, സ്ട്രെസ് പോലുള്ള എല്ലാം തന്നെ ഇതിന് കാരണമാകും. കാര്യമായ രോഗങ്ങള്‍ കാരണമാണ് ഈ പ്രശ്നമെങ്കില്‍ ഇതിന് ചികിത്സ തേടണം.