mid day hd 20
സ്‌പെഷ്യല്‍ അരിയും കിറ്റ് വിതരണവും ആശങ്കയില്‍. മിക്ക ജില്ലകളിലും ഇ-പോസ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായി. ഓണക്കിറ്റ് വിതരണ പ്രതിസന്ധിക്കൊപ്പം റേഷന്‍ കടകളിലെ ഇ – പോസ് മെഷീന്‍ തകരാറിലായതിനാല്‍ സാധാരണ റേഷന്‍ വിതരണത്തിന് പുറമെ ഓണം സ്‌പെഷ്യല്‍ അരി വിതരണവും ഓണക്കിറ്റ് വിതരണവും മുടങ്ങുമെന്നാണ് ആശങ്ക. ഓണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, പത്ത് ശതമാനം കിറ്റ് മാത്രമാണ് ഇതുവരെ വിതരണം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തില്‍ വിലക്കയറ്റമുണ്ടെന്ന് അറിയാത്ത ഏകയാള്‍ മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദന്തഗോപുരത്തില്‍ നിന്നും മുഖ്യമന്ത്രി താഴെയിറങ്ങി വന്നാല്‍ മാത്രമെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ സാധിക്കൂവെന്നും കെ.എസ്.ആര്‍.ടി.സിയെ പോലെ സിവില്‍ സപ്ലൈസ് കോര്‍പറേഷനെ സര്‍ക്കാര്‍ ദയാവദത്തിന് വിട്ടുനല്‍കിയിരിക്കുകയാണ് സതീശന്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓണക്കാലത്ത് വാഹനങ്ങള്‍ പരിശോധന കൂടാതെ കടത്തി വിടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ട് എന്ന പേരിലാണ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന.
സൈബര്‍ ആക്രമണങ്ങളും ട്രോളുകളും സ്വാഗതം ചെയ്യുന്നുവെന്ന് ചാണ്ടി ഉമ്മന്‍. ജനാധിപത്യത്തില്‍ ചോദ്യം ചെയ്യലുകള്‍ ഉണ്ടാകണമെന്നും വിവാദങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ 41ാം ഓര്‍മ്മദിനാചരണത്തിനായി ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ തിരുവനന്തപുരത്തെത്തിയപ്പോഴാണ് പ്രതികരണം.
കോഴിക്കോട് സ്വദേശിനി ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പ്രോസിക്യൂട്ടറാണ് നിയമോപദേശം നല്‍കിയത്. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമെടുത്ത കേസില്‍ നടപടി തുടരാമെന്നാണ് നിയമോപദേശം.
ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് കാട്ടാന്‍ പൊലീസ് വ്യഗ്രത കാണിക്കുന്നുവെന്ന് കെജിഎംസിടിഎ കുറ്റപ്പെടുത്തി

ഏഴ് രാപ്പകലുകള്‍ നീണ്ടു നില്‍ക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് തലസ്്ഥാനത്ത് തിരിതെളിയും. വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിശാഗന്ധിയില്‍ ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്യും. ഫഹദ് ഫാസില്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയും പങ്കെടുക്കും.

അഞ്ച് മാസമായി പെന്‍ഷന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് തൂശനില സമരവുമായി കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍.  നാട് മുഴുവന്‍ ഓണാഘോഷത്തിലാകുമ്പോള്‍ തങ്ങള്‍ക്ക് മരുന്നിനും ചികിത്സയ്ക്കും പണമില്ലെന്ന് കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ പറയുന്നു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകനായ ലിജീഷ് മുല്ലേഴത്ത് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍  തടസ ഹര്‍ജി സമര്‍പ്പിച്ച് കേരള ചലച്ചിത്ര അക്കാദമിയും ചെയര്‍മാന്‍ രഞ്ജിത്തും. തങ്ങളുടെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ ഹര്‍ജി. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് തടസ ഹര്‍ജി സമര്‍പ്പിച്ചത്.

സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്.  മൂന്നുമുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ സാധാരണയുള്ളതിനേക്കാള്‍ വര്‍ധനയുണ്ടായേക്കുമെന്നാണ്  കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം നെടുമങ്ങാട് നവവധുവായ അരുവിക്കര സ്വദേശി രേഷ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവ സമയത്ത് ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു.
വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് പേരിടാന്‍ രാജ്യത്തിന് അവകാശമുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി എന്ന് പേരിട്ടതില്‍ വിവാദം വേണ്ടെന്നും മുമ്പും പല രാജ്യങ്ങളും ഇത്തരത്തില്‍ പേരിട്ടുണ്ടെന്നും സോമനാഥ് പ്രതികരിച്ചു.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി ഗെലോട്ട് വ്യക്തമാക്കി.
ആശയപരമായ സഖ്യമാണ് ഡിഎംകെയും ഇടത് പാര്‍ട്ടികളുമായുള്ളതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇടതുപക്ഷവുമായുള്ള സഖ്യം തുടരുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വംശീയ വിദ്വേഷത്തെ തുടര്‍ന്ന് അമേരിക്കയിലെ ഫ്‌ലോറിഡയില്‍  20 വയസുകാരന്‍ മൂന്ന് കറുത്ത വര്‍ഗക്കാരെ വെടിവെച്ച് കൊന്ന് സ്വയം ജീവനൊടുക്കി. ജാക്‌സണ്‍ വില്ലയിലെ കടയിലേക്ക് തോക്കുമായെത്തിയ അക്രമി മൂന്നു പേരെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കുകയായിരുന്നു.
അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മിയാമിക്ക് വിജയം. റെഡ് ബുള്‍സിനെ എതിരില്ലാത്ത് രണ്ട് ഗോളുകള്‍ക്കാണ് മിയാമി തകര്‍ത്തത്. അറുപതാം മിനിറ്റില്‍ പകരക്കാരനായിട്ടിറങ്ങിയ അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസ്സിക്ക് എംഎല്‍എസ് അരങ്ങേറ്റത്തിലും ഗോള്‍ ലഭിച്ചു.  89 ആം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *