night news hd 24

 

മാനന്തവാടി തലപ്പുഴയില്‍ ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് ഒന്‍പതു തേയിലത്തൊഴിലാളികള്‍ മരിച്ചു. മരിച്ചവരെല്ലാം സ്ത്രീകളാണ്. രണ്ടു പേരുടെ നില അതീവ ഗുരുതരം. കണ്ണോത്തുമലയ്ക്കു സമീപമാണ് ജീപ്പ് കൊക്കയിലേക്കു മറിഞ്ഞത്. മക്കിമല ആറാം നമ്പര്‍ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരാണ് മരിച്ചത്. ജീപ്പില്‍ 13 പേരാണ് ഉണ്ടായിരുന്നത്. 25 മീറ്റര്‍ താഴ്ചയിലേക്കാണു ജീപ്പ് മറിഞ്ഞത്.

മാനന്തവാടിയില്‍ തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ഒമ്പതു പേര്‍ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ ദുഖത്തില്‍ പങ്കുചേരുകയാണെന്ന് രാഹുല്‍ഗാന്ധി എംപി പറഞ്ഞു.

സംസ്ഥാനത്ത് തത്കാലം ലോഡ് ഷെഡിംഗ് ഇല്ല. സെപ്റ്റംബര്‍ നാലു വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങും. മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണു തീരുമാനം. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനുള്ള ടോട്ടക്‌സ് പദ്ധതി ഉപേക്ഷിക്കാനും തീരുമാനിച്ചു.

മലപ്പുറം താനൂരിലെ കസ്റ്റഡി കൊലക്കേസില്‍ കേസ് ഡയറി ഹാജരാക്കണമെന്നു ഹൈക്കോടതി. കേസിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സെപ്റ്റംബര്‍ ഏഴിനു മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ഹാജരാക്കണം. താനൂരില്‍ കസ്റ്റഡി കൊലപാതകത്തിനിരയായ താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി നല്‍കിയ ഹര്‍ജിയിലാണ് നടപടി.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ കോട്ടയം ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഓണം ആഘോഷിക്കാന്‍ കാത്തിരിക്കുന്ന പാവങ്ങളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതാകരുത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്നു സതീശന്‍ ആവശ്യപ്പെട്ടു.

അച്ഛനെ കൊന്ന കൊലയാളികളെ കണ്ടെത്തണമെന്നു ഹര്‍ജി നല്‍കിയ മകനെ കൊലയാളിയാക്കി ഒമ്പതു വര്‍ഷം ജയിലിടച്ച സിബിഐ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. കാഞ്ഞിരംകുളത്തെ പലചരക്കു വ്യാപാരി വില്‍സണ്‍ വധക്കേസില്‍ പ്രതിയ മകന്‍ ജ്യോതികുമാറിന്റെ(49) ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. പോലീസ് അന്വേഷിച്ച കേസില്‍ റിട്ടയേഡ് ജയില്‍ സൂപ്രണ്ട് വില്‍ഫോര്‍ഡ്, മകന്‍ റോളണ്ട് എന്നിവരായിരുന്നു പ്രതികള്‍. മകന്‍ ജ്യോതികുമാറിന്റെ ഹര്‍ജിയനുസരിച്ച് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. സി.ബി.ഐ പുതിയ കഥ ചമച്ച് വാദിയായ ജ്യോതികുമാറിനെ പ്രതിയാക്കുകയും മുന്‍ പ്രതികളെ ഒഴിവാക്കുകയും ചെയ്തു. ജ്യോതികുമാറിനെ ശിക്ഷിച്ച വിധിക്കെതിരായ അപ്പീലിലാണ് ഹൈക്കോടതി ഇപ്പോള്‍ ഉത്തരവു പുറപ്പെടുവിച്ചത്.

മിച്ചഭൂമി കേസില്‍ പി. വി അന്‍വര്‍ എംഎല്‍എയ്ക്കു രേഖകള്‍ ഹാജരാക്കാന്‍ അടുത്ത മാസം ഏഴാം തീയതിവരെ ലാന്‍ഡ് ബോര്‍ഡ് സമയം നീട്ടി നല്‍കി. അന്‍വറിന്റെ പക്കല്‍ 19 ഏക്കര്‍ അധിക ഭൂമി ഉണ്ടെന്ന ഓഫീസറുടെ റിപ്പോര്‍ട്ട് തെറ്റാണെന്നും പങ്കാളിത്ത വ്യവസ്ഥയില്‍ നടത്തുന്ന സ്ഥാപനങ്ങളുടെ ഉള്‍പ്പടെയുള്ള വസ്തു മിച്ചഭൂമിയില്‍ തെറ്റായി ഉള്‍പെടുത്തിതായതാണെന്നും അന്‍വറിന്റെ അഭിഭാഷകന്‍ വാദിച്ചു.

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസ് നേരത്തെ അന്വേഷിച്ചു പൂര്‍ത്തിയാക്കിയതാണെന്നും പുതുപ്പള്ളി തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടികളെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന മൊയ്തീന്റെ വീട്ടില്‍നിന്ന് എന്തോ കണ്ടെത്തിയെന്ന് പ്രചരിപ്പിക്കാനാണു ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ മകള്‍ വീണ എല്ലാ നികുതിയും അടച്ചിട്ടുണ്ടെന്നും രേഖ പുറത്തുവിടേണ്ട ബാധ്യത ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കില്‍ വീണയുടെ കമ്പനി പൂട്ടിപ്പോകുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ നികുതി വെട്ടിപ്പ് അടക്കമുള്ള ഏഴു ക്രമക്കേടുകള്‍ക്കു മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിന്നക്കനാലില്‍ ഭൂമി വാങ്ങിയതില്‍ നികുതി വെട്ടിപ്പുണ്ടെന്നും ഭൂ നിയമം ലംഘിച്ച് റിസോര്‍ട്ട് നടത്തിയെന്നും ഗോവിന്ദന്‍ ആരോപിച്ചു.

ശസ്ത്രക്രിയക്കിടെ ഹര്‍ഷീനയുടെ വയറില്‍ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടു തേടി. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ പൊലീസ് അപ്പീല്‍ പോകില്ലന്നും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചു. ഗവണ്മെന്റ് ഡോക്ടര്‍മാരായതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രൊസിക്യൂഷന്‍ അനുമതി വാങ്ങണമെന്നും പൊലീസ് അറിയിച്ചു.

കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ എച്ച്. വെങ്കിടേശ്വര്‍ലുവിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. വെങ്കിടേശ്വര്‍ലുവിന് നിയമനം ലഭിച്ച് മൂന്നു വര്‍ഷം കഴിഞ്ഞെന്നും ഇനി രണ്ടു വര്‍ഷം മാത്രം അവശേഷിക്കേ നിയമനം റദ്ദാക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വിമാനത്തില്‍ ‘ഫാസിസ്റ്റ് ബിജെപി ഡൗണ്‍’ എന്നു മുദ്രാവാക്യം മുഴക്കിയതു കുറ്റമല്ലെന്നു മദ്രാസ് ഹൈക്കോടതി. ബിജെപി തമിഴ്‌നാട് മുന്‍ പ്രസിഡന്റും തെലുങ്കാന ഗവര്‍ണറുമായ തമിഴിസൈ സൗന്ദര്‍രാജനെതിരേ മുദ്രാവാക്യം മുഴക്കിയതിന് അറസ്റ്റിലായ ലോയിസ് സോഫിയക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി.

ബിഹാറിലെ ജാതി സര്‍വേയുടെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. രാജസ്ഥാന്‍, കര്‍ണാടക സര്‍ക്കാരുകള്‍ ജാതി സര്‍വേ നടത്തിയിരുന്നെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.

മധ്യപ്രദേശില്‍ ബിജെപിയിലെ ശക്തനായ നേതാവ് നീരജ് ശര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് കളംമാറ്റം. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന 22 എംഎല്‍എമാരില്‍ ഒരാളും സിന്ധ്യയുടെ വിശ്വസ്തനുമായ ഗോവിന്ദ്‌സിംഗ് രജ്പുതിനെതിരേ നീരജ് ശര്‍മയെ മല്‍സരിപ്പിക്കാനാണു കോണ്‍ഗ്രസ് നീക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്രീസിന്റെ പരമോന്നത ബഹുമതിയായ ‘ഗ്രാന്റ് ക്രോസ് ഓഫ് ദ ഓര്‍ഡര്‍ ഓഫ് ഓണര്‍’ സമ്മാനിച്ചു. ഗ്രീക്ക് പ്രധാനമന്ത്രി മിറ്റ്‌സോ ടാക്കീസാണ് ബഹുമതി സമ്മാനിച്ചത്. ഏഥന്‍സില്‍ പ്രധാനമന്ത്രി മോദി ഇന്ത്യന്‍ സമൂഹവുമായി സംസാരിച്ചു.

ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ പങ്കെടുക്കില്ലെന്നു സൂചന. രാജ്യാന്തര കോടതി പുടിനെതിരേ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരിക്കേ മറ്റൊരു രാജ്യത്തേക്കു പോകുന്നത് ഒഴിവാക്കാനാണ് റഷ്യയുടെ തീരുമാനം. റഷ്യയുമായി മികച്ച ബന്ധമുള്ള ഇന്ത്യയില്‍ അറസ്റ്റു ചെയ്യാന്‍ ഇന്ത്യ അനുവദിക്കില്ല. ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പുടിന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനെയാണു പങ്കെടുത്തത്.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *