റൊമാന്റിക് കോമഡി ജോണറില്‍ റിലീസിനൊരുങ്ങുന്ന ‘റാണി ചിത്തിര മാര്‍ത്താണ്ഡ’യിലെ പ്രണയാര്‍ദ്രമായ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തില്‍ നായകനായെത്തുന്ന ജോസ്കുട്ടി ജേക്കബിന്റേയും നായികയായെത്തുന്ന കീര്‍ത്തനയുടേയും പ്രണയപൂര്‍വ്വമുള്ള നിമിഷങ്ങളാണ് ‘ആരും കാണാ കായല്‍ കുയിലേ…’ എന്നു തുടങ്ങുന്ന ഗാനരംഗത്തില്‍ കാണിച്ചിരിക്കുന്നത്. പിങ്കു പീറ്റര്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായക് ശശികുമാര്‍ രചന നിര്‍വ്വഹിച്ച് മനോജ് ജോര്‍ജ് സംഗീതം നല്കി ഹരിശങ്കര്‍ ആലപിച്ചിരിക്കുന്നതാണ് ഈ ഗാനം. കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ളതാണ് സിനിമയുടെ പ്രമേയം. ഈ പ്രദേശത്ത് വസിക്കുന്ന ഒരു മെഡിക്കല്‍ ഷോപ്പ് ഉടമയായ അച്ഛനില്‍ നിന്ന് ആ ബിസിനസ് മകന് ഏറ്റെടുക്കുന്നതും അതുമായി ബന്ധപ്പെട്ട് വരുന്ന സെക്കന്‍ഡ് ജനറേഷന് ബിസിനസ് പ്രശ്നങ്ങളുമൊക്കെയാണ് റൊമാന്റിക് കോമഡി ജോണറില്‍ ഒരുങ്ങുന്ന സിനിമയില്‍ അവതരിപ്പിക്കുന്നത്. ജോസ്കുട്ടി ജേക്കബ് നായകനായെത്തുന്ന സിനിമയില്‍ കീര്‍ത്തന ശ്രീകുമാര്‍, കോട്ടയം നസീര്‍, വൈശാഖ് വിജയന്, അഭിഷേക് രവീന്ദ്രന്, ഷിന്‍സ് ഷാന്‍, കിരണ്‍ പിതാംബരന്, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്.