7 3

ഇന്ത്യയില്‍ മൂന്നിലൊന്നു പേര്‍ക്ക് ഫാറ്റിലിവര്‍ രോഗമോ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമോ ബാധിച്ചതായി എയിംസ് പഠനം പറയുന്നു. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് എക്‌സ്പിരിമെന്റല്‍ ഹെപ്പറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, മുതിര്‍ന്നവരെ മാത്രമല്ല 35 ശതമാനം കുട്ടികളെയും ഈ രോഗം ബാധിച്ചിട്ടുള്ളതായി പറയുന്നു. ആദ്യഘട്ടത്തില്‍ ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്തതിനാല്‍ പലപ്പോഴും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ രോഗം തിരിച്ചറിയപ്പെടാതെ പോകുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ച് ചിലരില്‍ ഇത് ഗുരുതരമായ കരള്‍രോഗമായി മാറുന്നു. ഭക്ഷണത്തിലെ പാശ്ചാത്യവല്‍ക്കരണം ആണ് ഫാറ്റിലിവര്‍ അഥവാ സ്റ്റെറ്റോഹൈപ്പറ്റൈറ്റിസിനു കാരണമായി പറയുന്നത്. ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗം, ആരോഗ്യകരമായ പഴങ്ങളും പച്ചക്കറികളും കഴിക്കാതിരിക്കുക, അനാരോഗ്യകരവും ചടഞ്ഞുകൂടിയുള്ളതുമായ ജീവിതശൈലിയും ആണ് രോഗകാരണം. പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ പോലെ തന്നെയാണ് ഇതും. നിലവില്‍ ഫാറ്റിലിവറിന് മരുന്ന് ചികിത്സ ഒന്നും ഇല്ല. രോഗത്തെ അകറ്റാനുള്ള വഴി എന്നത് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതാണ്. ഇന്ത്യയില്‍ കരള്‍രോഗത്തിന് പ്രധാന കാരണം മദ്യപാനം ആണ്. മദ്യപാനികള്‍ക്ക് ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്, സീറോസിസ് ഇവ വരാം. ഇത് ക്രമേണ ലിവര്‍ കാന്‍സറിനും മരണത്തിനും കാരണമാകുന്നു. ക്ഷയരോഗചികിത്സയിലെ മരുന്നുകള്‍, ആന്റിബയോട്ടിക്‌സുകള്‍, ആന്റി എപ്പിലെപ്റ്റിക് മരുന്നുകള്‍ കീമോതെറപ്പി ഇവയെല്ലാം കരളിന് പരുക്കേല്‍പ്പിക്കും. എയിംസ് നടത്തിയ ഒരു പഠനത്തില്‍ ക്ഷയരോഗ മരുന്ന് കഴിച്ച രോഗികളില്‍ 67 ശതമാനം പേര്‍ കരളിനു ക്ഷതം സംഭവിച്ച് മരണമടഞ്ഞതായി കണ്ടു. ഇവരില്‍ 60 ശതമാനവും ക്ഷയരോഗം ഉണ്ടെന്ന് ഉറപ്പിക്കാതെ സ്വയം മരുന്നു കഴിച്ചവരാണ്. മറ്റൊരു പഠനത്തില്‍ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ ബാധിച്ച മുപ്പതു ശതമാനം പേര്‍ക്ക് കരളിന് ഗുരുതരമായ ക്ഷതം ഉണ്ടായതായി കണ്ടു. 50 ശതമാനത്തിലധികമായിരുന്നു ഇവരുടെ മരണനിരക്ക്. ശുദ്ധജലം മാത്രം ഉപയോഗിക്കുന്നു എന്നുറപ്പുവരുത്തിയാല്‍ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ തടയാന്‍ സാധിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *