നാളെ ബംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തില്‍ ആം ആദ്മി പാര്‍ട്ടിയും പങ്കെടുക്കും. സുപ്രീം കോടതി വിധി മറികടന്ന് ഡല്‍ഹിയിലെ അധികാരം കേന്ദ്ര സര്‍ക്കാര്‍ കൈയടക്കിക്കൊണ്ട് പുറത്തിറക്കിയ ഓര്‍ഡിനന്‍സിനെതിരായ ആം ആദ്മി പാര്‍ട്ടിയുടെ നീക്കത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ചതിനു പിറകേയാണ് ആം ആദ്മി പാര്‍ട്ടി പ്രതിപക്ഷ ഐക്യവേദിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. അതേസമയം എന്‍ഡിഎ യോഗം ചൊവ്വാഴ്ച ചേരുന്നുണ്ട്. 20 ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിനു കളമൊരുക്കാന്‍ കൂടിയാണു ഇരുപക്ഷവും യോഗം ചേരുന്നത്.
◾കെ റെയിലിനു ബദലായി താന്‍ മുന്നോട്ടു വച്ച പദ്ധതിയോട് സി പി എമ്മിനും സര്‍ക്കാരിനും താത്പര്യമുണ്ടെന്ന് ഇ ശ്രീധരന്. കെ റെയിലിനേക്കാള്‍ ചെലവ് കുറയും. പാരിസ്ഥിതിക പ്രശ്നങ്ങളും കുറവ്. ഏറ്റെടുക്കേണ്ടിവരുന്ന സ്ഥലവും വളരെ കുറവാണ്. സര്‍ക്കാര്‍ ഇതുവരെ ബന്ധപ്പെടാത്തതു മുഖ്യമന്ത്രിയ്ക്ക് തിരക്കും ആരോഗ്യ പ്രശ്നങ്ങളും ഉള്ളതിനാലാകും. ബിജെപി പിന്തുണയ്ക്കുന്നതുകൊണ്ട് സിപിഎമ്മിന് താത്പര്യം ഇല്ലാതാകില്ല. നാടിന് ഉപകാരമായതിനാലാണ് ബിജെപി ബദല്‍ പദ്ധതിയെ പിന്തുണയ്ക്കുന്നത്. ശ്രീധരന് പറഞ്ഞു.
◾പച്ചക്കറി ലോറിയിലെ അഴിഞ്ഞുവീണ കയര്‍ കാലില്‍ കുരുങ്ങി കാല്‍നട യാത്രക്കാരന് മരിച്ചു. പുലര്‍ച്ചെ കോട്ടയം സംക്രാന്തിയില്‍ മുരളി എന്ന അമ്പതുകാരനാണു മരിച്ചത്. കാലില്‍ കയര്‍ കുടുങ്ങിയതിനെതുടര്‍ന്ന് റോഡിലൂടെ നൂറു മീറ്ററിലേറെ ദൂരം ലോറി വലിച്ചുകൊണ്ടു പോയി. മുരളിയുടെ ഒരു കാല് അറ്റുപോയി. ഡ്രൈവര്‍ സംഭവം അറിഞ്ഞിരുന്നില്ല. പെരുമ്പായിക്കാട് സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലും ലോറിയിലെ കയര്‍ കുരുങ്ങിയിരുന്നു. സംഭവത്തില്‍ ലോറിയും ഡ്രൈവറേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
◾കോഴിക്കോട് സിപിഎം നടത്തിയ സെമിനാര്‍ താന്‍ പങ്കെടുക്കേണ്ട പരിപാടിയായിരുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. നേരത്തെ ഏറ്റ പരിപാടിയില്‍ പങ്കെടുക്കാനാണ് തിരുവനന്തപുരത്ത് എത്തിയത്. ഇടതു മുന്നണി കണ്‍വീനര്‍ പങ്കെടുക്കേണ്ട പരിപാടി അല്ല. അനാവശ്യ വിവാദങ്ങളുണ്ടാക്കിയതാണ്. താനും മനുഷ്യനല്ലേ. ഇടതു മുന്നണി യോഗം 22 നു ചേരുന്നുണ്ട്. മുഖ്യമന്ത്രി ആയുര്‍വേദ ചികിത്സയിലാണ്. തിരുവനന്തപുരത്ത് പോകുമ്പോള്‍ മുഖ്യമന്ത്രിയെ കാണാറുണ്ട്. ജയരാജന് പറഞ്ഞു.
◾ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാര്‍ പൊളിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും ബിജെപി ഏജന്റുമാരാണ്. വിവിധ നേതാക്കളെ പങ്കെടുപ്പിക്കാതിരിക്കാന്‍ അവര്‍ ശ്രമിച്ചു. ബിജെപിക്കു സംസ്ഥാനത്തു കളമൊരുക്കാനാണ് അവരുടെ ശ്രമം. റിയാസ് പറഞ്ഞു.
◾സില്‍വര്‍ ലൈനില്‍ സംസ്ഥാന സര്‍ക്കാര്‍ മലക്കം മറിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വേഗത ഉള്ള ട്രെയിന്‍ വേണം. ശ്രീധരന് മുന്നോട്ടു വച്ച ബദല്‍ ബിജെപി ചര്‍ച്ച ചെയ്യും. സിപിഎം സെമിനാര്‍ പാര്‍ട്ടി സമ്മേളനമായി ചീറ്റിപ്പോയി. ഒരു സ്ത്രീ ശബ്ദം പോലും അവിടെ കേട്ടില്ലെന്നും കെ സുരേന്ദ്രന് പറഞ്ഞു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾സിപിഎം സംഘടിപ്പിച്ച ഏക സിവില്‍കോഡ് സെമിനാറില്‍ മുസ്ലിം വനിതകളെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നത് തെറ്റാണെന്ന് ഡോ. ഖദീജ മുംതാസ്. ആലോചനാ യോഗത്തിലേക്ക് തന്നെ ക്ഷണിച്ചെങ്കിലും അന്നും തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. ഖദീജ മുംതാസ് പറഞ്ഞു.
◾കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കോര്‍പറേഷനെ പൂട്ടിക്കുകയാണ് സര്‍ക്കാര്‍ നിലപാട്. സില്‍വര്‍ലൈനിനെ വിജയിപ്പിക്കാനാണിത്. ശ്രീധരന് മുന്നോട്ടുവച്ച ബദല്‍ പദ്ധതിയെ പറ്റി സര്‍ക്കാര്‍ നിലപാട് അറിയാന്‍ താല്പര്യമുണ്ടെന്നും സതീശന്.
◾തിരുവനന്തപുരം മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടങ്ങളില്‍ മരിച്ചവര്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും വികാര്‍ ജനറല്‍ ഫാ.യൂജിന്‍ പെരേരക്കെതിരെ എടുത്ത കള്ളക്കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ പള്ളികളില്‍ പ്രതിഷേധദിനം ആചരിച്ചു. കേരളാ ലാറ്റിന്‍ കത്തോലിക്ക് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധ ദിനാചരണം.
◾കാലടി സംസ്കൃത യൂണിവേഴ്സിറ്റിയില്‍ അതിക്രമത്തിന്റെ പേരില്‍ പൊലീസ് പിടികൂടി ലോക്കപ്പിലിട്ട കെഎസ് യു പ്രവര്‍ത്തകരെ എംപിയും എംഎല്‍എമാരും ചേര്‍ന്നു പുറത്തിറക്കിക്കൊണ്ടുപോയി. ബെന്നി ബഹനാന് എം.പിയും എംഎല്‍എമാരായ റോജി എം ജോണും സനീഷ് ജോസഫുമാണ് പൊലീസ് സ്റ്റേഷനിലെത്തി കെഎസ് യു പ്രവര്‍ത്തകരെ മോചിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത ഏഴു വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത്.
◾തൃശൂര്‍ വാഴക്കോട് കാട്ടാനയെക്കൊല്ലാന് വൈദ്യുതാഘാതമേല്‍പ്പിച്ച കമ്പികളും ആനക്കൊമ്പു മുറിച്ചെടുത്ത വെട്ടുകത്തിയും കണ്ടെടുത്തെന്നു വനം വകുപ്പ്. സ്ഥലമുടമ വാഴക്കോട് മണിയഞ്ചിറ റോയിയുടെ റബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. ഒരു കൊമ്പിന്റെ പകുതി മുറിച്ചുകടത്തി വില്ക്കാന് ശ്രമിക്കുമ്പോള്‍ പിടിയിലായ പട്ടിമറ്റം താമരച്ചാലില്‍ അഖിലിനെ ചോദ്യംചെയ്തപ്പോഴാണു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
◾തൃശൂര്‍ വരന്തരപ്പിള്ളിയില്‍ യുവാവ് മരിച്ചതു ഭാര്യയുടെ കുത്തേറ്റാണെന്നു പോലീസ്. വരന്തരപ്പിള്ളി കലവറക്കുന്ന് വിനോദ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ നിഷ അറസ്റ്റിലായി. തൃശൂര്‍ ടൗണിലെ സ്വകാര്യ ആശുപത്രി ജീവക്കാരിയായ നിഷയുടെ ഫോണ്‍ വിളികളില്‍ സംശയം തോന്നി വിനോദ് വഴക്കിടാറുണ്ട്. ഫോണ്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ നിഷയുടെ കൈപിടിച്ച് തിരിച്ചപ്പോള്‍ നിഷ സമീപത്തിരുന്ന കറിക്കത്തി കൊണ്ട് വിനോദിനെ കുത്തുകയായിരുന്നു.
◾സ്വത്തു തര്‍ക്കത്തെത്തുടര്‍ന്ന് വയോധിയെ വെട്ടിക്കൊന്നു. വര്‍ക്കല കളത്തറ സ്വദേശിനി 56 വയസുള്ള ലീനാമണിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
◾ഹജ്ജ് നിര്‍വഹിച്ച് മടങ്ങിവരവേ താമരശ്ശേരി സ്വദേശി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ മരിച്ചു. കാരാടി പീടികതൊടുക മൊയ്തീന് ഹാജി (76) ആണ് മരിച്ചത്.
◾ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ സുഹൃത്തിന്റെ മുഖം നിര്‍മിച്ച് വീഡിയോ കോള്‍ ചെയ്ത് നാല്പതിനായിരം രൂപ തട്ടിയെടുത്തെന്നു പരാതി. കോഴിക്കോട് ചാലപ്പുറം സ്വദേശി പി എസ് രാധാകൃഷ്ണന്റെ പരാതിയില്‍ സൈബര്‍ പോലീസ് കേസെടുത്തു.
◾പതിനേഴുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തെന്ന കേസില്‍ പത്തനംതിട്ട അടൂരില്‍ കാമുകന് അടക്കം ആറു പേര് പിടിയില്‍. സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഇവര്‍ ഒളിവിലായിരുന്നു.
◾പൊന്നാനിയില്‍ ദേശീയ പാത നിര്‍മാണത്തിനായി മണ്ണെടുത്ത കുഴിയില്‍ വീണ് ജീപ്പ് മറിഞ്ഞു അഞ്ചു പേരടങ്ങിയ കുടുംബത്തിന് പരിക്കേറ്റ സംഭവത്തില്‍ ജീപ്പ് ഓടിച്ച ഗൃഹനാഥനെതിരെ പൊലീസ് കേസ്. കരുനാഗപ്പള്ളി സ്വദേശി അഷ്റഫിനെതിരേ അലക്ഷ്യമായി വാഹനം ഓടിച്ചെന്ന് ആരോപിച്ചാണ് പെരുമ്പടപ്പ് പൊലീസ് കേസെടുത്തത്. മുന്നറിയിപ്പു സ്ഥാപിക്കാതെ റോഡില്‍ കുഴിയെടുത്ത ദേശീയ പാത അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു അഷറഫ് പോലീസിനെ സമീപിച്ചിരുന്നു.
◾വെണ്ണിയോട് പുഴയില്‍ കാണാതായ അഞ്ചു വയസുകാരിയുടെ മൃതദേഹം കിട്ടി. കോട്ടത്തറ പഞ്ചായത്ത് ഓഫീസിനു സമീപത്തെ ജൈന്‍ സ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യ ദര്‍ശന എന്ന 32 കാരിയാണു മകള്‍ ദക്ഷയെയും കൊണ്ട് പുഴയിലേക്കു ചാടിയത്. ദര്‍ശനയെ നാട്ടുകാര്‍ രക്ഷിച്ചെങ്കിലും ഇന്നലെ മരിച്ചു.
◾ഫയര്‍ സ്റ്റേഷനില്‍ ജീവനക്കാരെല്ലാം കൂര്‍ക്കംവലിച്ചുറങ്ങുന്നു. സംസ്ഥാന ഫയര്‍ഫോഴ്സ് മേധാവി ഡോ. സഞ്ജീവ് കുമാര്‍ പട്ജോഷി പാലക്കാട്ടെ സ്റ്റേഷനിലെത്തിയപ്പോള്‍ കണ്ട കാഴ്ചയാണിത്. പാറാവുകാരന് പോലും സ്റ്റേഷനില്‍ ഇല്ലായിരുന്നു. ഫയര്‍ ഫോഴ്സ് മേധാവി അയച്ച സന്ദേശം അഗ്നിശമന സേനാംഗങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു.
◾ഡല്‍ഹിയില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്നു യുവാക്കള്‍ മരിച്ചു. ഗോള്‍ഫ് കോഴ്സ് പ്രദേശത്ത് ഫുട്ബോള്‍ കളിച്ചു മടങ്ങിയ നാലംഗ സംഘത്തിലെ മൂന്നു പേരാണു മരിച്ചത്. ഇതേസമയം, യമുനയിലേയും ഡല്‍ഹിയിലേയും ജലനിരപ്പു കുറയുന്നുണ്ട്.
◾എയര്‍ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ യാത്രക്കാരന് കൈയേറ്റം ചെയ്തു. സിഡ്നി ഡല്‍ഹി വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ സീറ്റു തകരാറിനെത്തുടര്‍ന്ന് ഇക്കോണമി ക്ലാസിലേക്കു മാറ്റിയ ഉദ്യോഗസ്ഥനു നല്കിയ സീറ്റു സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നാണ് യാത്രക്കാരന് കൈയേറ്റം ചെയ്തത്. അക്രമിയെ ഡല്‍ഹിയില്‍ പോലീസ് അറസ്റ്റു ചെയ്തു.
◾ഇന്ത്യയുടെ ചരക്കു കയറ്റുമതി ജൂണില്‍ 22 ശതമാനം ഇടിഞ്ഞ് 32.97 ബില്യണ്‍ ഡോളറിലേക്ക് എത്തി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. കയറ്റുമതിക്കു പുറമേ ഇറക്കുമതിയിലും ഇടിവ് അനുഭവപ്പെട്ടു. വ്യാപാരക്കമ്മി കഴിഞ്ഞ വര്‍ഷം ജൂണിലെ 22.07 ബില്യണ്‍ ഡോളറില്‍ നിന്ന് 20.3 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഇറക്കുമതി 17.48 ശതമാനം കുറഞ്ഞ് 53.10 ബില്യണ്‍ ഡോളറായി. 2020 മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ കയറ്റുമതിയാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ചരക്കു കയറ്റുമതി 15.13 ശതമാനം ഇടിഞ്ഞ് 102.68 ബില്യണ്‍ ഡോളറില്‍ എത്തിയിരുന്നു. ഇറക്കുമതിയും 12.67 ശതമാനം കുറഞ്ഞ് 160.28 ബില്യണ്‍ ഡോളറിലെത്തി. ഈകാലയളവിലെ വ്യാപാര കമ്മി മുന്‍ വര്‍ഷം ഇതേ കാലയളവിലെ 62.6 ബില്യണ്‍ ഡോളറില്‍ നിന്ന് 7.9 ശതമാനം വര്‍ധിച്ച് 57.6 ബില്യണ്‍ ഡോളറായി. എണ്ണ ഇറക്കുമതി ജൂണില്‍ 33.8 ശതമാനം ഇടിഞ്ഞ് 12.54 ബില്യണ്‍ ഡോളറിലെത്തി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മൊത്തമായി എണ്ണ ഇറക്കുമതി 18.52 ശതമാനം ഇടിഞ്ഞ് 43.4 ബില്യണ്‍ ഡോളറായി. ജൂണില്‍ സ്വര്‍ണ ഇറക്കുമതി 82.38 ശതമാനം ഉയര്‍ന്ന് ഏകദേശം 5 ബില്യണ്‍ യുഎസ് ഡോളറിലെത്തി, ഏപ്രില്‍-ജൂണ്‍ പാദത്തില്‍ അത് 7.54 ശതമാനം ഇടിഞ്ഞ് 9.7 ബില്യണ്‍ ഡോളറാണ്. ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ കയറ്റുമതി ജൂണില്‍ 45.36 ശതമാനം വര്‍ധിച്ച് 2.43 ബില്യണ്‍ ഡോളറിലെത്തി. 2023 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഈ കയറ്റുമതി 47 ശതമാനം ഉയര്‍ന്ന് 6.96 ബില്യണ്‍ ഡോളറായി. വെള്ളി ഇറക്കുമതി ജൂണില്‍ 0.79 ബില്യണ്‍ ഡോളറില്‍ നിന്ന് 94.36 ശതമാനം ഇടിഞ്ഞു.
◾അമേരിക്കന്‍ ടെക് ഭീമന് ആപ്പിളിന് വേണ്ടി ഐഫോണുകള്‍ നിര്‍മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി മാറാന്‍ പോവുകയാണ് ടാറ്റ ഗ്രൂപ്പ്. ആപ്പിള്‍ ഉത്പന്നങ്ങള്‍ കരാറടിസ്ഥാനത്തില്‍ നിര്‍മിച്ചു നല്കുന്ന തായ്വാന് കമ്പനിയായ വിസ്ട്രോണ്‍ ഗ്രൂപ്പിന്റെ കീഴില്‍ കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണശാല വരുന്ന ആഗസ്തോടെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്നാണ് വിവരം. 4,920 കോടി രൂപയിലധികം മൂല്യം വരുന്ന ഫാക്ടറിയാണിത്. പതിനായിരത്തോളം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്ന വിസ്ട്രോണ്‍ ഫാക്ടറി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ആഗസ്ത് ആദ്യം വിസ്ട്രോണും ടാറ്റയും കരാര്‍ ഒപ്പിട്ടേക്കും. ഏകദേശം 600 കോടി ഡോളറിന്റെ ഇടപാടായിരിക്കും ഇതിന്റെ ഭാഗമായി നടക്കുക. ഐഫോണ്‍ 14, ഐഫോണ്‍ 12, ഐഫോണ്‍ 13 തുടങ്ങിയ ആപ്പിള്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത് ഇതേ ഫാക്ടറിയിലാണ്. പുതിയ ഐഫോണ്‍ 15 നിര്‍മിക്കുന്നതിനായി ഫാക്ടറിയുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കാന്‍ തായ്വാന് കമ്പനി പദ്ധതിയിട്ടിരുന്നു. കര്‍ണാടക സംസ്ഥാനത്തിന്റെ സാമ്പത്തിക ആനുകൂല്യങ്ങള്‍ നേടുന്നതിനായി 2024 സാമ്പത്തിക വര്‍ഷത്തില്‍ 15,000 കോടിയുടെ ഐഫോണ്‍ നിര്‍മിച്ചുനല്‍കുമെന്നും വിസ്ട്രോണ്‍ വാഗ്ദാനം ചെയ്തിരുന്നു. അതിനായി ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയാക്കാനും കമ്പനി തീരുമാനിക്കുകയുണ്ടായി. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുന്നതോടെ ഇക്കാര്യങ്ങള്‍ അവരുടെ ഉത്തരവാദിത്തമായി. ജൂണ്‍ പാദത്തില്‍ വിസ്ട്രോണ്‍ ഇന്ത്യയില്‍ നിന്ന് 4,100 കോടി രൂപയുടെ ഐഫോണുകള്‍ കയറ്റുമതി ചെയ്തിരുന്നു.
◾ഗോവിന്ദ് പത്മസൂര്യയും അഞ്ജു കുര്യനും പ്രധാന വേഷങ്ങളില്‍ എത്തുന്ന മ്യൂസിക്കല്‍ മിനി ഫീച്ചര്‍ ആണ് ‘കാര്‍ത്തി കല്യാണി’. ചിത്രത്തിലെ ഒരു പ്രൊമോ സോംഗ് രണ്ട് ദിവസം മുന്‍പ് പുറത്തെത്തിയിരുന്നു. ടിറ്റോ പി തങ്കച്ചന് എഴുതിയ വരികള്‍ക്ക് ജോയല്‍ ജോണ്‍സ് ആണ് ഈണം പകര്‍ന്നിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ്, സന മൊയ്തൂട്ടി, ജോയല്‍ ജോണ്‍സ് എന്നിവരും. വന്‍ പ്രതികരണമാണ് ഗാനത്തിന് യുട്യൂബില്‍ ലഭിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ ഒരു മില്യണിലധികം കാഴ്ചകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. മലയാളികളല്ലാത്തവരും ഗാനത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് വീഡിയോയുടെ കമന്റ് ബോക്സില്‍ ധാരാളം എത്തുന്നുണ്ട്. ജോയല്‍ ജോണ്‍സ്, ഇലക്ട്രോണിക് കിളി, മനു ഗോപിനാഥ്, വിജയാനന്ദ് എന്നിവര്‍ ചേര്‍ന്നാണ് മ്യൂസിക് പ്രൊഡക്ഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. ജോണി ആന്റണി, അനിഖ സുരേന്ദ്രന്, മിര്‍ണ, അക്ഷയ് രാധാകൃഷ്ണന്, ശ്രുതി രജനികാന്ത്, ശോഭ വിശ്വനാഥന്, പ്രദീപ് കോട്ടയം, ഷിയാസ് കരിം, ശ്യാം മോഹന്‍, ശ്രീജ മേനോന് തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾കൃഷ്ണ ശങ്കര്‍, സുധി കോപ്പ, കിച്ചു ടെല്ലസ്, ജോണി ആന്റണി, രമേശ് പിഷാരടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിര്‍ സദഫ് സംവിധാനം ചെയ്യുന്ന പട്ടാപ്പകല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. നിവിന്‍ പോളി, ആന്റണി വര്‍ഗീസ്, ലിസ്റ്റിന് സ്റ്റീഫന്‍, വേദിക, ഷൈന്‍ ടോം ചാക്കോ, അപ്പാനി ശരത് എന്നീ താരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. കോശിച്ചായന്റെ പറമ്പ് എന്ന ചിത്രത്തിന് ശേഷം സാജിര്‍ സദഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറില്‍ എന്‍ നന്ദകുമാറാണ് ചിത്രം നിര്‍മിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നിര്‍വഹിക്കുന്നത്. കോമഡി എന്റര്ടെയ്നര് വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഗോകുലന്, രഞ്ജിത്ത് കങ്കോല്‍, വിനീത് തട്ടില്‍, ഫ്രാങ്കോ ഫ്രാന്‍സിസ്, നന്ദന് ഉണ്ണി, പ്രശാന്ത് മുരളി, രഘുനാഥ്, ഡോ. രജിത് കുമാര്‍, തിരുമല രാമചന്ദ്രന്, ഗീതി സംഗീത, ആമിന, അഷിക, സന്ധ്യ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
◾ടൊയോട്ടയുടെ എസ്യുവി ഫോര്‍ച്യൂണര്‍ സ്വന്തമാക്കി നടന് ഷാജു ശ്രീധര്‍. പുതിയ വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും ഷാജു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ടൊയോട്ടയുടെ പ്രീമിയം സ്പോര്‍ട് എസ്യുവി ഫോര്‍ച്യൂണറിന്റെ പരിഷ്കരിച്ച പതിപ്പ് 2021ലാണ് വിപണിയിലെത്തിയത്. പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലായി രണ്ടു വീല്‍, നാലു വീല്‍ ഡ്രൈവ് മോഡുകളില്‍ വാഹനം ലഭിക്കും. ഇതില്‍ ഏതുമോഡലാണ് ഷാജു സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. 32.99 ലക്ഷം രൂപ മുതല്‍ 50.74 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ വില. 2.8 ലീറ്റര്‍, നാലു സിലിണ്ടര്‍, ഡീസല്‍, 2.7 ലീറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുകളോടെയാണു ഫോര്‍ച്യൂണര്‍ വില്പനയ്ക്കെത്തിയത്. ഡീസല്‍ എന്ജിന് 204 പിഎസ് കരുത്തും 500 എന്‍എം (മാനുവലിന് 420 എന്‍എം) ടോര്‍ക്കുമുണ്ട്. 6 സ്പീഡ് മാനുവല്‍, ഐഎംടി, 6 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുകളുണ്ട്. 2.7 ലീറ്റര്‍ പെട്രോള്‍ എന്ജിന് 166 പിഎസ് കരുത്തും 245 എന്‍ എം ടോര്‍ക്കുമുണ്ട്. അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്സുകളാണു ട്രാന്സ്മിഷന് സാധ്യതകള്‍.
◾ജനനവും മരണവും ഇഴചേരുന്ന നിതാന്ത പ്രക്രിയയില്‍ ലയിച്ചുചേരാന്‍ വെമ്പല്‍ കൊള്ളുന്ന മനുഷ്യജന്മങ്ങള്. വീര്‍പ്പുമുട്ടിക്കുന്ന ബന്ധങ്ങള്‍ സൃഷ്ടിക്കുന്ന കരുതലിന്റെയും കാരുണ്യത്തിന്റെയും ബന്ധനങ്ങളെ തകര്‍ത്ത് സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുന്ന കുറെ ആത്മാക്കള്‍. അനുവാചക ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഏതാനും കഥാപാത്രങ്ങള്‍. ആഖ്യാനചാരുത കൊണ്ടും കഥ പറയാനുള്ള സാമര്‍ത്ഥ്യം കൊണ്ടും കാലദേശങ്ങളില്‍ മറികടക്കുന്ന ധ്വനി മധുരങ്ങളായ കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. കഥകളിലൂടെ വായനക്കാര്‍ സഞ്ചരിക്കുമ്പോള്‍ സഹയാത്രികരായി നമുക്ക് വേണ്ടപ്പെട്ടവര്‍ കൂടെയുണ്ടാകും എന്ന അനുഭവം. കണ്ണും ഹൃദയവും ആര്‍ദ്രമാക്കുന്ന ഒരു കഥാസമാഹാരം. ‘കുടക്കല്ലുകള്‍ പണിയുന്നവര്‍’. ജഗദീഷ് തുറവൂര്‍. ലിവിംഗ് ലീഫ് പബ്ളിക്കേഷന്‍സ്. വില 260 രൂപ.
◾കരളിന് വരുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഫാറ്റി ലിവര്‍ രോഗം. കരളില്‍ അമിതമായി കൊഴുപ്പടിയുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ഈ രോഗം മോശം ഭക്ഷണക്രമം, അമിതഭാരം, വ്യായാമക്കുറവ് എന്നിവ മൂലം സംഭവിക്കാം. ആദ്യ ഘട്ടങ്ങളില്‍ ഇത് കാര്യമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കില്ലെങ്കിലും കണ്ടു പിടിക്കാതെയും ചികിത്സിക്കാതെയും ഇരുന്നാല്‍ സ്ഥിരമായ കരള്‍ നാശത്തിലേക്കും കരള്‍ വീക്കത്തിലേക്കും ഫാറ്റി ലിവര്‍ രോഗം നയിക്കാം. അമേരിക്കയിലെ മയോ ക്ലിനിക്കിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഫാറ്റി ലിവര്‍ രോഗം കരള്‍വീക്കമായി മാറുമ്പോള്‍ ശരീരത്തില്‍ ഇനി പറയുന്ന ഇടങ്ങളില്‍ നീര്‍ക്കെട്ട് ദൃശ്യമാകാം. കാലുകള്‍, കണങ്കാല്, കാല്പാദങ്ങള്, വയര്‍, വിരലുകളുടെ അറ്റം. കരള്‍ വീക്കം മൂലം വയറില്‍ ദ്രാവകം അടിയുന്ന രോഗാവസ്ഥയെ അസ്കൈറ്റസ് എന്ന് വിളിക്കുന്നു. ഇത് മൂലം ഒരാള്‍ക്ക് ഒരു ഗര്‍ഭിണിയുടേതിന് സമാനമായ വലിയ വയര്‍ രൂപപ്പെടാം. ക്ഷീണം, പെട്ടെന്നുള്ള രക്തസ്രാവം, വിശപ്പില്ലായ്മ, ഓക്കാനം, ഭാരനഷ്ടം, ചൊറിച്ചില്‍, മഞ്ഞപ്പിത്തം, തൊലിപ്പുറത്ത് എട്ടുകാലിയുടെ രൂപത്തില്‍ രക്തകോശങ്ങള്‍ കാണപ്പെടല്‍, കൈവെള്ളയില്‍ ചുവപ്പ്, നിറം മങ്ങിയ കൈവിരലുകള്‍, ആര്‍ത്തവപ്രശ്നങ്ങള്‍, ലൈംഗിക ഉത്തേജനമില്ലായ്മ, ആശയക്കുഴപ്പം, കുഴഞ്ഞ സംഭാഷണം എന്നിവയെല്ലാം കരള്‍ രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണക്രമവും, വ്യായാമം ഉള്‍പ്പെടുന്ന സജീവജീവിതശൈലിയും, ഭാരനിയന്ത്രണവും പുകവലി ഉപേക്ഷിക്കലുമെല്ലാം കരളിന്റെ ആരോഗ്യത്തിന് സഹായകമാണ്.