നിയമസഭാ കൈയാങ്കളി കേസില്‍ തുടരന്വേഷണം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു. 60 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ക്രൈംബ്രാഞ്ചിനോട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഉത്തരവിട്ടു. മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള എല്‍ഡിഎഫ് നേതാക്കള്‍ പ്രതികളായ കേസില്‍ യുഡിഎഫ് നേതാക്കളെകൂടി പ്രതികളാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
വാര്‍ഷിക സ്വത്തു വിവരം സ്പാര്‍ക്കില്‍ സമര്‍പ്പിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനകയറ്റം, സ്ഥലമാറ്റം എന്നിവയ്ക്ക് അര്‍ഹതയുണ്ടാകില്ലെന്നു സര്‍ക്കാര്‍. സ്വത്ത് വിവരം സമര്‍പ്പിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പുവച്ച് അംഗീകരിക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. നിയമ നടപടിയുമായി മുന്നോട്ടു പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി.
ശക്തമായ മഴയ്‌ക്കൊപ്പം അതിശക്തമായ കാറ്റും. 11 ജില്ലകളില്‍ 55 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റിനും മഴയ്ക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണു മുന്നറിയിപ്പ്. പത്തനംതിട്ടയില്‍ പമ്പാ നദി കര കവിഞ്ഞു. മീനച്ചിലാര്‍ കരകവിഞ്ഞതോടെ കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളം ഉയര്‍ന്നു. സംസ്ഥാനത്തു പലയിടത്തും നിരവധി പ്രദേശങ്ങളില്‍ വീടുകളിലേക്കു വെള്ളം കയറി. മരങ്ങള്‍ വീണു വന്‍ നാശം. നാളെ വൈകുന്നേരത്തോടെ ദുര്‍ബലമാകുന്ന മഴ 12 ാം തീയതിയോടെ ശക്തമാകും. ഇടുക്കി, വയനാട്, കോട്ടയം ജില്ലയിലെ മലയോരങ്ങളിലേക്ക് അനാവശ്യ യാത്ര പാടില്ല.
സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ബെസ്റ്റ് ഗേള്‍ഫ്രണ്ട് ആയിരുന്നെന്നു കണ്ണൂരില്‍ പ്രസംഗിച്ച എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് സംഘടിപ്പിച്ച കണ്ണൂര്‍ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചിലെ പ്രസംഗത്തിലാണ് വിശ്വനാഥ പെരുമാള്‍ വിവാദ പരാമര്‍ശം നടത്തിയത്.
കുതിരാന്‍ വഴുക്കുംപാറയില്‍ ദേശീയപാതയില്‍ വിള്ളലുണ്ടായ ഭാഗം വീണ്ടും ഇടിഞ്ഞു താഴ്ന്നു. ഒന്നരയടി താഴ്ചയിലും 10 മീറ്റര്‍ നീളത്തിലുമാണ് ഇടിഞ്ഞു താഴ്ന്നത്.
ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കേരളത്തില്‍ ഇടതുമുന്നണിയും വലതു മുന്നണിയും മതധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടികളില്‍നിന്നു സിപിഎമ്മും കോണ്‍ഗ്രസും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടുക്കി പനംകുട്ടിയില്‍ വിശ്വഭരന്റെ വീടിനു മുകളിലേക്കു കെഎസ്ഇബിയുടെ കരാര്‍ ലോറി വീണ് അഞ്ചു ദിവസമായിട്ടും ലോറി നീക്കിയില്ല. മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കരാറുകാര്‍ തയാറാകുന്നില്ലെന്നും സുരക്ഷിതമല്ലാത്ത വീട്ടില്‍ നിന്നു മാറിതാമസിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെന്നും വിശ്വംഭരന്റെ കുടുംബം പറയുന്നു.
ഭിക്ഷാടനം സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് കൊച്ചി എംജി റോഡ് ജോസ് ജംഗ്ഷന് സമീപം തമിഴ്‌നാട്ടുകാരനെ കുത്തിക്കൊന്നു. സാബു എന്നയാളാണു കൊല്ലപ്പെട്ടത്. പ്രതി മട്ടാഞ്ചേരി സ്വദേശി റോബിന്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
തിരുവനന്തപുരം ആര്യനാട് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മലയടിയില്‍ സ്വദേശി ആരോമല്‍ എന്ന അക്ഷയ് (15) ആണ് മരിച്ചത്. വിതുര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.
മഹാരാഷ്ട്രയിലെ എന്‍സിപി അജിത് പവാര്‍ വിഭാഗം എന്‍ഡിഎ സര്‍ക്കാരില്‍ ചേര്‍ന്നതിനു പിറകേ, ശിവസേന ഷിന്‍ഡേ വിഭാഗത്തില്‍ പിളര്‍പ്പിനു സാധ്യത. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയുടെ അധ്യക്ഷതയില്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ കടുത്ത ഭിന്നത പ്രകടമാക്കി. എന്‍സിപിയുമായി ഒരു സഖ്യവും പാടില്ലെന്നാണ് വലിയൊരു വിഭാഗം നേതാക്കളുടെ നിലപാട്.
ഏക സിവില്‍ കോഡെന്ന പേരില്‍ ഭൂരിപക്ഷ സദാചാരം അടിച്ചേല്‍പ്പിക്കരുതെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. ഭരണഘടനയ്ക്കു പോലും ഏക സ്വഭാവമില്ല. പല സമുദായങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും പ്രത്യേക പരിഗണന ഭരണഘടനയിലുണ്ട്. ന്യൂനപക്ഷ അവകാശം ഹനിക്കാന്‍ ആര്‍ക്കും അവകാശമില്ല. നിയമ കമ്മീഷനു നല്‍കിയ മറുപടിയിലാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. രാജ്യ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഏക സിവില്‍ കോഡ് എതിരാണെന്നും ബോര്‍ഡ് അഭിപ്രായപ്പെട്ടു.
പാറ്റ്‌നയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടുത്തെ അവസ്ഥ കണ്ടു ചിരിവന്നെന്ന് വിമത എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍. 17 പാര്‍ട്ടികളുടെ നേതാക്കളാണു യോഗത്തില്‍ പങ്കെടുത്തത്. ലോക്‌സഭയില്‍ ഓരോ എംപിമാര്‍ മാത്രമുള്ള ഏഴു പാര്‍ട്ടികളും ഒരു എംപി പോലുമില്ലാത്ത പാര്‍ട്ടുയുമെല്ലാം ചേര്‍ന്നാണ് രാജ്യത്തു വലിയ മാറ്റമുണ്ടാക്കുമെന്നു പറയുന്നതെന്ന് പ്രഫുല്‍ പട്ടേല്‍ പരിഹസിച്ചു.
ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ജൂലൈ 13 ല്‍നിന്ന് 14 ാം തീയതിയിലേക്കു മാറ്റി. ജൂലൈ 20 വരെ വിക്ഷേപണം നടത്താന്‍ സമയമുണ്ട്.
നാലു വര്‍ഷം മുമ്പുണ്ടായ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കുറ്റവാളികള്‍ക്കു തടവു ശിക്ഷ. ജാര്‍ഖണ്ഡില്‍ 24 കാരനായ തബ്രെസ് അന്‍സാരിയെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ പ്രതികളായ പത്തു പേര്‍ക്കും പത്തു വര്‍ഷം വീതം കഠിന തടവ്. ജാര്‍ഖണ്ഡിലെ സെറായികേല കോടതിയാണ് ശിക്ഷ വിധിച്ചത്.