യുട്യൂബര്‍മാര്‍ നിര്‍മിക്കുന്ന വീഡിയോകള്‍ ഏതു ഭാഷയിലേക്കും മൊഴിമാറ്റം ചെയ്യാന്‍ സാധിക്കുമെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച് യുട്യൂബ്. അധികം സമയമോ പണമോ ചിലവാക്കാതെ തന്നെ എളുപ്പത്തില്‍ വീഡിയോകള്‍ കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ പുതിയ ഡബ്ബിങ് ടൂള്‍ യുട്യൂബര്‍മാരെ സഹായിക്കും. ഗൂഗിളിന്റെ ഏരിയ 120 ഇന്‍ക്യുബേറ്റര്‍ നിര്‍മിച്ച എലൗഡ് സംവിധാനം നിര്‍മിത ബുദ്ധിയുടെ സഹായത്തിലാണ് പ്രവര്‍ത്തിക്കുക. മൊഴിമാറ്റം നടത്തേണ്ട വീഡിയോയിലെ വിവരങ്ങള്‍ മൊഴിമാറ്റം നടത്തി നല്‍കുകയാണ് എലൗഡ് ആദ്യം ചെയ്യുക. ഇതില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനും നമുക്ക് സാധിക്കും. അതിനുശേഷം എലൗഡ് മൊഴിമാറ്റ വീഡിയോ നിര്‍മ്മിച്ചു നല്‍കും. എലൗഡിന്റെ വരവ് ഭാഷയുടെ അതിര്‍ത്തികള്‍ തകര്‍ക്കുമെന്നാണ് യുട്യൂബിന്റെ പ്രതീക്ഷ. പല യുട്യൂബര്‍മാര്‍ക്കും ഈ ടൂള്‍ പരീക്ഷിക്കുന്നതിന് ഇതിനകം തന്നെ യുട്യൂബ് നല്‍കിയിട്ടുണ്ട്. നിലവില്‍ വളരെ കുറച്ച് ഭാഷകളില്‍ മാത്രമാണ് പരീക്ഷണത്തിന് യുട്യൂബ് മുതിര്‍ന്നിട്ടുള്ളത്. ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ് ഭാഷകളില്‍ എലൗഡിന് വിഡിയോകള്‍ മൊഴിമാറ്റം നടത്താനാവും. പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ പ്രാദേശിക ഭാഷകളിലേക്ക് എലൗഡ് എത്തുമെന്ന് ഉറപ്പിക്കാം. വൈകാതെ എല്ലാവര്ക്കും എലൗഡ് ലഭ്യമാവും. വോയ്സ് പ്രിസര്‍വേഷന്‍, ലിപ് റീ അനിമേഷന്‍, ഇമോഷന് ട്രാന്‍സ്ഫര്‍ തുടങ്ങിയ ഫീച്ചറുകളും വൈകാതെ എലൗഡില് വരും.