◾റഷ്യയില്‍ അട്ടിമറി നീക്കത്തില്‍നിന്നു പിന്മാറിയ വാഗ്നര്‍ സേനാ അംഗങ്ങളെ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ക്കാമെന്ന് ധാരണ. കരാര്‍ അടിസ്ഥാനത്തില്‍ റഷ്യന്‍ സേനയില്‍ സേവനം ചെയ്യാമെന്ന് പുടിന്റെ ഓഫീസ് വ്യക്തമാക്കി. അട്ടിമറി നീക്കത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകില്ല. വാഗ്നര്‍ സേനാ തലവന്‍ യെവ്ഗെനി പ്രിഗോഷിന് ബെലാറൂസില്‍ അഭയം തേടും. പ്രിഗോഷിനെതിരേയും കേസെടുക്കില്ല. ഇതോടെ വാഗ്നര്‍ സേന ഇല്ലാതാകും. 2014 ല്‍ റഷ്യ യുക്രൈനെ ആക്രമിച്ച് ക്രമിയ പിടിച്ചെടുത്തപ്പോഴാണ് വാഗ്നര്‍ ഗ്രൂപ്പ് രൂപീകരിച്ചത്.
◾കെപിസിസി പ്രസിഡന്റു സ്ഥാനം ഒഴിയില്ലെന്ന് കെ സുധാകരന്. സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റു ചെയ്യപ്പെട്ടതിനു പിറകേ സുധാകരന് കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും രാജി വയ്ക്കുകയാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ രാജിവയ്ക്കേണ്ടതില്ലെന്നു ഹൈക്കമാന്‍ഡ് നേതാക്കള്‍ നിര്‍ദ്ദേശിച്ചെന്നു സുധാകരന് പറഞ്ഞു.
◾മലബാറിലെ പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ ജൂലൈ ഒന്നിനുശേഷം നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ ക്ലാസുകള്‍ അഞ്ചാം തിയ്യതി തുടങ്ങും. ആദ്യ രണ്ട് അലോട്ട്മെന്റുകളില്‍ സീറ്റ് നേടിയവരെ ഉള്‍പ്പെടുത്തിയായിരിക്കും ക്ലാസ്. അധ്യാപകര്‍ സ്വകാര്യ ട്യൂഷന് എടുക്കരുതെന്നും മന്ത്രി വിലക്കി.
◾ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആതിരയില്‍ അനന്തു (21), കരൂര്‍ അനില്‍ കുമാറിന്റെ മകന് അഭിജിത്ത് (22) എന്നിവരാണ് മരിച്ചത്. ദേശീയ പാതയില്‍ പുന്നപ്ര കളത്തട്ട് ജംഗ്ഷന് സമീപമായിരുന്നു അപകടം.
◾വ്യാജ രേഖ കേസില്‍ നീലേശ്വരം പൊലീസിനു മുന്നില്‍ കെ. വിദ്യ ഹാജരായില്ല. ആരോഗ്യ പ്രശ്നങ്ങള്‍മൂലം ഇന്നു ഹാജരാകില്ലെന്നും ചൊവ്വാഴ്ച ഹാജരാകാമെന്നും ഇ മെയില്‍ വഴി അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു.
◾കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിനു പിന്നില്‍ ഒരു കോണ്‍ഗ്രസ് നേതാവാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലന്. സിപിഎം ബന്ധമുള്ള പരാതിക്കാരനെ മാറ്റിനിര്‍ത്തി മറ്റുള്ളവരുടെ രാഷ്ട്രീയം നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകുമെന്നു ബാലന് പറഞ്ഞു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾പത്തനംതിട്ടയിലെ കോണ്‍ഗ്രസ് വിമതര്‍ പുതിയ രാഷ്ട്രീയ കൂട്ടായ്മ രൂപീകരിക്കുന്നു. ജൂലൈ നാലിന് വിശാല കണ്വന്ഷന് സംഘടിപ്പിക്കും. അതിനു മുന്നോടിയായി ഇന്ന് വൈകിട്ട് യോഗം നടക്കും. നടപടി നേരിട്ട മുതിര്‍ന്ന നേതാക്കളായ സജി ചാക്കോ, ബാബു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് വിമത നീക്കം.
◾ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പോലീസുകാരന് മാരായമുട്ടം കിഴങ്ങുവിള വീട്ടില്‍ ദിലീപിനെ (44) നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡു ചെയ്തു. 2021 മുതല്‍ 2023 വരെ പല ദിവസങ്ങളിലും ഇയാള്‍ പീഡിപ്പിച്ചിരുന്നെന്നാണു റിപ്പോര്‍ട്ട്.
◾
◾റാന്നി കീക്കൊഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതി രജിതയെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിയായ അതുല്‍ സത്യനെ പൊലീസ് പിടികൂടി. ആദ്യ ഭര്‍ത്താവ് ഗള്‍ഫില്‍ ജോലി ചെയ്യുന്നതിനിടെയാണ് രജിത അതുലുമായി അടുത്ത് ഒന്നിച്ചു താമസം ആരംഭിച്ചത്. ഇയാള്‍ക്കെതിരെ രജിത പൊലീസില്‍ പരാതിപ്പെട്ടതാണ് കൊലപാതകത്തിനു കാരണം.
◾കോട്ടയം തിരുവാര്‍പ്പില്‍ സ്വകാര്യ ബസിനു മുന്നില്‍ സിഐടിയു നാട്ടിയ കൊടി നീക്കം ചെയ്ത ബസുടമ രാജ്മോഹന്‍ സിഐടിയു നേതാവിന്റെ മര്‍ദ്ദനം. സിഐടിയു നേതാവും പഞ്ചായത്ത് അംഗവുമായ അജയന് അതിക്രമം നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. പോലീസ് നോക്കി നില്‍ക്കേയായിരുന്നു മര്‍ദനം.
◾എംഡിഎംഎ മയക്കുമരുന്നുമായി 18 കാരി യുവതി ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്‍. നെടുവന്നൂര്‍ പെരുമ്പാട്ട് വീട്ടില്‍ മുഹമ്മദ് ഷിഹാബുദ്ദീന് (28), കോട്ടായി അന്‍ഡേത്ത് വീട്ടില്‍ അഖില്‍ (24), എന്‍.എ.ഡി നൊച്ചിമ ചേനക്കര വീട്ടില്‍ ഫൈസല്‍ (35), ചൊവ്വര പട്ടൂര്‍കുന്ന്, തച്ചപ്പിള്ളി വീട്ടില്‍ അനഘ (18) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റു ചെയ്തത്.
◾മണിപ്പൂരില്‍ പന്ത്രണ്ട് തീവ്രവാദികളെ പിടികൂടിയ സൈനിക സംഘത്തെ സ്ത്രീകളടക്കമുള്ള ആയിരത്തിലേറെ ഗ്രാമീണര്‍ വളഞ്ഞ് കസ്റ്റഡിയിലുള്ളവരെ മോചിപ്പിച്ചു. 12 പേരെയും ഗ്രാമത്തലവന് വിട്ടുകൊടുക്കേണ്ടി വന്നു.
◾ഉത്തര്‍പ്രദേശ് മെയിന്‍പുരി ജില്ലയിലെ ഗ്രാമത്തില്‍ വിവാഹ വീട്ടില്‍ കൂട്ടക്കൊലപാതകം. നോയിഡയിലെ കമ്പ്യൂട്ടര്‍ സെന്ററില്‍ ജോലി ചെയ്യുന്ന 28 കാരനാണ് തന്റെ ഇളയ സഹോദരന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നവദമ്പതികളടക്കം കുടുംബത്തിലെ അഞ്ചു പേരെ വെട്ടിക്കൊന്നത്. ഇയാള്‍ വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. ഗോകുല്‍പുര അര്‍സര ഗ്രാമത്തിലെ ശിവ് വീര്‍ യാദവാണ് അഞ്ചു പേരെ കൊന്ന് ജീവനൊടുക്കിയത്. സഹോദരന് സോനു, ഭാര്യ സോണി (20), രണ്ടാമത്തെ സഹോദരന് ഭുള്ളന്‍ (25), ഭാര്യാസഹോദരന്‍ സൗരഭ് (23), സുഹൃത്ത് ദീപക് കുമാര്‍ (20) എന്നിവരാണ് കൊല്ലപ്പെട്ടത്.
◾പശ്ചിമബംഗാളില്‍ രണ്ടു ഗുഡ്സ് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ബാങ്കുരയിലെ ഒണ്ഡ റെയില്‍വേ സ്റ്റേഷനില്‍ ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. ഒരു ട്രെയിനിന്റെ പിറകില്‍ രണ്ടാമത്തെ ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ടായത്. ട്രെയിനുകളുടെ എട്ടു ബോഗികള്‍ പാളം തെറ്റി. ലോക്കോപൈലറ്റിന് പരിക്കേറ്റു.
◾ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫിസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ശ്രീലങ്കയിലേക്കു മത്സ്യം കയറ്റുമതി ചെയ്ത കേസിലാണ് നടപടി. നേരത്തെ വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയിരുന്നു.
◾ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡിയുടെ സഹോദരി വൈഎസ് ഷര്‍മിള കോണ്‍ഗ്രസില്‍ ചേരും. ഷര്‍മിളയുടെ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും. വ്യാഴാഴ്ച ഷര്‍മിള ഡല്‍ഹിയില്‍ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തും. പ്രിയങ്കാഗാന്ധിയുടെ പിന്തുണയോടെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ഷര്മിളക്കു കോണ്‍ഗ്രസിലേക്കുള്ള വഴിയൊരുക്കിയത്.
◾മുഖ്യമന്ത്രിയുടെ ഓഫിസിലെ, വാസ്തു വിശ്വാസപ്രകാരം അടച്ചിട്ടിരുന്ന, വാതില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുറപ്പിച്ചു. അവലോകന യോഗത്തിനെത്തിയപ്പോഴാണ് തെക്കു ഭാഗത്തെ വാതില്‍ തുറക്കാത്തതെന്താണെന്ന് ചോദിച്ചു. വാസ്തു ശാസ്ത്രമനുസരിച്ച് അടച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍, അന്ധവിശ്വാസം വേണ്ടെന്നും വാതില്‍ തുറക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
◾ഇന്ത്യയിലെ വിദ്യാഭ്യാസവും തൊഴിലവസരവും മെച്ചപ്പെടുത്തുന്നതിനായി 255.5 മില്യണ്‍ യുഎസ് ഡോളര്‍ വായ്പയ്ക്ക് ലോകബാങ്ക് അംഗീകാരം നല്കി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് സഹായം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിലെ 275 സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സാങ്കേതിക സ്ഥാപനങ്ങളുടെ പ്രോജക്റ്റ് പിന്തുണയ്ക്ക് ഇത് സഹായമാകും. ഓരോ വര്‍ഷവും 3,50,000-ത്തിലധികം വിദ്യാര്‍ത്ഥികളുടെ കഴിവുകളും തൊഴില്‍ക്ഷമതയും മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിക്കും. പദ്ധതിയുടെ ഭാഗമായി, ആശയവിനിമയത്തിലും ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെ നവീകരിച്ച പാഠ്യപദ്ധതികളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കും. പ്രൊഫഷണല്‍ മേഖലകളില്‍ മികച്ച ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സേവനങ്ങള്‍ എന്നിവയിലുള്ള പ്രയോജനവും ലഭിക്കുമെന്ന് ലോക ബാങ്ക് അറിയിച്ചു. ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്റില്‍ (ഐ.ബി.ആര്.ഡി) നിന്നുള്ള 255.5 മില്യണ്‍ യുഎസ് ഡോളറിന്റെ വായ്പയ്ക്ക് അഞ്ച് വര്‍ഷത്തെ ഗ്രേസ് പിരീഡ് ഉള്‍പ്പെടെ 14 വര്‍ഷത്തെ അന്തിമ കാലാവധിയുണ്ട്.
◾ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുതിയ ഐഒഎസ് വേര്‍ഷനില്‍ ഉപഭോക്താക്കള്‍ക്ക് ക്യാമറ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ തിരയാനുകുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. മെച്ചപ്പെട്ട ട്രാന്‍സിലേഷന്‍ കഴിവുകള്‍, എളുപ്പം കലണ്ടര്‍ ഇവന്റുകള്‍ നിര്‍മ്മിക്കാനുള്ള സൗകര്യം എന്നിവയും പുതിയ ഫീച്ചറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍ ക്രോം ഐഒഎസ് പതിപ്പില്‍ മിനി ഗൂഗിള്‍ മാപ്പ് തുറക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതിനാല്‍, ഉപഭോക്താക്കള്‍ക്ക് മാപ്പ് ഉപയോഗിക്കുന്നതിനായി മറ്റ് ആപ്പുകള്‍ തുറക്കേണ്ട ആവശ്യം വരില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയാല്‍ വെബ്സൈറ്റിലെ അഡ്രസുകള്‍ തിരിച്ചറിയാന്‍ കഴിയും. ഇത്തവണ ലൊക്കേഷന്‍ അനുസരിച്ച് ട്രാന്സ്ലേഷന് സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഉപഭോക്താക്കള്‍ക്ക് ലൊക്കേഷന്‍, സമയം, ഇവന്റ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തി എളുപ്പത്തില്‍ കലണ്ടര്‍ ഇവന്റുകള്‍ ബ്രൗസറില്‍ നിന്ന് നേരിട്ട് നിര്‍മ്മിക്കാന്‍ കഴിയുന്നതാണ്.
◾അഭിനേതാവ് മാത്രമല്ല ഇനി മുതല്‍ ഗായകനായും കുഞ്ചാക്കോ ബോബന്. ‘പദ്മിനി’ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന് പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ചത്. ജേക്സ് ബിജോയുടെ സംഗീതത്തില്‍ പുറത്തിറങ്ങിയ ‘ലവ് യു മുത്തേ’ എന്ന ഗാനമാണ് വിദ്യാധരന് മാസ്റ്ററോടൊപ്പം കുഞ്ചാക്കോ ബോബന് ആലപിച്ചത്. മനു മന്ജിത്താണ് ‘ലവ് യു മുത്തേ’ എന്ന ഗാനത്തിന് വരികളെഴുതിയത്. ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാണ്. പദ്മിനിയുടെ ടീസറും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. കുഞ്ഞിരാമായണത്തിന്റെ തിരകഥാകൃത്ത് ദീപു പ്രദീപാണ് പദ്മിനിയുടെ തിരകഥയൊരുക്കുന്നത്.
ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാളവിക മേനോന്, അല്‍ത്താഫ് സലീം, സജിന്‍ ചെറുകയില്‍, ഗണപതി, ആന്ദ് മന്മഥന്, സീമ ജി നായര്‍, ഗോകുലന്, ജെയിംസ് ഏലിയ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
◾‘അക്വാട്ടിക് യൂണിവേഴ്സിന്’ തല്ക്കാലം വിട നല്കി പുതിയ ചിത്രം പ്രഖ്യാപിച്ച് അനൂപ് മേനോന്. ‘ചെക്ക്മേറ്റ്’ എന്ന ചിത്രത്തിന്റെ ടെറ്റില്‍ പോസ്റ്റര്‍ ആണ് അനൂപ് മേനോന് പുറത്തുവിട്ടിരിക്കുന്നത്. ‘നിങ്ങളുടെ ഓരോ നീക്കവും അവസാനത്തേത് ആയിരിക്കാം’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ഒരു നഗരത്തിന്റെ ഭാഗവും ഒരു ചെസ് ബോര്‍ഡിന്റെ ചിത്രവും ഒരു തോക്കുമാണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്. സംവിധാനത്തിനൊപ്പം രതീഷ് ശേഖര്‍ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഗീതം, ഛായാഗ്രഹണം എല്ലാം നിര്‍വ്വഹിക്കുന്നത്. ലാല്‍, രേഖ ഹരീന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.
ത്രില്ലര്‍ ചിത്രമാകും ചെക്ക്മേറ്റ് എന്നാണ് പോസ്റ്ററില്‍ നിന്നുള്ള സൂചന. അതേസമയം, രാകേഷ് ഗോപന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ‘തിമിംഗലവേട്ട’ ആണ് അനൂപ് മേനോന് നായകനായി പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്ന ചിത്രം. രാകേഷ് ഗോപന് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. തിമിംഗല വേട്ട പ്രഖ്യാപിച്ചതോടെയാണ് അനൂപ് മേനോന്റെ അക്വാട്ടിക് യൂണിവേഴ്സ് ചര്‍ച്ചകളില്‍ നിറഞ്ഞത്.
◾വരുന്ന ജൂലൈ 4ന് പുതിയ സെല്‍റ്റോസ് 2023 പുറത്തിറക്കാന്‍ ഒരുങ്ങി കിയ ഇന്ത്യ. 2019 ഓഗസ്റ്റില്‍ രാജ്യത്ത് അവതരിപ്പിച്ചതിന് ശേഷമുള്ള ജനപ്രിയ മിഡ്-സൈസ് എസ്യുവിയുടെ ആദ്യത്തെ പ്രധാന അപ്ഡേറ്റാണിത്. ആഭ്യന്തര വിപണിയില്‍ കിയ സെല്‍റ്റോസിന്റെ 364,115 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍, കാര്‍ നിര്‍മ്മാതാവ് മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, സെന്‍ട്രല്‍, സൗത്ത് അമേരിക്ക, മെക്സിക്കോ, ഏഷ്യ-പസഫിക് എന്നിവയുള്‍പ്പെടെ 100 വിപണികളിലേക്ക് 135,885 യൂണിറ്റിലധികം എസ്യുവികള് കയറ്റുമതി ചെയ്തിട്ടുണ്ട്. എസ്യുവിക്ക് 1.4 ലിറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍ എഞ്ചിനും ഉണ്ടായിരുന്നു. എന്നിരുന്നാലും, ഈ വര്‍ഷം ആദ്യം ഇത് നിര്‍ത്തലാക്കി. 1.5 ലിറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍ എഞ്ചിന് പകരം വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. കിയ സെല്‍റ്റോസിന് നിലവില്‍ 10.89 ലക്ഷം മുതല്‍ 19.65 ലക്ഷം വരെയാണ് (എക്സ് ഷോറൂം) വില. പുതിയ കിയ സെല്‍റ്റോസ് 2023 ന്റെ വില 11 ലക്ഷം മുതല്‍ 21 ലക്ഷം രൂപ വരെയായിരിക്കാം (എക്സ്-ഷോറൂം) എന്നാണ് ലഭ്യമായ വിവരം.
◾ഏതോ മുത്തശ്ശിക്കഥയിലെ രാക്ഷസന്റെ കൊട്ടാരത്തിലെന്നപോല്‍ മഞ്ഞു കവാടങ്ങള്‍ക്കിടയിലൂടെയായി യാത്ര. മഞ്ഞിനാല്‍ ചുവരുകള്‍, മഞ്ഞിനാല്‍ മേല്‍പ്പുര… മഞ്ഞില്‍ തീര്‍ത്ത ജാലകങ്ങള്‍… ഹിമക്കൊട്ടാരത്തില്‍ ഞങ്ങള്‍ കുഞ്ഞുങ്ങളായി. മഞ്ഞില്‍ കിടന്നും ഉരുണ്ടും വാരിയെടുത്തും ചുംബിച്ചും സ്വന്തമാക്കി. ഏതു കളിമണ്ണിനെയും തോല്‍പ്പിക്കുന്ന വഴക്കം മഞ്ഞിന്റെ തരികള്‍ക്കുണ്ട്. അവകൊണ്ട് ഞങ്ങള്‍ കുതിരകളും തേരുകളും രഥങ്ങളും നിര്‍മ്മിച്ചു. രാജകുമാരന്മാരും രാജകുമാരികളുമായി. ക്ഷേമയുടെ യാത്രാ എഴുത്തിന്റെ ഉള്ളുറവകളില്‍ നിന്നാണ് ഈ സ്വപ്നത്തിലാണ്ട ജീവിത ദൃശ്യത്തിന്റെ പിറവി. ക്ഷേമ കെ. തോമസിന്റെ യാത്രകളുടെ സമാഹാരം. ‘അകലങ്ങളുടെ ആലിംഗനം’. മാതൃഭൂമി ബുക്സ്. വില 232 രൂപ.
◾ആരോഗ്യകരമായ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്ന ഒന്നാണ് പാല് എന്നകാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷെ പാലിനൊപ്പം എന്ത് കഴിക്കരുത് എന്ന് കൂടി അറിയണം. കാരണം, ചില കോമ്പിനേഷനുകള്‍ ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്തെന്നുവരാം. പാലിന്റെ ടെക്സ്ചറും മീനിന്റെ രുചിയും ഒന്നിച്ചുപോകില്ല, അതുകൊണ്ടുതന്നെ പാലിനൊപ്പം മീന്‍ കഴിക്കരുതെന്ന് പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ഈ കോമ്പിനേഷന്‍ ദഹനപ്രശ്നങ്ങള്‍ അടക്കമുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകും. പാലില്‍ പഴം ചേര്‍ത്തടിച്ച് മില്‍ക്ക്ഷേക്കും സ്മൂത്തിയുമൊക്കെ തയ്യാറാക്കുന്നത് പതിവാണ്. പക്ഷെ പാലും പഴവും ഒന്നിച്ച് കഴിക്കുന്നത് എല്ലാവരുടെയും ശരീരത്തില്‍ ഗുണകരമായിരിക്കില്ല. പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ പാലും സ്റ്റാര്‍ച്ച് കൂടുതലുള്ള പഴവും ചേരുമ്പോള്‍ ദഹനപ്രശ്നങ്ങള്‍ തലപൊക്കും. അതുകൊണ്ട് പാലും പഴവും വെവ്വേറെ കഴിക്കുന്നതാണ് ആരോഗ്യകരമായ ഭക്ഷണക്രമത്തിന് അനുയോജ്യം. പാലിനൊപ്പം മത്തന്‍വര്‍ഗത്തില്‍പ്പെട്ടവയും (തണ്ണിമത്തന്, ഷമാം) ചേരില്ല. ഇവ രണ്ടും ചേരുന്നത് ഒരു ടോക്സിക് കോമ്പിനേഷനാണ്. ഛര്‍ദി, ദഹനപ്രശ്നങ്ങള്‍ തുടങ്ങി പല ബുദ്ധിമുട്ടുകളും ഇതുമൂലമുണ്ടാകാറുണ്ട്. ഓറഞ്ച്, ചെറുനാരങ്ങ, മുന്തിരിങ്ങ തുടങ്ങി അമ്ലത കൂടിയൊന്നും പാലിനൊപ്പം കഴിക്കരുത്. ഇത് ദഹനം പ്രയാസകരമാക്കും. ഗ്യാസ്, നെഞ്ചെരിച്ചില്‍, അസ്വസ്ഥത തുടങ്ങിയ ബുദ്ധിമുട്ടുകളും ഇതുമൂലം ഉണ്ടാകാം. ചുമ, ജലദോഷം, അലര്‍ജി തുടങ്ങിയ പ്രശ്നങ്ങളും ഇതുകാരണം ഉണ്ടായെന്നുവരാം. പാലിനൊപ്പം റാഡിഷ് കഴിക്കുന്നതും നന്നല്ല. പാല് കുടിച്ച് കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞേ മുള്ളങ്കി ചേര്‍ത്ത വിഭവങ്ങള്‍ കഴിക്കാവൂ.