◾സംസ്ഥാനത്ത് പനി അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്നു. കേരളത്തില്‍ 11,329 പേര് ഇന്നലെ പനിക്കു ചികിത്സ തേടി. പത്തനംതിട്ടയില്‍ രണ്ട് എലിപ്പനി മരണങ്ങള് കൂടി സ്ഥിരീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ കൊടുമണ്‍ചിറ സ്വദേശി സുജാത ആണ് മരിച്ചത്. പനി ബാധിച്ച് മൂന്ന് ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊടുമണ്ണില്‍ മരിച്ച മണിക്കും എലിപ്പനിയായിരുന്നെന്നു സ്ഥിരീകരിച്ചു. ഇന്നലെ അടൂര്‍ പെരിങ്ങനാട് സ്വദേശി രാജനും എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. 48 പേര്‍ക്ക് ഡെങ്കിപ്പനിയും അഞ്ചു പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ മരിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.
◾നടന് പൂജപ്പുര രവി എന്ന എം രവീന്ദ്രന് നായര്‍ അന്തരിച്ചു. 86 വയസായിരുന്നു. ചെങ്കള്ളൂര്‍ പൂജപ്പുര സ്വദേശിയാണ്. മകന് വിദേശത്തേയ്ക്ക് പോയതിനാല്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ അദ്ദേഹം മറയൂരില്‍ മകളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. എണ്ണൂറോളം സിനിമകളിലും നാലായിരത്തോളം നാടകവേദികളിലും അഭിനിയിച്ചിട്ടുണ്ട്. സംസ്കാരം നാളെ തിരുവനന്തപുരത്ത്.
◾ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് മന്ത്രി ഉറപ്പ് ആവര്‍ത്തിച്ചത്.
◾ഈ മാസം മുപ്പതിനു ചീഫ് സെക്രട്ടറി വി.പി. ജോയിയും ഡിജിപി അനില്‍കാന്തും വിരമിക്കും. പുതിയ പൊലിസ് മേധാവിയെ കണ്ടെത്താനുള്ള യോഗം നാളെ ഡല്‍ഹിയില്‍. സംസ്ഥാന സര്‍ക്കാര്‍ നല്കിയ എട്ടുപേരുടെ പട്ടികയില്‍ നിന്ന് മൂന്നുപേരെ ഉന്നതല യോഗം നിര്‍ദ്ദേശിക്കും.
◾മോന്സന് മാവുങ്കല്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പോക്സോ കേസിലെ കൂട്ടു പ്രതിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പീഡനം നടക്കുമ്പോള്‍ കെ സുധാകരന് അവിടെ ഉണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നല്‍കിയിട്ടുണ്ടെന്നും ആ കേസില്‍ ചോദ്യം ചെയ്യാനാണ് സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നതെന്നും ഗോവിന്ദന് പറഞ്ഞു. അതേസമയം പോക്സോ കേസില്‍ കെ. സുധാകരനെതിരെ ഇരയായ പെണ്‍കുട്ടിയുടെ മൊഴിയില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം സ്ഥിരീകരിച്ചു. കെ.സുധാകരനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത് പോക്സോ കേസില്‍ അല്ലെന്നും, മോന്സന് മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസിലാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.
◾ചെങ്ങന്നൂരില്‍ അഭിഭാഷകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറികൂടിയായ അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഡ്വ രാഹുല്‍ കുമാറിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ അഡ്വ അശോക് അമാനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ക്കു പരാതി പരിഹാര സെല്ലുകളുമായി ഐഎംഎ. ഡോക്ടര്‍മാരും മാനേജ്മെന്റ് പ്രതിനിധിയും അടങ്ങുന്നതാകും പരാതി പരിഹാര സെല്‍. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് നടപ്പാക്കുന്ന പദ്ധതി പിന്നീട് സംസ്ഥാന വ്യാപകമാക്കും.
◾
◾കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച എംപി ഫണ്ടിന്റെ നൂറ് ശതമാനവും വിനിയോഗിച്ച് ശശി തരൂര്‍ എംപി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കടല്‍ ഭിത്തി നിര്‍മ്മാണം, അംഗപരിമിതരുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനം, മാനസിക ആരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന വികസനം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടത്തിയതെന്നു ശശി തരൂര്‍ പറഞ്ഞു.
◾പെട്രോളുമായെത്തി ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ച് അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് ലിജോ റമ്മി കളിച്ച് തുലച്ചത് 75 ലക്ഷം രൂപ. കടബാധ്യതകള്‍ തീര്‍ക്കാനാണ് ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചത്. കൂട്ടുകാരില്‍നിന്ന് പണം കടംവാങ്ങിയും വീട് പണയപ്പെടുത്തിയും റമ്മി കളിച്ചെന്നാണു പോലീസിനു നല്കിയ മൊഴി.
◾മാധ്യമ പ്രവര്‍ത്തനം വെല്ലുവിളി നേരിടുന്ന മേഖലയായി മാറിയെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള. മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നിയമ പരിരക്ഷയുണ്ടോയെന്നത് ചോദ്യ ചിഹ്നമാണ്. സര്‍ക്കാരിന്റെ പീഡനം അനുഭവിക്കേണ്ടി വരുന്നുവെന്നും ശ്രീധരന് പിള്ള പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾കായംകുളത്തെ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി വിവരങ്ങള്‍ കോളേജ് മാനേജ്മെന്റ് മറച്ചുവച്ചെന്നും വിവരാവകാശ നിയമമനുസരിച്ച് ആവശ്യപ്പെട്ടിട്ടും രേഖകള്‍ നല്‍കിയില്ലെന്നും കെഎസ്യുവും എംഎസ്എഫും. നിഖില്‍ തോമസ് എംകോമിന് ചേര്‍ന്നത് മാനേജ്മെന്റ് ക്വാട്ട സീറ്റിലാണെന്നും ഇവര്‍ പറയുന്നു.
◾എസ്എഫ്ഐ എല്ലാ കോളജുകളേയും വ്യാജ ബിരുദ കേന്ദ്രങ്ങളാക്കാതെ സ്വന്തമായി ഒരു വ്യാജ സര്‍വകലാശാല ആരംഭിക്കുന്നതാണു നല്ലതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായി വ്യാജ സര്‍വകലാശാല എന്നു പേരിടുന്നതും നല്ലതാണ്. രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
◾
◾നാളെ വായനാദിനം. സാക്ഷരതാ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി.എന്‍. പണിക്കരുടെ ഓര്‍മദിനം. വിദ്യാലയങ്ങളിലും സന്നദ്ധസംഘടനകളുടെ ആഭിമുഖ്യത്തിലും വായനാദിന പരിപാടികള്‍.
◾മീന്‍ പിടുത്തത്തിനിടെ മത്സ്യത്തൊഴിലാളി ബോട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. വടകര സ്വദേശി തെക്കത്തിന്റെവിട സലിം( 47) ആണ് ബോട്ടില്‍ കുഴഞ്ഞു വീണു മരിച്ചത്.
◾കണ്ണൂര്‍ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസില്‍ വിദ്യാര്‍ഥി ജീവനൊടുക്കി. പി ജി വിദ്യാര്‍ത്ഥി വയനാട് സ്വദേശി ആനന്ദ് കെ ദാസ് (23) ആണ് മരിച്ചത്.
◾വീടിനു മുന്നില്‍ കാറിടിച്ച് 13 കാരന് മരിച്ചു. കണ്ണൂര്‍ തോട്ടട മാതന്റവിട നസ്റിയയുടെയും തന്‍സീറിന്റെയും മകന് ഷഹബാസ് ആണ് മരിച്ചത്.
◾കോവളം തീരത്ത് യേവ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു കരയ്ക്കടിഞ്ഞു. തീരത്ത് ദുര്‍ഗന്ധം പരന്നത് വിനോദസഞ്ചാരികളയും ബുദ്ധിമുട്ടിലാക്കി.
◾ഡല്‍ഹിയിലെ ആര് കെ പുരത്ത് വെടിവയ്പ്. വെടിയേറ്റ് അംബേദ്കര്‍ കോളനിയിലെ പിങ്കി, ജ്യോതി എന്നീ യുവതികള്‍ കൊല്ലപ്പെട്ടു. സാമ്പത്തിക ഇടപാടു തര്‍ക്കത്തിനിടെയാണ് വെടിവയ്പുണ്ടായത്.
◾തമിഴ്നാട്ടില്‍ ഡിഎംകെ മന്ത്രിയും ലീഗ് എംപിയും തമ്മില്‍ പൊതുവേദിയില്‍ വാക്കേറ്റം. ഇടപെടാന്‍ ശ്രമിച്ച ജില്ലാ കളക്ടറെ വേദിയില്‍നിന്ന് തള്ളി താഴെയിട്ടു. രാമനാഥപുരത്തു സര്‍ക്കാര്‍ ചടങ്ങ് നേരത്തെ തുടങ്ങിയതിനെച്ചൊല്ലിയായിരുന്നു മന്ത്രി രാജകണ്ണപ്പനും മുസ്ലിം ലീഗിന്റെ എംപി നവാസ് കനിയും തമ്മില്‍ തര്‍ക്കമുണ്ടായത്. കളക്ടറെ തള്ളിയിട്ടതിനു കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റു ചെയ്തു. ജില്ലാ കളക്ടര്‍ക്കെതിരെ മുസ്ലിം ലീഗ് എംപി നവാസ് കനി തമിഴ്നാട് ചീഫ് സെക്രട്ടറിക്കു പരാതി നല്കി. മന്ത്രി രാജകണ്ണപ്പനെതിരെ പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
◾മൊബൈല്‍ ആപ് ഡൗണ്‍ലോഡാകാന്‍ വൈകിയതിനു ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ച മകന്റെ നെഞ്ചില്‍ കത്തികൊണ്ടു കുത്തി പിതാവ്. ഗുരുഗ്രാമിലെ മധു വിഹാറില്‍ 23 കാരനും കംപ്യൂട്ടര്‍ എന്‍ജിനിയറുമായ മകന് ആദിത്യയെയാണ് 64 കാരനായ പിതാവും എന്‍ജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡില്‍നിന്ന് സീനിയര്‍ മാനേജരായി വിരമിച്ചയാളുമായ അശോക് സിംഗ് കുത്തിയത്.
◾ഓണ്‍ലൈന്‍ ട്രെയിന്‍ ബുക്കിംഗ്, ഇന്‍ഫര്‍മേഷന്‍ പ്ലാറ്റ്ഫോമായ ‘ട്രെയിന്മാന്’ സ്വന്തമാക്കാന്‍ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്. ട്രെയിന്മാന് എന്നറിയപ്പെടുന്ന സ്റ്റാര്‍ക്ക് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എ.ഇ.എല്ലിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ അദാനി ഡിജിറ്റല്‍ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ് കരാറില്‍ ഒപ്പുവച്ചു. അദാനി ഗ്രൂപ്പിന്റെ ഓഹരി വില വര്‍ധിപ്പിക്കാന്‍ വ്യാപകമായ കൃത്രിമങ്ങളും ക്രമക്കേടുകളും നടത്തിയെന്ന് ആരോപിച്ച് യു.എസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് ജനുവരി 24-നാണ് ഗ്രൂപ്പിനെതിരെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ആരോപണങ്ങള്‍ കമ്പനി നിഷേധിച്ചെങ്കിലും ഇതേ തുടര്‍ന്ന് ക്ഷീണത്തിലായിരുന്ന ഗ്രൂപ്പിന്റെ തിരിച്ചുവരവിനെയാണ് ഇത്തരം ഏറ്റെടുക്കലുകള്‍ അടയാളപ്പെടുത്തുന്നത്. ഐ.ഐ.ടി റൂര്‍ക്കി ബിരുദധാരികളായ വിനീത് ചിരാനിയയും കരണ്‍ കുമാറും ചേര്‍ന്ന് സ്ഥാപിച്ച ഗുരുഗ്രാം ആസ്ഥാനമായുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സ്റ്റാര്‍ട്ടപ്പാണ് സ്റ്റാര്‍ക്ക് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്. ഗുഡ്വാട്ടര്‍ ക്യാപിറ്റല്‍, ഹെം ഏഞ്ചല്‍സ് എന്നിവരുള്‍പ്പെടെയുള്ള ഒരു കൂട്ടം യു.എസ് നിക്ഷേപകരില്‍ നിന്ന് കമ്പനി അടുത്തിടെ 10 ലക്ഷം ഡോളര്‍ സമാഹരിച്ചിരുന്നു.
◾മള്‍ട്ടി അക്കൗണ്ട് സേവനം അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. അതായത്, നിങ്ങളുടെ വാട്സ്ആപ്പില്‍ ഒരേസമയം ഒന്നിലധികം നമ്പറുകളില്‍ അക്കൗണ്ടുകളുണ്ടാക്കാം. ആവശ്യത്തിനനുസരിച്ച് മാറി മാറി ഉപയോഗിക്കുകയും ചെയ്യാം. നേരത്തെ ഒരു അക്കൗണ്ട് നാല് ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന കംപാനിയന് മോഡ് വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ വാബീറ്റഇന്‍ഫോ ആണ് വാട്സ്ആപ്പ് ബിസിനസ് ബീറ്റ ആന്‍ഡ്രോയ്ഡ് 2.23.13.5 പതിപ്പില്‍ ഏറ്റവും പുതിയ മള്‍ട്ടി-അക്കൗണ്ട് ഫീച്ചര്‍ എത്തിയതായി കണ്ടെത്തിയത്. അതിന്റെ സ്ക്രീന്‍ഷോട്ടും അവര്‍ പങ്കുവെച്ചിട്ടുണ്ട്. നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്ന വാട്സ്ആപ്പില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ തുറക്കാന്‍ ഈ ഫീച്ചര്‍ അനുവദിക്കും. ആപ്പിന്റെ റെഗുലര്‍ പതിപ്പിലും ഈ ഫീച്ചര്‍ വൈകാതെ എത്തുമെന്ന സൂചനകളുണ്ട്. സ്ക്രീന്‍ഷോട്ട് പ്രകാരം, നിങ്ങള്‍ക്ക് വാട്ട്സ്ആപ്പിന്റെ സെറ്റിങ്സ് മെനുവില്‍ പോയി മള്‍ട്ടി അക്കൗണ്ട് സേവനം ഉപയോഗപ്പെടുത്താം. രണ്ടാമത്തെ അക്കൗണ്ടിലേക്ക് പ്രവേശിക്കാനായി ലോഗ്-ഇന്‍ ചെയ്യേണ്ടതില്ല. സ്വകാര്യ അക്കൗണ്ടും വര്‍ക് അക്കൗണ്ടുമൊക്കെ മാറി മാറി ഉപയോഗിക്കാം. ടെലിഗ്രാം അവരുടെ ആപ്പില്‍ ഇതിനകം മള്‍ട്ടി-അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ചാനലുകള്‍, മെസ്സേജ് എഡിറ്റിംഗ്, ചാറ്റ് ലോക്ക് പോലുള്ള ഫീച്ചറുകളും ടെലഗ്രാമുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് വാട്സ്ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
◾ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളായ കെജിഎഫ്, കാന്താര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹൊംബാളെ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ‘ധൂമം’. ജൂണ്‍ 23 വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തുകയാണ് ചിത്രം. മാനസാരെ, ലൂസിയ, യൂ ടേണ്‍, ഒന്‍ഡു മോട്ടെയെ കഥൈ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ പവന് കുമാര്‍ ഒരുക്കുന്ന മലയാള ചിത്രവുമാണ് ധൂമം. ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി, റോഷന് മാത്യു, അച്യുത് കുമാര്‍, വിനീത്, ജോയ് മാത്യു, അനു മോഹന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് കന്നഡയിലെ ഹിറ്റ് മേക്കര്‍ പൂര്‍ണ്ണചന്ദ്ര തേജസ്വിയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായാണ് ചിത്രം എത്തുന്നത്.
◾ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം ‘വോയ്സ് ഓഫ് സത്യനാഥന്’ രണ്ടാമത്തെ ടീസര്‍ പുറത്തെത്തി. ഫാമിലി എന്റര്ടെയ്നര് എന്ന് അണിയറക്കാര്‍ അറിയിച്ചിട്ടുള്ള ചിത്രത്തിന്റെ റിലീസ് തീയതി ജൂലൈ 14 ആണ്. 44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗണ്‍, തെങ്കാശിപ്പട്ടണം, റിംഗ് മാസ്റ്റര്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥന്. ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന് ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
◾ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യയില്‍ പുതിയ ഇരുചക്ര വാഹനങ്ങളെ അവതരിപ്പിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ വിപണിയില്‍ പെട്രോളില്‍ ഓടുന്ന ചില ഇരുചക്ര വാഹനങ്ങളുടെ പേറ്റന്റ് ഫയല്‍ ചെയ്ത കമ്പനി ഇപ്പോള്‍ രണ്ട് പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ പേരുകള്‍ക്കും പേറ്റന്റ് ഫയല്‍ ചെയ്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഡാക്സ് ഇ, സൂമര്‍ ഇ എന്നിങ്ങനെയാണ് ഇവയുടെ പേരുകള്‍ എന്നാണ് വിവരം. 2023 ജനുവരി 10-ന്, ഹോണ്ട അതിന്റെ ഐക്കണിക് മോഡലുകളുടെ മാതൃകയിലുള്ള ഡാക്സ്, സൂമര്‍, കബ് എന്നീ മൂന്ന് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. തുടക്കത്തില്‍ ചൈനീസ് വിപണിയില്‍ ലോഞ്ച് ചെയ്ത ഈ ആകര്‍ഷകമായ ഇലക്ട്രിക് മോപ്പഡുകളില്‍ രണ്ടെണ്ണമായിരിക്കും ഇന്ത്യയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോണ്ട ഡാക്സ് ഇ, ഹോണ്ട സൂമര്‍ ഇ എന്നിവ ചെറിയ വലിപ്പത്തിലുള്ള ഇലക്ട്രിക് സ്കൂട്ടറുകളാണ്. ഈ രണ്ട് മോഡലുകളും ഐക്കണിക് സൂമര്‍ സ്കൂട്ടറിനെയും ഡാക്സ് മിനി ബൈക്കിനെയും അനുസ്മരിപ്പിക്കുന്ന സ്റ്റൈലിംഗ് ഫീച്ചര്‍ ചെയ്യുന്നു. ഒറ്റ ചാര്‍ജില്‍ ഇത് 80 കിലോമീറ്റര്‍ വരെ ഓടും. മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇലക്ട്രിക് സ്കൂട്ടറിന് കഴിയും.
◾ആരോഗ്യവകുപ്പില്‍, 1981ല്‍ അസിസ്റ്റന്റ് സര്‍ജനായി ജോലിയില്‍ പ്രവേശിച്ച്, യൂണിറ്റ് അസിസ്റ്റന്റ്, യൂണിറ്റ് ചീഫ്, റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍, സൂപ്രണ്ട് എന്നീ നിലകളില്‍ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവങ്ങളാണ് ഈ കൃതി. മാനസികാരോഗ്യരംഗത്ത് പുരോഗമനാത്മകമായ ചലനങ്ങള്‍ നടന്ന കാലഘട്ടത്തേയും ഈ രചനയില്‍ പരാമര്‍ശിക്കുന്നുണ്ട്. മാനസികരോഗികളുടെയും രോഗങ്ങളുടെയും ആശുപത്രികളുടെയും പശ്ചാത്തലത്തില്‍ എഴുത്തുകാരന്റെ അനുഭവങ്ങള്‍ ആവിഷ്കരിക്കുമ്പോള്‍ മനുഷ്യമനസ്സിന്റെ വ്യതിരിക്ത ഭാവങ്ങളും അരക്ഷിതാവസ്ഥയും വെളിപ്പെടുന്നു. സ്റ്റിഗ്മ എന്ന ശാപം, അക്രമാസക്തനായ രോഗിയും ബാലശ്രീദേവി സിസ്റ്ററും, ഒരു ബലാത്സംഗ കൊലപാതകത്തിന്റെ കഥ തുടങ്ങിയ ലേഖനങ്ങള്‍ വായനക്കാരന്റെ ഉള്ളുപൊള്ളിക്കും. ‘മാനസികാരോഗ്യകേന്ദ്രം – ഒരു സൂപ്രണ്ടിന്റെ ഓര്‍മ്മക്കുറിപ്പുകള്‍’. ഡോ എ അബ്ദുല്‍ ബാരി. ഗ്രീന്‍ ബുക്സ്. വില 123 രൂപ.
◾ശരീരത്തിന്റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. പല്ലുകളുടെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്. തൈര് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ തൈര് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ വിറ്റാമിനുകളായ ബി3, ബി6, ബി12 എന്നിവ ധാരാളം അടങ്ങിയതാണ് തൈര്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പാലും പാലുത്പന്നങ്ങളും ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പാല്, ചീസ്, എന്നിവയില്‍ കാത്സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കുകയും പല്ലിന്റെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും. ആപ്പിള്‍ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പല്ലുകളില്‍ ‘ക്യാവിറ്റി’ ഉണ്ടാകുന്നതു തടയാന്‍ ആപ്പിള്‍ സഹായിക്കും. ആപ്പിളില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് മോണയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദന്താരോഗ്യത്തിന് ഏറേ നല്ലതാണ്. സ്ട്രോബെറി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന സ്ട്രോബെറി ദന്താരോഗ്യത്തിന് നല്ലതാണ്. ഇലക്കറികളാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ‘ഫോളിക് ആസിഡ്’ എന്നിവ പല്ലിന്റെയും മോണയുടെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ മധുര കിഴങ്ങും ദന്താരോഗ്യത്തിന് മികച്ചതാണ്. നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ ഇവ കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ ബദാം, വാള്‍നട്സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.