ആഗോളതലത്തില്‍ ഷാരൂഖ് ഖാന്‍ ചിത്രം പഠാനെ കടത്തിവെട്ടി പ്രഭാസ് ചിത്രം ആദിപുരുഷ്. 140 കോടിയാണ് ആദ്യദിനം ചിത്രം ആഗോളതലത്തില്‍ നിന്ന് നേടിയതെന്ന് നിര്‍മാതാക്കള്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു ബോളിവുഡ് ചിത്രം നേടുന്ന എക്കാലത്തെയും വലിയ ഓപ്പണിങ് ആണ് ഇത്. രാമായണ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ഓം റൗട്ട് ആണ് സംവിധാനം ചെയ്തത്. 500 കോടി രൂപ മുതല്‍മുടക്കി നിര്‍മിച്ച ചിത്രത്തിനെതിരെ റിലീസ് ദിനത്തില്‍ വലിയ രീതിയിലുള്ള നെഗറ്റീവ് പബ്ലിസിറ്റി നേരിട്ടിരുന്നു. സമീപകാല ബോളിവുഡിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്ന ഷാരൂഖ് ഖാന്‍ ചിത്രം പഠാന്റെ ആദ്യദിന കളക്ഷന്‍ 106 കോടി ആയിരുന്നു. അതേസമയം സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്‌സുകളുടെ വില്‍പ്പന വഴി ചിത്രം ഇതിനോടകം 247 കോടി രൂപ സമാഹരിച്ചതായാണ് റിപ്പോര്‍ട്ട്. 60 ലക്ഷമാണ് കേരളത്തില്‍ ചിത്രത്തിന്റെ കളക്ഷന്‍. തെലുങ്കില്‍ നിന്നും 58.50 കോടി രൂപയും, ഹിന്ദിയില്‍ നിന്നും 35 കോടി രൂപയും, തമിഴില്‍ നിന്നും ഒരുകോടി രൂപയും, കന്നഡയില്‍ നിന്നും 4 ലക്ഷം രൂപയുമാണ് ചിത്രം ആദ്യദിനം നേടിയത്. ത്രിഡി സാങ്കേതികയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കൃതി സനണ്‍ ആണ് നായിക. ചിത്രത്തില്‍ വില്ലനായെത്തുന്നത് സെയ്ഫ് അലി ഖാന്‍ ആണ്. നടന്‍ സണ്ണി സിംഗും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.