എ.ടി.എമ്മില്‍ നിന്ന് കാര്‍ഡ് ഉപയോഗിക്കാതെ തന്നെ പണമെടുക്കാവുന്ന സേവനം അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ. ഈ സേവനം ലഭ്യമാക്കുന്ന ആദ്യ പൊതുമേഖലാ ബാങ്കാണിത്. ഇടപാടുകാര്‍ക്ക് എ.ടി.എം/ഡെബിറ്റ് കാര്‍ഡിന് പകരം യു.പി.ഐ ആപ്പ് ഉപയോഗിച്ച് എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാവുന്ന സൗകര്യമാണിത്. ബാങ്ക് ഓഫ് ബറോഡയുടെ മാത്രമല്ല മറ്റ് ബാങ്കുകളുടെ ഇടപാടുകാര്‍ക്കും ഈ സേവനം ഉപയോഗിക്കാം. ഭീം യു.പി.ഐ., ബാങ്ക് ഓഫ് ബറോഡയുടെ ബി.ഒ.ബി വേള്‍ഡ് യു.പി.ഐ., മറ്റേതെങ്കിലും യു.പി.ഐ ആപ്പ് എന്നിവ ഉപയോഗിച്ചും ബാങ്ക് ഓഫ് ബറോഡയുടെ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാം. എ.ടി.എം/ഡെബിറ്റ് കാര്‍ഡ് ആവശ്യമേയില്ലെന്നതാണ് പ്രത്യേകത. ബാങ്ക് ഓഫ് ബറോഡയുടെ എ.ടി.എമ്മില്‍ യു.പി.ഐ വിത്ഡ്രോവല്‍ ഓപ്ഷന് തിരഞ്ഞെടുക്കണം. തുടര്‍ന്ന് പിന്‍വലിക്കാനുദ്ദേശിക്കുന്ന തുക രേഖപ്പെടുത്തുക. അപ്പോള്‍ എ.ടി.എം സ്ക്രീനില്‍ തെളിയുന്ന ക്യു.ആര് കോഡ് മൊബൈലിലെ യു.പി.ഐ ആപ്പ് ഉപയോഗിച്ച് സ്കാന്‍ ചെയ്യണം. ശേഷം യു.പി.ഐ പിന് നമ്പര്‍ ഫോണില്‍ രേഖപ്പെടുത്തുന്നതോടെ എ.ടി.എമ്മില്‍ നിന്ന് പണം ലഭ്യമാകും. ഈ സേവനം ഒരു ദിവസം പരമാവധി രണ്ട് തവണ ഉപയോഗിക്കാനാണ് ബാങ്ക് നിലവില്‍ അനുവദിക്കുന്നത്. അതായത് ഒരു അക്കൗണ്ടില്‍ നിന്ന് പരാമവധി രണ്ടുതവണ പണം പിന്‍വലിക്കാം. ഓരോ ഇടപാടിലും പിന്‍വലിക്കാവുന്ന പരമാവധി തുക 5,000 രൂപയാണ്. 11,000 എ.ടി.എമ്മുകളാണ് രാജ്യത്ത് ബാങ്ക് ഓഫ് ബറോഡയ്ക്കുള്ളത്.