mid day hd 6

 

വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോഴിക്കോട് കളക്ടറേറ്റില്‍ മോക് പോളിംഗ് നടത്തി. മോക് പോളിംഗില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ഇലക്ട്രോണിക്‌സ് വോട്ടിംഗ് മെഷീനുകള്‍ ഉള്‍പ്പെടെ കാണിച്ചുകൊണ്ടാണ് മോക് പോളിംഗ് നടത്തിയത്. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് മോക് പോളിംഗ് നടന്നത്. രാഹുല്‍ഗാന്ധി അയോഗ്യനാക്കപ്പെട്ടതിനാല്‍ വയനാട്ടില്‍ വൈകാതെ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കും.

മഹാരാജാസ് കോളേജിന്റേതെന്ന പേരില്‍ വ്യാജ രേഖയുണ്ടാക്കി അട്ടപ്പാടിയിലെ സര്‍ക്കാര്‍ കോളജില്‍ ജോലിക്കു ശ്രമിച്ച എസ്എഫ്‌ഐ നേതാവ് കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കേസ് അഗളി പൊലീസിന് കൈമാറും. കോളജ് പ്രിന്‍സിപ്പലിന്റെ മൊഴിയെടുത്തു. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം പരിശോധിക്കുമെന്നു കാലടി സര്‍വകശാല.

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കാസര്‍കോട് കരിന്തളം ഗവണ്‍മെന്റ് കോളജില്‍ അടിയന്തര കൗണ്‍സില്‍ യോഗം. വിദ്യക്കെതിരെ പരാതി നല്‍കുന്നതിനെക്കുറിച്ച് തീരുമാനിക്കാനാണ് യോഗം. മഹാരാജാസ് കോളേജിന്റെ പേരിലുള്ള എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണു വിദ്യ കരിന്തളം ഗവണ്‍മെന്റ് കോളജില്‍ ഗസ്റ്റ് ലക്ചറായി ജോലി ചെയ്തത്. വിഷയത്തില്‍ കെഎസ് യു ഗവര്‍ണര്‍ക്കും ഡിജിപിക്കും പരാതി നല്‍കി.

പരീക്ഷ എഴുതാതെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പാസായെന്നു സര്‍ട്ടിഫിക്കറ്റു നല്‍കിയ സംഭവം എസ്എഫ്‌ഐക്കെതിരേ നടക്കുന്ന ഗൂഡാലോചനയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിഷയത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ഗോവന്ദന്‍ പറഞ്ഞു. പാസാക്കല്‍ തട്ടിപ്പു കേസില്‍ പ്രിന്‍സിപ്പല്‍ അടക്കം ആര്‍ക്കെതിരേയും കേസെടുത്തിട്ടില്ല.

കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമെന്നു തമിഴ്നാട് വനം വകുപ്പ്. തുമ്പിക്കൈക്കു പരിക്കുണ്ടെങ്കിലും വെള്ളം കുടിക്കുകയും തീറ്റയെടുക്കുകയും ചെയ്യുന്നുണ്ട്. മണിമുത്താര്‍ ഡാം സൈറ്റിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് അരിക്കൊമ്പന്‍ ഇപ്പോള്‍ ഉള്ളത്.

കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയോട് ഒരു വാക്കുപോലും ബന്ധപ്പെട്ടവര്‍ കൂടിയാലോചിച്ചില്ലെന്ന് എ ഗ്രൂപ്പ് നേതാക്കള്‍. ഇനി എങ്ങനെ നേരിടണമെന്ന് ഉമ്മന്‍ ചാണ്ടിയുമായി കൂടിയാലോചിക്കാന്‍ എ ഗ്രൂപ്പ് നേതാക്കളായ എംഎംഹസന്‍, ബെന്നി ബഹനാന്‍, കെസി ജോസഫ് എന്നിവര്‍ ബംഗളൂരുവിലേക്കു തിരിച്ചു.

അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്കോട്ടു സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ 24 മണിക്കൂറിനകം അതി തീവ്ര ചുഴലിക്കാറ്റായി മാറും. സംസ്ഥാനത്ത് 11 ാം തീയതി വരെ ശക്തമായ മഴക്കു സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

കണ്ണൂര്‍ പാനൂരില്‍ വീട്ടുമുറ്റത്ത് പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു കീറി. നസീറിന്റെ മകനെയാണ് നായ ആക്രമിച്ചത്. നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ മുഖത്തിനും കണ്ണിനും പരിക്കേറ്റു. മൂന്ന് പല്ലുകളും നഷ്ടപ്പെട്ടു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

തൊടുപുഴ അല്‍ അസര്‍ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു. മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി എ ആര്‍ അരുണ്‍ രാജ് ആണ് മരിച്ചത്. സ്വകാര്യ ഹോസ്റ്റലിലാണ് ആത്മഹത്യ ചെയ്തത്.

അര കിലോ ഹാഷിഷ് ഓയിലും 13 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. അന്തിക്കാട് കിഴുപ്പുള്ളിക്കര സ്വദേശി ഇട്ടിയാടത്ത് വീട്ടില്‍ വിഷ്ണു (25), ചിറയ്ക്കല്‍ ഇഞ്ചമുടി സ്വദേശി അല്‍ക്കേഷ് (22) എന്നിവരെയാണ് അന്തിക്കാട് പൊലീസ് പിടികൂടിയത്.

കോഴിക്കോട് നഗരത്തില്‍ മോഷ്ടിച്ച ബൈക്കുമായി മൂന്നംഗ സംഘം പിടിയില്‍. പന്നിയങ്കര സ്വദേശി സൂറത്ത് ഹൗസില്‍ മുഹമ്മദ് റംഷാദ് (32), ഒളവണ്ണ സ്വദേശി പയ്യുണ്ണി വീട്ടില്‍ അജ്നാസ്(23), അരീക്കാട് സ്വദേശി ഹസ്സന്‍ഭായ് വില്ല ഷംജാദ് (27) എന്നിവരെയാണ് പിടികൂടിയത്.

ലൈംഗിക പീഡന കേസില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തിയ സമരം നേരത്തെ ഒത്തുതീര്‍ക്കേണ്ടതായിരുന്നെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്‍പ് വിഷയം പരിഹരിക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ താരങ്ങളുമായി ചര്‍ച്ച തുടരും. കായിക മന്ത്രി അനുരാഗ് താക്കൂറും വിഷയത്തില്‍ ഇടപെടും.

സര്‍ക്കാരുമായി ഗുസ്തി താരങ്ങളുടെ അടുത്ത ഘട്ടം ചര്‍ച്ചയ്ക്കു സമയം തീരുമാനിച്ചില്ലെന്ന് സാക്ഷി മാലിക്. ഒപ്പമുള്ളവരുമായി കൂടിയാലോചിച്ച് തീരുമാനിക്കും. സര്‍ക്കാര്‍ പറയുന്നതെല്ലാം അനുസരിക്കുമെന്നു ധരിക്കരുതെന്നും അവര്‍ പറഞ്ഞു.

പട്ടിയിറച്ചി ഭക്ഷണമാക്കുന്നതു നിരോധിച്ച നാഗാലാന്‍സ് സര്‍ക്കാരിന്റെ നടപടി ഗോഹട്ടി ഹൈക്കോടതി റദ്ദാക്കി. നാഗാലാന്‍ഡിലെ ജനങ്ങള്‍ക്കിടയില്‍ പരമ്പരാഗതമായി സ്വീകാര്യമായ ഭക്ഷണം നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാണിജ്യ ഇറക്കുമതി, നായ്ക്കളുടെ വ്യാപാരം, മാര്‍ക്കറ്റുകളിലും റസ്റ്റോറന്റുകളിലും പട്ടിയിറച്ചി വില്‍പന എന്നിവ നിരോധിച്ച നടപടിയാണ് ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച് റദ്ദാക്കിയത്.

ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ റെയില്‍വേ ഗേറ്റില്‍ ഇടിച്ചു കുടുങ്ങിയ ട്രാക്ടര്‍ കണ്ട് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. ഡല്‍ഹി- ഭൂവനേശ്വര്‍ രാജധാനി എക്സ്പ്രസാണ് ഇതുമൂലം അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്. സന്താല്‍ഡിഹ് റെയില്‍വേ ക്രോസിനു സമീപമാണു റെയില്‍വേ ഗേറ്റില്‍ ട്രാക്ടര്‍ ഇടിച്ച് കുടുങ്ങിയത്.

കര്‍ണാടകയിലെ ബിജെപി മുന്‍ സര്‍ക്കാരിന്റെ ഗോവധ നിരോധന നിയമം സംസ്ഥാനത്തിന്റെ പുരോഗതിക്ക് തടസമാണെന്നും വന്‍ സാമ്പത്തിക ബാധ്യതകളുണ്ടാക്കുമെന്നും കര്‍ണാടകത്തിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ.
ബിജെപി സര്‍ക്കാരിന്റെ ധനകാര്യ വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഗോവധ നിരോധനം, ഹിജാബ് നിയമങ്ങള്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചക്ക് തടസമായ നിയമങ്ങള്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു

കര്‍ണാടകത്തില്‍ ജെഡിഎസ് ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിലേക്ക്. ബിജെപി കേന്ദ്ര നേതൃത്വവുമായി ജെഡിഎസ് നേതൃത്വം ഉടന്‍ ചര്‍ച്ച നടത്തും. ദേവഗൗഡയും കുമാരസ്വാമിയും അമിത് ഷാ അടക്കമുള്ള നേതാക്കളുമായി സംസാരിക്കുമെന്നാണ് സൂചന.

മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ ഡിജിറ്റല്‍ മാധ്യമസ്ഥാപനം മോജോ സ്റ്റോറിയുടെ യൂട്യൂബ് ചാനലിനെ വീണ്ടെടുത്തു. സൈബര്‍ ആക്രമണത്തില്‍ പതിനൊന്നായിരം വീഡിയോകള്‍ നഷ്ടപ്പെട്ടെന്ന് ബര്‍ഖ ദത്ത് പറഞ്ഞിരുന്നു. മുഴുവന്‍ വീഡിയോയും സുരക്ഷിതമാണെന്ന് ട്വിറ്റര്‍ വീഡിയോയിലൂടെ ബര്‍ഗ അറിയിച്ചു.

ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ലിന്‍ഡ യാക്കാരിനോ സ്ഥാനമേറ്റു. കുറിച്ചു. സ്ഥാനമേറ്റതിനു പിറകേ, ‘അത് സംഭവിച്ചു – പുസ്തകങ്ങളിലെ ആദ്യ ദിനം സംഭവിച്ചു’ എന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. എലോണ്‍ മസ്‌കിന്റെ ‘ട്വിറ്റര്‍ 2.0’ നിര്‍മ്മിക്കാന്‍ തന്റെ വിശ്വസ്ത ഉപദേഷ്ടാവും എന്‍ബിസി സഹപ്രവര്‍ത്തകനുമായ ജോ ബെനാരോച്ചിനെയും യാക്കാരിനോ നിയമിച്ചിട്ടുണ്ട്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *