ആക്രമിക്കാനെത്തിയ സ്രാവിനെ ഇടിച്ചും തൊഴിച്ചും കീഴ്പ്പെടുത്തിയ ഒരു പതിമ്മൂന്നുകാരി. യുഎസിലെ സൗത്ത് ഫ്ളോറിഡയില്‍ ഫോര്‍ട്ട് പിയേഴ്സ് ബീച്ചില്‍ ഉല്ലാസത്തിന് എത്തിയതാണ് എട്ടാം ക്ലാസില്‍ പഠിക്കുന്ന എല്ല റീഡ്. കടല്‍ വെള്ളത്തിലിറങ്ങിയ തന്നെ ആരോ ആക്രമിക്കുന്നുണ്ടല്ലോയെന്നു തോന്നി നോക്കിയപ്പോള്‍ അവള് കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. വാരിയെല്ലിനോടു ചേര്‍ന്ന ഭാഗത്ത് ആരോ കടിച്ചു. നോക്കിയപ്പോള്‍ ഭീമാകാരനായ ഒരു സ്രാവ് ആക്രമിക്കുന്നതാണു കണ്ടത്. ആദ്യം പരിഭ്രമവും പേടിയുമെല്ലാം തോന്നിയെങ്കിലും ധൈര്യത്തോടെ നേരിട്ടില്ലെങ്കില്‍ ജീവനോടെ തിരിച്ചുപോകാനാവില്ലെന്നു ബോധ്യമായി. അതോടെ തന്റെ സര്‍വ ശക്തിയുമെടുത്ത് സ്രാവിന്റെ മുഖത്തും മൂക്കിലുമെല്ലാം ഇടിച്ചു. വായ്പിളര്‍ത്തി വന്ന സ്രാവിന്റെ വായ്ക്കുള്ളില്‍ അകപ്പെടാതെയുള്ള ആക്രമണമേറ്റ സ്രാവ് ആദ്യം പിന്‍വാങ്ങി. ഉടനേ തിരിച്ചെത്തിയ സ്രാവ് എല്ലയുടെ വയറില്‍ കടിച്ചു. വീണ്ടും കൈകൊണ്ട് ഇടിച്ചു. അതിനിടെ കൈയിലും സ്രാവിന്റെ കടിയേറ്റു. സ്രാവിന്റെ മൂക്കിലും കണ്ണിലുമെല്ലാം ഇടിയേറ്റതോടെ സ്രാവ് പിന്‍വാങ്ങുകയായിരുന്നു. രക്തമൊലിപ്പിച്ചു മുറിവുകളുമായാണ് എല്ല കരയ്ക്കു കയറിയത്. ആശുപത്രിയില്‍ ചികില്‍സയും തേടി. 19 മുറിവുകളും ഉണങ്ങുന്നുണ്ട്. ജീവന്മരണ പോരാട്ടത്തിന്റെ ഭീതിജനകവും ത്രില്ലടിപ്പിക്കുന്നതുമായ കടലനുഭവത്തിന്റെ അമ്പരപ്പിലാണ് എല്ല റീഡും കുടുംബാംഗങ്ങളും.
സ്രാവിനെ തൊഴിച്ചോടിച്ച പെണ്‍കുട്ടി
