◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ദുരുപയോഗിച്ചെന്ന കേസില്‍ ലോകായുക്ത ഉത്തരവില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. ജൂണ്‍ ആറിന് ലോകായുക്തയുടെ വിശാല ബെഞ്ച് കേസ് പരിഗണിക്കാനിരിക്കേയാണ് ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടി അധ്യക്ഷനായ ബെഞ്ച് ലോകായുക്ത ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ചത്.
◾മണിപ്പൂരിലേക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പൂരില്‍ ഒരു പോലീസുകാരനടക്കം അഞ്ചു പേര്‍കൂടി കൊല്ലപ്പെട്ടു. ഇന്നു മണിപ്പൂരിലെത്തുന്ന അമിത് ഷാ മൂന്നു ദിവസം സംസ്ഥാനത്തു തങ്ങും. ഗവര്‍ണര്‍, മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്തും. ഗോത്രവര്‍ഗക്കാരായ 40 കുക്കികളെ തീവ്രവാദികളെന്നു മുദ്രകുത്തി വെടിവെച്ചുകൊന്നെന്നു മുഖ്യമന്ത്രി വെളിപെടുത്തിയിരുന്നു. സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന വംശഹത്യാ കലാപമെന്ന് ആക്ഷേപം നിലനില്‍ക്കേയാണ് സമാധാന ദൗത്യം എന്ന പേരില്‍ അമിത് ഷാ മണിപ്പൂരില്‍ എത്തുന്നത്.
◾
*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*
പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്സ്ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:
https://youtu.be/4-sqhUbTNeU
◾കാട്ടാന അരിക്കൊമ്പന് തമിഴ്നാട്ടിലെ ചുരുളിക്കു സമീപം. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടോയെന്ന് നിരീക്ഷിച്ച് തമിഴ്നാട് വനം വകുപ്പ്. ഇന്നലെ രാത്രി മേഘമല ഭാഗത്തേക്കു നീങ്ങിയ കാട്ടാന ഇന്നു തിരികേ ജനവാസ മേഖലയിലേക്കു നീങ്ങുന്നതായാണു സൂചനകള്‍.
◾ലോക് താന്ത്രിക് ജനതാദള്‍ സാങ്കേതികമായി നിലവിലില്ലാത്ത പാര്‍ട്ടിയാണെന്ന് ആര്‍ജെഡി. സംസ്ഥാന ഘടകം അറിയാതെ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ ക്ഷണിച്ചുവരുത്തിയതു ശ്രേയംസ്കുമാറിന്റെ വഞ്ചനയാണെന്ന് ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് ജോണ്‍ ജോണ്‍. എല്‍ജെഡി പണ്ടേ ആര്‍ജെഡിയില്‍ ലയിച്ചതാണ്. എല്‍ജെഡിയുടെ ഏക എംഎല്‍എ കെ.പി. മോഹനന് ആര്‍ജെഡി എംഎല്‍എയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
◾ഫയര്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടും പല വകുപ്പുകളും തുടര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ. എന്‍ഫോഴ്സ്മെന്റ് അധികാരമില്ലാത്ത സേനക്ക് നോട്ടിസ് നല്കാന് മാത്രമേ കഴിയൂ. ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ഓരോരുത്തരും തയ്യാറാകണമെന്നും സന്ധ്യ പറഞ്ഞു. സര്‍വീസില്‍നിന്നു വിരമിക്കുന്ന ബി.സന്ധ്യക്ക് ഫയര്‍ ഫോഴ്സ് നല്കിയ യാത്രയയപ്പില്‍ പ്രസംഗിക്കുകയായിരുന്നു സന്ധ്യ.
◾
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾എഐ ക്യാമറയിലേതിനേക്കാള്‍ വലിയ അഴിമതിയാണ് കെ ഫോണില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. എ ഐ ക്യാമറയില്‍ ക്രമക്കേട് നടത്തിയ കമ്പനികള്‍ തന്നെയാണ് കെ ഫോണിനു പിന്നിലുമുള്ളത്. കെ ഫോണ്‍ എസ്റ്റിമേറ്റ് 50 ശതമാനം ഉയര്‍ത്തിയത് അഴിമതിക്കു വേണ്ടിയാണ്. കെ ഫോണ്‍ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾പ്ലസ്ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന് വാജ വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചതിന് ബിജെപി പ്രവര്‍ത്തകനും കൊല്ലം പോരുവഴി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറുമായ നിഖില്‍ മനോഹര്‍ അറസ്റ്റിലായി.
◾പ്ലസ് ടു ഫലം റദ്ദാക്കിയെന്ന് യൂട്യൂബില്‍ പോസ്റ്റിട്ട ബി ജെ പി നേതാവും വാര്‍ഡ് അംഗവുമായ നിഖില്‍ മനോഹര്‍ നടത്തിയത് തീവ്രവാദ പ്രവര്‍ത്തനവും രാജ്യദ്രോഹവുമെന്നും മന്ത്രി വി ശിവന് കുട്ടി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചു കൊടുക്കാമോയെന്ന് ബി ജെ പി നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
◾കല്‍പ്പറ്റയിലെ റസ്റ്റോറന്റില്‍നിന്ന് അല്‍ഫാമും കുഴിമന്തിയും കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ ഒരു കുടുംബത്തിലെ പതിനഞ്ചോളം പേര് ആശുപത്രിയില്‍. പനമരം കാര്യാട്ട് കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
◾
◾കണ്ണൂര്‍ നഗരസഭയുടെ മാലിന്യസംസ്കരണ കേന്ദ്രമായ ചേലോറ റൗണ്ടിലുണ്ടായ തീപിടിത്തത്തില്‍ അട്ടിമറിയുണ്ടെന്ന് കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ടി ഓ മോഹനന്. തീ പിടിച്ചത് അടുത്തകാലത്ത് മാലിന്യം കൊണ്ടിട്ട സ്ഥലങ്ങളിലാണ്. ബയോ മൈനിംഗ് അശാസ്ത്രീയമെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമമുണ്ടായെന്ന് സംശയിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
◾പങ്കാളിയെ കൈമാറിയ കേസില്‍ പരാതിക്കാരിയായ ഭാര്യ ജൂബി ജേക്കബിനെ (28) വെട്ടിക്കൊന്നതിനു പിറകേ, വിഷം കഴിച്ച ഭര്‍ത്താവ് ഷിനോ മാത്യവും മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇയാള്‍ ഇന്നു രാവിലെയാണു മരിച്ചത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യാനിരിക്കേയാണു മരണം.
◾തലശേരി മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. മനോജ് ഒറ്റപ്ലാക്കല്‍ വാഹനാപകടത്തില്‍ മരിച്ചു. വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ ഫാ.ജോര്‍ജ് കരോട്ട്, ജോണ്‍ മുണ്ടോളിക്കല്‍, ജോസഫ് പണ്ടാരപ്പറമ്പില്‍ എന്നിവര്‍ക്കു പരിക്കേറ്റു.
◾തിരുവനന്തപുരം പൂജപ്പുര ജയിലില്‍ ഊണിനൊപ്പം വിളമ്പിയ മട്ടണ്‍ കറി കുറഞ്ഞുപോയതിനു പ്രതി ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു. ആക്രമണം നടത്തിയതിന് മയക്കുമരുന്നു കേസിലെ പ്രതി വയനാട് സ്വദേശി ഫൈജാസിനെതിരേ കേസെടുത്തു.
◾തൃശൂര്‍ വാഴാനിയില്‍ കാട്ടാന വീട്ടുമുറ്റത്തെത്തി. വാഴാനി സ്വദേശി ആനന്ദന്റെ വീട്ടിലെത്തിയ ആനയെ വനപാലകരെത്തി പടക്കം പൊട്ടിച്ചാണ് കാട് കയറ്റിയത്. കൊമ്പന് വാഴാനി ഫോറസ്റ്റ് സ്റ്റേഷന്റെ മുമ്പില്‍ വീണ്ടുമെത്തി. ആനയെ വീണ്ടും വനപാലകര്‍ കാടുകയറ്റി.
◾തിരുവനന്തപുരത്ത് വെങ്ങാന്നൂരില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പില്‍ പൊലീസ് ചമഞ്ഞെത്തിയ ആറംഗ സംഘം തൊഴിലാളികളെ ഭീഷണിപ്പെടുത്തി 84,000 രൂപ കവര്‍ന്നു. പശ്ചിമ ബംഗാള്‍ ദിനാപൂര്‍ സ്വദേശി നൂര്‍ അലമിയ(27), ചാല ഫ്രണ്ട്സ് നഗറില്‍ ശ്രീഹരി(27) എന്നിവരെ പിടികൂടി.
◾കണ്ണൂരില്‍ സ്വകാര്യ ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയയാളെ പോലീസ് തെരയുന്നു. ചെറുപുഴ – തളിപ്പറമ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ദുരനുഭവം വിവരിച്ചു ഫോട്ടോ സഹിതം യാത്രക്കാരി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
◾ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിര്‍ണയ ഉപഗ്രഹം എന്‍വിഎസ് 01 വിജയകരമായി വിക്ഷേപിച്ചു. ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടാനാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്.
◾ലോക്സഭാ തെരഞ്ഞെടുപ്പിനു പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടുന്നു. വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി നേതാവായ വൈ എസ് ശര്‍മിള കര്‍ണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ അഭിനന്ദിക്കാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് ശര്‍മിളയുടെ പ്രതികരണം.
◾ഡല്‍ഹി ഓര്‍ഡിനന്‍സിനെ എതിര്‍ക്കാം, എന്നാല്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കരുതെന്ന് കോണ്‍ഗ്രസ് ഡല്‍ഹി, പഞ്ചാബ് പിസിസി കമ്മിറ്റികള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.
◾ഡല്‍ഹിയില്‍ ആളുകള്‍ നോക്കിനില്‍ക്കേ, പതിനാറുകാരിയെ ഇരുപതുകാരനായ കാമുകന് കുത്തിക്കൊന്നു. രോഹിണിയിലെ ഷന്ബാദിലാണു സംഭവം. പ്രതിയായ സാഹിലിനെ പോലീസ് തെരയുന്നു. കല്ലുകൊണ്ട് തലയക്കടിച്ചും കുത്തിയും കൊലപ്പെടുത്തുന്നതു ആളുകള്‍ കാഴ്ചക്കാരായി നോക്കിനില്ക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.
◾പാക്കിസ്ഥാനില്‍ അറസ്റ്റിലായ തെഹ്രികെ ഇന്‍സാഫ് വനിതാ പ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു. ഇമ്രാന് ഖാന്റെ അറസ്റ്റിനു പിറകേയുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ വനിതാ പ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ചെന്നാണു പരാതി.
◾മഴമൂലം മാറ്റിവെക്കപ്പെട്ട ഗുജറാത്ത് ടൈറ്റന്‍സ് – ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ ഫൈനല്‍ ഇന്ന്. റിസര്‍വ് ഡേ ആയ ഇന്ന് കൂടി കളി മുടങ്ങിയാല്‍ ലീഗ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ ഗുജറാത്ത് ടൈറ്റന്‍സാകും വിജയി. എന്നാല്‍ ചെന്നൈ ആരാധകര്‍ക്ക് ആശ്വാസമുള്ള വാര്‍ത്തയാണ് കാലാവസ്ഥാ നീരീക്ഷകര്‍ പങ്കു വെക്കുന്നത്. ഇന്ന് അഹമ്മദാബാദില്‍ മഴ പെയ്യാനുള്ള സാധ്യത വെറും മൂന്ന് ശതമാനമാണെന്നാണ് കാലാവസ്ഥാ പ്രവചനം.
◾യുപിഐ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ വരും വര്‍ഷങ്ങളില്‍ ക്രമാനുഗതമായി വളരുമെന്നും 2026-27 -ഓടെ പ്രതിദിനം ഒരു ബില്യണ്‍ (100 കോടി) ഇടപാടുകള്‍ എന്ന ശ്രദ്ധേയമായ നാഴികക്കല്ലില്‍ എത്തിച്ചേരുമെന്നും പി.ഡബ്ല്യൂ.സി ഇന്ത്യയുടെ റിപ്പോര്‍ട്ട്. ‘ദി ഇന്ത്യന്‍ പേയ്മെന്റ് ഹാന്‍ഡ്ബുക്ക് – 2022-27’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്മെന്റ് വിപ്ലവം നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച യുപിഐ, 2022-23 കാലയളവില്‍ റീട്ടെയില്‍ വിഭാഗത്തിലെ മൊത്തം ഇടപാടിന്റെ ഏകദേശം 75 ശതമാനവും പിടിച്ചടക്കി ചരിത്രം സൃഷ്ടിച്ചു. റീട്ടെയില്‍ ഡിജിറ്റല്‍ പേയ്മെന്റ് ലാന്‍ഡ്സ്കേപ്പില്‍ യുപിഐ കൂടുതല്‍ ആധിപത്യം സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മൊത്തം ഇടപാടിന്റെ 90 ശതമാനവും യുപിഐ പിടിച്ചടക്കുമെന്നാണ് പ്രവചനം. ഇടപാടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ 50 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് ആണ് കൈവരിച്ചത്. ഈ വളര്‍ച്ച തുടരുമെന്നാണ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. ഇടപാടുകളുടെ എണ്ണം 2022-23 സാമ്പത്തിക വര്‍ഷത്തിലെ 103 ബില്യണില്‍ നിന്ന് 2026-27 സാമ്പത്തിക വര്‍ഷത്തില്‍ 411 ബില്യണായി ഉയരുമെന്നാണ് പറയുന്നത്. പ്രത്യേകിച്ചും, യുപിഐ ഇടപാടുകള്‍ 2022-23 ലെ 83.71 ബില്യണില്‍ നിന്ന് 2026-27 ആകുമ്പോഴേക്കും 379 ബില്യണ്‍ ഇടപാടുകളായി ഗണ്യമായ വര്‍ദ്ധനവ് അനുഭവപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു.
◾ചൈനീസ് കമ്പനി ടെക്നോ മൊബൈലിന്റെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണ്‍ സീരീസ് ടെക്നോ കാമണ്‍ 20 ഇന്ത്യയില്‍ അവതരിപ്പിച്ചു. സീരീസില്‍ കാമണ്‍ 20, കാമണ്‍ 20 പ്രോ 5ജി, കമണ്‍ 20 5ജി പ്രീമിയര്‍ എന്നീ മൂന്ന് മോഡലുകളാണ് ഉള്‍പ്പെടുന്നത്. 15,000 രൂപയില്‍ താഴെ വാങ്ങാവുന്ന 5ജി ഫോണുകളാണ് ടെക്നോ പുറത്തിറക്കിയത്. 14,999 രൂപയാണ് കാമണ്‍ 20 ന്റെ അടിസ്ഥാന വില. 8 ജിബി റാമും 256 ജിബി ഇന്റേണല്‍ മെമ്മറിയും വികസിപ്പിക്കാവുന്ന റാം ഫീച്ചറുമായാണ് സ്മാര്‍ട് ഫോണ്‍ വരുന്നത്. പ്രെഡോണ് ബ്ലാക്ക്, സെറിനിറ്റി ബ്ലൂ, ഗ്ലേസിയര്‍ ഗ്ലോ കളര്‍ ഓപ്ഷനുകളിലാണ് കാമണ്‍ 20 വരുന്നത്. കാമണ്‍ 20 പ്രോ 5ജിക്ക് 8 ജിബി റാം, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളാണ് ഉള്ളത്. രണ്ട് വേരിയന്റുകളുടെയും വില യഥാക്രമം 19,999 രൂപയും 21,999 രൂപയുമാണ്. കാമണ്‍ 20 പ്രോ 5ജി സെറിനിറ്റി ബ്ലൂ, ഡാര്‍ക്ക് വെല്‍കിന്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. കാമണ്‍ 20 5ജി പ്രീമിയറിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. സെറിനിറ്റി ബ്ലൂ, ഡാര്‍ക്ക് വെല്‍കിന്‍ കളര്‍ ഓപ്ഷനുകളിലാണ് 5ജി പ്രീമിയര്‍ ഹാന്‍ഡ്സെറ്റ് വരുന്നത്. ടെക്നോ കാമണ്‍ 20, കാമണ്‍ 20 പ്രോ മോഡലുകളില്‍ 64 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 2 മെഗാപിക്സല്‍ ഡെപ്ത് ക്യാമറ, മാക്രോ ക്യാമറ എന്നിവയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ടെക്നോ കാമണ്‍ 20 പ്രീമിയര്‍ 5ജിയില്‍ 50 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 108 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ക്യാമറ, 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയാണ് ഉള്ളത്. സീരീസിലെ എല്ലാ വേരിയന്റുകളിലും ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷോടു കൂടിയ 32 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ.
◾ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ മലയാളം വെബ് സീരീസ്, ‘കേരളാ ക്രൈം ഫയല്‍സ് – ഷിജു, പാറയില്‍ വീട്, നീണ്ടകര’ യുടെ ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ജൂണ്‍ 23 നു ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കുന്ന സീരീസില്‍ അജു വര്‍ഗീസ്, ലാല്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ‘കേരള ക്രൈം ഫയല്‍സ് – ഷിജു പാറയില്‍ വീട് നീണ്ടകര’. ബിഗ് ബോസ് ഹൗസില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ അജു വര്‍ഗീസിനും ലാലിനും ഒപ്പം സൂപ്പര്‍ താരം മോഹന്‍ലാലാണ് ട്രെയിലര്‍ അനാവരണം ചെയ്തത്. അഹ്മദ് കബീര്‍ ആണ് സംവിധാനം ചെയ്യുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ രാഹുല്‍ റിജി നായരാണ് വെബ്സീരീസ് നിര്‍മ്മിച്ചിരിക്കുന്നത്. ജൂണ്‍ 23 നു കേരള ക്രൈം ഫയല്‍സ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. കാഴ്ചക്കാരെ അന്വേഷണാത്മക പോലീസ് നടപടിക്രമങ്ങളുടെ ലോകത്തേക്ക് എത്തിക്കുന്ന കേരള ക്രൈം ഫയല്‍സ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നിവയുള്‍പ്പെടെ ഒന്നിലധികം ഭാഷകളില്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു. ഒരു ലൈംഗിക തൊഴിലാളിയുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന പോലീസുകാരായാണ് അജുവും ലാലുമെത്തുന്നത്.
◾ജൂഡ് ആന്തണി ചിത്രം ‘2018’ഏറ്റെടുത്ത് തെലുങ്ക് സിനിമാപ്രേമികള്‍. ഇവിടെ സിനിമയുടെ മൂന്ന് ദിവസത്തെ കളക്ഷന്‍ 4.50 കോടിയാണ്. തമിഴിലും ഹിന്ദിയിലും ഭേദപ്പെട്ട പ്രകടനമാണ് ചിത്രം കാഴ്ചവച്ചത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും ചിത്രം റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്ത ചിത്രത്തിന് ആദ്യദിനം 1.01 കോടി രൂപയാണ് ലഭിച്ചത്. രണ്ടാം ദിനത്തില്‍ 70 ശതമാനത്തോളം വര്‍ധനയാണ് കളക്ഷനില്‍ വന്നിരിക്കുന്നത്. ശനിയാഴ്ച ചിത്രം നേടിയ കളക്ഷന്‍. 1.7 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. മെയ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത ദിവസം തന്നെ 1.85 കോടിയാണ് ജൂഡ് ആന്തണി ചിത്രം നേടിയത്. തുടര്‍ന്ന് ലഭിച്ച മികച്ച അഭിപ്രായം വാരാന്ത്യ ദിനങ്ങളിലെ ബുക്കിങ് വര്‍ധിപ്പിച്ചു. കേരളത്തില്‍ നിന്നു മാത്രം 80 കോടി, റെസ്റ്റ് ഓഫ് ഇന്ത്യ 11 കോടി, ഓവര്‍സീസ് 65 കോടി. വെറും 22 ദിവസം കൊണ്ടാണ് ചിത്രം 150 കോടി കടന്നത്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്, നരേന്, ലാല്‍, വിനീത് ശ്രീനിവാസന്, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
◾ലോകത്ത് ഏറ്റവുമധികം വിറ്റഴിയുന്ന കാര്‍ എന്ന പട്ടം ഇനി പ്രമുഖ അമേരിക്കന്‍ വൈദ്യുത വാഹന നിര്‍മ്മാതാക്കളായ ടെസ്ലയുടെ മോഡല്‍ വൈക്ക് സ്വന്തം. 2023 ജനുവരി-മാര്‍ച്ചില്‍ 2.67 ലക്ഷം യൂണിറ്റുകളുടെ വില്പനയുമായാണ് ഈ നേട്ടം മോഡല്‍ വൈ സ്വന്തമാക്കിയത്. 53 രാജ്യങ്ങളിലെ വില്പന കണക്കുകള്‍ പ്രകാരമാണ് ഈ കണക്ക്. ആഗോള വാഹന വിപണിയുടെ ചരിത്രത്തില്‍ ഒരു ഇലക്ട്രിക് കാര്‍ വില്പനയില് ഒന്നാമതെത്തുന്നത് ആദ്യമാണ്. 2.56 ലക്ഷം യൂണിറ്റുകളുടെ വില്പനയുമായി ടൊയോട്ട കൊറോള രണ്ടാംസ്ഥാനത്തായി. അതേസമയം ഏറ്റവുമധികം വില്പനയുള്ള ആദ്യ 5 കാറുകളില്‍ നാലും ടൊയോട്ടയുടെ മോഡലുകളാണ്. കൊറോള രണ്ടാംസ്ഥാനം നേടിയപ്പോള്‍ ഹൈലക്സ്, ആര്.എ.വി4, കാംറി എന്നിവ യഥാക്രമം മൂന്നുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളിലാണ്. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ 2023ല്‍ മോഡല്‍ വൈയുടെ മൊത്തം വില്പന 10 ലക്ഷം കടക്കുമെന്നാണ് വിലയിരുത്തലുകള്‍. ലോകത്ത് ഇതിന് മുമ്പൊരു കാര്‍ 10 ലക്ഷത്തിലധികം വാര്‍ഷിക വില്പന നേടിയത് കൊറോളയാണ്: 2022ല്‍ 11.2 ലക്ഷം. സമ്പൂര്‍ണ ഇലക്ട്രിക് മിഡ്-സൈസ് എസ്.യു.വിയാണ് ടെസ്ല മോഡല്‍ വൈ. 520 കിലോമീറ്ററാണ് റേഞ്ച്. 5 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഈ കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 248 കിലോമീറ്റര്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം 3.5 സെക്കന്‍ഡില്‍ കൈവരിക്കും. 47,490 ഡോളര്‍ മുതല്‍ 50,490 ഡോളര്‍ നിരക്കിലാണ് അമേരിക്കയില്‍ വിവിധ വേരിയന്റുകള്‍ക്ക് വില. അതായത് 39-45 ലക്ഷം രൂപ.
◾ഹുസൈന് കാരാടി എന്ന നോവലിസ്റ്റ്, റേഡിയോ നാടകരചയിതാവ്, റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ജീവനക്കാരന്‍ തന്റെ ജീവിതകഥ എഴുതുകയാണ് ‘മുച്ചക്രവണ്ടി’. ആ പേരില്‍ത്തന്നെ മറഞ്ഞിരിക്കുന്നുണ്ട് നീണ്ട ജീവിതയാത്രയിലെ ദുര്ഘടങ്ങള്, കഠിനതകള്‍ ഒക്കെ… ഒരു നോവല്‍പോലെ വായിച്ചെടുക്കാവുന്ന ഈ ആത്മകഥ വിഷാദസ്മൃതികളിലൂടെ തത്ത്വചിന്താപരമായിക്കൂടി വായനക്കാരനെ പരിപോഷിപ്പിക്കുന്നുണ്ട്. ഗൃഹാതുരമായ ഈ ഓര്മക്കുറിപ്പുകളില് ഒരു ദേശത്തിന്റെയും കാലത്തിന്റെയും സ്പന്ദനങ്ങള്‍ കേള്‍ക്കാം. ജീവിതത്തിലെ പ്രതിസന്ധികളെയും വേദനകളെയും അതിജീവിക്കാന്‍ പ്രാപ്തമാക്കുന്ന ഹൃദയസ്പര്‍ശിയായ ഓര്‍മക്കുറിപ്പുകളുടെ സമാഹാരം. പോയകാലത്തിന്റെ സംഗീതമുതിര്‍ക്കുന്ന ഓര്‍മകള്‍. ‘മുച്ചക്രവണ്ടി’. ഹുസൈന് കാരാടി. മാതൃഭൂമി ബുക്സ്. വില 313 രൂപ.
◾ഐസ്ക്രീം കഴിച്ച് കുറച്ചുകഴിയുമ്പോള്‍ തലവേദന അനുഭവപ്പെടാറുണ്ടോ? ഐസ്ക്രീം കഴിച്ചതിന് ശേഷമുള്ള കടുത്ത തലവേദന പലര്‍ക്കുമുള്ള ബുദ്ധിമുട്ടാണ്. ഐസ്ക്രീം തലവേദന എന്ന് ഇതിനെ വിശേഷിപ്പിക്കാറുണ്ടെങ്കിലും തണുപ്പുള്ള എന്തെങ്കിലും കഴിക്കുമ്പോള്‍ അനുഭവപ്പെടുന്ന തലവേദനയാണിത്. ബ്രെയിന്‍ ഫ്രീസ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. തണുപ്പുള്ളവ കഴിച്ച് നിമിഷങ്ങള്‍ക്കകം വേദന തുടങ്ങുന്നതാണ് പ്രധാന ലക്ഷണം. തലയുടെ മുന്‍ഭാഗത്ത് കടുത്ത വേദന അനുഭവപ്പെടും. പിന്നീട് വേദന നെറ്റിയിലേക്കും വശങ്ങളിലേക്കും വ്യാപിക്കുന്നതായി തോന്നും. മരുന്നുകളുടെ ആവശ്യം പോലുമില്ലാതെ ഈ തലവേദന അല്പ സമയം കഴിഞ്ഞ് മാറുകയും ചെയ്യും. താപനിലയിലെ വ്യത്യാസത്തോടുള്ള സെന്‍സിറ്റിവിറ്റിയാണ് ഈ തലവേദനയുടെ കാരണം. നല്ല തണുപ്പുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ തൊണ്ടയിലെ രക്തക്കുഴലുകള്‍ പെട്ടെന്ന് ചുരുങ്ങും പിന്നീട് ഇത് പെട്ടെന്ന് വികസിച്ച് വരുകയും ചെയ്യും. ഇത് ഞരമ്പുകളിലെ പെയിന്‍ റിസപ്റ്റേഴ്സ് വികസിച്ച് തലവേദനയിലേക്ക് കടക്കും. സാധാരണ ഇത് കുറച്ച് സമയത്തിന് ശേഷം സ്വാഭാവികമായി മാറാറുണ്ട്. എന്നാല്‍ ദീര്‍ഘനേരം നീണ്ടുനിന്നാല്‍ വൈദ്യസഹായം തേടാം. തണുത്ത ഭക്ഷണങ്ങള്‍ വളരെ സാവധാനത്തില്‍ കഴിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നല്ലത്. ഐസ്ക്രീമിന് ശേഷം ചൂട് വെള്ളം കുടിക്കുന്നതും നല്ലതാണ്. തലവേദനയുടെ തുടക്കം അനുഭവപ്പെടുമ്പോള്‍ തന്നെ നാക്കുകൊണ്ട് വായുടെ മേല്‍ഭാഗത്ത് അമര്‍ത്തി പ്രസ് ചെയ്യുക. അതുപോലെ തണുത്ത പാനീയങ്ങള്‍ കുടിക്കുമ്പോള്‍ സ്ട്രോ ഉപയോഗിക്കുന്നതും സഹായിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.64, പൗണ്ട് – 101.99, യൂറോ – 88.69, സ്വിസ് ഫ്രാങ്ക് – 91.37, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.01, ബഹറിന്‍ ദിനാര്‍ – 219.22, കുവൈത്ത് ദിനാര്‍ -268.62, ഒമാനി റിയാല്‍ – 214.93, സൗദി റിയാല്‍ – 22.04, യു.എ.ഇ ദിര്‍ഹം – 22.50, ഖത്തര്‍ റിയാല്‍ – 22.70, കനേഡിയന്‍ ഡോളര്‍ – 60.79.