കുട്ടികളെ ദോഷകരമായി ബാധിക്കുന്നു എന്ന കാരണം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ഗെയിമായ ബാറ്റില്‍ ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ (ബിജിഎംഐ) വിലക്ക് മാറി തിരിച്ചെത്തി. നിലവില്‍, ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. മെയ് 29 മുതല്‍ ഗെയിം കളിക്കാന്‍ തുടങ്ങാം. ചൈനയിലേക്കുള്ള വിവരക്കടത്ത് ആരോപിച്ച് കേന്ദ്ര സര്‍ക്കാര്‍ പബ്ജി മൊബൈല്‍ നിരോധിച്ചതിനെ തുടര്‍ന്ന് കൊറിയന്‍ ഗെയിം കമ്പനിയായ ക്രാഫ്റ്റന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഗെയിമായിരുന്നു ബിജിഎംഐ. പബ്ജിയുടെ റീബ്രാന്‍ഡഡ് പതിപ്പായിരുന്നു അത്. അതേസമയം, ഗെയിം തിരിച്ചെത്തുന്നത് ചെറിയ നിയന്ത്രണങ്ങളോടെയാണ്. ട്രയല്‍ എന്ന രീതിയില്‍ മൂന്ന് മാസത്തേക്ക് മാത്രമാകും തുടക്കത്തില്‍ ലഭ്യമാവുക. ഇക്കാലയളവില്‍ രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് രാജ്യത്തെ അധികൃതര്‍ പരിശോധിക്കും. കുട്ടികള്‍ ഗെയിമിന് അടിമകളാകുന്നുണ്ടോ എന്നും ഗെയിമുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നുമൊക്കെ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖരന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗെയിം കളിക്കുന്ന സമയത്തിന് നിയന്ത്രണങ്ങളുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ആളുകളെ ഷൂട്ട് ചെയ്ത് രക്തം ചിന്താനും ഇനി കഴിഞ്ഞെന്ന് വരില്ല, മുറിവേല്പ്പിക്കുമ്പോള് രക്തം വരുന്ന ആനിമേഷന്‍ ഉപേക്ഷിക്കാനോ, കുറഞ്ഞത് രക്തത്തിന്റെ നിറമെങ്കിലും മാറ്റാനോ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.