സ്വകാര്യ ടെലികോം കമ്പനിയായ വൊഡാഫോണ്‍-ഐഡിയയുടെ മൊത്ത നഷ്ടം 2022-23 സാമ്പത്തിക വര്‍ഷം 29,397.6 കോടി രൂപയായി ഉയര്‍ന്നു. 2021-22ല്‍ 28,234.1 കോടി രൂപയായിരുന്നു. അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ നഷ്ടം മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 6,563.1 കോടി രൂപയില്‍ നിന്ന് 6,419 കോടി രൂപയിലേക്ക് നേരിയ തോതില്‍ കുറഞ്ഞു. നാലാംപാദ വരുമാനം 10,228.9 കോടി രൂപയില്‍ നിന്ന് 3 ശതമാനം വര്‍ദ്ധിച്ച് 10,506.5 കോടി രൂപയായി. വാര്‍ഷിക വരുമാനത്തില്‍ വൊഡാഫോണും ഐഡിയയും തമ്മിലെ ലയനത്തിന് ശേഷം ആദ്യമായി വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2021-22ലെ 38,489.5 കോടി രൂപയില്‍ നിന്ന് 42,.133.9 കോടി രൂപയായാണ് വര്‍ദ്ധിച്ചത്; വളര്‍ച്ച 9.4 ശതമാനം. കമ്പനിയുടെ മൊത്തം കടബാദ്ധ്യത കഴിഞ്ഞവര്‍ഷം 2.22 ലക്ഷം കോടി രൂപയില്‍ നിന്ന് 2.09 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഇന്ത്യന്‍ വിഭാഗമായ വൊഡാഫോണ്‍ ഐഡിയയിലെ നിക്ഷേപങ്ങള്‍ ബ്രിട്ടനിലെ വൊഡാഫോണ്‍ എഴുതിത്തള്ളി. ഇന്ത്യയില്‍ അധിക നിക്ഷേപത്തിനില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. നിലവില്‍ വൊഡാഫോണ്‍-ഐഡിയയിലെ ഏറ്റവും വലിയ ഓഹരി ഉടമ 33.1 ശതമാനം വിഹിതവുമായി കേന്ദ്രസര്‍ക്കാരാണ്. ബ്രിട്ടനിലെ വൊഡാഫോണിന്റെ വിഹിതം 31 ശതമാനം. ഗ്രാസിം ഇന്‍സ്ട്രീസിന് 6.8 ശതമാനവും ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിന് 1.5 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.