P12 yt cover

ഇരുചക്ര വാഹനത്തില്‍ പന്ത്രണ്ടു വയസിനു താഴെയുള്ള കുട്ടിയുമായി യാത്ര ചെയ്താല്‍ പിഴ ഈടാക്കില്ലെന്നു ഗതാഗത മന്ത്രി ആന്റണി രാജു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെയാണ് ഈ ആനുകൂല്യം. ഇക്കാര്യത്തിനു മോട്ടോര്‍ വാഹന നിയമ ഭേദഗതി വേണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എഐ ക്യാമറകള്‍ കണ്ടെത്തുന്ന മോട്ടോര്‍ വാഹന നിയമ ലംഘനങ്ങളില്‍ ജൂണ്‍ അഞ്ചു മുതല്‍ പിഴ ഈടാക്കുമെന്ന് മന്ത്രി ആന്റണി രാജു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ 28 നു നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എന്‍സിപി, എസ് പി, ആര്‍ജെഡി, സിപിഐ, സിപിഎം, മുസ്ലിംലീഗ്, ജാര്‍ക്കണ്ട് മുക്തി മോര്‍ച്ച, നാഷണല്‍ കോണ്‍ഫറന്‍സ്, കേരളാ കോണ്‍ഗ്രസ് എം, ആര്‍എസ്പി, രാഷ്ട്രീയ ലോക്ദള്‍, വിടുതലൈ ചിരുതൈഗള്‍ കച്ചി, എംഡിഎംകെ എന്നിവ അടക്കം 19 പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയിറക്കി.

മാലിന്യം വലിച്ചെറിഞ്ഞതിനു പിടികൂടുന്ന വാഹനങ്ങള്‍ 250 രൂപ പിഴ ഈടാക്കി വിട്ടുകൊടുക്കരുതെന്നു ഹൈക്കോടതി. ഹൈക്കോടതിയുടെ അറിവില്ലാതെ വാഹനങ്ങള്‍ വിട്ടുകൊടുക്കരുതെന്ന് കൊച്ചി കോര്‍പറേഷനു നിര്‍ദ്ദേശം നല്‍കി. മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച വരുത്തിയ കൊച്ചി നഗരസഭയ്ക്ക് 100 കോടി രൂപ പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനുള്ള സ്റ്റേ കോടതി ജൂണ്‍ 30 വരെ നീട്ടി.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:

https://youtu.be/4-sqhUbTNeU

കണ്ണൂര്‍ ചെറുപുഴയില്‍ മൂന്ന് മക്കളടക്കം ഒരു വീട്ടിലെ അഞ്ചു പേര്‍ മരിച്ച നിലയില്‍. ചെറുപുഴ പാടിച്ചാലില്‍ രണ്ടാഴ്ച മുമ്പു രണ്ടാം വിവാഹം കഴിച്ച ഷാജി – ശ്രീജ ദമ്പതികളും മക്കളുമാണ് മരിച്ചത്. കുട്ടികളായ സൂരജ് (12),സുജിന്‍ (10),സുരഭി (8) എന്നിവരെ കോണിപ്പടികളില്‍ കെട്ടിതൂക്കി കൊലപ്പെടുത്തിയശേഷം ജീവനൊടുക്കുകയായിരുന്നു. ശ്രീജയുടെ ആദ്യ വിവാഹത്തിലെ മക്കളാണ് മരിച്ചത്. ഷാജിക്ക് വേറെ ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

ബസുടമകളുടെ സംഘടനാ നേതാക്കള്‍ ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സംസ്ഥാനത്ത് ജൂണ്‍ ഏഴു മുതല്‍ അനിശ്ചിതകാല ബസ് സമരവുമായി മുന്നോട്ടു പോകുമെന്ന് ബസുടമകള്‍ അറിയിച്ചു.

ഉപരാഷ്ട്രപതിക്കു മുഖ്യമന്ത്രിയുടെ വസതിയില്‍ നല്‍കിയ പ്രാതല്‍ വിരുന്നില്‍ പങ്കെടുക്കാതിരുന്നത് കുറേ കാലങ്ങളായി താന്‍ പ്രാതല്‍ കഴിക്കാത്തതുകൊണ്ടാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ഹൗസ് ജീവനക്കാരോട് ചോദിച്ചാല്‍ ഇക്കാര്യം അറിയാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കൊല്ലത്തെ സംഭരണ കേന്ദ്രത്തിലെ തീ പിടുത്തതിനു കാരണം കോര്‍പ്പറേഷന്റെ ഗുരുതര അനാസ്ഥയെന്ന് ഫയര്‍ഫോഴ്സ് മേധാവിയുടെ റിപ്പോര്‍ട്ട്. 2022 ലെ ഫയര്‍ ഓഡിറ്റില്‍ നല്‍കിയ നിര്‍ദ്ദേശങ്ങളൊന്നും നടപ്പാക്കിയില്ലെന്നാണ് റിപ്പോര്‍ട്ട്.

അഭിഭാഷകനുമായി ഒറ്റയ്ക്കു സംസാരിക്കാന്‍ അനുവദിക്കണമെന്ന ട്രെയിന്‍ തീവയ്പു കേസിലെ പ്രതി ഷാരുഖ് സെയ്ഫിയുടെ ആവശ്യം കോടതി തള്ളി. ഉദ്യോഗസ്ഥ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കണമെന്നായിരുന്നു ഷാരൂഖ് സെയ്ഫിയുടെ ആവശ്യം.

സര്‍വകലാശാലകളിലും കോളജുകളിലും യൂണിയന്റെ ബലത്തില്‍ നിയമം കൈയിലെടുക്കുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ആള്‍മാറാട്ടത്തിലൂടെ അട്ടിമറിച്ചതു സംസ്ഥാനത്തെ ഭീകരാവസ്ഥയുടെ ഉദാഹരണമാണ്. പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കേരളം വിട്ടു പോകേണ്ടിവരുന്ന സ്ഥിതി നിര്‍ഭാഗ്യകരമാണ്. ഗവര്‍ണര്‍ പറഞ്ഞു.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ആരും പൊന്നമ്പലമേട്ടിലേക്ക് പ്രവേശിക്കരുതെന്നു ഹൈക്കോടതി. പൊന്നമ്പല മേട്ടില്‍ അനധികൃത പൂജ നടത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് നിര്‍ദേശം. പൂജ നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസിനോട് ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു.

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിര്‍ദേശം. കഴിഞ്ഞ മാസം ഇരുപതിന് ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് വിളിപ്പിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവച്ചിരുന്നു.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ മേഴ്‌സിക്കുട്ടനെതിരെ ആരോപണവുമായി പി.വി ശ്രീനിജന്‍ എംഎല്‍എ. സര്‍ക്കാര്‍ ഭൂമിയില്‍ സ്വന്തം പേരില്‍ സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങാന്‍ ശ്രമിച്ച് അനുമതി ലഭിക്കാത്തതിന്റെ നിരാശയും കാലാവധി തീരുംമുന്‍പ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തുപോയതിന്റെ നിരാശയുമാണ് മേഴ്‌സിക്കുട്ടനെന്ന് ശ്രീനിജന്‍ പറഞ്ഞു.

കൂലിയിനത്തില്‍ ലഭിക്കാനുള്ള പന്തീരായിരം രൂപ കിട്ടാത്തതിനു ബംഗാളിയായ തൊഴിലുടമയുടെ പതിനാറുകാരിയായ മകളെ കുത്തിക്കൊന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനുള്ള ശിക്ഷ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. പശ്ചിമ ബംഗാള്‍ ബര്‍ദ്ധമാന്‍ ഖല്‍ന ഗുഗുഡന്‍ഗയിലെ സാദത്ത് ഹുസൈന്‍ (29) ആണ് പ്രതി. കൊല്ലപ്പെട്ട സമീന ഖാത്തൂന്‍(16) ന്റെ പിതാവിന്റെ കീഴില്‍ ജോലി ചെയ്തു വരികയായിരുന്നു പ്രതി. 2018 സെപ്റ്റംബര്‍ 28 നാണ് കേസിനാസ്പദമായ സംഭവം.

കൈക്കൂലി വാങ്ങി കോടീശ്വരനായ വില്ലേജ് അസിസ്റ്റന്റിന്റെ വീട്ടില്‍നിന്നു കണ്ടെടുത്ത കോടികള്‍ക്കു പുറമേ വീട്ടില്‍ സൂക്ഷിച്ചിരുന്ന തേനും കുടംപുളിയും കൈക്കൂലിയായി വാങ്ങിയതാണെന്നു പോലീസ്. പുഴുങ്ങിയ മുട്ട പോലും കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തു.

ആലുവയില്‍ കന്യാസ്ത്രീ മഠത്തിന്റെ കെട്ടിടത്തിനു മുകളില്‍നിന്നും വീണ് കന്യാസ്ത്രിക്കു ഗുരുതര പരിക്ക്. കോളനി പടി ധര്‍മ്മഗിരി സെന്റ് ജോസഫ് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ മേരിയെ (52)യാണു കെട്ടിടത്തിനു താഴെ വീണ നിലയില്‍ കണ്ടെത്തിയത്.

വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടില്‍ കടലില്‍ നടത്തിയ ഉല്ലാസ സവാരി പൊലീസ് തടഞ്ഞു. സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ കുട്ടികളെയും സ്ത്രീകളെയും ഉള്‍പ്പെടെ ഒന്‍പതംഗ സംഘവുമായി മല്‍സ്യബന്ധന ബോട്ടില്‍ പോകാനൊരുങ്ങുമ്പോഴാണ് പോലീസ് പിടികൂടിയത്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്പീക്കറുടെ സീറ്റിനു സമീപം ചരിത്ര പ്രാധാന്യമുള്ള സ്വര്‍ണ ചെങ്കോല്‍ സ്ഥാപിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം വെളിപെടുത്തിയത്. അധികാരം കൈമാറുന്നതിന്റെ ചിഹ്നമായി ബ്രിട്ടീഷുകാര്‍ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനു കൈമാറിയ ചെങ്കോലാണിത്.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം ടി 20 ക്രിക്കറ്റ് പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം ദൃഢമാക്കിയെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു. ഇരു പ്രധാനമന്ത്രിമാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ വ്യാപാരം, വാണിജ്യം, കുടിയേറ്റം, സാങ്കേതിക വിദ്യ, ഖനനം അടക്കം വിവിധ തലങ്ങളിലെ സഹകരണങ്ങള്‍ക്കു കരാറായി.

പ്രമുഖ ബോളിവുഡ് നടന്‍ നിതേഷ് പാണ്ഡെ നാസിക്കിലെ ഇഗ്താപൂരിയിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍. അമ്പതു വയസായിരുന്നു. ഷൂട്ടിംഗിന് എത്തിയതായിരുന്നു താരം.

ടെലിവിഷന്‍ നടി വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ മരിച്ചു. ഹിമാചല്‍പ്രദേശില്‍ കാര്‍ അപകടത്തിലാണ് നടി വൈഭവി ഉപാധ്യായ മരിച്ചത്. കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. പ്രതിശ്രുത വരനും ഒപ്പമുണ്ടായിരുന്നു.

തീവ്രനിലപാടുകളില്‍ താലിബാന്‍ വെള്ളം ചേര്‍ത്തെന്ന് ആരോപിച്ച പാകിസ്ഥാന്‍ താലിബാന്‍ പുതിയ ഹിറ്റ് ലിസ്റ്റ് പുറത്തു വിട്ടു. പട്ടികയില്‍ പാകിസ്ഥാന്റെ ആഭ്യന്തരമന്ത്രിയും പാക് സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥരുമുണ്ടെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരും ഈ പട്ടികയിലുണ്ടെന്നാണു വിവരം.

ഐപിഎല്ലില്‍ ഇന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – മുംബൈ ഇന്ത്യ മത്സരം. ഇന്നത്തെ മത്സരത്തിലെ വിജയികള്‍ 26ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സുമായി ഏറ്റുമുട്ടും. രണ്ടാം ക്വാളിഫയറിലെ വിജയികളാണ് 28 ന് നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ഏറ്റുമുട്ടുക.

ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ഇനി റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് യുപിഐ പേയ്‌മെന്റുകള്‍ നടത്താം. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്ത് റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന എല്ലാ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വ്യാപാരികള്‍ക്കും പണമടയ്ക്കാനാകും. ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ റുപേ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാണ്. കൂടുതല്‍ ബാങ്കുകള്‍ ഈ സേവനം ഉടന്‍ ലഭ്യമാക്കും. ഈ സേവനം ലഭ്യമാക്കാന്‍ ഉപയോക്താക്കള്‍ ഗൂഗിള്‍ പേയില്‍ റുപേ ക്രെഡിറ്റ് ചേര്‍ക്കേണ്ടതുണ്ട്. ഇതിനായി ഉപയോക്താക്കള്‍ക്ക് അവരുടെ പ്രൊഫൈലിലെ ‘റുപേ ക്രെഡിറ്റ് കാര്‍ഡ് ഓണ്‍ യുപിഐ’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ശേഷം റുപേ ക്രെഡിറ്റ് കാര്‍ഡ് നല്‍കിയ ബാങ്ക് തിരഞ്ഞെടുക്കാം. അതിനുശേഷം, ഉപയോക്താക്കള്‍ കാര്‍ഡ് നമ്പറും കാര്‍ഡ് കലഹരണപ്പെടുന്ന തിയതിയും നല്‍കുക. ബാങ്കില്‍ നിന്നുള്ള ഒടിപി നല്‍കി യുപിഐ പിന്‍ നിര്‍മ്മിക്കണം. ഇപ്പോള്‍ ഉപയോക്താക്കള്‍ അവരുടെ റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് യുപിഐ വഴി പണമിടപാടുകള്‍ നടത്താം. മറ്റ് യുപിഐ ഇടപാടുകള്‍ക്ക് ചെയ്യുന്നതുപോലെ നേരത്തെ സജ്ജീകരിച്ച യുപിഐ പിന്‍ നല്‍കിയാല്‍ മതി.

വാട്‌സ്ആപ്പില്‍ ടൈപ്പ് ചെയ്യുന്നതിന് ഇപ്പോള്‍ ഫോണ്ട് മാറ്റുന്നതിനും സംവിധാനമായി. തേര്‍ഡ് പാര്‍ട്ടി ആപ്പ് വഴി ഫോണ്ട് മാറ്റുന്നതിനുള്ള സംവിധാനമാണ് ഉള്ളത്. ഇത് പ്രയോജനപ്പെടുത്തിയാല്‍ ബ്ലൂ നിറത്തിലും മറ്റു ഫാന്‍സി ഫോണ്ടുകളിലും സന്ദേശം അയക്കാന്‍ സാധിക്കും. പ്ലേ സ്റ്റോറില്‍ നിന്ന് ‘Stylish Text – Fonts Keyboard’ എന്ന ആപ്പാണ് ഇതിനായി ഡൗണ്‍ ലോഡ് ചെയ്യേണ്ടത്. എന്നാല്‍ ആക്‌സസബിലിറ്റി പെര്‍മിഷന്‍ ഒരിക്കലും നല്‍കരുത്. അങ്ങനെ വന്നാല്‍ ഡിവൈസിന്റെ പൂര്‍ണ നിയന്ത്രണം ഈ ആപ്പിന്റെ കൈയില്‍ ആകും. എഗ്രി ബട്ടണില്‍ ടാപ്പ് ചെയ്യുമ്പോള്‍ ഒരിക്കലും പെര്‍മിഷന്‍ നല്‍കാതെ ശ്രദ്ധിക്കണം. ആപ്പിന്റെ മെയിന്‍ വിന്‍ഡോയില്‍ പോകുന്ന രീതിയില്‍ സ്‌കിപ്പ് ചെയ്ത് മുന്നോട്ടുപോകുക. എനെബിള്‍ കീബോര്‍ഡ് ടാപ്പ് ചെയ്ത് ‘Stylish Text – Fonts Keyboard’ ഓപ്ഷന്‍ എനെബിള്‍ ചെയ്യുക. തുടര്‍ന്ന് ആക്ടിവേറ്റ് ബട്ടണില്‍ അമര്‍ത്തി വേണം സംവിധാനം പ്രയോജനപ്പെടുത്തേണ്ടത്. വാട്‌സ്ആപ്പില്‍ ഏതെങ്കിലും ചാറ്റ് ഓപ്പണ്‍ ചെയ്ത ശേഷം മെസേജ് ബാര്‍ ടാപ്പ് ചെയ്യുക. മെസേജ് ബാറിലാണ് സാധാരണയായി ടൈപ്പ് ചെയ്യുന്നത്. കീബോര്‍ഡിന്റെ താഴെയായി കീബോര്‍ഡ് ഐക്കണ്‍ കാണാം. ഇത് ടാപ്പ് ചെയ്ത് വേണം മുന്നോട്ടുപോകാന്‍. തുടര്‍ന്ന് Stylish Text – Fonts Keyboard ലേക്ക് സ്വിച്ച് ചെയ്യുക. ഇതോടെ ഫാന്‍സി ഫോണ്ടുകള്‍ തെളിഞ്ഞുവരും. ബ്ലൂ നിറത്തില്‍ സന്ദേശങ്ങള്‍ അയക്കണമെങ്കില്‍ അങ്ങനെ ചെയ്യാം. കീബോര്‍ഡിന്റെ ഇടതുവശത്ത് ഫോണ്ട് സ്‌റ്റൈലുകള്‍ ദൃശ്യമാണ്. കീബോര്‍ഡില്‍ നോര്‍മല്‍ തെരഞ്ഞെടുത്താല്‍ സാധാരണപോലെ തന്നെ ടൈപ്പ് ചെയ്യാനും സംവിധാനമുണ്ട്.

മള്‍ടിവേഴ്സും പാരലല്‍ യൂണിവേഴ്സുമായി ഡിസി കോമിക്സും എത്തുകയാണ്. ‘ദ് ഫ്ലാഷ്’ എന്ന സൂപ്പര്‍ഹീറോ ചിത്രത്തിലൂടെ അടുത്ത തലത്തിലേക്ക് കടക്കുകയാണ് ഡിസി. ഡിസി കോമിക്സിന്റെ ആദ്യ ബാറ്റ്മാനായ മൈക്കല്‍ കീറ്റണ്‍ മുതല്‍ ബെന്‍ അഫ്ലെക്ക് വരെ ഫ്ലാഷില്‍ അതിഥികളായി എത്തുന്നുണ്ട്. തന്റെ അമ്മയുടെ മരണം തടയുന്നതായി ടൈം ട്രാവല്‍ ചെയ്യുന്ന ഫ്ലാഷ് ഒരു വലിയ കെണിയില്‍ അകപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ ഫൈനല്‍ ട്രെയിലര്‍ റിലീസ് ചെയ്തു. ജനറല്‍ സോഡ് എന്ന ക്രൂരനായ വില്ലന്‍ ഫ്ലാഷിലൂടെ തിരിച്ചെത്തുന്നു. സൂപ്പര്‍മാന്റെ ശക്തിയുള്ള സൂപ്പര്‍ ഗേളും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സാഷാ കെല്ലെയാണ് ഈ കഥാപാത്രത്തെ അവതരപ്പിക്കുന്നത്. എസ്ര മില്ലെര്‍ ഫ്ലാഷ് ആയി എത്തുന്നു. 34 വര്‍ഷങ്ങള്‍ക്കു ശേഷം മൈക്കല്‍ കീറ്റണ്‍ ബാറ്റ്മാന്റെ കുപ്പായമണിയുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്ന ഏറ്റവും വലിയ വാര്‍ത്ത. മൈക്കല്‍ ഷാനോന്‍, റോണ്‍ ലിവിങ്സ്റ്റണ്‍, ജെറെമി അയണ്‍സ് എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രം ജൂണ്‍ 16ന് തിയറ്ററുകളിലെത്തും.

ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ‘പാച്ചുവും അത്ഭു വിളക്കും’ഒടിടിയിലേക്ക്. ഏപ്രില്‍ 28 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. മെയ് 26ന് ചിത്രം ഒ.ടി.ടിയില്‍ എത്തുക. ഫഹദ് നര്‍മ്മരസമുള്ള കഥാപാത്രമായാണ് എത്തിയതെങ്കിലും ചിത്രം ആകെ 15 കോടിയാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. അഞ്ജന ജയപ്രകാശ്, വിനീത്, ധ്വനി രാജേഷ്, വിജി വെങ്കടേഷ്, ഇന്നസെന്റ്, മുകേഷ്, നന്ദു, ശാന്തി കൃഷ്ണ എന്നിങ്ങനെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിരുന്നു. ഇന്നസെന്റ് അവസാനമായി അഭിമനയിച്ച ചിത്രം കൂടിയാണിത്. ഇന്ത്യന്‍ പ്രണയകഥയിലെ അയ്മനം സിദ്ധാര്‍ത്ഥനും ഞാന്‍ പ്രകാശനിലെ പ്രകാശനും തൊണ്ടിമുതലിലെ പ്രസാദിനും കാര്‍ബണിലെ സിബിക്കുമൊക്കെ ശേഷം നര്‍മ്മരസപ്രധാനമായൊരു കഥാപാത്രമായി ഫഹദ് എത്തിയ ചിത്രം കൂടിയാണ് പാച്ചുവും അത്ഭുത വിളക്കും. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് പാച്ചുവും അത്ഭുതവിളക്കും നിര്‍മ്മിച്ചത്. കലാസംഗം റിലീസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്.

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ മോട്ടോര്‍ ഇന്ത്യ ഏറെ ജനപ്രിയ മോഡലായ വൈഇസെഡ്എഫ്-ആര്‍15 വി4 മോട്ടോര്‍സൈക്കിള്‍ പരിഷ്‌കരിച്ചു. ബൈക്കിന് പുതിയ ‘ഡാര്‍ക്ക് നൈറ്റ്’ കളര്‍ സ്‌കീം ലഭിക്കുന്നു. ഈ മോഡലിന് 1.82 ലക്ഷം രൂപയാണ് വില. യഥാക്രമം 1.81 ലക്ഷം, 1.82 ലക്ഷം, 1.86 ലക്ഷം രൂപ വിലയുള്ള ചുവപ്പ്, നീല, വെള്ള നിറങ്ങളിലും ഇത് ലഭ്യമാണ്. മേല്‍പ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്. യമഹ ആര്‍15 വി4 ഡാര്‍ക്ക് നൈറ്റില്‍ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മെക്കാനിക്കലി ഈ പതിപ്പ് സ്റ്റാന്‍ഡേര്‍ഡ് ബൈക്കിന് സമാനമാണ്. അതായത് ലിക്വിഡ്-കൂള്‍ഡ്, 155 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ മാറ്റമില്ലാതെ തുടരുന്നു. ഈ 155 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ 18.4 ബിഎച്ച്പി കരുത്തും, 14.2 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചുമുള്ള ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. 282എംഎം ഫ്രണ്ട് ഡിസ്‌ക്, 220എംഎം റിയര്‍ ഡിസ്‌ക് ബ്രേക്കുകളില്‍ നിന്നാണ് ഇതിന്റെ സ്റ്റോപ്പിംഗ് പവര്‍ ലഭിക്കുന്നത്. യമഹ ആര്‍15 വി4 ന് ഡ്യുവല്‍-ചാനല്‍ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ലഭിക്കുന്നു. സസ്‌പെന്‍ഷന്‍ സജ്ജീകരണത്തില്‍ ഒരു യുഎസ്ഡി ഫോര്‍ക്ക് മുന്നിലും മോണോഷോക്ക് പിന്നിലും ഉള്‍പ്പെടുന്നു.

ചാണക്യന്റെ ജീവിതവും കര്‍മ്മവും ഒരു വ്യക്തിയുടെ ചരിതം മാത്രമല്ല, അത് ഒരു രാജ്യത്തിന്റെ സഹസ്ര വര്‍ഷങ്ങളായുള്ള തപസ്സിന്റെയും ധര്‍മ്മവ്യസനത്തിന്റെയും ദര്‍ശനങ്ങളുടെയും ലോകക്ഷേമചിന്തയുടെയും ചരിത്രമാണ്. രണ്ടര സഹസ്രാബ്ദം മുന്‍പ് നമ്മുടെ രാജ്യം എന്ത് നേടി, എന്ത് ലക്ഷ്യം വെച്ചു. എങ്ങനെ ഭൂസമ്പത്തിനെയും ആത്മീയ സമ്പത്തിനെയും ഭദ്രമാക്കാമെന്നു ചിന്തിച്ചു എന്നതിന്റെ ജ്ഞാന പേടകമാണ്. അതുകൊണ്ട് ചാണക്യകഥ ഉത്തേജകമായ ഒരു ഔഷധമായിരിക്കുന്നു. ഈ പുസ്തകത്തിലൂടെ അതിന് ലഘുവായ വഴികള്‍ തുറക്കപ്പെടാം. ചാണക്യന്റേതെന്നു പ്രസിദ്ധമായ ശ്ലോകങ്ങളും വചനങ്ങളും അവിടവിടെ ഉചിതമായി ഉദ്ധരിച്ചു കൊണ്ടാണ് ഗ്രന്ഥകാരന്‍ ആ മഹാജീവിതത്തിന്റെ അംഗലേശങ്ങള്‍ ആഖ്യാനം ചെയ്തു പോകുന്നത്. ഒരു ലഘു കഥ വായിക്കും മട്ടില്‍ ഇതു വായിക്കാം. ‘ചാണക്യന്‍’. ടി. നസീര്‍ഖാന്‍ സാഹിബ്. ഡിസി ബുക്സ്. വില 171 രൂപ.

അതിവ്യാപന ശേഷിയുള്ളതും മരുന്നുകളോടു പ്രതിരോധിച്ച് നില്‍ക്കുന്നതുമായ റിങ് വേം അഥവാ ടീനിയ എന്ന ഫംഗല്‍ രോഗം അമേരിക്കയിലെ രണ്ട് രോഗികള്‍ക്ക് സ്ഥിരീകരിച്ചു. 28ഉം 47ഉം വയസ്സുള്ള രണ്ട് സ്ത്രീകളിലാണ് ഈ പുഴുക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) അറിയിച്ചു. ചര്‍മത്തെ ബാധിക്കുന്ന ഈ ഫംഗല്‍ബാധ ഒരു പകര്‍ച്ചവ്യാധിയായി മാറാന്‍ സാധ്യതയുണ്ടെന്നും ലോകം ഇതിനെ നേരിടാന്‍ സജ്ജമല്ലെന്നും സിഡിസിയിലെ വിദഗ്ധര്‍ പറയുന്നു. ഫംഗസ് മൂലം ചര്‍മത്തില്‍ പ്രത്യക്ഷമാകുന്ന വട്ടത്തിലുള്ള ചൊറിയാണ് റിങ് വേം. രോഗബാധിതരായ സ്ത്രീകള്‍ക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൊറിഞ്ഞു തടിച്ചതായി സിഡിസി വക്താക്കള്‍ പറയുന്നു. കഴുത്ത്, പൃഷ്ഠഭാഗം, തുടകള്‍, അടിവയര്‍ എന്നിവിടങ്ങളിലെല്ലാം തിണര്‍പ്പുകള്‍ പ്രത്യക്ഷമായിട്ടുണ്ട്. ഈ രണ്ട് രോഗികളുടെ കുടുംബാംഗങ്ങളും ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരിക്കുന്നതിനാല്‍ ഇവരെല്ലാം നിരീക്ഷണത്തിലാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത് ഇടപഴകുന്നതിലൂടെയാണ് ഈ അണുബാധ പകരുന്നത്. ദീര്‍ഘകാലം ഇതിന് ചര്‍മത്തില്‍ തങ്ങി നില്‍ക്കാന്‍ സാധിക്കും. സ്‌കൂളുകള്‍ പോലുള്ള ഇടങ്ങളില്‍ ഇവ പെട്ടെന്ന് പടരാമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യയിലും ദക്ഷിണേഷ്യയിലുമൊക്കെ കണ്ടു വരുന്ന റിങ് വേമിന്റെ വകഭേദമായ ട്രിക്കോഫൈറ്റോണ്‍ ഇന്‍ഡോടിനേയാണ് ഇപ്പോള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടു കേസുകള്‍ക്കും പിന്നിലെന്ന് സിഡിസി ചൂണ്ടിക്കാട്ടി. ചൊറിച്ചില്‍, മോതിരവട്ടത്തിലുള്ള തിണര്‍പ്പ്, ചര്‍മം ചുവന്ന് തടിക്കല്‍, രോമം നഷ്ടമാകല്‍ എന്നിവയാണ് റിങ് വേമിന്റെ ചില ലക്ഷണങ്ങള്‍. നഖത്തില്‍ വരെ ഈ ചൊറിച്ചില്‍ ഉണ്ടാകാം. ചര്‍മം വൃത്തിയായും ഉണക്കിയും സൂക്ഷിക്കേണ്ടത് ഈ ഫംഗസിനെ പ്രതിരോധിക്കാന്‍ അത്യാവശ്യമാണ്. വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കാനും രണ്ട് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് കുളിക്കാനും നഖം വെട്ടാനും ശ്രദ്ധിക്കേണ്ടതാണ്. ചെരുപ്പിടാതെ പൊതു ശൗചാലയങ്ങള്‍, മറ്റ് പൊതുവിടങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുകയും ചെയ്യരുത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.72, പൗണ്ട് – 102.78, യൂറോ – 89.20, സ്വിസ് ഫ്രാങ്ക് – 91.82, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.38, ബഹറിന്‍ ദിനാര്‍ – 219.43, കുവൈത്ത് ദിനാര്‍ -269.22, ഒമാനി റിയാല്‍ – 214.85, സൗദി റിയാല്‍ – 22.06, യു.എ.ഇ ദിര്‍ഹം – 22.55, ഖത്തര്‍ റിയാല്‍ – 22.53, കനേഡിയന്‍ ഡോളര്‍ – 61.08.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *