പ്രമേഹത്തെ പേടിച്ച് പഞ്ചസാരയ്ക്ക് പകരം സാക്കറിന്, സൂക്രലോസ് പോലുള്ള കൃത്രിമ മധുരങ്ങളും കോക്കിന് പകരം ഡയറ്റ് കോക്കുമൊക്കെ ഉപയോഗിക്കുന്നത് ഹ്രസ്വകാലത്തേക്ക് ചില നേട്ടങ്ങളൊക്കെ നല്‍കിയേക്കാമെങ്കിലും ദീര്‍ഘകാലത്തേക്ക് ഭാരവര്‍ധനവ് ഉള്‍പ്പെടെ പല പ്രശ്നങ്ങള്‍ക്കും കാരണമാകാമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഹ്രസ്വകാലത്തേക്ക് ഭാരവും ബോഡിമാസ് ഇന്ഡെക്സുമൊക്കെ കുറയ്ക്കാന്‍ കൃത്രിമ മധുങ്ങള്ക്ക് കഴിഞ്ഞേക്കാമെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഡബ്യുഎച്ച്ഒ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഭക്ഷണത്തില്‍ ചേര്‍ത്തുള്ള ഇവയുടെ ദീര്‍ഘകാല ഉപയോഗം ടൈപ്പ് 2 പ്രമേഹ സാധ്യത 34 ശതമാനം വര്‍ധിപ്പിക്കുന്നു. പാനീയങ്ങള്‍ വഴിയാണെങ്കില്‍ ഇത് 23 ശതമാനമാണ്. കൃത്രിമ മധുരത്തിന്റെ ഉപയോഗം ഹൃദ്രോഗ സാധ്യത 32 ശതമാനവും പക്ഷാഘാത സാധ്യത 19 ശതമാനവും ഉയര്‍ന്ന രക്തസമ്മര്‍ദ സാധ്യത 13 ശതമാനവും വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമേ മൂത്രസഞ്ചിയിലെ അര്‍ബുദ സാധ്യതയും കൃത്രിമ മധുര ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഗര്‍ഭിണികള്‍ കൃത്രിമ മധുരം ഉപയോഗിക്കുന്നത് മാസം തികയാതെയുള്ള പ്രസവ സാധ്യത 25 ശതമാനം വര്‍ധിപ്പിക്കുന്നതായും ലോകാരോഗ്യ സംഘടന അടിവരയിടുന്നു. ഏസള്ഫേം കെ(എയ്സ്-കെ), ഏസ്പാര്ടേം, എഡ്വന്റേം, സൈക്ലാമേറ്റ്സ്, നിയോടേം, സാക്കറിന്, സൂക്രലോസ്, സ്റ്റീവിയ തുടങ്ങിയ കൃത്രിമ മധുരങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്.