പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടറെ കുത്തിക്കൊന്നു. ഹൗസ് സര്‍ജന്‍ കോട്ടയം മാഞ്ഞൂര്‍ സ്വദേശിനി ഡോ. വന്ദനദാസ് (25) ആണു കൊല്ലപ്പെട്ടത്. പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്കും ചികില്‍സയ്ക്കും എത്തിച്ച പ്രതി പൂയപ്പള്ളി സ്വദേശി കുടവെട്ടൂര്‍ ശ്രീനിലയത്തില്‍ എസ്. സന്ദീപ് (42) ആണു ആക്രമണം നടത്തിയത്. മയക്കുമരുന്നിന് അടിമയും നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനുമായ ഇയാളെ അറസ്റ്റു ചെയ്തു. ഇയാളുടെ കാലിലെ മുറിവിനു ചികില്‍സ നല്‍കവേ സര്‍ജിക്കല്‍ കത്രിക കൈക്കലാക്കിയാണ് കുത്തിയത്. ആറു കുത്തേറ്റ ഡോക്ടറെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചതെങ്കിലും രക്ഷിക്കാനായില്ല. മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി. മോഹന്‍ദാസിന്റേയും വസന്തകുമാരിയുടേയും ഏകമകളാണ് കൊല്ലപ്പെട്ട വന്ദന.
കൊട്ടാരക്കരയിലെ ആശുപത്രിയില്‍ ഡോക്ടറെ രോഗി കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ഡോക്ടര്‍മാരും പണിമുടക്കി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെല്ലാം നാളെ രാവിലെവരെ പണിമുടക്കും. എല്ലാ ആശുപത്രികളും കേന്ദ്രീകരിച്ചും നഗരങ്ങളിലും ഡോക്ടര്‍മാരുടെ സംഘടനകളുടേയും ഐഎംഎയുടേയും നേതൃത്വത്തില്‍ പ്രതിഷേധ റാലികള്‍ നടത്തി. ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്കുമൂലം രോഗികള്‍ വലഞ്ഞു. ആശുപത്രികളിലെ അത്യാഹിത വിഭാഗം മാത്രമാണു പ്രവര്‍ത്തിക്കുന്നത്.
ലഹരിക്ക് അടിമയായി അക്രമാസക്തനായ പ്രതിയെ പോലീസ് ഒരു സുരക്ഷാ ക്രമീകരണവുമില്ലാതെയാണ് ആശുപത്രിയില്‍ എത്തിച്ചത്. വീട്ടില്‍ അക്രമങ്ങള്‍ക്കിടെ പരിക്കേറ്റ ഇയാളെ വിലങ്ങുവയ്ക്കാതെയാണ് പോലീസ് ആശുപത്രിയില്‍ എത്തിച്ചത്. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. വീട്ടില്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഡോക്ടര്‍ കാലിലെ മുറിവിനു ചികില്‍സ നല്‍കിയപ്പോഴാണ് ആക്രമിച്ചത്. പ്രതിയുടെ ആക്രമണത്തില്‍ ആശുപത്രിയിലെ ഹോംഗാര്‍ഡ് അലക്‌സ് കുട്ടി, കൊട്ടാരക്കര പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ മണിലാല്‍ എന്നിവര്‍ക്കും കുത്തേറ്റു.
പാര്‍ട്ടി പുനഃസംഘടന വേഗത്തിലാക്കാന്‍ വയനാട്ടില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ ലീഡേഴ്‌സ് മീറ്റില്‍ തീരുമാനം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുന്‍കൈയെടുത്ത് പരിഹാരമുണ്ടാക്കും. ഇന്നലെ രാത്രി എംപിമാരുമായി പ്രത്യേകം ചര്‍ച്ച നടത്തി. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും എംപിമാരും അടക്കമുള്ളവരുടെ യോഗവും നടന്നു. കെപിസിസി പുനഃസംഘടന ഒരു മാസത്തിനകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രസിഡന്റു സ്ഥാനത്ത് തുടരില്ലെന്ന് കെ സുധാകരന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ലീഡേഴ്‌സ് മീറ്റില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണു ചര്‍ച്ച ചെയ്യുന്നത്.
താനൂര്‍ ബോട്ട് ദുരന്തത്തില്‍ ബോട്ട് ഡ്രൈവര്‍ ദിനേശന്‍ താനൂരില്‍ പൊലീസിന്റെ പിടിയില്‍. ഡ്രൈവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. 22 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. കൂടുതല്‍ യാത്രക്കാരെ കുത്തിനിറച്ചതാണ് അപകട കാരണമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കെ. മുരളീധരന്‍ എംപിയുടെ കാര്‍ ഡ്രൈവറും മകനും കോഴിക്കോട് ബൈക്കും കാറും കൂട്ടിയിടിച്ച് മരിച്ചു. വെസ്റ്റ് ഹില്‍ സ്വദേശി അതുല്‍ (24), രണ്ടു വയസുള്ള മകന്‍ അന്‍വിഖ് എന്നിവരാണ് മരിച്ചത്. അതുലിന്റെ ഭാര്യ മായയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ മുരളീധരന്‍ എംപിയുടെ ഡ്രൈവറാണ് മരിച്ച അതുല്‍. കോരപ്പുഴ പാലത്തിന് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു.
യുവ വനിതാ ഡോക്ടര്‍ വന്ദനദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമഗ്ര അന്വേഷണം നടത്തുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കിംസ് ആശുപത്രിയിലെത്തി വന്ദന ദാസിന്റെ മാതാപിതാക്കളെ കണ്ടു.
കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ വൈദ്യ പരിശോധനക്കിടെ ഡോ. വന്ദനദാസ് കുത്തേറ്റു മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. ഇന്ന് ഉച്ചക്ക് ഹൈക്കോടതി പ്രത്യക സിററിംഗ് നടത്തും. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്നും അതിക്രമം തടയാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്ജ്. ഡോ. വന്ദനദാസിന്റെ മരണത്തില്‍ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പരിചയക്കുറവുള്ള ഡോ. വന്ദനദാസ് ആദ്യ ആക്രമണത്തില്‍തന്നെ ഭയന്നുപോയെന്നാണു ലഭിച്ച വിവരമെന്നും മന്ത്രി വീണ.
പോലീസിന്റെ അനാസ്ഥമൂലമാണ് യുവഡോക്ടര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ കൊല്ലപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാനത്ത് ഏറ്റവും അന്വേഷണങ്ങള്‍ക്ക് ഉത്തരടുന്നത് ആരോഗ്യ മന്ത്രിയാണ്. ഗിന്നസ് ബുക്കില്‍ ഇടം നേടുമെന്നും അദ്ദേഹം പരിഹസിച്ചു.
കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് വനിതാഡോക്ടര്‍ മരിച്ച സംഭവത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഫേസ് ബുക്ക് കുറിപ്പിലൂടെയായിരുന്നു ആവശ്യം ഉന്നയിച്ചത്.
പൊലീസിന്റെ അനാസ്ഥയാണ് ഡോ വന്ദനദാസിന്റെ മരണത്തിനു കാരണമായതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മയക്കുമരുന്നിന് അടിമയായ അക്രമാസക്തനായ പ്രതിയെ കൊണ്ടുപോകേണ്ട രീതിയിലല്ല രോഗിയെ കൊണ്ടുപോയതെന്നും ചെന്നിത്തല ആരോപിച്ചു.
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ മരുന്നു വിതരണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ ഡിഎംഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയാണു സൗജന്യ മരുന്നുകള്‍ വിതരണം ചെയ്തിരുന്നത്. എന്നാല്‍ ലക്ഷങ്ങള്‍ കുടിശിക വന്നതോടെ അവര്‍ വൗജന്യ വിതരണം നിര്‍ത്തി.
റോഡ് ക്യാമറ എടുത്ത ചിത്രം നോട്ടീസായതോടെ തിരുവനന്തപുരത്ത് കുടുംബ കലഹവും കേസും. ഇരുചക്ര വാഹന ഉടമയായ ഭാര്യയുടെ ഫോണിലേക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞ ചിത്രമെത്തിയതാണ് കാരണം. പിന്നിലിരുന്നയാള്‍ ഹെല്‍മറ്റ് ധരിക്കാത്തതിനു പിഴയടയക്കാന്‍ ചിത്രമടക്കം ആര്‍സി ഉടമയായ ഭാര്യക്കു സന്ദേശം എത്തി. എന്നാല്‍ ഭര്‍ത്താവ് ഓടിച്ച വാഹനത്തില്‍ പിറകില്‍ ഇരുന്നത് മറ്റൊരു യുവതിയാണെന്നു മനസിലാതോടെയാണ് കുടുംബ കലഹമുണ്ടായത്. തന്നെയും മൂന്നു വയസുള്ള കുഞ്ഞിനെയും ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന് യുവതി കരമന പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇടുക്കി സ്വദേശിയായ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.
ഒന്നരകോടി രൂപ മൂല്യമുള്ള വിദേശ കറന്‍സി തരാമെന്ന് പറഞ്ഞ് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അഭിഭാഷക ചമഞ്ഞ യുവതി അടക്കം എട്ടു പേര്‍ അറസ്റ്റില്‍. തൃശൂര്‍ അരിമ്പൂര്‍ പരക്കാട് ചെങ്ങേക്കാട്ട് വീട്ടില്‍ ലിജി ബിജു (35), എടക്കഴിയൂര്‍ പള്ളിയില്‍വീട് നന്ദകുമാര്‍ (26), അരിമ്പൂര്‍ കണ്ണേങ്കാട് വീട്ടില്‍ ബിജു, വാടാനപ്പള്ളി സ്വദേശി ഫവാസ് (28), പാടൂര്‍ പണിക്കവീട്ടില്‍ റിജാസ് (28), വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശികളായ തയ്യില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (27), നെല്ലിപ്പറമ്പില്‍ വീട്ടില്‍ ജിതിന്‍ ബാബു (25), തച്ചപ്പിള്ളി വീട്ടില്‍ ശ്രീജിത്ത് (22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 2023 ജനുവരിയില്‍ എറണാകുളം നായത്തോട് സ്വദേശിയായ 62 കാരനില്‍ നിന്നാണ് പണം തട്ടിയെടുത്തത്.
ബോട്ടിന്റെ എന്‍ജിന്‍ കേടായി ആഴക്കടലില്‍ കുടുങ്ങിക്കിടക്കവേ വിദേശ കപ്പല്‍ രക്ഷപ്പെടുത്തിയ വിഴിഞ്ഞം സ്വദേശികളായ മത്സ്യ തൊഴിലാളികള്‍ മടങ്ങിയെത്തി. ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടു കൂടി മടങ്ങിയെത്തിയ മത്സ്യ തൊഴിലാളികള്‍ക്ക് ഇടവ വികാരിയുടെയും വാര്‍ഡ് കൗണ്‍സിലറിന്റെയും നേതൃത്വത്തില്‍ നാട്ടുകാരും കുടുംബാംഗങ്ങളും സ്വീകരണം നല്‍കി.
ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടന്‍ ഹരീഷ് പേങ്ങന്റെ ചികിത്സയ്ക്കായി ധനസഹായം തേടി സുഹൃത്തുക്കള്‍. വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതര കരള്‍ രോഗമാണെന്ന് കണ്ടെത്തിയിരുന്നു.
കോഴിക്കോട് ചേമഞ്ചേരിയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. ചേമഞ്ചേരി തുവ്വക്കോട് മാവിള്ളി വീട്ടില്‍ പ്രജിത്തിന്റെ ഭാര്യ ധന്യ(35), ഒന്നര വയസ്സുള്ള മകള്‍ പ്രാര്‍ത്ഥ എന്നിവരാണു മരിച്ചത്.
ദി കേരള സ്റ്റോറി സിനിമയെ എതിര്‍ക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തീവ്രവാദ സംഘടനകള്‍ക്കൊപ്പം നില്‍ക്കുന്നവരാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബംഗാള്‍, തമിഴ്നാട് സര്‍ക്കാരുകള്‍ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശനം നിരോധിച്ചതിന് ശേഷമാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
പീഡന കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 50 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമന്ന് കോടതി ശിക്ിച്ചു. മുപ്പതു വര്‍ഷം മുമ്പ് എഴുത്തുകാരി ജീന്‍ കാരളിനെ പീഡിപ്പിച്ച കേസില്‍ ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയ മാന്‍ഹാട്ടനിലെ ഫെഡറല്‍ കോടതിയാണു ശിക്ഷിച്ചത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ട്രംപ്. 1
മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാനില്‍ കലാപം. പാക്കിസ്ഥാനില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും. പോലീസ് വെടിവയ്പില്‍ ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്‌രി ഇ-ഇന്‍സാഫ് പ്രവര്‍ത്തകരായ രണ്ടു പേര്‍ കൊല്ലപ്പെട്ടു. റാവല്‍പിണ്ടിയിലെ സൈനിക കേന്ദ്രം പ്രതിഷേധക്കാര്‍ കയ്യേറി. സൈനിക മേധാവിയുടെ വീടി കൊള്ളയടിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രതിഷേധക്കാര്‍ കൈയ്യേറി.