night news hd 5

 

ഡീസല്‍ വാഹനങ്ങള്‍ക്കു നിരോധനം വരുന്നു. ഡീസല്‍ ഇന്ധനമാക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളും 2027 ല്‍ നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് എനര്‍ജി ട്രാന്‍സ്മിഷന്‍ പാനലിന്റെ ശുപാര്‍ശ. പത്തു ലക്ഷത്തിലധികം ജനങ്ങളുള്ള നഗരങ്ങളിലും മലിനീകരണം കൂടുതലുള്ള നഗരങ്ങളിലും ഇലക്ട്രിക്, ഗ്യാസ് എന്നിവ ഇന്ധനമാക്കുന്ന വാഹനങ്ങള്‍ മാത്രമേ അനുവദിക്കാവൂവെന്നും പാനല്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിലെ എതിര്‍പ്പ് അടക്കമുള്ള കാര്യങ്ങള്‍ ഹൈക്കോടതിയില്‍ ഉന്നയിക്കാവുന്നതാണെന്ന് കെഎസ്ആര്‍ടിസിയോട് സുപ്രീം കോടതി.

കോണ്‍ഗ്രസ് ദ്വിദിന നേതൃസംഗമം നാളേയും ബുധനാഴ്ചയും വയനാട്ടില്‍. ഒരു വര്‍ഷത്തെ കര്‍മ്മപരിപാടികളും രാഷ്ട്രീയ തന്ത്രങ്ങളും ആവിഷ്‌കരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു.

താനൂരില്‍ 22 പേരുടെ മരണത്തിനിയാക്കിയ വിനോദസഞ്ചാര ബോട്ടിന്റെ ഉടമ താനൂര്‍ സ്വദേശി നാസര്‍ അറസ്റ്റില്‍. കോഴികോടുനിന്നാണ് നാസറിനെ അറസ്റ്റു ചെയ്തത്. നരഹത്യ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. നാസറിന്റെ വാഹനം കൊച്ചിയില്‍ പിടികൂടിയിരുന്നു.

താനൂരില്‍ ബോട്ട് അപകടം നടന്ന സ്ഥലത്ത് നാളെയും തെരച്ചില്‍ തുടരും. ദശീയ ദ്രുതകര്‍മസേന വീണ്ടും ഇറങ്ങും. നടപടി ക്രമം പൂര്‍ത്തിയാക്കുന്നത്തിന്റെ ഭാഗമായാണ് തെരച്ചില്‍ തുടരുന്നത്.

താനൂര്‍ ബോട്ട് ദുരന്തം അന്വേഷിക്കാന്‍ 14 അംഗ പ്രത്യേക സംഘത്ത നിയോഗിച്ചു. താനൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മലപ്പുറം എസ് പി മേല്‍നോട്ടം വഹിക്കും.

താനൂരില്‍ ബോട്ട് മുങ്ങി 22 പേര്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോര്‍ട്ട് സര്‍വേയറും പത്തു ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു.

താനൂര്‍ ബോട്ടപകടത്തില്‍ മരിച്ച 22 പേരുടെ കുടുംബങ്ങള്‍ക്ക് 2018 സിനിമാ നിര്‍മാതാക്കള്‍ ലക്ഷം രൂപയുടെ ധനസഹായം നല്‍കും. 2018 ലുണ്ടായ മഹാപ്രളയത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സിനിമയാണ് 2018. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

വന്ദേ ഭാരത് എക്‌സ്പ്രസിനുനേരെ വീണ്ടും കല്ലേറ്. കണ്ണൂര്‍ വളപട്ടണത്താണ് കല്ലേറുണ്ടായത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ വൈകിട്ട് മൂന്നരയാക്കായിരുന്നു സംഭവം.

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ആരോഗ്യവിഭാഗം വിജിലന്‍സ് സംഘം പരിശോധന നടത്തി. ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്നും ചികിത്സ പിഴവുകളുണ്ടെന്നും നിരന്തരം പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.

കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു കൊട്ടിക്കലാശം. ബുധനാഴ്ചയാണു വോട്ടെടുപ്പ്. വെട്ടെടുപ്പു ദിവസം അര്‍ധരാത്രിവരെ മദ്യനിരോധനം ഏര്‍പ്പെടുത്തി. വോട്ടെണ്ണല്‍ ദിനമായ 13 നും മദ്യനിരോധനമാണ്. ബാറുകളിലും മദ്യം വിളമ്പില്ല.

ദ കേരള സ്റ്റോറി ബംഗാളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രദര്‍ശനാനുമതി നല്‍കിയ കേരള സര്‍ക്കാരും സിപിഎമ്മും ബിജെപിയെ സഹായിക്കുകയാണെന്ന് മമത ആരോപിച്ചു.

തമിഴ്‌നാട്ടില്‍ ഡിഎംകെ സര്‍ക്കാരില്‍ അഴിച്ചുപണി വരുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കുടുംബത്തിനും എതിരേ സംസാരിച്ചതിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരിക്കേ, ധനമന്ത്രി പളനിവേല്‍ ത്യാഗരാജനെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കുമെന്നാണു സൂചന.

പാപ്പരായ ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് ടിക്കറ്റ് ബുക്കിംഗും വില്‍പനയും നിര്‍ത്തണമെന്ന് വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഉത്തരവിട്ടു. 15 ദിവസത്തിനകം മറുപടി സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ മനീഷ് കശ്യപിനെതിരായ കേസുകള്‍ ഒന്നിച്ചാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ബീഹാര്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലുള്ള കേസുകള്‍ ഒന്നിച്ചാക്കണമെന്ന ആവശ്യമാണ് തള്ളിയത്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *