ആഴ്ചയില്‍ അരമണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാകുമെന്ന് പഠനം. ആളുകള്‍ മൊബൈലില്‍ എത്രനേരം സംസാരിക്കുന്നു എന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കും. കൂടുതല്‍ മിനിറ്റ് സംസാരിക്കുന്നുണ്ടെങ്കില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് അര്‍ത്ഥം, ഗവേഷകര്‍ പറഞ്ഞു. 30നും 79വയസ്സിനും ഇടയില്‍ പ്രായമുള്ള ഏകദേശം 130 കോടി ആളുകള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെന്നാണ് കണക്കുകള്‍. ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ പല ഗുരുതര രോഗങ്ങള്‍ക്കും പ്രധാന കാരണമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. മൊബൈല്‍ ഫോണുകള്‍ കുറഞ്ഞ അളവില്‍ റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന്‍ പുറപ്പെടുവിക്കുന്നതിനാല്‍ ഇതുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടിരിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ കാരണമാകും. 37നും 73നും ഇടയില്‍ പ്രായമുള്ള രണ്ട് ലക്ഷത്തിലധികം ആളുകളിലാണ് പഠനം നടത്തിയത്. എത്ര വര്‍ഷം ഫോണ്‍ ഉപയോഗിച്ചു, ആഴ്ചയില്‍ എത്ര മണിക്കൂര്‍ ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് പഠനം നടത്തിയത്. ആഴ്ചയില്‍ ഒരു തവണയെങ്കില്‍ മൊബൈല്‍ ഉപയോ?ഗിച്ച് ഫോണ്‍ വിളിക്കുകയോ സ്വീകരിക്കുകയോ ചെയ്തവരെ മൊബൈല്‍ ഉപയോഗിക്കുന്നവരായി കണക്കാക്കിയാണ് പഠനം നടത്തിയത്. ആഴ്ചയില്‍ ഒരു മണിക്കൂറില്‍ താഴെ മൊബൈലില്‍ സംസാരിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദം കൂടാന്‍ എട്ട് ശതമാനമാണ് സാധ്യതയെങ്കില്‍ ഒന്ന് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ സംസാരിക്കുന്നവരില്‍ ഇത് 13 ശതമാനമാണ്. നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ ഫോണില്‍ സംസാരിക്കുന്നവര്‍ക്ക് രക്തസമ്മര്‍ദ്ദം കൂടാന്‍ 16 ശതമാനം സാധ്യതയുണ്ട്. ആറ് മണിക്കൂറില്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഇത് 25 ശതമാനമാണ്.