മധുര പാനീയങ്ങള്‍ ദിവസവും കഴിക്കുന്ന ടൈപ്പ് 2 പ്രമേഹ ബാധിതര്‍ അകാലത്തില്‍ ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത അധികമാണെന്ന് ഹാര്‍വാഡ് സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. മധുരമിടാത്ത ചായ, കാപ്പി, വെള്ളം എന്നിവ സോഡയ്ക്കും മധുരപാനീയങ്ങള്‍ക്കും പകരം പ്രമേഹ രോഗികള്‍ ഉപയോഗിക്കണമെന്നും ഗവേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. 12,000 ലധികം പേരെ പങ്കെടുപ്പിച്ച് 18.5 വര്‍ഷം കൊണ്ടാണ് ഗവേഷണം നടത്തിയത്. മറ്റൊരു പഠനത്തിലെ ഡേറ്റ താരതമ്യത്തിനായും ഉപയോഗിച്ചു. ഗവേഷണത്തില്‍ പങ്കെടുത്തവരുടെ ഭക്ഷണക്രമത്തെ പറ്റിയുള്ള ഡേറ്റ ഓരോ രണ്ട് മുതല്‍ നാല് വര്‍ഷം കൂടുമ്പോഴാണ് ശേഖരിച്ചത്. സോഡ, നാരങ്ങ വെള്ളം, പഴങ്ങളുടെ ജ്യൂസ്, കാപ്പി, ചായ, കൊഴുപ്പ് കുറഞ്ഞ പാല്, കൊഴുപ്പ് കൂടിയ പാല്, വെള്ളം എന്നിവ എത്ര തവണ ഇവര്‍ ഉപയോഗിച്ചതായുള്ള വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ നിന്ന് പഞ്ചസാര കലര്‍ന്ന പാനീയങ്ങള്‍ കുടിച്ചവര്‍ക്ക് പ്രമേഹം മാത്രമല്ല ഹൃദ്രോഗവും വരാനുള്ള സാധ്യത അധികമാണെന്ന് കണ്ടെത്തി. മാത്രമല്ല ഇവര്‍ അമിതവണ്ണം മൂലം അകാലത്തില്‍ മരണപ്പെടാനുള്ള സാധ്യതയും അധികമാണ്. അതേ സമയം, മധുരമില്ലാത്ത ചായ, കാപ്പി, സാധാരണ വെള്ളം എന്നിവ ഉപയോഗിച്ചവര്‍ക്ക് ഏതെങ്കിലും കാരണം മൂലമുള്ള അകാല മരണ സാധ്യത 18 ശതമാനവും ഹൃദ്രോഗം മൂലമുള്ള അകാല മരണ സാധ്യത 24 ശതമാനവും കുറവാണെന്നും ഗവേഷകര്‍ പറയുന്നു. മധുരപാനീയത്തിന് പകരം ഒരു നേരം കൃത്രിമ മധുരം ചേര്‍ത്ത പാനീയം കഴിച്ചവരുടെ ഹൃദ്രോഗം മൂലമുള്ള മരണസാധ്യത 15 ശതമാനം കുറഞ്ഞതായും ഗവേഷകര്‍ നിരീക്ഷിച്ചു. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.