പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ആരോപണം ഉന്നയിച്ച ജമ്മു കാഷ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലികിനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. സിബിഐ അടുത്ത ദിവസം ചോദ്യം ചെയ്യാനിരിക്കേയാണ് ഡല്‍ഹി പോലീസ് പൊക്കിയത്. ഇനിയും സ്‌ഫോടനാത്മക വിവരങ്ങള്‍ പറയാനുണ്ടെന്നും തന്റെ കൈയിലുള്ള ചില രേഖകള്‍ തട്ടിയെടുക്കാനാണു സിബിഐ ചോദ്യം ചെയ്യാന്‍ വീട്ടിലേക്കു വരാമെന്നു പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അനുമതിയില്ലാതെ ഖാപ്പ് പഞ്ചായത്ത് യോഗം ചേര്‍ന്നെന്ന് ആരോപിച്ചാണ് പോലീസ് യോഗത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തത്.
വന്ദേ ഭാരത് എക്‌സ്പ്രസിനു ഷൊര്‍ണൂരിലും സ്റ്റോപ്പ്. യാത്രാസമയം എട്ടു മണിക്കൂര്‍ അഞ്ചു മിനിറ്റ്. തിരുവനന്തപുരത്തുനിന്ന് 5.20 ന് പുറപ്പെടുന്ന ട്രെയിന്‍ കാസര്‍കോട് ഒന്നരയ്ക്ക് എത്തും. ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രിയും പങ്കെടുക്കും. നേമം, കൊച്ചുവേളി ടെര്‍മിനലുകളുടെ ഉദ്ഘാടനവും വന്ദേഭാരതിന്റെ വേഗത തിരുവനന്തപുരം – ഷൊര്‍ണൂര്‍ വരെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പണികളുടെ ഉദ്ഘാടനവും നടക്കും. വന്ദേഭാരതിന് ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പ് ഇല്ല.
വന്ദേഭാരത് ട്രെയിനിന്റെ സ്‌റ്റോപ്പുകളും സമയക്രമവും: തിരുവനന്തപുരം – 5.20, കൊല്ലം – 6.07, കോട്ടയം – 7.20, എറണാകുളം – 8.17, തൃശ്ശൂര്‍ – 9.22, ഷൊര്‍ണൂര്‍ – 10.02, കോഴിക്കോട് – 11.03, കണ്ണൂര്‍ 12.02, കാസര്‍കോട് – 1.30. കാസര്‍കോടുനിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കു പുറപ്പെടുന്ന ട്രെയിന്‍ രാത്രി പത്തരയ്ക്ക് തിരുവനന്തപുരത്ത് എത്തും. കാസര്‍കോട് – 2.30, കണ്ണൂര്‍ – 3.28, കോഴിക്കോട് – 4.28, ഷൊര്‍ണ്ണൂര്‍ – 5.28, തൃശ്ശൂര്‍ – 6.03, എറണാകുളം – 7.05, കോട്ടയം – 8, കൊല്ലം – 9.18, തിരുവനന്തപുരം – 10.35.
ചൊവ്വാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വാട്ടര്‍ മെട്രോ യാത്രാനിരക്കുകള്‍ 20 രൂപ മുതല്‍ 40 രൂപ വരെ. കെഎംആര്‍എല്‍ ആണു നിരക്കു പ്രഖ്യാപിച്ചത്. രാവിലെ ഏഴു മുതല്‍ രാത്രി എട്ടുവരെയാണ് സര്‍വീസ്. തിരക്കുള്ളപ്പോള്‍ 15 മിനിറ്റ് ഇടവേളകളില്‍ സര്‍വീസുണ്ടാകും. ബുധനാഴ്ച രാവിലെ ഏഴിന് ഹൈക്കോടതി വൈപ്പിന്‍ റൂട്ടിലാണ് ആദ്യ സര്‍വീസ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പങ്കെടുപ്പിച്ച് കൊച്ചിയില്‍ ബിജെപി നടത്തുന്ന റോഡ് ഷോയില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതു സംബന്ധിച്ച് ഉന്നതതല യോഗത്തില്‍ തര്‍ക്കം. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുന്നത് അപകടകരമാണെന്ന് പോലീസ് നേതൃത്വം. മോദിയെ കാണാന്‍ റോഡരികില്‍ ആളുകള്‍ കൂടുന്നതു തടയാനാവില്ലെന്നു ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സതേണ്‍ നേവല്‍ കമാന്‍ഡന്റിന്റെ ഐഎന്‍എസ് ഗരുഡയില്‍നിന്ന് സേക്രഡ് ഹാര്‍ട്ട് കോളജ് വരെയാണ് റോഡ് ഷോ. അതിനുശേഷമാണ് കോളജ് ഗ്രൗണ്ടില്‍ യുവം പരിപാടി.
മോട്ടോര്‍ വാഹന നിയമ ലംഘനം പിടികൂടാന്‍ സ്ഥാപിച്ച കാമറകള്‍ക്ക് വെറും 33 ലക്ഷം രൂപയാണു വിലയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എന്നാല്‍ 236 കോടി രൂപ മുടക്കിയാണ് കാമറകള്‍ സ്ഥാപിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. യഥാര്‍ത്ഥ ചെലവു കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം. നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും സതീശന്‍ ആരോപിച്ചു.
കോതമംഗലം വടാട്ടുപാറ പലവന്‍പടി പുഴയില്‍ രണ്ടു പേര്‍ മുങ്ങിപ്പോയി. തോപ്പുംപടി സ്വദേശികളായ അഞ്ചംഗ സംഘത്തിലെ ആന്റണി ബാബു, ബിജു എന്നിവരെയാണ് പുഴയില്‍ കാണാതായത്.
ഇടുക്കി പൂപ്പാറ തോണ്ടിമലയില്‍ തിരുനെല്‍വേലി സ്വദേശികള്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. നാല പേരുടെ നില ഗുരുതരമാണ്. തിരുനെല്‍വേലി സ്വദേശി സി പെരുമാള്‍ (59) ആണ് മരിച്ചത്.
സ്വാഭാവിക റബര്‍ ഉല്‍പാദനത്തിന്റെ 95 ശതമാനവും നടക്കുന്ന കേരളത്തില്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ സ്വാഭാവിക റബറിന്റെ താങ്ങുവില 250 രൂപയാക്കി വര്‍ധിപ്പിച്ചുകൊണ്ടുളള പ്രഖ്യാപനം നടത്തണമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി ആവശ്യപ്പെട്ടു.
ഇടുക്കി ജില്ലയിലെ ഉപ്പുതറ, കാഞ്ചിയാര്‍, കട്ടപ്പന എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും മഴയും. പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ടയിലും ശക്തമായ മഴയ്ക്കു സാധ്യത. തിരുവനന്തപുരം മുതല്‍ കോഴിക്കോട്, വയനാട് വരെയുള്ള ജില്ലകളില്‍ അടുത്ത രണ്ടു ദിവസം മഴയ്ക്കു സാധ്യതയെന്നും മുന്നറിയിപ്പ്.
മലപ്പുറം എടവണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ റിദാന്‍ ബാസിലിന്റെ നെഞ്ചിലടക്കം മൂന്നിടത്ത് വെടിയേറ്റതായി കണ്ടെത്തി. തലക്കു പിന്നില്‍ അടിയേറ്റുണ്ടായ പരിക്കുമുണ്ട്. ചെമ്പകുത്ത് മലയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ലഹരി മരുന്നു സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
ട്രെയിനില്‍ 27 കിലോ കഞ്ചാവ് ട്രോളികളിലാക്കി കടത്തിയ മൂന്നു പേര്‍ ആലുവയില്‍ പിടിയില്‍. ഒഡീഷ സ്വദേശികളായ രജനീകാന്ത് മാലിക്, ശര്‍മേന്ത പ്രധാന്‍, ചെക്ക്ഡാല പ്രധാന്‍ എന്നിവരാണ് പിടിയിലായത്.
വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയെ ഐഎസ്ആര്‍ഒയുടെ വാണിജ്യ സേവന സ്ഥാപനമായ ന്യൂ സ്‌പേസ് ഇന്ത്യാ ലിമിറ്റഡിന് കൈമാറും. അടുത്ത ഫെബ്രുവരിയില്‍ മനുഷ്യരില്ലാത്ത പേടകം വിക്ഷേപിക്കും. ജൂണില്‍ ഗഗന്‍യാന്‍ പരീക്ഷണങ്ങള്‍ വീണ്ടും തുടങ്ങുമെന്നും ഇസ്രോ അധികൃതര്‍ വ്യക്തമാക്കി. എസ്എല്‍വി സി 55 ന്റെ വാണിജ്യ വിക്ഷേപണം വിജയകരമായി ഇന്നലെ നടത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് പിഎസ്എല്‍വി സി 55 വിക്ഷേപിച്ചത്. സിംഗപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ടെലിയോസ് -02, ലൂമിലൈറ്റ് 4 എന്നിവ ഭ്രമണപഥത്തില്‍ എത്തിച്ചു. എസ്ടി എന്‍ജിനീയറിംഗാണ് 750 കിലോ ഭാരമുള്ള ടെലിയോസ് -02 ഉപഗ്രഹം നിര്‍മിച്ചത്.
എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഡല്‍ഹി തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. 19 വര്‍ഷമായി താമസിച്ചിരുന്ന വസതിയാണ് രാഹുല്‍ ഒഴിഞ്ഞത്. സോണിയ ഗാന്ധിയുടെ 10 ജന്‍പഥിലേക്ക് രാഹുല്‍ താല്‍ക്കാലികമായി മാറും.
മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട് പാറ്റ്‌ന കോടതി അയച്ച സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ബീഹാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളും മോട്ടോര്‍ വാഹന, ട്രാഫിക് നിയമങ്ങളും ലംഘിക്കുന്നതു കണ്ടെത്തി പിഴ ചുമത്താന്‍ ഡല്‍ഹിയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ സ്ഥാപിക്കും. ഡല്‍ഹി ഗതാഗത വകുപ്പാണ് ഇക്കാര്യം വെളിപെടുത്തിയത്. എല്ലാ കുറ്റകൃത്യങ്ങളും കാമറകള്‍ പകര്‍ത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പശ്ചിമബംഗാളിലെ ഉത്തര്‍ ദിനജ്പൂരില്‍ കൂട്ട ബലാല്‍സംഗത്തിനിരയാക്കി കൊല്ലപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് വലിച്ചിഴച്ചതില്‍ പ്രതിഷേധം. പോലീസുകാര്‍ മൃതദേഹം വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് ഡിജിപിക്ക് നോട്ടീസയച്ചു.
യുഎസില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന ആന്ധ്രപ്രദേശുകാരനായ വിദ്യാര്‍ത്ഥി പെട്രോള്‍ പമ്പില്‍ ജോലി ചെയ്യവേ കവര്‍ച്ചാസംഘത്തിന്റെ വെടിയേറ്റു മരിച്ചു. ഒഹായോയിലെ പെട്രോള്‍ സ്റ്റേഷനിലായിരുന്നു സംഭവം. ഏലൂരില്‍ നിന്നുള്ള സയേഷ് വീര (24) യാണ് കൊല്ലപ്പെട്ടത്.