വെര്‍ട്ടസിന്റെ പുത്തന്‍ വകഭേദങ്ങള്‍ പുറത്തിറക്കാന്‍ ഫോക്സ്വാഗണ്‍. ജൂണില്‍ പുതിയ നിറങ്ങളും സ്പെഷല്‍ എഡിഷനും 1.5 ടി.എസ്.ഐ മാനുവല്‍ വേരിയന്റും പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവില്‍ 7 സ്പീഡ് ഡി.എസ്.ജി ഗിയര്‍ ബോക്സാണ് നിലവില്‍ വെര്‍ട്ടസിന്റെ 1.5 എഞ്ചിനുള്ളത്. മാനുവല്‍ പതിപ്പ് പുറത്തിറങ്ങുന്നതോടെ ഈ കരുത്തുറ്റ എഞ്ചിനുള്ള വെര്‍ട്ടസിന്റെ വില കുറഞ്ഞ മോഡലായും ഇത് മാറും. സ്ലാവിയ, കുഷാക്, ടെയ്ഗൂണ്‍ തുടങ്ങിയ കാറുകളിലുള്ള 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സായിരിക്കും ഫോക്സ്വാഗണ്‍ വെര്‍ട്ടസിന് നല്‍കുക. 150എച്പിയും 250എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ ശേഷിയുള്ള എഞ്ചിനാണ് 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍. ഈ മോഡല്‍ പുറത്തിറങ്ങുന്നതോടെ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ മാനുവല്‍ ഗിയര്‍ബോക്സ് നല്‍കുന്ന ഫോക്സ്വാഗന്റെ ഇന്ത്യ 2.0 പ്രൊജക്ടിലെ ഏക മോഡലായും വെര്‍ട്ടസ് മാറും. വെര്‍ട്ടസിന്റെ 1.5 ടി.എസ്.ഐ എഞ്ചിനും 7 സ്പീഡ് ഡി.എസ്.ഡി ഗിയര്‍ ബോക്സുമുള്ള ഉയര്‍ന്ന മോഡലിന് 18.57 ലക്ഷം രൂപയാണ് ഫോക്സ്വാഗണ്‍ വിലയിട്ടിരിക്കുന്നത്. മാനുവല്‍ ഓപ്ഷന്‍ ഇതിനേക്കാള്‍ കുറഞ്ഞ വിലയിലായിരിക്കും ലഭ്യമാവുക.