സൈജു കുറുപ്പ് നായകനായി വെബ് സീരീസ് വരുന്നൂ. സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനല്‍ സീരീസിലാണ് സൈജു കുറുപ്പ് നായക വേഷത്തിലെത്തുന്നത്. ശ്രീകാന്ത് മോഹനാണ് സീരീസിന്റെ സംവിധാനം. ‘ജയ് മഹേന്ദ്രന്‍’ എന്ന് പേരിട്ടിരിക്കുന്ന പരമ്പര ഒരു രാഷ്ട്രീയപ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. രാഷ്ട്രീയ സ്വാധീനവും ആരെയും കൈയിലെടുക്കാനുള്ള കൗശലവും കൊണ്ട് തനിക്കാവശ്യമുള്ള എന്തും സാധിച്ചെടുക്കാന്‍ മിടുക്കുള്ള ഓഫിസര്‍ ‘മഹേന്ദ്രനാ’ണ് പരമ്പരയുടെ കേന്ദ്രകഥാപാത്രം. എന്നാല്‍ ഇതേ രാഷ്ട്രീയ തന്ത്രങ്ങളുടെ ഇരയായി ‘മഹേന്ദ്രനും’ മാറുന്നു. സ്വന്തം ജോലി സംരക്ഷിക്കാനും കൈമോശം വന്ന സല്‍പ്പേര് വീണ്ടെടുക്കാനും ‘മഹേന്ദ്രന്‍’ വല്ലാതെ കഷ്ടപ്പെടുന്നു. വേണ്ടിവന്നാല്‍ അതിന് സിസ്റ്റത്തെ മുഴുവന്‍ അട്ടിമറിക്കാനും അയാള്‍ തയ്യാറാകും. ഈ തീക്കളിയില്‍ ‘മഹേന്ദ്രന്‍’ ജയിക്കുമോ തോല്‍ക്കുമോ? ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഫിലിംമേക്കര്‍ രാഹുല്‍ റിജി നായരാണ് ‘ജയ് മഹേന്ദ്രന്റെ’ കഥയെഴുതുന്നതും നിര്‍മിക്കുന്നതും. സൈജു കുറുപ്പിനൊപ്പം, സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദന്‍, സിദ്ധാര്‍ഥ ശിവ, രാഹുല്‍ റിജി നായര്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.