പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സുരക്ഷാ വീഴ്ച സംഭവിച്ചെന്നും ഇക്കാര്യം പുറത്തു പറയരുതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആവശ്യപ്പെട്ടെന്നും സമുന്‍ ജമ്മു കാഷ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ദ് വയറിന് നല്‍കിയ അഭിമുഖത്തിലാണ് ഈ ആരോപണം. പുല്‍വാമ ആക്രമണമുണ്ടായപ്പോള്‍ സത്യപാല്‍ ആയിരുന്നു ഗവര്‍ണര്‍. 2500 ജവാന്‍മാരെ കൊണ്ടുപോകാന്‍ സിആര്‍പിഎഫ് അഞ്ചു വിമാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതു നിരസിച്ചു. വിമാനത്തില്‍ കൊണ്ടുപോയിരുന്നെങ്കില്‍ ജവാന്മാരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. ആക്രമണം നടക്കില്ലായിരുന്നു. ഈ വീഴ്ച മറച്ചുവയ്ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ആവശ്യപ്പെട്ടതെന്നു മാലിക് പറഞ്ഞു.
ജപ്പാന്‍ പ്രധാനമന്ത്രി ഫുമോയ് കിഷിദയ്ക്കു നേരെ ബോംബാക്രമണം. പ്രധാനമന്ത്രിക്കു നേരെ എറിഞ്ഞ ബോംബ് പൊട്ടിത്തെറിച്ചെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു. വാകയാമയില്‍ തുറമുഖം സന്ദര്‍ശിക്കുമ്പോഴായിരുന്നു ആക്രമണം. അക്രമിയെ പിടികൂടിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അരികൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ വന്യജീവി സംരക്ഷണ നിയമമനുസരിച്ചു നടപടിയെടുക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ആനയെ തളച്ചിടാതെ മറ്റൊരു വനത്തിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവു പ്രായോഗികമല്ലെന്നും സര്‍ക്കാര്‍. അരിക്കൊമ്പന്‍ കേസില്‍ സുപ്രീംകോടതിയില്‍ മൃഗസ്‌നേഹികളുടെ സംഘടന തടസഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
ട്രെയിന്‍ തീവയ്പു കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്. ഡല്‍ഹിയില്‍ കൂടുതല്‍ പേരെ പോലീസ് ചോദ്യം ചെയ്തു. പ്രതി ഷാരൂഖുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന അഞ്ചു പേരെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് മൂന്ന് പേര്‍ക്കു കൂടി നോട്ടീസ് നല്‍കി.
ലോകമെങ്ങുമുള്ള മലയാളികള്‍ക്കു വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവിതത്തില്‍ വിജയവും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കണികണ്ടും കൈനീട്ടം സമ്മാനിച്ചും മലയാളികള്‍ വിഷു ആഘോഷിച്ചു. ശബരിമല, ഗുരുവായൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളില്‍ വിഷുക്കണി കാണാന്‍ ഭക്തജനങ്ങളുടെ തിരക്കായിരുന്നു.
ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിനു വാക്‌സിന്‍ മാറി നല്‍കി. ഒരാഴ്ചയ്ക്കകം ചെയ്യേണ്ട ബിസിജി കുത്തിവയ്പ്പിനു പകരം ആറാഴ്ചയ്ക്കുശേഷം നല്‍കണ്ടേ കുത്തിവയ്പാണെന്നാണ് പരാതിയില്‍ പറയുന്നത്. വീഴ്ച തിരിച്ചറിഞ്ഞതോടെ കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു റഫര്‍ ചെയ്തു.
ക്രിസ്ത്യന്‍ മേഖലകളില്‍ സ്വാധീനമുണ്ടാക്കാനുള്ള ബിജെപി നീക്കത്തിന് തടയിടാന്‍ കോണ്‍ഗ്രസ്. ക്രൈസ്തവ സഭാ അധ്യക്ഷന്മാരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സന്ദര്‍ശിക്കും. ഇന്നു വൈകീട്ട് തലശ്ശേരി ബിഷപ് മാര്‍ ജോസഫ് പാംപ്‌ളാനിയെ കാണും. അടുത്ത ആഴ്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും താമരശ്ശേരി ബിഷപ് മാര് റെമിജിയോസ് ഇഞ്ചനാനിയേലിനെയും കെ സുധാകരന്‍ കാണും.
കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അനുവദിച്ചതോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെ നിറുകയില്‍ അടിച്ചുകയറ്റിയ മഞ്ഞക്കല്ലുകള്‍ തുലഞ്ഞുപോയെന്ന് സുരേഷ് ഗോപി. വന്ദേഭാരത് കേരളത്തിന്റെ ഐശ്വര്യമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ആഴിമലയ്ക്കു സമീപം കരിക്കാത്തി ബീച്ചില്‍ തിരയോടു ചേര്‍ന്നു നടന്ന രണ്ടുപേര്‍ കടലില്‍ മുങ്ങി മരിച്ചു. തഞ്ചാവൂര്‍ സ്വദേശി രാജാത്തി (45), ബന്ധുവായി സായ് ഗോപിക (ഒമ്പത്) എന്നിവരാണു കടലില്‍ മുങ്ങിയത്.
തൃശൂര്‍ പൂരം വെടിക്കെട്ട് ആസ്വദിക്കാന്‍ സ്വരാജ് റൗണ്ടില്‍ കൂടുതല്‍ സുരക്ഷിത ഇടങ്ങള്‍ ഒരുക്കുമെന്ന് സര്‍ക്കാര്‍. 28 ന് നടക്കുന്ന സാമ്പിള്‍ വെടിക്കെട്ടിന് എം ജി റോഡ് മുതല്‍ കുറുപ്പം റോഡ് വരെയും ജോസ് തിയേറ്റര്‍ മുതല്‍ പാറമേക്കാവ് വരെയുമുള്ള ഭാഗത്ത് റോഡിലേക്കും പ്രവേശനം നല്‍കും. ഇത്തവണ സ്ത്രീ സൗഹൃദത്തിനൊപ്പം ഭിന്നശേഷി സൗഹൃദം കൂടി ആയിരിക്കും പൂരം. ജനപ്രതിനിധികള്‍, ജില്ലാ ഭരണകൂടം, ദേവസ്വം പ്രതിനിധികള്‍, പൊലീസ് അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
കോടനാട് കിണറ്റില്‍ വീണ് കാട്ടാന ചെരിഞ്ഞു. നെടുമ്പാറ താണിപ്പാറയില്‍ മുല്ലശ്ശേരി തങ്കന്‍ എന്നയാളുടെ പുരയിടത്തിലെ കിണറ്റിലാണു പിടിയാന വീണത്. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഈ മേഖലയിലെ ആനശല്യം നേരിടാത്ത മലയാറ്റൂര്‍ ഡിഎഫ്ഓ വരാതെ ആനയെ കരയ്ക്കുകയറ്റാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ബെന്നി ബെഹനാന്‍ എംപി സംഭവ സ്ഥലത്തെത്തി.
പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എ. ഗോപാലന്‍കുട്ടി മേനോന്‍ കോഴിക്കോട്ട് വെസ്റ്റ് ഹില്ലില്‍ അന്തരിച്ചു. 106 വയസായിരുന്നു.
ഇടുക്കി കുട്ടിക്കാനത്ത് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ടി പേര്‍ക്ക് പരിക്കേറ്റു. തിരുവണ്ണാമലയില്‍ നിന്ന് ശബരിമലക്കു പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉള്‍പ്പെടെ 24 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
മലപ്പുറം വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റില്‍ ലോറിയില്‍ ബിസ്‌ക്കറ്റിനും മിട്ടായികള്‍ക്കും ഇടയില്‍ ഒളിപ്പിച്ചു കടത്തിയ 3000 കിലോ ഹാന്‍സ് എക്സൈസ് പിടികൂടി. പാലക്കാട് ജില്ലക്കാരായ അബ്ദുല്‍ ഷഫീഖ്, അബ്ദുല്‍ റഹിമാന്‍ എന്നിവരെ അറസ്റ്റു ചെയ്തു. ഇവരില്‍നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയും പിടിച്ചെടുത്തു.
ടൂറിസ്റ്റ് ബസിലെത്തിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ അമരവിള ചെക്ക്‌പോസ്റ്റില്‍ എംഡിഎംഎയുമായി പിടികൂടി. കൊല്ലം സ്വദേശി സൂരത്താണ് എക്‌സൈസിന്റെ പിടിയിലായത്.
മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 12 പേര്‍ മരിച്ചു. റായ്ഗഡ് ജില്ലയിലെ ഖോപോളി മേഖലയിലാണ് അപകടമുണ്ടായത്. 25 പേര്‍ക്കു പരിക്കുണ്ട്. നാല്‍പതു യാത്രക്കാരുമായി പൂനെയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കുമെന്ന് ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതു പാര്‍ട്ടികളുമായി സഖ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ക്രൈസ്തവര്‍ക്കെതിരെ അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അടങ്ങുന്ന സംഘം രാഷ്ട്രപതിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, ബിഷപ്പുമാരായ സുബോധ് മൊണ്ടാല്‍, പോള്‍ സ്വരൂപ് എന്നിവരടങ്ങുന്ന സംഘമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചത്.
യുക്രൈയ്‌നിന്റെ കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ ഷെല്ലാക്രമണം. സ്ലോവിയാന്‍സ്‌കിലെ ജനവാസ മേഖലയില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുട്ടിയടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടു. 21 പേര്‍ക്ക് പരിക്കേറ്റു. അപ്പാര്‍ട്‌മെന്റുകള്‍ക്കു നേരെയായിരുന്നു റഷ്യയുടെ ഷെല്ലാക്രമണം.
കേരള ബ്ലാസ്റ്റേഴ്സ് ഹീറോ സൂപ്പര്‍ കപ്പില്‍ നാളെ ബെംഗളൂരു എഫ്സിയെ നേരിടും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് എട്ടരയ്ക്കാണ് മത്സരം.