yt cover 21

ഭാവിയില്‍ ബഹിരാകാശ യുദ്ധത്തിനു സാധ്യതയെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍. ബഹിരാകാശത്തും ചില രാജ്യങ്ങള്‍ സൈനികവത്കരണം നടത്തുന്നത് യുദ്ധസൂചനയാണു നല്‍കുന്നത്. റഷ്യയും ചൈനയും ആന്റി സാറ്റലൈറ്റ് പരീക്ഷണങ്ങള്‍ നടത്തിയതും ഇതിന്റെ ഭാഗമാണെന്നും ഇന്ത്യയും സമാന ശക്തി കൈവരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തന്റെ പദവിയോ വീടോ ഇല്ലാതാക്കാം, എന്നാല്‍ ചോദ്യങ്ങള്‍ ഇല്ലാതാക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധി. ലോക്സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയതിനുശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുല്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു. ‘സത്യമേവ ജയതേ’ എന്ന പേരില്‍ നടത്തിയ സമ്മേളനത്തിനു മുന്നോടിയായി ആയിരങ്ങള്‍ പങ്കെടുത്ത റാലിയിലും രാഹുലും പ്രിയങ്കാ ഗാന്ധിയും പങ്കെടുത്തു. വയനാട്ടുകാര്‍ക്കൊപ്പം നില്‍ക്കാന്‍ സ്ഥാനമാനങ്ങള്‍ വേണമെന്നില്ല. താന്‍ എന്തു തെറ്റാണ് ചെയ്തത്? പാര്‍ലമെന്റില്‍ അദാനിയുമായി മോദിക്കും സര്‍ക്കാരിനുമുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചു. പ്രധാനമന്ത്രിക്കു മറുപടിയില്ല. കേന്ദ്ര മന്ത്രിമാര്‍ പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കി നടപടികള്‍ തടസപ്പെടുത്തി. രാഹുല്‍ കുറ്റപ്പെടുത്തി.

നിശബ്ദനാക്കാനുള്ള ശ്രമങ്ങളെ രാഹുല്‍ ചെറുക്കുമെന്ന് പ്രിയങ്ക ഗാന്ധി. വയനാട്ടിലെ യുഡിഎഫ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. വയനാട്ടുകാരോടു സംസാരിക്കുന്നതു സ്വന്തം കുടുംബാംഗങ്ങളോടു സംസാരിക്കുന്നത് പോലെയാണ്. ഈ മണ്ണിലേക്കുള്ള വരവ് വൈകാരികമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

*പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂമിലേക്ക് ഏവര്‍ക്കും സ്വാഗതം*

പുതിയ ഷോറൂമിന്റെ സവിശേഷതകള്‍ : ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്‌സിനായി എക്സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും, കസ്റ്റമേഴ്സിന് പ്രത്യേക സേവനങ്ങളും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്‌ലോര്‍. വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനും പ്രത്യേക ഗ്രൂം സ്റ്റുഡിയോയും. ഇന്ത്യയിലെ ഏത് വലിയ നഗരത്തിലെയും മോഡേണ്‍ സ്റ്റോറുകള്‍ക്കൊപ്പം നില്‍ക്കുന്ന പുരുഷന്മാരുടെ ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരം. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

നിയമസഭയിലെ സംഘര്‍ഷത്തിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് എംഎല്‍എമാരുടെ പിഎമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. എം വിന്‍സെന്റ്, ടി സിദ്ദിഖ്, കെ.കെ രമ, എം.കെ മുനീര്‍, എ.പി അനില്‍കുമാര്‍, പി.കെ ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നീ എംഎല്‍എമാരുടെ പിഎമാര്‍ക്കാണ് സ്പീക്കറുടെ ഓഫീസ് നോട്ടീസ് അയച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഭരണകക്ഷി എംഎല്‍എമാരുടെയും മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ നടപടിയില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ട്രെയിന്‍ തീവയ്പു കേസ് പ്രതി ഷാറൂഖ് സെയ്ഫിയുടെ ഡല്‍ഹി ഷഹീന്‍ ബാഗിലെ വീട്ടില്‍ കേരളാ പൊലീസ് വീണ്ടും പരിശോധന നടത്തി. ക്രൈംബ്രാഞ്ച് എസ്പി എം.ജെ സോജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

കേരളത്തില്‍ ഇത്തവണ മെച്ചപ്പെട്ട കാലവര്‍ഷം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വടക്കന്‍ കേരളത്തില്‍ മഴ കുറയുമെന്നാണു പ്രവചനം.

ബ്രഹ്‌മപുരം തീപിടിത്തംമൂലം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാത്തതിനാല്‍ കൊച്ചിയിലെ റോഡുകള്‍ മാലിന്യകൂമ്പാരമായെന്ന് ഹൈക്കോടതി. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി എടുക്കണം. ബ്രഹ്‌മപുരത്തെ തീപിടുത്തത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശം.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ബ്രഹ്‌മപുരം തീപ്പിടുത്തത്തിന്റെ പേരില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിച്ച പിഴശിക്ഷയായ നൂറു കോടി രൂപ അടയ്ക്കാന്‍ കൊച്ചി കോര്‍പ്പറേഷനു ഹൈക്കോടതി രണ്ടു മാസത്തെ സാവകാശം അനുവദിച്ചു. കോര്‍പ്പറേഷന്റെ ആവശ്യം പരിഗണിച്ചാണ് പിഴ തുക അടയ്ക്കാന്‍ കാലാവധി നീട്ടി നല്‍കിയത്.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കു മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നെല്ലിയാമ്പതിയില്‍ 17 നു ഹര്‍ത്താല്‍. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തിലാണു തീരുമാനം.

അരിക്കൊമ്പനെ പിടികൂടുമ്പോള്‍ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളര്‍ സംസ്ഥാന വനം വകുപ്പിനു കൈമാറാന്‍ ആസാം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കി. വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ചയോടെ കോളര്‍ കേരളത്തിലെത്തിക്കും.

അരിക്കൊമ്പനെ ചിന്നക്കനാലില്‍നിന്ന് പറമ്പിക്കുളത്തേക്കു മാറ്റുന്നത് ഇടതു കാലിലെ മന്ത് വലതു കാലിലേക്കു മാറ്റുന്നതു പോലെയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. വിദഗ്ദ്ധ സമിതി, കോടതി എന്നിവയുടെ യുക്തി സാധാരണ ജനങ്ങള്‍ക്ക് മനസിലായിട്ടില്ല. സാധാരണക്കാരനായ തനിക്കും മനസ്സിലായിട്ടില്ല. ഹൈക്കോടതി സര്‍ക്കാരിനോട് അഭിപ്രായം ചോദിച്ചാല്‍ നിലപാട് വ്യക്തമാക്കും. മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ സല്‍ക്കാരത്തിന്റെ രുചി നാവിന്‍ തുമ്പിലിരിക്കുമ്പോള്‍ ലോകായുക്തയില്‍നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പരാതിക്കാരനെതിരെ ലോകായുക്ത നടത്തിയ പരാമര്‍ശങ്ങള്‍ വിധി ഏതു ദിശയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നു. സുധാകരന്‍ പറഞ്ഞു.

ഒരു കോടി രൂപയുടെ വിഷുക്കൈനീട്ടവുമായി ചലച്ചിത്ര താരവും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശൂരിലെ വാദ്യകലാകാരമാര്‍ക്കാണു കൗസ്തുഭം ഓഡിറ്റോറിയത്തില്‍ വിഷുക്കൈനീട്ടവും വിഷുക്കോടിയും സമ്മാനിച്ചത്. സിനിമയില്‍നിന്ന് ലഭിച്ച പ്രതിഫലത്തില്‍നിന്ന് മിച്ചംപിടിച്ചുണ്ടാക്കിയ ഒരു കോടി രൂപയാണ് വാദ്യ കലാകാരന്മാര്‍ക്ക് നല്‍കുന്നതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

ഈസ്റ്റര്‍ ദിനത്തിനു തലേന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത് 87 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13.28 കോടി രൂപയുടെ വര്‍ധന. 65.95 ലക്ഷം രൂപയുടെ മദ്യം വിറ്റ ചാലക്കുടിയാണ് ഒന്നാം സ്ഥാനത്ത്. നെടുമ്പാശേരിയില്‍ 59.12 ലക്ഷം രൂപയുടേയും ഇരിങ്ങാലക്കുടയില്‍ 58.28 ലക്ഷം രൂപയുടേയും തിരുവമ്പാടിയില്‍ 57.30 ലക്ഷം രൂപയുടേയും മദ്യം വിറ്റു.

വീണ ജോര്‍ജിനെതിരെ പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം അടൂര്‍ – കടമ്പനാട് ഭദ്രാസനം ജനറല്‍ സെക്രട്ടറി റെനോ പി രാജന്‍, ഏബല്‍ ബാബു എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

മാള പൊലീസ് സ്റ്റേഷനില്‍ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. തൃശൂര്‍ സ്വദേശി സജീഷിനാണ് കുത്തേറ്റത്. കുത്തിയ മലപ്പുറം സ്വദേശി അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ ചിത്തിരയോടു പോലീസ് കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടയിലാണ് ആക്രമണം.

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മര്‍ദ്ദിച്ച് വീഡിയോ എടുത്ത് പണം തട്ടിയെടുത്തതിനു മൂന്നു സ്ത്രീകള്‍ അടക്കം അഞ്ചു പേര്‍ പിടിയില്‍. കൊച്ചിയിലെ മുളവുകാടാണ് സംഭവം. തമിഴ്നാട് തെങ്കാശി സ്വദേശി അഞ്ജു, സഹോദരി മേരി, മേരിയുടെ സുഹൃത്തുക്കളായ വെണ്ണല ആഷിഖ്, ആഷിഖിന്റെ ഭാര്യ ഷഹാന, മട്ടാഞ്ചേരി സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്.

ജോലിയും വിസയും വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം രൂപ വീതം വാങ്ങി അഞ്ചു യുവാക്കളെ മലേഷ്യയിലേയ്ക്കു കടത്തിയാള്‍ പിടിയില്‍. നെടുങ്കണ്ടം സ്വദേശിയായ അഗസ്റ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകന്‍ ഷൈന്‍ അഗസ്റ്റിനും പ്രതിയാണെന്ന് കബളിപ്പിക്കപ്പെവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

താമരശ്ശേരിയില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫിയുടെ മൊബൈല്‍ ഫോണ്‍ കരിപ്പൂരിലെ പെട്ടിക്കടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനിയുടെ രേഖാചിത്രം ഇന്ന് പുറത്തുവിടും.

ലഹരിമരുന്ന് കേസിലെ പ്രതിയെ കേസില്‍നിന്ന് ഒഴിവാക്കിത്തരാമെന്നു വാഗ്ദാനം ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍. എംഡിഎഎ കേസിലെ പ്രതിയായ മൂവാറ്റുപുഴ സ്വദേശി സ്‌കറിയില്‍നിന്നാണു പണം തട്ടിയത്. കോട്ടയം സ്വദേശി അലക്സ് ചാണ്ടി, പാലാരിവട്ടം സ്വദേശി നവീന്‍ എന്നിവരാണു പിടിയിലായത്.

പ്രസാര്‍ ഭാരതിയില്‍ ജോലി വാഗ്ദാനം ചെയ്ത് 23 ലക്ഷം രൂപ തട്ടിയ കേസില്‍ വ്യാജ മാധ്യമ പ്രവര്‍ത്തകന്‍ കരുനാഗപ്പള്ളിയില്‍ പിടിയില്‍. കല്ലേലിഭാഗം സ്വദേശി ബിജുവാണ് അറസ്റ്റിലായത്. മൂന്നു പേരില്‍ നിന്നായാണ് ഇത്രയും തുക തട്ടിയെടുത്തത്.

പോസ്റ്റോഫീസില്‍ നിന്ന് 21 ലക്ഷം രൂപ തട്ടിയെടുത്ത വനിതാ പോസ്റ്റ്മാസ്റ്റര്‍ അമിതാ നാഥ് പണം തുലച്ചത് ഓണ്‍ലൈന്‍ ചീട്ടുകളിയിലൂടെയെന്നു പോലീസ്. സാമ്പത്തിക പ്രതിസന്ധിയൊന്നും ഇല്ലാത്ത അമിത, പണം റമ്മി കളിക്കാന്‍ ചെലവാക്കിയെന്നാണ് പൊലീസ് പറയുന്നത്.

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് 189 സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ടപട്ടിക ബിജെപി പുറത്തിറക്കി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗോനില്‍ മത്സരിക്കും. യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര ശിക്കാരിപുരയില്‍ മത്സരിക്കും. കൂറുമാറിവന്ന ശ്രീമന്ത് പാട്ടീലിനും സീറ്റുണ്ട്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ദരാമയ്യയുടെ മണ്ഡലമായ കോലാറില്‍ നിന്ന് വി സോമണ്ണ മത്സരിക്കും. കോണ്‍ഗ്രസ് 168 സ്ഥാനാര്‍ഥികളെയും. ജെഡിഎസ് 90 സ്ഥാനാര്‍ഥികളെയും നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വതന്ത്രനായി മല്‍സരിക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍നിന്നു പുറത്തായ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍. ഹുബ്ലിയില്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ആറു തെരഞ്ഞെടുപ്പിലും ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച തനിക്കു സീറ്റു നിഷേധിച്ചത് അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പ കേന്ദ്ര നേതൃത്വത്തിനു കത്തു നല്‍കി. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുകയാണെന്നു കത്തില്‍ പറഞ്ഞു. മകന്‍ കെ ഇ കാന്തേഷിന് സീറ്റ് നല്‍കണമെന്ന ആവശ്യം ബിജെപി കേന്ദ്രനേതൃത്വം തള്ളിയിരുന്നു.

കര്‍ഷകരുടെ മക്കളെ വിവാഹം കഴിക്കുന്ന യുവതികള്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി. കോലാറില്‍ ‘പഞ്ചരത്‌ന’ റാലിയില്‍ സംസാരിക്കുകയായിരുന്നു കുമാരസ്വാമി.

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ കലാപം. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ പാര്‍ട്ടി വിലക്കു ലംഘിച്ച് യുവ നേതാവ് സച്ചിന്‍ പൈലറ്റ് ഏകദിന ഉപവാസ സമരം നടത്തി. ബിജെപിയുടെ അഴിമതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്. എന്നാല്‍ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ വിവരിച്ചുള്ള വീഡിയോ പുറത്തിറക്കിയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തിരിച്ചടിച്ചത്.

കന്യാകുമാരിയില്‍ ശിവജി പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. മേല്‍പുറം സ്വദേശി എഡ് വിന്‍, ഞാറാന്‍വിള സ്വദേശി പ്രതീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലീം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ വളരുകയാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇന്ത്യയില്‍ മുസ്ലിമുകള്‍ ആക്രമിക്കപ്പെടുകയാണെന്ന ആരോപണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ ഇങ്ങനെ വളരുമോയെന്നും നിര്‍മല സീതാരാമന്‍ ചോദിച്ചു. പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രതിരോധശേഷിയും വളര്‍ച്ചയും എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്റെ ആരോഗ്യനില വഷളായെന്നു റിപ്പോര്‍ട്ട്. കാഴ്ചശേഷി വളരെ കുറഞ്ഞെന്നും നാവു കുഴഞ്ഞതിനാല്‍ സംസാരശേഷിയും ഇല്ലാതായെന്നുമാണ് റിപ്പോര്‍ട്ട്. കൈകാലുകള്‍ക്കു ബലക്ഷയവും ഓര്‍മക്കുറവും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരെ മുംബൈ ഇന്ത്യന്‍സിന് 6 വിക്കറ്റ് വിജയം. ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം അവസാന ബോളിലാണ് മുംബൈ മറികടന്നത്. 45 ബോളില്‍ 65 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ മികവിലാണ് മുംബൈയുടെ വിജയം. ഈ ജയത്തോടെ മുംബൈ ഇന്ത്യന്‍സ് ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയപ്പോള്‍ നാല് മത്സരങ്ങളില്‍ ഒന്നും പോലും ജയിക്കാതെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഡല്‍ഹി.

യുപിഐ ഇടപാടുകള്‍ ഇഎംഐ ആയി അടച്ചുതീര്‍ക്കാന്‍ കഴിയുന്ന സേവനം അവതരിപ്പിച്ച് പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ ഇടപാടുകള്‍ ഇഎംഐ ആയി അടച്ചുതീര്‍ക്കാന്‍ കഴിയുന്ന സേവനമാണ് ബാങ്ക് അവതരിപ്പിച്ചത്. അക്കൗണ്ടില്‍ പണമില്ലെങ്കിലും തുക ഇഎംഐ ആയി അടച്ചുതീര്‍ത്താല്‍ മതി. എല്ലാത്തരം പര്‍ച്ചെയ്‌സുകള്‍ക്കും ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. പതിനായിരം രൂപയിലധികമുള്ള പര്‍ച്ചെയ്‌സുകള്‍ മൂന്ന്, ആറ്, ഒന്‍പത് മാസ ഗഡുക്കളായി അടച്ചുതീര്‍ക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഭാവിയില്‍ ഇഎംഐ ഓപ്ഷന്‍ ഉപയോഗിച്ച് ബാങ്കിന്റെ ഡിജിറ്റല്‍ ക്രെഡിറ്റ് ഉല്‍പ്പന്നമായ പേലേറ്റര്‍ വഴി ഓണ്‍ലൈന്‍ ഷോപ്പിങും നടത്താന്‍ സാധിക്കും. ഉപഭോക്താക്കള്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. ഇത് ഉപയോഗിക്കാനായി കടയില്‍ പോയി സാധന സാമഗ്രികള്‍ പര്‍ച്ചെയ്‌സ് ചെയ്യുക. ഐസിഐസിഐ ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് ആപ്പായ ഐമൊബൈല്‍ പേ ആപ്പില്‍ ‘സ്‌കാന്‍ എനി ക്യൂആര്‍ ഓപ്ഷന്‍’ തെരഞ്ഞെടുത്ത് ഇടപാട് നടത്തുക. പതിനായിരം രൂപയോ അതിലധികമോയുള്ള ഇടപാടാണെങ്കില്‍ ബാങ്കിന്റെ ഡിജിറ്റല്‍ ക്രെഡിറ്റ് ഉല്‍പ്പന്നമായ പേ ലേറ്ററില്‍ ഇഎംഐ ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

നാനിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ‘ദസറ’ മികച്ച പ്രകടനമാണ് ബോക്‌സ് ഓഫീസില്‍ കാഴ്ചവെയ്ക്കുന്നത്. ലോകമെമ്പാടും 110 കോടി രൂപ കളക്ഷന്‍ നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. നോര്‍ത്ത് അമേരിക്കയില്‍ രണ്ട് മില്യണ്‍ ഡോളറാണ് ചിത്രം നേടിയത്. 65 കോടി ബജറ്റിലൊരുങ്ങിയ ചിത്രം സിങ്കരേണി കല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. നാനി ധരണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോയുടെ വില്ലന്‍ വേഷവും ശ്രദ്ധേയമാണ്. സമുദ്രക്കനി, സായ് കുമാര്‍, ഷംന കാസിം, ഝാന്‍സി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. കേരളത്തില്‍ ഇ 4 എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത്. ശ്രീകാന്ത് ഒഡേലയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ജെല്ല ശ്രീനാഥ്, അര്‍ജുന പതുരി, വംശികൃഷ്ണ പി എന്നിവര്‍ സഹ തിരക്കഥാകൃത്തുക്കളുമാണ്.

ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി നിര്‍മ്മിക്കുന്ന ‘എല്‍ജിഎം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ധോണി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചത്. രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടെയ്‌നറായ എല്‍ജിഎമ്മില്‍ ഹരീഷ് കല്യാണ്‍, നാദിയ, ഇവാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ യോഗി ബാബു, മിര്‍ച്ചി വിജയ് തുടങ്ങിയവരും ചിത്രത്തിന്റെ പ്രധാന ഭാഗമാകുന്നു. സംവിധായകന്‍ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നതും.

ടാറ്റാ നെക്‌സോണ്‍ അഞ്ച് ലക്ഷം യൂണിറ്റുകള്‍ എന്ന പ്രധാന ഉല്‍പ്പാദന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നതായി കമ്പനി അറിയിച്ചു. ഒരു സബ്-കോംപാക്റ്റ് എസ്യുവിയായ ടാറ്റ നെക്‌സോണ്‍ പ്രോട്ടോടൈപ്പ് രൂപത്തില്‍ 2014 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ആണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 2017 ല്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യപ്പെട്ടു . അതിനുശേഷം, അതിന്റെ സെഗ്മെന്റിലെ ഏറ്റവും ജനപ്രിയവും പ്രബലവുമായ എസ്യുവികളിലൊന്നാണിത്. നിലവില്‍, എസ്യുവിയുടെ വില ആരംഭിക്കുന്നത് അടിസ്ഥാന വേരിയന്റിന് 7.80 ലക്ഷം രൂപ മുതലാണ്. ടോപ്പ്-സ്പെക്ക് വേരിയന്റിന് 14.35 ലക്ഷം രൂപയാണ് വില. (എല്ലാ വിലകളും, എക്സ്-ഷോറൂം). പെട്രോള്‍ പതിപ്പില്‍ 170 എന്‍എം ടോര്‍ക്കും ഡീസലില്‍ 260 എന്‍എം ഓഫറും ഉള്ളതിനാല്‍, നെക്‌സോണ്‍ അതിന്റെ സെഗ്മെന്റിലെ ഏറ്റവും മികച്ച എസ്യുവികളിലൊന്നായി തുടരുന്നു.

ഒരു ജപമാലയിലെന്നപോലെ ജീവിതം എന്ന രസച്ചരടിലെ നൂറ്റിയെട്ടു വചനങ്ങള്‍. ഇതില്‍ സന്തോഷവും ദുഃഖവും തത്ത്വചിന്തയും പ്രണയവും ഹാസ്യവും എല്ലാമുണ്ട്. ജീവിതം ഇത്രയും സരളമാണെന്ന് ഉറക്കെപ്പറഞ്ഞ് പൊട്ടിച്ചിരിക്കാന്‍, ജീവിതഭാരം ഇറക്കിവെച്ച് നടുനിവര്‍ത്താന്‍ പര്യാപ്തമായ വാക്കുകള്‍… മനനങ്ങള്‍… ‘മൊഴിയാഴം’. ഷൗക്കത്ത്. മാതൃഭൂമി ബുക്സ്. വില 161 രൂപ.

മുപ്പതുകളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം അനുഭവപ്പെടുന്നവര്‍ക്ക് 75 വയസ്സൊക്കെ ആകുമ്പോള്‍ തലച്ചോറിന്റെ ആരോഗ്യം വളരെ മോശമായിരിക്കുമെന്ന് പഠനം. പുരുഷന്മാരില്‍ പ്രത്യേകിച്ചും ഇത് പ്രകടമാകുമെന്ന് കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. തലച്ചോറിന്റെ മോശം ആരോഗ്യം മറവിരോഗങ്ങള്‍ അടക്കമുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. 30നും 40നും ഇടയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം അനുഭവിച്ച പ്രായമായവരുടെ തലച്ചോറിന്റെ എംആര്‍ഐ സ്‌കാനുകള്‍ സാധാരണ രക്തസമ്മര്‍ദമുണ്ടായിരുന്ന മുതിര്‍ന്നവരുടെ തലച്ചോറിന്റെ എംആര്‍ഐ സ്‌കാനുകളുമായി താരതമ്യപ്പെടുത്തിയാണ് ഗവേഷണം നടത്തിയത്. ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടായിരുന്ന ഗ്രൂപ്പിന്റെ റീജണല്‍ ബ്രെയ്ന്‍ വോളിയവും വൈറ്റ് മാറ്ററും ഗണ്യമായി കുറവായിരുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഇത് രണ്ടും മറവി രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മറവിരോഗത്തിനുള്ള ചികിത്സകള്‍ പരിമിതമായതിനാല്‍ ഇതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സൂചനകള്‍ പ്രധാനമാണ്. മറവി രോഗ സാധ്യതയുള്ളവരെ നേരത്തെ കണ്ടെത്താന്‍ സാധിച്ചാല്‍ ലക്ഷണങ്ങള്‍ വൈകിപ്പിക്കാനുള്ള ഫലപ്രദമായ ചികിത്സ അവര്‍ക്ക് നല്‍കാന്‍ സാധിക്കും. ജാമ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

*ശുഭദിനം*

*കവിത കണ്ണന്‍*

1992 ല്‍ ഒരു അമ്മയും മകനും അമ്മൂമയും കൂടി ഉക്രെയിനില്‍ നിന്ന് അമേരിക്കയിലേക്ക് അഗതികളായി കുടിയേറി. ജൂതര്‍ക്ക് അത്ര നല്ല കാലാവസ്ഥയായിരുന്നില്ല ഉക്രൈയിനില്‍. അമേരിക്കയില്‍ ഗവണ്‍മെന്റിന്റെ ആനൂകൂല്യത്തില്‍ ഫ്രീയായി താമസിക്കാന്‍ ഇടം ലഭിച്ചു. അവിടെ വലിയ ക്യൂ നില്‍ക്കേണ്ടിവന്നാലും കൃത്യമായി ഭക്ഷണം ലഭിക്കുമായിരുന്നു. ഇതവര്‍ക്ക് വലിയൊരു സഹായമായി. 16 വയസ്സുള്ള ജാന്‍ കോങ്ങിന് ഒരു പലചരക്കുകടയില്‍ തറതുടയ്ക്കുന്ന ജോലി കിട്ടി. കൂടാതെ അവന്റെ അമ്മയ്ക്ക് ആയയുടെ ജോലിയും ലഭിച്ചു. ജീവിതം കുറച്ചുകൂടി സമാധാനപരമായി മുന്നോട്ട് പോയി. ഉക്രൈയിനിലുള്ള തന്റെ പിതാവിനെ കൂടി കൊണ്ടുവരാന്‍ ആ കുടുംബം ആഗ്രഹിച്ചിരുന്നു. അതിനുള്ള ഒരു അവസ്ഥ ഇവിടെ കെട്ടിപ്പടുക്കുന്നതിനിടയിലാണ് പിതാവിന്റെ മരണവാര്‍ത്ത അവനെ തേടിയെത്തുന്നത്. ഇതാ കുടുംബത്തെ കൂടുതല്‍ തളര്‍ത്തി. ജീവിതത്തില്‍ തളര്‍ന്നിരിക്കാന്‍ തനിക്കാവില്ലെന്ന തിരിച്ചറിവില്‍ അവന്‍ തന്റെ ഇഷ്ടങ്ങളിലേക്ക് മനസ്സിനെ തളയ്ക്കാന്‍ തീരുമാനിച്ചു. കംപ്യൂട്ടറുകളും പ്രോഗ്രാമുകളും നെറ്റ്വര്‍ക്കിങ്ങുകളും അവന്റെ ജീവിത്തിലേക്ക് കടന്നുവന്നു. ഇതിന് വേണ്ട പുസ്തങ്ങള്‍ വാടയ്‌ക്കെടുത്തും കടംവാങ്ങിയും അവന്‍ പഠിച്ചു. നഷ്ടങ്ങളുടെ മുറിവ് ഉണങ്ങിവരുമ്പോഴേക്കും മറ്റൊരു വാര്‍ത്ത ഇടിത്തീപോലെ കടന്നുവന്നു. അമ്മയ്ക്ക് കാന്‍സര്‍. കോഡിങ്ങ് പാഷനായപ്പോള്‍ സാന്‍ജോസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠനവും പാര്‍ടൈം ജോലിയുമായി അമ്മയ്ക്ക് വേണ്ട ചികിത്സാചിലവിനുള്ള തുക അവന്‍ കണ്ടെത്തി. പഠനം തീരുന്നതിന് മുമ്പേ യാഹുവില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ജിനീയറായി ജോലികിട്ടി. യാഹുവിന്റെ ഭാവി തിരിച്ചറിഞ്ഞ അയാള്‍ യൂണിവേഴ്‌സിറ്റിയിലെ പഠനം മതിയാക്കി യാഹുവില്‍ മുഴുവന്‍ സമയ ജോലിക്കാരനായി മാറി. അവിടെനിന്ന് അയാള്‍ക്ക് ഒരു കൂട്ടുകാരനെകൂടി കിട്ടി. ബ്രയാന്‍ ആക്ട്. രണ്ടുപേരും ചേര്‍ന്ന് സ്വന്തമായി ഒരു പുതിയ നെറ്റ് വര്‍ക്കിങ്ങ് ശൃംഖല തന്നെ സ്ഥാപിക്കാന്‍ തീരുമാനിച്ചു. പക്ഷേ, വിചാരിച്ച പോലെ ഒന്നും നടന്നില്ല. യാഹുവിലെ ജോലി ഉപേക്ഷിച്ചതിനാല്‍ വീണ്ടും ജോലിക്കായി അലഞ്ഞു, ഫെയ്ബുക്ക്, ട്വിറ്റര്‍ ഇവിടെയെല്ലാം ഇന്റര്‍വ്യൂവിന് പോയെങ്കിലും അവരെല്ലാം ഇവരെ റിജക്ട് ചെയ്തു. അങ്ങനെയിരിക്കെ അവര്‍ക്ക് ഒരു ഐഫോണ്‍ കിട്ടി. അതില്‍ മെസേജുകള്‍ അയക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് ഇരുവരും തിരിച്ചറിഞ്ഞു. അവര്‍ പണ്ടത്തെ സ്വപ്നം വീണ്ടും പൊടിതട്ടിയെടുത്തു. തീരെ വിദ്യാഭ്യാസമില്ലാത്ത ഒരാള്‍ക്ക് പോലും മെസ്സേജ് അയക്കാന്‍ പറ്റുന്ന ഒരു ആപ്പ്. പരസ്യങ്ങള്‍ ഇല്ലാത്ത, മറ്റുള്ള ആപ്പുകളെ പോലെ ഉപഭോക്താവിന്റെ വിവരങ്ങള്‍ ചോര്‍ത്താത്ത ഒരു ആപ്പ്. അതിന്റെ പേര് പോലും വളരെ ലളിതമായിരുന്നു. 2009 മെയ് 3 ന് വാട്‌സപ് ലോഞ്ച് ചെയ്തു. തങ്ങളുടെ പഴയസുഹൃത്തുക്കളെക്കൊണ്ടെല്ലാം അവര്‍ വാട്‌സപ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു. പക്ഷേ, അത് ക്രാഷായി. തങ്ങളുടെ മോഹങ്ങള്‍ തകരുമോ എന്ന ഭയത്തോടെ ജാനും ബ്രയാനും രാത്രി മുഴുവന്‍ പണിയെടുത്തു. പക്ഷേ, തകരാറ് മാറിയെങ്കിലും വാട്‌സപ്പില്‍ വലിയെ ഉയര്‍ച്ചയൊന്നും ഉണ്ടായില്ല. ഈ പണി ഇവിടെ നിര്‍ത്തിയാലോ എന്ന് ബ്രയാന്‍ ചോദിച്ചെങ്കിലും ജാന്‍ വിജയത്തെ സ്വപ്നം കാണാന്‍ പഠിപ്പിച്ചു. കൂടെനിന്നു. യാഹുവിലെ തങ്ങളുടെ പഴയ സുഹൃത്തുക്കളില്‍ നിന്നും ഫണ്ട് പിരിച്ചു. ഇതായിരുന്നു വാട്‌സപിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടം. കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വേണ്ടി പണിയെടുക്കാന്‍ വെറും 55 സ്റ്റാഫുകളേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ.. ഈ സമയം ഒരിക്കല്‍ തങ്ങളെ റിജക്ട് ചെയ്ത ഫേസ്ബുക്ക് 2 ബില്യണ്‍ ഡോളര്‍ വിലപേശലുമായി എത്തി. ആദ്യമൊന്നും അവര്‍ സമ്മതിച്ചില്ല. അവസാനം 2014 ഫെബ്രുവരിയില്‍ ഫേസ്ബുക്ക് 19 ബില്ല്യണ്‍ ഡോളര്‍കൊടുത്ത് വാട്‌സപ്പിനെ സ്വന്തമാക്കി. ഭാവിയില്‍ ജനജീവിതങ്ങളെ സ്വാധീനിക്കാന്‍ ശേഷിയുള്ള ഈ കുഞ്ഞന്‍ ആപ്പിനെകുറിച്ച് അവര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. തള്ളിക്കളഞ്ഞവര്‍ക്ക് മുന്നില്‍ തങ്ങളുടെ കഴിവിനെ 19 ബില്ല്യണ്‍ യുഎസ് ഡോളര്‍ മൂല്യമുളളതാക്കാന്‍ ജാനും ബ്രയാനും സാധിച്ചു. നമ്മുടെ ഭാവി നമ്മുടെ ഇന്നലകളല്ല. ഇന്ന് ജീവിത്തിന്റെ മധുരം നുണയുന്നവരെല്ലാം ഒരിക്കല്‍ വേദനയുടേയും നഷ്ടങ്ങളുടേയും കയ്പ് രുചിച്ചവരാണ്. ക്ഷമയോടു കൂടി പ്രയത്‌നങ്ങള്‍ തുടരുക. കാരണം വേദനകള്‍ എവിടെയെങ്കിലും എപ്പോഴെങ്കിലും നമുക്ക് വേണ്ടി അത്ഭുതങ്ങള്‍ കാത്ത് വെച്ചിരിക്കും – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *