മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ ഡീനൊ ഡെന്നിസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പേര് ‘ബസൂക്ക’ എന്നാണ്. ഗൗതം വസുദേവ് മേനോന് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. തോക്കിന് മുനയില്‍ നില്ക്കുന്ന മമ്മൂട്ടിയുടെ നായക കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നതാണ് ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനൊ ഡെന്നിസ്. തിയറ്റര്‍ ഓഫ് ഡ്രീംസിന്റെയും സരിഗമയുടെയും ബാനറുകളില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹ്റ, സിദ്ധാര്‍ഥ്, ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഒരു മൈന്‍ഡ് ഗെയിം ത്രില്ലര്‍ ആണെന്നും മലയാളത്തില്‍ ഇതുവരെ ഉണ്ടാവാത്ത തരം ജോണറില്‍ ഉള്ളതാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ഏപ്രില്‍ 15 ന് ആരംഭിക്കുമെന്നാണ് വിവരം. ഈദിന് ശേഷമാവും മമ്മൂട്ടി ജോയിന്‍ ചെയ്യുക. കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലാവും സിനിമയുടെ ചിത്രീകരണം.