mid day hd 8

 

ട്രെയിന്‍ തീവയ്പു കേസിലെ പ്രതി ഷാറൂഖിന് സഹായി ഉണ്ടായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. അപായച്ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തിച്ചത് സഹായിയാണെന്നാണ് നിഗമനം. ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഷാറൂഖ് അവിടെ ഇറങ്ങാതെ തൊട്ടപ്പുറത്തെ കംപാര്‍ട്ടുമെന്റിലേക്കു മാറി. തിക്കും തിരക്കിനും ഇടയിലാണ് കൈയിലുണ്ടായിരുന്ന ബാഗ് പുറത്തേക്കു വീണുപോയത്. കണ്ണൂരില്‍ ഇറങ്ങിയ ഷാറൂഖിന് അവിടെനിന്നു രക്ഷപ്പെടാനും സഹായം ലഭിച്ചെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ഒറ്റയ്ക്കാണ് എല്ലാം ചെയ്തതെന്നാണ് ഷാറൂഖ് പറയുന്നത്.

ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി സംഘടിപ്പിച്ച സ്‌നേഹയാത്ര വന്‍ വിജയമെന്നു ബിജെപി. ബിജെപിയിലേക്ക് ആകര്‍ഷിക്കുന്നതിനു തുടര്‍ച്ചയായി വിഷുദിവസം സമീപ വീടുകളിലെ ക്രൈസ്തവരെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും സ്വന്തം വീട്ടിലേക്കു ക്ഷണിക്കും.

കുടുംബശ്രീ പൂര്‍ണമായും ഡിജിറ്റിലാകുന്നു. സംസ്ഥാനത്തെ 2,53,000 അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങളും സാമ്പത്തിക ഇടപാടുകളും സെപ്റ്റംബറിനകം ലോക്കോസ് എന്ന മൊബൈല്‍ ആപില്‍ രേഖപ്പെടുത്തും. വായ്പ ഇടപാടിലെ ക്രമക്കേട് തടയാനാണ് ഡിജിറ്റലൈസ് ചെയ്യുന്നത്.

രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക വിതരണം ഇന്നു മുതല്‍. 60 ലക്ഷം പേര്‍ക്ക് 3,200 രൂപയാണു നല്‍കുന്നത്. നാലു മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ് നല്‍കാനുള്ളത്. ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 1871 കോടി സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളിലായി താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന അദാലത്തിലേക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതി നല്‍കാന്‍ വന്‍തുക ഫീസ്. പരാതിക്ക് 20 രൂപയാണു സര്‍വീസ് ചാര്‍ജ്. പരാതി സ്‌കാന്‍ ചെയ്യാന്‍ പേജിന് മൂന്നു രൂപയും പ്രിന്റിന് മൂന്നു രൂപയും നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

മണിമലയില്‍ രണ്ടു യുവാക്കള്‍ മരിച്ച വാഹനാപകടക്കേസില്‍ ജോസ് കെ മാണി എംപിയുടെ മകന്‍ കെഎം മാണി ജൂനിയറിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി. ശനിയാഴ്ച രാത്രി കെഎം മാണി ജൂനിയര്‍ സഞ്ചരിച്ച ഇന്നോവയുടെ പിന്നില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ മണിമല സ്വദേശികളായ മാത്യു ജോണ്‍, ജിന്‍സ് ജോണ്‍ എന്നിവര്‍ മരിച്ചിരുന്നു.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കു കൊണ്ടുപോകണമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കില്ലെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. കോടതി ഉത്തരവ് നടപ്പാക്കും. ആനയെ മറ്റൊരു കാട്ടിലേക്ക് വിടുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു.

തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ രണ്ടു ദിവസമായിട്ടും കണ്ടെത്താനായില്ല. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി അഞ്ചു പൊലീസ് സംഘങ്ങള്‍ അന്വേഷണം നടത്തുന്നുണ്ട്. സ്വര്‍ണക്കടത്ത്, ഹവാല ബന്ധമുള്ള നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു.

പിഎസ്‌സി വഴി നിയമനം ലഭിച്ചിട്ടും പിരിച്ചുവിടപെട്ട 67 ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ സമരത്തിലേക്ക്. ഒന്നര വര്‍ഷത്തിലേറെ ജോലി ചെയ്ത ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപകരാണ് തസ്തിക പുനര്‍ നിര്‍ണയത്തിന്റെ പേരില്‍ പുറത്തായത്. ഒഴിവുകള്‍ വരുന്ന മുറക്ക് സീനിയോറിറ്റി അടിസ്ഥാനത്തില്‍ നിയമനം നല്‍കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.

ഇടുക്കി ജലസംഭരണി തുറക്കുമ്പോള്‍ ഉണ്ടായ കുത്തൊഴുക്കില്‍ തകര്‍ന്ന തടിയമ്പാട് ചപ്പാത്തിനു പകരം പുതിയ പാലം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 32 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇടുക്കി അണക്കെട്ടില്‍നിന്നു കൂടുതല്‍ വെള്ളം തുറന്നു വിട്ടതോടെ പാലം തകര്‍ന്നിരുന്നു.

എംസി റോഡില്‍ കാലടിയില്‍ പുതിയ പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം മരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. പെരിയാറിനു കുറുകെ കാലടി ശ്രീശങ്കര പാലത്തിനു സമാന്തരമായാണ് പുതിയപാലം നിര്‍മ്മിക്കുന്നത്. 455 മീറ്റര്‍ നീളത്തിലും 14 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലം. 18 ബീമുകള്‍ പുഴയിലും ഇരുകരകളിലുമായി നിര്‍മിക്കും. ഇരുവശങ്ങളിലും ഒന്നര മീറ്റര്‍ വീതിയില്‍ കാല്‍നടക്കാര്‍ക്കുള്ള നടപ്പാതയും ഉണ്ടാകും.

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി ഡിജിപിക്ക് പരാതി നല്‍കി. കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ചില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ശശിധരന്‍ കെ.പി കക്കറ എന്ന ഉദ്യോഗസ്ഥനെതിരായാണു പരാതി.

കൊച്ചി മേയര്‍ അനില്‍കുമാറിനെതിരെ യുഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വേണ്ടത്ര പിന്തുണയില്ലാത്തതിനാല്‍ അവതരിപ്പിക്കാനായില്ല. 74 അംഗ കൗണ്‍സിലില്‍ 37 പേരുണ്ടെങ്കില്‍ മാത്രമേ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാനാകൂ. യുഡിഎഫിന്റെ 32 അംഗങ്ങളില്‍ 28 പേര്‍ മാത്രമേ എത്തിയുള്ളൂ. ബിജെപിയുടെ അഞ്ച് കൗണ്‍സിലര്‍മാരും ഭരണപക്ഷമായ എല്‍ഡിഎഫ് അഗങ്ങളും വിട്ടുനിന്നതോടെ പ്രമേയം അവതരിപ്പിക്കാന്‍പോലും കഴിഞ്ഞില്ല.

പൊലീസ് കസ്റ്റഡിയില്‍നിന്ന് ചാടി ഓടിയ യുവാവ് ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ആത്മഹത്യാ ശ്രമം നടത്തി. ഷോക്കേറ്റു വീണ ചാലക്കുടി സ്വദേശിയായ ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബഹളമുണ്ടാക്കിയതിനാണ് ഷാജിയെ കസ്റ്റഡിയിലെടുത്തത്.

കൊല്ലം കൊട്ടിയത്ത് സ്വകാര്യ കശുവണ്ടി ഫാക്ടറിയില്‍ ആക്രമണം നടത്തിയ തഴുത്തല സ്വദേശി ഷിജാസിനെ കൊട്ടിയം പൊലീസ് അറസ്റ്റു ചെയ്തു. എട്ടംഗ സംഘമാണ് അയത്തില്‍ സ്വദേശി ഷാ സലീമിന്റെ ഉടമസ്ഥതയിലുള്ള തഴുത്തല കാവുവിള എസ്എന്‍ കാഷ്യു ഫാക്ടറിയില്‍ കശുവണ്ടി ഫാക്ടറിയില്‍ ആക്രമണം നടത്തിയത്.

തിരുവനന്തപുരം മംഗലപുരത്ത് സുഹൃത്തുക്കളെ ആക്രമിക്കാന്‍ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയ 15 വയസുകാരനെ അറസ്റ്റു ചെയ്തു. ക്വട്ടേഷന്‍ ഏറ്റെടുത്ത് പതിനഞ്ചുകാരന്റെ സുഹൃത്തുക്കളെ ആക്രമിച്ച ഷെഹിന്‍, അഷ്റഫ് എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു.

സംസ്ഥാനത്തേക്കു കടത്താന്‍ ശ്രമിച്ച 372 ഗ്രാം എം ഡി എം എയുമായി രണ്ടു പേര്‍ കോഴിക്കോട് കുന്ദമംഗലത്ത് പിടിയിലായി. പെരുമണ്ണ സ്വദേശി കെപി സഹദ്, കൊടിയത്തൂര്‍ സ്വദേശി നസ്ലിം മുഹമ്മദ് എന്നിവരാണ് പിടിയിലാണ്.

കല്‍പ്പറ്റ മാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. ഉത്സവം കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

രാജ്യത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ആറു ശതമാനത്തിനു മുകളിലെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക 6.91 ശതമാനമായി ഉയര്‍ന്നു. ഒരു ദിവസത്തിനിടെ 5580 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് രാജ്യത്തെ പ്രധാന വിഷയമല്ലെന്ന് ശരദ് പവാര്‍. നാസിക്കില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റവും തൊഴിലില്ലായ്മയും ആണ് പ്രതിപക്ഷം ചര്‍ച്ചയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യന്‍ പള്ളി സന്ദര്‍ശിച്ചതു പ്രീണനമാണെന്നു വിമര്‍ശിച്ച് സുബ്രഹ്‌മണ്യന്‍ സ്വാമി. മോദി ഹിന്ദുത്വത്തെ മോശമാക്കി കാണിച്ചു. പള്ളി സന്ദര്‍ശിച്ചത് തന്ത്രപരമായ നീക്കമാണോയെന്നും അദ്ദേഹം ചോദിച്ചു.

വിദ്വേഷ പ്രസംഗം നടത്തിയതിനു കാജല്‍ ഹിന്ദുസ്ഥാനിയെ (കാജല്‍ ഷിംഗാല) ഗിര്‍ സോമനാഥ് പോലീസ് അറസ്റ്റ് ചെയ്തു. വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച രാമനവമി സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കേസ്.

ജാര്‍ഖണ്ഡിലെ ജംഷദ്പൂരില്‍ രാമനവമി ആഘോഷ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി വീണ്ടും കല്ലേറും ആക്രമണങ്ങളും. ജംഷദ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൊബൈല്‍ ഇന്റര്‍നെറ്റും താത്കാലികമായി നിരോധിച്ചിട്ടുണ്ട്.

ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പോകാന്‍ പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. വിമാന ജീവിക്കാരോടു വഴക്കിട്ട യാത്രക്കാരനെ പോലീസിനു കൈമാറാനാണ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തില്‍ 230 യാത്രക്കാരുണ്ടായിരുന്നു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *